ഞാനറിഞ്ഞ ഇസ്‌ലാം

‘ഹൃദയത്തില്‍ ഞാന്‍ അല്ലാഹുവിനെ കുടിയിരുത്തി; ഇനിയെനിക്ക് വേദനകളില്ല’

ഞാന്‍ കാനഡയിലാണ് ജനിച്ചതും വളര്‍ന്നതും.  ഇപ്പോള്‍ 25 വയസുകഴിഞ്ഞു. പ്രായപൂര്‍ത്തിയായപ്പോള്‍ സാധാരണകൗമാരക്കാരികളെപ്പോലെ പുകവലിക്കുകയും മദ്യപിക്കുകയും ചെയ്യുക ശീലമാക്കി. തിങ്കള്‍ ,ബുധന്‍,വ്യാഴം ദിവസങ്ങളിലൊക്കെ മാര്‍ട്ടീനി കഴിക്കാന്‍ കൂട്ടുകാരൊടൊത്ത് ക്ലബില്‍ പോകുമായിരുന്നു.  കാരണം ഇതൊക്കെ നാടിന്റെ സംസ്‌കാരത്തിന്റെ ഭാഗമായിരുന്നു. അതില്‍ ആരും കുഴപ്പം കണ്ടിരുന്നില്ല. എല്ലാവരും അത്തരത്തിലുള്ള ജീവിതമാണ് നയിച്ചിരുന്നത്.

ഞങ്ങളുടെ കുടുംബത്തിലുള്ളവര്‍ക്ക് പൊതുവേ മാനസികാരോഗ്യം വളരെ കുറവായിരുന്നു.  വ്യത്യസ്തതരത്തിലുള്ള പ്രാര്‍ഥനാരീതികളില്‍ ഞാന്‍ മുഴുകിയിരുന്നു. എനിക്കെന്താണ് കുഴപ്പമെന്ന് മനസ്സിലാകാതെ പലപ്പോഴും ഞാന്‍ ഉറക്കെക്കരയാറുണ്ടായിരുന്നു.  ഹൃദയംകൊണ്ട് ഞാന്‍ സന്തുഷ്ടയല്ലായിരുന്നു. എല്ലാ അനുഗ്രഹങ്ങളും നല്‍കപ്പെട്ട അവസ്ഥയില്‍ ഞാന്‍ വളരെ സന്തോഷവതിയായിരിക്കും. നന്നെ ചെറുപ്രായത്തില്‍തന്നെ ഞാന്‍ കഠിനാധ്വാനംചെയ്തു. അവയൊന്നും എനിക്ക് ഭാരമായി ത്തോന്നിയിരുന്നില്ലയെന്നതായിരുന്നു വസ്തുത. എന്നെ കാണുമ്പോള്‍ പുഞ്ചിരിതൂകാത്ത ഒരാളെപ്പോലും ഞാന്‍ കണ്ടിട്ടില്ല.

പക്ഷേ, ക്രമേണ എനിക്ക് അതിലൊന്നും രസംതോന്നാതെയായി. എന്നെപ്പോലെ ധാര്‍മികസദാചാരമൂല്യങ്ങളില്‍ അവര്‍ വിശ്വസിക്കുന്നതായി തോന്നിയിരുന്നില്ലയെന്നതാണ് അതിന് കാരണം. സൈക്കോളജിയും ബയോളജിയും ഒക്കെ പഠിച്ചുകഴിഞ്ഞപ്പോഴേക്കും  എനിക്ക് ഭ്രാന്തുപിടിച്ചതുപോലെയായി. പക്ഷേ, അതിനിടയില്‍  ജീവിതമെന്തെന്ന് ഞാന്‍ മനസ്സിലാക്കി. നല്ല കാര്യങ്ങളോട് മനസ്സ് കൂടുതല്‍ പ്രതിപത്തി പുലര്‍ത്തുന്നതും അത് സ്വാംശീകരിക്കാന്‍ ഔത്സുക്യം കാട്ടുന്നതും തിരിച്ചറിഞ്ഞു. പാശ്ചാത്യസമൂഹം കുത്തഴിഞ്ഞ ജീവിതശൈലിയും ഉപഭോഗസംസ്‌കാരവും കൊണ്ട് നേടിയത് വിഷാദമനസ്സുമാത്രമാണ്. വെള്ളക്കാരിയായിരുന്നിട്ടും  എന്റെ സംസ്‌കാരവുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി എനിക്കുതോന്നി. മാധ്യമങ്ങള്‍ തങ്ങളുടെ പ്രചാരണങ്ങളിലൂടെ യന്ത്രമനുഷ്യരുടേതുപോലുള്ള ജീവിതത്തെയാണ് പ്രബോധനംചെയ്യുന്നതെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ആദ്യകാലങ്ങളില്‍ ജീവിതത്തിന് എന്തെങ്കിലും ലക്ഷ്യമുള്ളതായി എനിക്ക് തോന്നിയിരുന്നില്ല. അതുകൊണ്ടുതന്നെയായിരിക്കാം എനിക്ക് സന്തോഷം കണ്ടെത്താനാകാതിരുന്നതും. സാധാരണനിലക്ക് ഒരു പെണ്‍കുട്ടിക്ക് കഴിയുന്നതിനേക്കാളപ്പുറം സംഗതികള്‍ സന്തോഷം കണ്ടെത്താനായി ചെയ്തിട്ടും അത് അപ്രാപ്യമാുകുന്നതില്‍ ഞാന്‍ അത്ഭുതപ്പെട്ടു.

യൂണിവേഴ്‌സിറ്റിയില്‍ എനിക്ക് ചുറ്റും മുസ്‌ലിംകളായ സഹപാഠികള്‍ ഉണ്ടായിരുന്നു. അവരുടെ കൂടെയായിരിക്കുമ്പോള്‍ എന്തോ സന്തോഷം അനുഭവപ്പെടുന്നതുപോലെ എനിക്ക് തോന്നി. അവര്‍ അല്ലാഹുവിനെ സംബന്ധിച്ച്  എത്രമാത്രം വികാരപ്പെടുന്നുവെന്നും സ്‌നേഹം പ്രകടിപ്പിക്കുന്നുവെന്നും ഞാന്‍ കണ്ടറിഞ്ഞു. ഞാനെന്നോടുതന്നെ ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങി. തങ്ങളുടെ സ്വാര്‍ഥതയ്ക്കുവേണ്ടി ഒരു നിമിഷം പോലും ജീവിക്കാനിഷ്ടപ്പെടാത്ത ഇവരെയെങ്ങനെയാണ് തീവ്രവാദികളും ഭീകരവാദികളുമായി മുദ്രകുത്താനാവുകയെന്ന് ഞാന്‍ അത്ഭുതപ്പെട്ടു. അല്ലാഹുവിന് വഴിപ്പെട്ട് ജീവിക്കാനായി മാത്രം ഭൂമിയില്‍ ജന്‍മംകൊണ്ടവര്‍ എന്ന് ഒരുവേള അവരെക്കുറിച്ച് ഞാന്‍ ചിന്തിച്ചുപോയി. ഇസ്‌ലാമിനെക്കുറിച്ച ആശയത്തില്‍ എന്റെ കൂട്ടുകാര്‍ക്ക് ഒട്ടും മതിപ്പുണ്ടായില്ല. എന്നിട്ടും അവരുടെ ഉറ്റസുഹൃത്തുക്കള്‍ മുസ്‌ലിംകളായിരുന്നുവെന്നതാണ്  ഏറ്റവും രസാവഹമായിരുന്നത്. ഇസ്‌ലാം സ്ത്രീവിരുദ്ധമാണെന്നായിരുന്നു ഞാനും എന്റെ വീട്ടുകാരും  തെറ്റുധരിച്ചിരുന്നത് . അത്തരം ധാരണപരത്തുന്നതില്‍ ദൃശ്യ-ശ്രാവ്യമാധ്യമങ്ങള്‍ക്ക്  വലിയപങ്കുണ്ട്. യൂണിവേഴ്‌സിറ്റിയില്‍ മതതാരതമ്യപഠനക്ലാസുകളില്‍ പങ്കെടുത്ത എനിക്ക് സമാധാനത്തിന്റെ മതമാണ് ഇസ്‌ലാമെന്ന് ബോധ്യമായി.

മതങ്ങളെക്കുറിച്ച് പഠിക്കുന്നത് എന്റെ (ക്രൈസ്തവ)സ്വത്വത്തെ തിരിച്ചറിയാന്‍ സഹായിക്കുമെന്ന് ഞാന്‍ കരുതിയെങ്കിലുംആ ക്ലാസുകളില്‍ പങ്കെടുത്തതോടെ  ക്രൈസ്തവതയെ സംബന്ധിച്ച് എന്നിലവശേഷിച്ചിരുന്ന വിശ്വാസവും നഷ്ടപ്പെടുകയായിരുന്നു. യേശു ദൈവമാണെന്ന  വാദം ഇനിയുമിനിയും കേട്ടിരിക്കാന്‍ കഴിയാതെയായെനിക്ക്. ത്രിയേകത്വസിദ്ധാന്തം എനിക്കൊട്ടുംതന്നെ ദഹിച്ചില്ല. അതൊട്ടുംതന്നെ യുക്തിക്ക് നിരക്കുന്നതായിരുന്നില്ല.

വിദ്യാഭ്യാസപദ്ധതിയുമായി ബന്ധപ്പെട്ട് ഒരിക്കല്‍  മുസ്‌ലിംപള്ളി സന്ദര്‍ശിക്കേണ്ടിവന്നു. എനിക്ക് സംതൃപ്തിനല്‍കിയ നിമിഷങ്ങളായിരുന്നു അത്. ഇടംകണ്ണിട്ടുനോക്കുന്ന ആളുകളോ ഒഴിഞ്ഞ ചാരുകസേരകളോ അവിടെയുണ്ടായിരുന്നില്ല. അത് വളരെ സമാധാനദായകമായിരുന്നു. നമസ്‌കാരം എന്നെ ഒട്ടുംതന്നെ ബോറടിപ്പിക്കാത്ത യോഗാഭ്യാസം പോലെയാണ് അന്നെനിക്കുതോന്നിയത്. പതുപതുത്ത കാര്‍പറ്റിന്റെ ഇളംചൂടുപറ്റി പള്ളിയുടെ മൂലയില്‍ ഞാനിരുന്നു. ബാലന്‍മാര്‍ അങ്ങിങ്ങ് ഓടിക്കളിക്കുന്നുണ്ടായിരുന്നു. ആരും ശാസിക്കാനോ ശിക്ഷിക്കാനോ ഇല്ലാത്ത ശാന്തമായ അന്തരീക്ഷമായിരുന്നു അതിനകത്ത്.

അങ്ങനെയിരിക്കെ സൗദിപൗരനായ ഒരു യുവാവിനെ പരിചയപ്പെട്ടു. അവന്‍ തന്റെ കുടുംബവിശേഷങ്ങള്‍ എന്നോട് വെളിപ്പെടുത്തുവോളം ആ സൗഹൃദം വളര്‍ന്നു. അനാഥനായ താന്‍ സകാത്തിന്റെ പിന്‍ബലത്തില്‍ പഠിച്ചുവളര്‍ന്ന ചരിത്രം എന്നോട് വിശദീകരിച്ചു. മതതാരതമ്യക്ലാസില്‍ ഇസ്‌ലാമിലെ സകാതിനെപ്പറ്റി പറഞ്ഞിരുന്നത് അപ്പോഴെന്റെ മനസ്സില്‍ മിന്നിമറഞ്ഞു. സകാത് ദാരിദ്ര്യമകറ്റി സമൃദ്ധി നിറക്കുന്നത് ഞാന്‍ കണ്ടറിഞ്ഞു. ഒരു ആക്‌സിഡന്റില്‍ പെട്ട് മാതാപിതാക്കളും ഉറ്റവരും നഷ്ടപ്പെട്ട് അനാഥനായിത്തീര്‍ന്നതാണ് അവന്‍. അവനും  മറ്റുമുസ്‌ലിംകളെപ്പോലെ ഇസ്‌ലാമെന്തെന്ന് എന്നെ പഠിപ്പിച്ചു. ഇസ്‌ലാം സത്യവും സൗന്ദര്യവുമാണെന്നും ജീവിതത്തില്‍ യഥാര്‍ഥസന്തോഷം കൊണ്ടുവരുന്നത് അതാണെന്നും ഞാന്‍ മനസ്സിലാക്കി. ഖുര്‍ആനും തിരുചര്യയും പിന്‍പററി മാത്രമേ അത് സാധ്യമാകുകയുള്ളൂവെന്നതായിരുന്നു വസ്തുത.

അങ്ങനെയിരിക്കെ ഒരുദിവസം ഞാന്‍ ഇസ്‌ലാംസ്വീകരിക്കാന്‍ തീരുമാനമെടുത്തു. രണ്ട് സഹോദരിമാരോടൊപ്പം ഞാന്‍ സമീപത്തുള്ള പള്ളിയില്‍ചെന്നു. ശഹാദത്ത് കലിമചൊല്ലിയതോടെ ഹൃദയത്തിനകത്ത് എന്തെന്നില്ലാത്ത സന്തോഷം നിറഞ്ഞുതുളുമ്പി. എന്നില്‍നിന്ന് ഉത്കണ്ഠകളെല്ലാം വിട്ടകന്നു. എന്നെപ്പോലെ മാനസികദൗര്‍ബല്യംബാധിച്ച പെണ്‍കുട്ടിക്ക് അത്തരം ഉത്കണ്ഠകള്‍ താങ്ങാനാകുന്നതിനുമപ്പുറമായിരുന്നു. ഇപ്പോള്‍ യാതൊരു കളങ്കവും മനസ്സിലില്ലാതെ ജീവിക്കാനാകുന്നുണ്ട്. സത്യസന്ദേശം പുല്‍കിയതിന്റെ എല്ലാനേട്ടങ്ങളും എനിക്ക് അനുഭവിക്കാനാകുന്നുണ്ട്. ഞാനതുവരെ കൂട്ടുപിടിച്ചിരുന്ന എല്ലാ ധ്യാനമാര്‍ഗങ്ങളും ഉപേക്ഷിച്ചു. ജീവിതത്തിന് എന്തര്‍ഥമെന്ന ചോദ്യം അവസാനിച്ചു. അതുവരെ ഉയര്‍ന്നുവന്നിരുന്ന എല്ലാ ചോദ്യങ്ങള്‍ക്കും എനിക്ക് ഉത്തരം ലഭിച്ചുകഴിഞ്ഞു.  ആരെക്കൊന്നിട്ടായാലും വേണ്ടിയില്ല, തനിക്ക് ആഗ്രഹിച്ചതൊക്കെ കിട്ടണം എന്ന സ്വാര്‍ഥമോഹങ്ങളുടെ ലോകത്ത് എന്റെ മക്കളുടെ ജീവിതം എന്തായിരിക്കുമെന്ന ആശങ്ക ഇപ്പോഴെനിക്കില്ല.

ദീന്‍ സ്വീകരിച്ചയുടന്‍ നമസ്‌കാരത്തില്‍ സുജൂദില്‍ കിടന്ന് ഞാന്‍ ഏറെ നേരം കരഞ്ഞു. അല്ലാഹു എന്റെ ഹൃദയത്തില്‍ പ്രവേശിക്കുന്നതായും  എല്ലാ വേദനകളെയും നീക്കംചെയ്യുന്നതായും അതോടെ എന്റെ നെഞ്ചിനകത്ത് അനുഭവപ്പെട്ടിരുന്ന ഭാരം ഇല്ലാതാകുന്നതും  ഞാന്‍ അനുഭവിച്ചറിഞ്ഞു. ഞാനേറെ നാളുകളായി ആഗ്രഹിക്കുന്ന  അല്ലാഹുവിനെ സുഹൃത്തായി ലഭിച്ചതില്‍ സന്തോഷിച്ചു. എന്റെ  വിഷമങ്ങളെല്ലാം മനസ്സിലാക്കി അവനെന്നെ സഹായിച്ചു.  20-ാം വയസുമുതല്‍കെ അതിന്റെ അടയാളങ്ങള്‍ അവനെനിക്ക് കാണിച്ചുതന്നിരുന്നു. ഇപ്പോഴെനിക്ക് പറയാനാകും, ശരിയായ പാതയിലാണ് ഞാനുള്ളതെന്ന്. അത് എന്റെ ജീവിതത്തില്‍ ലഭിച്ചതില്‍ വെച്ചേറ്റവും ഉത്തമമായ വിഭവമായിരുന്നു. അതുകൊണ്ടുതന്നെ ഞാനവനോട് നന്ദിയുള്ളവളായിരിക്കും. എന്റെ എല്ലാ പ്രവര്‍ത്തനങ്ങളും അവനെ മുന്‍നിര്‍ത്തിയുള്ളതായിരിക്കും.

എനിക്ക് അല്ലാഹുവിന്റെ വെളിച്ചമെത്തിക്കുന്നതില്‍ ഒട്ടേറെ സഹായങ്ങള്‍ ചെയ്തുതന്ന എന്റെ എല്ലാ സഹോദരീസഹോദരങ്ങള്‍ക്കും  നന്ദി അറിയിക്കുന്നു. അല്ലാഹു ഈ ഉമ്മത്തിന് വിജയം നല്‍കി അനുഗ്രഹിക്കുമാറാകട്ടെ!.

Topics