ഇസ് ലാം അനുഭവം ഞാനറിഞ്ഞ ഇസ്‌ലാം

ഹിജാബ് അഭിമാനമാണ് – നികോള്‍ ക്യൂന്‍

(അമേരികന്‍ ബാപ്റ്റിസ്റ്റ് ക്രിസ്ത്യന്‍ വനിതയായ നികോള്‍ ക്യൂനിന്റെ ഇസ് ലാം ആശ്ലേഷണത്തെക്കുറിച്ച്)

ഞാന്‍ ഹൂസ്റ്റണിലാണ് ജനിച്ചത്. എന്നേക്കാള്‍ മൂന്നുവയസിന് മൂപ്പുള്ള സഹോദരനെനിക്കുണ്ടായിരുന്നു. മാതാപിതാക്കള്‍ മയക്കുമരുന്നിനടിമകളായിരുന്നു. അക്കാരണത്താല്‍, എന്റെ ബാല്യത്തില്‍തന്നെ മാതാപിതാക്കള്‍ വിവാഹമോചനം നേടി. അമ്മ സദാ മയക്കുമരുന്നിന്റെ ലോകത്തുതന്നെയായിരുന്നു. അതിനാല്‍ എന്റെ സഹോദരന്‍ ജോയിയോടൊപ്പം വല്യപ്പനോടും വല്യമ്മയോടുമൊപ്പമാണ് ഞങ്ങള്‍ ജീവിച്ചത്. വല്യമ്മയുടെ പേരുതന്നെയായിരുന്നു എന്റേതും. അതിനാല്‍ വല്യമ്മയ്ക്ക് എന്നെ വളരെയിഷ്ടമായിരുന്നു.

അമ്മ റിഹാബിലിറ്റേഷന്‍ സെന്ററുകളിലായിരുന്നു അധികസമയവും.  പലപ്പോഴും മോഷണത്തിനും മയക്കുമരുന്നുപയോഗത്തിനും അവര്‍  പോലീസ് പിടിയിലായി.  അതിനെത്തുടര്‍ന്ന് 30 വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടു അവര്‍. ജയിലിനകത്ത് നല്ല നടപ്പുശീലിക്കുകയാണെങ്കില്‍ പതിനഞ്ചുവര്‍ഷംകഴിഞ്ഞാല്‍ ജയില്‍ മോചിതയാകാം. എന്റെ നാലാമത്തെയോ അഞ്ചാമത്തേയോ വയസിലാണ് ഞാനവരെ അവസാനമായി കണ്ടത്. അമ്മയുടെ കസിനും ഭര്‍ത്താവും സന്താനഭാഗ്യം സിദ്ധിച്ചിട്ടില്ലാത്തവരായിരുന്നതിനാല്‍ ഞങ്ങളെ രണ്ടുപേരെയും ദത്തെടുത്തു. അവര്‍ സമ്പന്നരും വലിയ ഫഌറ്റിനുമുടമയുമായിരുന്നു. അതിനാല്‍ വലിയ ബുദ്ധിമുട്ടുകളൊന്നുമുണ്ടായിരുന്നില്ല.

വല്യപ്പനും വല്യമ്മയും അടിയുറച്ച ബാപ്റ്റിസ്റ്റ് ക്രിസ്ത്യാനികളായിരുന്നതിനാല്‍ ചിട്ടവട്ടങ്ങളോടെയാണ് ഞങ്ങളെ വളര്‍ത്തിയിരുന്നത്. എന്നാല്‍ അമ്മയുടെ  കസിന്‍ ദമ്പതികള്‍ക്ക് പ്രത്യേകിച്ചൊരു വിശ്വാസജീവിതം ഉണ്ടായിരുന്നില്ല. അതിനാല്‍ ഞാനും ജോയും ബസില്‍കയറി ചര്‍ചില്‍ പോകുകയായിരുന്നുപതിവ്. പിന്നീട് എനിക്ക് ലൈസന്‍സ് കിട്ടിയപ്പോള്‍  കാറോടിച്ച് എല്ലാ ഞായറാഴ്ചയും  പള്ളിയില്‍ പോകുമായിരുന്നു. പിന്നീട് കൗമാരത്തിലേക്ക് കടന്നപ്പോള്‍ പള്ളിയില്‍ പോകാതായി.  ഹൈസ്‌കൂള്‍ കഴിഞ്ഞയുടന്‍ സഹോദരന്‍ ജോയ് സൈന്യത്തില്‍ ചേര്‍ന്നു. അതിനുശേഷം അവന്‍ കൊറിയയില്‍ പോസ്റ്റിങ് കിട്ടി അവിടേക്ക് മാറി.

എനിക്ക് പതിനേഴുവയസ് പൂര്‍ത്തിയായപ്പോള്‍ സ്വന്തം കാലില്‍ നില്‍ക്കാനുള്ള ശ്രമമായി . വാടകയ്ക്ക് അപാര്‍ട്ട്‌മെന്റില്‍ താമസം തുടങ്ങി. വാടകയ്ക്കും മറ്റുചിലവുകള്‍ക്കുമുള്ള പൈസ ജോലിചെയ്ത് സമ്പാദിച്ചു. സ്‌കൂളില്‍ ആയിരിക്കുമ്പോള്‍തന്നെ പ്രശസ്തമായ സ്റ്റുഡിയോയില്‍ മെയ്ക്അപ് ആര്‍ട്ടിസ്റ്റായി ജോലിനോക്കിയിരുന്നു. ഞാനത് നന്നായി ആസ്വദിച്ചു. സ്‌റ്റൈല്‍, മെയ്കപ്, ഫോട്ടോഗ്രാഫി തുടങ്ങി എല്ലാം. സാമാന്യം നല്ലരീതിയില്‍ അവയില്‍ പണിയെടുത്തിയിരുന്നു. ഒരു കൊല്ലംകഴിഞ്ഞപ്പോള്‍ മുഴുസമയമാനേജ്‌മെന്റ് തസ്തികയിലേക്ക് സ്ഥാനക്കയറ്റം കിട്ടി. അതിനാല്‍ ഒരുപാട് യാത്രകള്‍ക്ക് അവസരംകിട്ടി. ഏകയായിരുന്നതിനാലും ചെറുപ്പമായിരുന്നതിനാലും അതെല്ലാം ആസ്വാദ്യകരമായിരുന്നു. ഓരോ രാജ്യങ്ങളിലും വ്യത്യസ്തസ്റ്റുഡിയോകളിലും സന്ദര്‍ശനഭാഗ്യംലഭിച്ചു. എന്റെയിഷ്ടംപോലെ ആരെയും നിയമിക്കാം,  പിരിച്ചുവിടാം, പുതിയ ആളുകളെ പരിശീലനത്തിനെടുക്കാം. അത്രമേല്‍ എനിക്ക് അധികാരം നല്‍കപ്പെട്ടിരുന്നു. അതുവഴി  ഒരുപാട് പൈസയും എനിക്ക് ലഭിച്ചു. ഓരോ സിറ്റിയിലും മൂന്നുംനാലും മാസം താമസിക്കുമായിരുന്നു ഞാന്‍.

ന്യൂയോര്‍ക്കിലും ക്യൂന്‍സിനും ലോങ്‌ഐലന്റിലും  ദിനേന പതിനാലുമണിക്കൂര്‍ ജോലിയെടുത്ത് ആഴ്ചകളോളം കഴിഞ്ഞിട്ടുണ്ട്. തുടര്‍ച്ചയായി അഞ്ചുവര്‍ഷംപണിയെടുത്തുകഴിഞ്ഞപ്പോള്‍ ഞാന്‍ ജോലിയുപേക്ഷിച്ച് സാന്‍ഫോട്ടോഗ്രാഫി എന്നപേരില്‍ സ്വന്തമായി ഡാളസില്‍ സ്റ്റുഡിയോ ആരംഭിച്ചു.
ഫോട്ടോഗ്രാഫി, വിപണനം, ഗ്രാഫിക് ഡിസൈന്‍, മാനേജ്‌മെന്റ് എല്ലാം എനിക്കറിയാമായിരുന്നതുകൊണ്ട് അതെല്ലാം ഒറ്റക്ക് കൈകാര്യംചെയ്യാന്‍ പ്രയാസമുണ്ടായിരുന്നില്ല. എന്റെ ‘മൈസ്‌പേസ് പേജുകള്‍’  പരസ്യത്തിനായി ഉപയോഗപ്പെടുത്തി. അതെത്തുടര്‍ന്ന് പഞ്ചനക്ഷത്രഹോട്ടലായ ഡബ്ല്യു വില്‍ സെലിബ്രിറ്റികളുടെ ഫോട്ടോസെഷന്‍ ചെയ്യാനുള്ള വര്‍ക് ലഭിക്കുകയും ചെയ്തു. ജസ്റ്റിന്‍ ടിംബര്‍ലെയ്ക്, ഓവന്‍ വില്‍സണ്‍, കെയ്റ്റ്ഹഡ്‌സണ്‍ തുടങ്ങിയ നടീനടന്‍മാരും പോപ്്താരങ്ങളും എനിക്കുമുമ്പില്‍ പോസ് ചെയ്തിട്ടുണ്ട്. വലിയ ഷോപിങ് കോംപ്ലക്‌സുകളും മാളുകളും റസ്റ്റോറന്റുകളും പുതുതായി ആരംഭിക്കുമ്പോള്‍ അതിന്റെ വര്‍ക്കുകളും എനിക്കുതന്നെയായിരുന്നു കിട്ടിയിരുന്നത്. അതേപോലെ പ്രമുഖരുടെ നൈറ്റ് ക്ലബ് പാര്‍ട്ടികളുടെയും ഫോട്ടോയെടുക്കാറുണ്ടായിരുന്നു. ഡാളസില്‍നിന്ന് പ്രസിദ്ധീകരിച്ചിരുന്ന എല്ലാ മാഗസിനുകളും എന്റെ കമ്പനിയുടെ ഫോട്ടോഗ്രാഫുകളില്ലാതെ ഇറങ്ങിയിരുന്നില്ല. മീഡിയാരംഗത്ത് പേരെടുത്ത സ്ഥാപനമെന്ന നിലയിലും വോഗ് മാഗസിനില്‍ ലിസ്റ്റ്‌ചെയ്യപ്പെട്ടിട്ടുണ്ട്. ഏതു പാര്‍ട്ടിയിലും എപ്പോഴും കയറിച്ചെല്ലാവുംവിധം കൂട്ടുകാരെ എനിക്ക് ലഭിച്ചു. പലപ്പോഴും സെക്‌സി വസ്ത്രധാരണം പ്രൊഫഷന്റെ ഭാഗമായി സ്വീകരിച്ചു. ഗ്ലാമറിന്റെ ലോകത്ത് കൂട്ടുകാരൊടുപാടുണ്ടായിരുന്നതുകൊണ്ട് ഗ്ലാമറസായി വിലസണമായിരുന്നല്ലോ. പലപ്പോഴും എന്നോടൊപ്പം നിന്ന് ഫോട്ടോയെടുക്കാന്‍ ആഗ്രഹിക്കുന്ന ‘ഫാന്‍സ് ‘ എനിക്കുചുറ്റുമുണ്ടായി.

പാര്‍ട്ടികളിലും പബുകളിലും  ഞാന്‍ എന്നെ മാത്രം ആരാധിച്ച് മദോന്‍മത്തയായി വിലസി. വളരെ മോശമായ ജീവിതമായിരുന്നു അത്. എന്റെ ആത്മാവ്  നഷ്ടപ്പെട്ട ജീവിതം. ജസ്റ്റിന്‍ ടിംബര്‍ലെയ്കിന്റെ 3 ഫോട്ടോയെടുക്കാന്‍  മൂന്നുമണിക്കൂര്‍ ചെലവിടുന്നതിനെക്കുറിച്ച് ആലോചിച്ചുനോക്കൂ. അയാളുടെ സുരക്ഷാഭടന്‍മാര്‍, മാനേജര്‍മാരുടെ അട്ടഹാസം, ഫഌഷിന്റെ വെള്ളിവെളിച്ചങ്ങള്‍ അങ്ങനെ ആകപ്പാടെ ഒച്ചപ്പാടും കലപിലശബ്ദവും ഒക്കെക്കൂടി മനസ്സിന്റെ സമനിലതെറ്റിക്കുന്ന അന്തരീക്ഷമായിരിക്കും. ഇതെന്തൊരുജീവിതമാണ്. ഞാന്‍ ആലോചിക്കും. അയാള്‍ക്ക് സാധാരണജീവിതം എന്നൊന്നില്ലാതായതിന് ഞാനും ഉത്തരവാദിയല്ലേയെന്ന്  ഓര്‍ത്തപ്പോള്‍ ആത്മനിന്ദ തോന്നിയിരുന്നു. ഞാന്‍ എന്തുനന്‍മയാണ് ചുറ്റുമുള്ളവര്‍ക്കായി ചെയ്യുന്നത് എന്ന് പലപ്പോഴുംചിന്തിച്ചുകൊണ്ടിരുന്നു. ഒന്നുമില്ല, വെറുതെ ആളുകളുടെ ഫോട്ടോ എടുത്തുകൊണ്ടിരിക്കുന്നു. പാര്‍ട്ടികൂടുന്നു, കുടിച്ചുകൂത്താടുന്നു… ഇതിപ്പുറം  മഹത്തരമായ കര്‍മങ്ങളൊന്നും എനിക്ക് ചെയ്യാനില്ലെന്നാണോ?’ അമേരിക്കാ മഹാരാജ്യമേ, നിനക്ക് എന്റെ സംഭാവന ഇതാണ്. നിന്നെ ഉപഭോഗങ്ങളുടെ മായാപ്രപഞ്ചമാക്കാം. എന്തൊരു വ്യര്‍ഥമായ സ്ഥലം!’

അക്കാലത്തെ രാവുകള്‍ പലപ്പോഴും നിദ്രാവിഹീനങ്ങളായിത്തീര്‍ന്നു. ഞാനെന്തിനാണ് ഇങ്ങനെ ജീവിക്കുന്നതെന്ന ചിന്ത എന്നെ മഥിച്ചുകൊണ്ടിരുന്നു. ആളുകള്‍ എന്റെ നേര്‍ക്ക് സഹായത്തിനായി കേണപേക്ഷിക്കുന്നത് പലപ്പോഴും ദുഃസ്വപ്‌നം കണ്ടു. ദൈവം എന്നോടു എന്റെ ജീവിതത്തെ പ്പറ്റി ചോദിച്ചാല്‍ ഞാന്‍ എന്തുമറുപടി പറയും? ‘ദൈവമേ, എന്നോട് ക്ഷമിക്കൂ. ഞാന്‍ മദ്യത്തില്‍ മുങ്ങി കൂട്ടുകാരുമൊത്ത് ആടിപ്പാടുന്നതില്‍ വ്യാപൃതയായിരുന്നു. അതിനാല്‍ നിന്നെക്കുറിച്ച ഓര്‍മകള്‍ എന്നിലുണ്ടായിരുന്നില്ല’.

എന്റെ മനോവ്യാപാരങ്ങളെക്കുറിച്ച് ഞാന്‍ കൂട്ടുകാരോട് സംസാരിക്കാറുണ്ടായിരുന്നു. അവരെന്നെ സഹായിക്കാന്‍ കഠിനമായി പരിശ്രമിച്ചു. അതിലൊരാള്‍ യൂസുഫ് എസ്റ്റസിന്റെ യൂട്യൂബിലുള്ള പ്രഭാഷണങ്ങളെക്കുറിച്ച് എന്നോട്  സൂചിപ്പിച്ചു. അദ്ദേഹം ഇസ് ലാമിലേക്ക് പരിവര്‍ത്തനംചെയ്ത ക്രൈസ്തവപാതിരിയായിരുന്നു.  അദ്ദേഹം ടെക്‌സാസുകാരനാണെന്നതായിരുന്നുവെന്നത് എന്നെ സന്തോഷിപ്പിച്ചു. ആ പ്രഭാഷണങ്ങള്‍ കേട്ടപ്പോള്‍ എന്റെ മനസ്സ് വായിച്ചപോലെ അദ്ദേഹം മൊഴിയുന്നതായി തോന്നി. എല്ലാം എനിക്ക് ശരിയായി അനുഭപ്പെട്ടു. എന്റെ മനസ്സിലെ ചോദ്യങ്ങള്‍ക്കിതാ ഉത്തരം ലഭിച്ചിരിക്കുന്നു. അദ്ദേഹം തന്റെ സ്വന്തം അനുഭവം വിവരിച്ചു. അടുത്ത പ്രഭാതത്തില്‍ നാം ഉറക്കത്തില്‍നിന്നെഴുന്നേല്‍ക്കുന്നതിനാല്‍ ജീവിതത്തിന് മഹത്തായ ലക്ഷ്യമുണ്ടെന്ന് അദ്ദേഹം ബോധ്യപ്പെടുത്തി. നിങ്ങള്‍ രാത്രി ഉറങ്ങുമ്പോള്‍ എന്തൊക്കെയാണ് ഇന്ന് ചെയ്തുതീര്‍ത്തതെന്ന് പരിശോധിക്കൂ?. ജീവനോടെ എങ്ങനെ വീട്ടില്‍ തിരിച്ചെത്തിയതെന്ന് ആലോചിക്കൂ? അദ്ദേഹത്തിന്റെ മതത്തെക്കുറിച്ച് പഠിക്കാന്‍ ഞാനുറച്ചു.  അതുപോലെ യൂസുഫ് ഇസ്‌ലാമിനെപ്പോലെയുള്ള നവമുസ്‌ലിംകളുടെയും അനുഭവങ്ങള്‍ ഞാന്‍ വായിച്ചു, കേട്ടു, കണ്ടു.

ഞാന്‍ ഓര്‍ക്കുന്നു. ഒരിക്കല്‍ എന്റെ താമസസ്ഥലത്തിനടുത്തുള്ള പള്ളിയില്‍ നവമുസ് ലിംകള്‍ക്കായി സംഘടിപ്പിക്കുന്ന ക്ലാസില്‍ പങ്കെടുക്കണമെന്ന് എനിക്ക് തോന്നി. എന്തുവസ്ത്രമാണ് ധരിക്കേണ്ടതെന്ന് ആലോചിച്ച് അലമാര പരിശോധിച്ചു. അതാലോചിക്കുമ്പോള്‍ ഇന്നുംഎനിക്ക് സമനിലതെറ്റും. ജീന്‍സുകളുടെയും ഇറുകിയ ജാക്കറ്റുകളുടെയും വമ്പന്‍ ശേഖരം. എല്ലാം ശരീരത്തിന്റെ നിമ്‌നോന്നതികളെ എടുത്തുകാണിക്കാന്‍ അവയെല്ലാംതന്നെ പര്യാപ്തമായവയായിരുന്നു.  മാറിടംകാണിക്കാന്‍വേണ്ടിയെടുത്ത ഉടുപ്പുകളെടുത്ത് വലിച്ചെറിഞ്ഞു. ഞാന്‍ കരയാന്‍ തുടങ്ങി. ‘എന്തൊരു പെണ്ണായിരുന്നു ഞാന്‍!’ എല്ലാം ഞാന്‍വലിച്ചുകീറി പറിച്ചെറിഞ്ഞു. അതില്‍നിന്ന് ഏതാനും ജോടികള്‍ മാത്രമേ എനിക്ക് മാന്യമെന്ന് തോന്നിയതുണ്ടായിരുന്നുള്ളൂ.
പുതിയ വസ്ത്രശേഖരത്തിനായി ശ്രമംതുടങ്ങി. അയഞ്ഞ പാന്‍സുകളും ഉടുപ്പുകളും എടുത്തു. ഹൈഹീല്‍ ഒഴിവാക്കി. എന്റെ കറുത്ത ഹൃദയത്തില്‍ ഞാന്‍ ദൈവത്തെ ബലമായി പിടിച്ചിരുത്തി.

ആ ക്ലാസില്‍ചെന്ന് ഞാന്‍ ശഹാദത്ത്കലിമ ചൊല്ലി. ക്ലാസില്‍ എനിക്ക് ഒട്ടേറെ സുഹൃത്തുക്കളുണ്ടായിരുന്നു. എന്റെ പഴയ കൂട്ടുകാരെയൊന്നും ഞാന്‍ ഒഴിവാക്കിയില്ല. പക്ഷേ, പബുകളിലേക്ക് ക്ഷണിക്കുമ്പോള്‍ ഒഴിഞ്ഞുമാറിയാല്‍ മാത്രം മതി. ക്രമേണ അത്തരക്കാരൊക്കെ എന്നെ വിളിക്കാതെയായി. എനിക്ക് അതില്‍ യാതൊരുവിഷമവുംതോന്നിയില്ല. കാരണം ഞാന്‍ എന്റെ സന്തോഷപ്രദമായ ദാമ്പത്യത്തിലേക്ക് കടന്നിരുന്നു. എന്റെ ചുറ്റും എന്നെ സ്‌നേഹിക്കുന്ന എന്റെ പുതിയ ബന്ധുക്കളായിരുന്നു.
എന്റെ ഭര്‍ത്താവ് ഹസന്‍ ജോര്‍ദാന്‍കാരനാണ്. അമ്മാനിലെ അദ്ദേഹത്തിന്റെ കുടുംബക്കാരെയും സഹോദരങ്ങളെയും ഞാന്‍ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. മുസ്‌ലിംകള്‍ക്ക് തങ്ങളുടെ കുടുംബബന്ധുക്കളെയും സുഹൃത്തുക്കളെയും അതിഥികളെയും സ്വീകരിക്കുന്നതിന് വല്ലാത്ത നയവിരുത് തന്നെയുണ്ട്. അദ്ദേഹത്തിന്റെ മാതാപിതാക്കളോടൊപ്പം ഞാന്‍ ഒരുമാസം താമസിച്ചു. അവിടെവെച്ചാണ് പൂര്‍ണഹിജാബ് സ്വീകരിച്ചു. ആളുകള്‍ എന്നെ ബഹുമാനിക്കുന്നത്, ഞാന്‍ അനുഭവിച്ചറിഞ്ഞു. അതിനുകാരണം എന്റെ വസ്ത്രമായിരുന്നു. അത് വല്ലാത്തൊരു അനുഭവം തന്നെയാണ്.

ഡാളസില്‍ ഞാന്‍ തിരിച്ചെത്തിയപ്പോള്‍ എനിക്ക് സ്‌കാര്‍ഫ് അഴിച്ചെടുക്കാന്‍ തോന്നിയില്ല. ആളുകള്‍ക്ക് കണ്ടാസ്വദിക്കാവുന്ന ‘ഇറച്ചിക്കഷ്ണ’മാകാന്‍ ഞാന്‍ ഇഷ്ടപ്പെട്ടില്ല. ആരുടെ മാറിടമാണ് ഏറ്റവും വലുതെന്ന് പൊങ്ങച്ചപ്രകടനം നടത്താന്‍ ഇനി ഞാനുദ്ദേശിക്കുന്നില്ല. അത്തരമൊരുജീവിതം എനിക്കാവശ്യമില്ല. എല്ലാത്തരം ചങ്ങലക്കെട്ടുകളില്‍നിന്ന് വിമോചിതയാകാന്‍ ഞാന്‍ ആഗ്രഹിച്ചു. ഹിജാബ് എന്റെ അഭിമാനമായിരിക്കും. അതെന്റെ അന്തസ്സ് കാത്തുസൂക്ഷിക്കും. പുരുഷന്‍മാരൊക്കെ എന്നെ ബഹുമാനിക്കുന്നത്, അത് എന്റെ ജീവിതത്തില്‍ പുതിയ അധ്യായം രചിക്കുന്നത് എല്ലാം ഞാന്‍ അനുഭവിച്ചറിഞ്ഞു.

ഒരിക്കല്‍ നാല്‍പതിനോടടുത്ത ഒരാള്‍ എന്റെ അടുത്തുവന്ന് ചോദിച്ചു: ‘ നിങ്ങള്‍ക്കെവിടെനിന്നാണ് ഇത്തരം വസ്ത്രങ്ങള്‍ കിട്ടിയത് ? ഇതില്‍ നിങ്ങള്‍ വളരെ പ്രൗഢയായി കാണപ്പെടുന്നു. എന്റെ ഭാര്യയും ഇതുപോലെ വേഷംധരിച്ചെങ്കിലെന്ന് ഞാന്‍ ആഗ്രഹിക്കുന്നു’. ആണുങ്ങള്‍ എന്തുകൊണ്ട് ഇതിഷ്ടപ്പെടാന്‍ തയ്യാറാകുന്നില്ല. തങ്ങളുടെ സുന്ദരികളായ ഭാര്യമാരെ ആളുകളുടെ തുറിച്ചുനോട്ടത്തില്‍നിന്നുംസംരക്ഷിക്കാന്‍, അന്തസ്സ് കാത്തുസൂക്ഷിക്കാന്‍, ബഹുമാനാദരവുകള്‍ നേടാന്‍ ഹിജാബ് എത്ര അനുയോജ്യം.

ഇപ്പോഴും എന്റെ പ്രൊഫഷന്‍ ഫോട്ടോഗ്രാഫി തന്നെയാണ്. പക്ഷേ, അതുപഴയമാതിരിയല്ല. ഞാനിപ്പോള്‍ ക്ലബുകള്‍, ഡാന്‍സ് ബാറുകള്‍, പാര്‍ട്ടികള്‍ തുടങ്ങിയവ ഒഴിവാക്കിയിരിക്കുന്നു. പകരം ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍, ധനശേഖരണപരിപാടികള്‍, വിവാഹങ്ങള്‍, വധുചമത്കാരങ്ങള്‍ എന്നിവയുെട ഫോട്ടോസെഷനുകള്‍ മാത്രമാണ് ചെയ്യുന്നത്. പലപ്പോഴും സ്‌കൂളുകളില്‍ചെന്ന് ഇസ്‌ലാമിനെപ്പറ്റി ക്ലാസെടുക്കാറുണ്ട്. കൗമാരക്കാരോട് പ്രത്യേകിച്ചും പെണ്‍കുട്ടികളോട് തെറ്റായ പാതയിലേക്ക് വഴുതിപ്പോകരുതെന്ന് ഓര്‍മപ്പെടുത്താറുണ്ട്. ഞാന്‍ അവരോട് പറയും:’എന്റെ സ്വന്തം അനുഭവത്തില്‍നിന്നാണ് ഞാനത് മനസ്സിലാക്കിയത്. പളപളപ്പിന്റെ ലോകത്ത് നിങ്ങള്‍ സുഹൃത്തുക്കളെമ്പാടും കിട്ടും . അവരെല്ലാം നിങ്ങളോടൊപ്പമുണ്ട് എന്നുതോന്നും. പക്ഷേ, ഉള്ളിന്റെ യുളളില്‍ അവരൊറ്റക്കാണ്. അവരോടൊപ്പം നിങ്ങളും ഏകാകിയായിരിക്കും. എല്ലാവര്‍ക്കും ധനവും സൗകര്യങ്ങളുമുണ്ട്. പക്ഷേ, അത് യാതൊരു നേട്ടവും അവര്‍ക്ക് തരികയില്ല’

Topics