കുടുംബം-ലേഖനങ്ങള്‍

സ്‌നേഹപ്രകടനത്തിന് അഞ്ചുഭാഷകള്‍

ദമ്പതികള്‍ സ്‌നേഹപ്രകടനത്തിനായി 5 ഭാഷകള്‍ ഉപയോഗിക്കുന്നുവെന്ന് ദാമ്പത്യ-കുടുംബവിദഗ്ധന്‍ ഡോ. ഗാരി ചാപ്മാന്‍ പറയുന്നുണ്ട്. നമുക്കുചുറ്റുമുള്ളവര്‍ നമ്മെ എങ്ങനെ സ്‌നേഹിക്കുന്നുവെന്ന്  ബോധ്യപ്പെടുത്തുന്ന 5 ഭാഷകളാണത്. ഫലപ്രദമായി സമയംചെലവിടല്‍, സേവനപങ്കാളിത്തം, സമ്മാനംനല്‍കല്‍, ഗുണപരമായ വൈകാരികപിന്തുണ, സ്പര്‍ശം തുടങ്ങിയവയാണത്.

 എല്ലാവരും അധികാരസ്വരത്തില്‍ സംസാരിക്കുമെങ്കിലും  സ്‌നേഹത്തിന്റെ ഒന്നുരണ്ടുഭാഷകളും അതോടൊപ്പം പ്രകടിപ്പിക്കുമെന്ന് ഗാരി വിശദമാക്കുന്നുണ്ട്. തന്റെ കുടുംബത്തിലെ പങ്കാളിയുടെയും കുട്ടികളുടെയും മറ്റംഗങ്ങളുടെയും ആവശ്യങ്ങളോട് നല്ലരീതിയില്‍ പ്രതികരിക്കുന്നതിലൂടെ ആ ഭാഷയെ തിരിച്ചറിയാന്‍ കഴിയും. 

ഉദാഹരണത്തിന്, തന്റെ കുട്ടിയുടെ അനിഷ്ടത്തിനു കാരണമെന്തെന്ന് ഒരു മാതാവിന് എളുപ്പം തിരിച്ചറിയാനാകും. അവന്റെ ‘നല്ല സമയം’ മനസ്സിലാക്കി അവന്റെ ആവശ്യങ്ങളോട് പ്രതികരിച്ചാല്‍, അവനുമായി കൂടുതല്‍ ഇടപെടാന്‍ സമയം കണ്ടെത്തിയാല്‍  അതിലൂടെ പ്രശ്‌നപരിഹാരം സാധ്യമാണ്. അതുപോലെ തന്റെ ഭാര്യയുടെ സ്‌നേഹഭാഷ മനസ്സിലാക്കാന്‍  ശ്രമിക്കാത്തതാണ് ദാമ്പത്യത്തിലെ കല്ലുകടിക്ക് വഴിതെളിച്ചതെന്ന്  ഭര്‍ത്താവിന് തിരിച്ചറിയാനാകും. 

ഇസ്‌ലാം സ്‌നേഹത്തിന് അത്യുന്നതമായ സ്ഥാനമാണ് നല്‍കുന്നത്. അല്ലാഹു കാരുണ്യവാനും കരുണാനിധിയുമെന്നാണ് സ്വയം വിശേഷിപ്പിക്കുന്നത്. ആ മഹിതഗുണങ്ങളുടെ  ഒരംശമാണ് അവന്‍ പ്രപഞ്ചത്തിലെ സര്‍വചരാചരങ്ങളുടെമേലും വര്‍ഷിച്ചുകൊണ്ടിരിക്കുന്നത്. അതിനാലാണ് മുഹമ്മദ് നബി അനുപമമായ പരസ്‌നേഹവും സഹാനുഭൂതിയും പ്രകടിപ്പിച്ചത്. താന്‍ സ്‌നേഹിച്ചവരും അടുപ്പം കാട്ടിയവരും എപ്പോഴും പ്രവാചകനെ സദാ വലയംചെയ്തിരുന്നത് അതിന്റെ അടയാളമാണ്.

മുഹമ്മദ് നബിയുടെ ജീവിതകഥ വായിക്കുന്ന ആര്‍ക്കും തന്റെ സ്‌നേഹത്തിന് പാത്രമായവരോട് അദ്ദേഹം  മേല്‍പറഞ്ഞ 5 ഭാഷകളിലും അത്  പ്രകടിപ്പിച്ചതെങ്ങനെയെന്ന് കാണാനാകും.

ഫലപ്രദമായി സമയം ചെലവിടല്‍

തന്റെ സുഹൃത്തുക്കളുമായി  ചിരിച്ചും തമാശപറഞ്ഞും നബിതിരുമേനി സമയം ചെലവിടാറുണ്ടായിരുന്നു.  പ്രതിസന്ധിഘട്ടങ്ങളിലെ സമ്മര്‍ദ്ദങ്ങളെ ലഘൂകരിക്കാന്‍ മനസ്സിന് ആഹ്ലാദം പകരുന്ന പ്രവര്‍ത്തനങ്ങളില്‍ മുഴുകാന്‍ നബി സഹപ്രവര്‍ത്തകരെ ഓര്‍മിപ്പിക്കുമായിരുന്നു.

തന്റെ പ്രിയപത്‌നി ആഇശയുമൊത്ത് വിനോദങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു മുഹമ്മദ് നബി. തുറന്ന മൈതാനത്ത് അവരോടൊപ്പം  ഓട്ടമത്സരം നടത്തിയിട്ടുണ്ട് അദ്ദേഹം. ഒരിക്കല്‍ പെരുന്നാള്‍ ദിനത്തില്‍ അബ്‌സീനിയയില്‍നിന്ന് വന്ന സംഘത്തിന്റെ നൃത്തം  ആഇശയോടൊപ്പം വീക്ഷിച്ചു.  ഇതിനെല്ലാം പുറമെ, പള്ളിയിലായിരിക്കെ  ദീനിനെക്കുറിച്ച സംശയങ്ങള്‍ക്ക് മറുപടി നല്‍കി  സദാ സഹപ്രവര്‍ത്തകരോടൊപ്പം നിലകൊണ്ടു.

ഇതരമതങ്ങളിലെപ്പോലെ, ആളുകളില്‍നിന്നകന്ന്  സന്ന്യാസജീവിതംനയിക്കുന്നവനായിരുന്നില്ല മുഹമ്മദ് നബി. എല്ലാവരോടും അദ്ദേഹം അടുത്തിടപഴകി.  മുസ്‌ലിംസമൂഹവുമായി അടുത്തിടപഴകാനും  അപരിചിതര്‍ക്കുപോലും നിസ്സങ്കോചം സംശയനിവാരണം നടത്താന്‍ കഴിയുമാറ് സാഹചര്യം സൃഷ്ടിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. അതിനാല്‍ എല്ലാവരും തിരുമേനിയോട് അടുത്ത ബന്ധം പുലര്‍ത്തി. അദ്ദേഹത്തിന്റെ സ്വഭാവസവിശേഷതകള്‍ കണ്ടുമനസ്സിലാക്കി അനുകരിക്കാന്‍ ബോധപൂര്‍വം ശ്രമിച്ചു. 

തന്റെ മക്കളും പേരക്കിടാങ്ങളുമുള്‍പ്പെടെ ബാല-കൗമാര-യുവതയുമായി സമയം ചെലവഴിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചു.  തന്റെ പെണ്‍മക്കളായ ഫാത്വിമയും സൈനബുമൊത്ത് സംസാരിക്കാന്‍ അദ്ദേഹം പ്രത്യേകസമയംതന്നെ കണ്ടെത്തി. നമസ്‌കാരസമയത്തും പേരക്കിടാങ്ങളായ ഹസനെയും ഹുസൈനെയും(അലി-ഫാത്വിമ ദമ്പതികളുടെ മക്കള്‍) ഉമാമയെയും ഒക്കത്തെടുക്കാന്‍ അദ്ദേഹം മടിച്ചില്ല.

ആത്മാര്‍ത്ഥസേവനങ്ങള്‍ നല്‍കുക

അനുയായികള്‍ക്ക്  ദിശാബോധം പകര്‍ന്നുനല്‍കുന്ന കേവലഉപദേശിമാത്രമല്ല ഇസ്‌ലാമിലെ നേതാവ്. മറിച്ച്  അവര്‍ക്കായി സേവനസന്നദ്ധനായ ഒരു സഹപ്രവര്‍ത്തകനായിരിക്കണം അയാള്‍. ജനങ്ങളെ സേവിക്കുന്ന രാഷ്ട്രീയക്കാരനെപ്പോലെ, ഭാര്യയുടെയും കുട്ടികളുടെയും ആവശ്യങ്ങളെപൂര്‍ത്തീകരിച്ച് വീട്ടില്‍ ഭര്‍ത്താവും പിതാവുമായി  ഉത്തരവാദിത്വം നിര്‍വഹിക്കണം. മുഹമ്മദ് നബി(സ) തന്റെ തിരക്കുപിടിച്ച ദൗത്യത്തിനിടയിലും വീട്ടുജോലികളില്‍ ഭാര്യമാരെ സഹായിച്ചിരുന്നു. അദ്ദേഹം തന്റെ ചെരിപ്പ് നന്നാക്കുകയും വസ്ത്രങ്ങള്‍ തുന്നുകയുംചെയ്തിരുന്നു. ഭാര്യമാര്‍ക്കും പെണ്‍മക്കള്‍ക്കും ജോലി ഭാരമുണ്ടാകാതെ ശ്രദ്ധിച്ചിരുന്നു അദ്ദേഹം. 

തങ്ങളുടെ ഗൃഹപരിപാലനത്തില്‍ അത്യന്തം ശുഷ്‌കാന്തി പുലര്‍ത്തുന്ന സ്ത്രീകളുടെ കാര്യത്തില്‍ പുരുഷന്‍മാര്‍ പ്രത്യേകം പരിഗണന നല്‍കേണ്ടതാണ്. കുട്ടികള്‍ക്കുള്ള സേവനം എന്നാല്‍  അവരെ സദ്‌സ്വഭാവികളായി വളര്‍ത്തലും അവര്‍ക്ക് ഏറ്റവും നല്ല വിദ്യാഭ്യാസം നല്‍കലുമാണ്. കുടുംബത്തിന്റെ നിത്യചെലവിനുപുറമെയുള്ള സംഗതികളാണിത്.

പ്രിയപ്പെട്ടവര്‍ക്ക് സമ്മാനം

താനിഷ്ടപ്പെടുന്ന വ്യക്തികള്‍ക്ക് ദുരുദ്ദേശ്യങ്ങളേതുമില്ലാതെ, തിരിച്ചുലഭിക്കുമെന്ന മോഹമില്ലാതെ  പരസ്പരം സമ്മാനങ്ങള്‍ നല്‍കുന്നതിനെ ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നു. ദമ്പതികള്‍ പരസ്പരം സമ്മാനം നല്‍കുന്നത് ബന്ധങ്ങളെ ഊട്ടിയുറപ്പിക്കാന്‍ സഹായിക്കുമെന്നതില്‍ സംശയമില്ല. 

രക്ഷിതാക്കള്‍ സന്താനങ്ങള്‍ക്ക് സമ്മാനം നല്‍കുമ്പോള്‍ നീതിപാലിക്കാന്‍ ശ്രദ്ധിക്കണമെന്ന് നബിതിരുമേനി നിര്‍ദേശിച്ചിട്ടുണ്ട്. മറ്റുള്ള സന്താനങ്ങള്‍ക്ക് നല്‍കാതെ തന്റെ ഒരു പുത്രനുമാത്രം സമ്മാനം  നല്‍കാന്‍ ശ്രമിച്ച പിതാവിന്റെ നീക്കത്തിന് സാക്ഷിയാകാന്‍ തിരുമേനി വിസമ്മതിച്ച  ചരിത്രമുണ്ടെന്ന് നാം മനസ്സിലാക്കുക.  തന്റെ പേരപുത്രിയായ ഉമാമയ്ക്ക് നബിതിരുമേനി നെക്ലേസ് സമ്മാനിച്ചത് നാം കേട്ടിട്ടുണ്ട്. 

അനുയായികളും സുഹൃത്തുക്കളും നല്‍കിയിരുന്ന സമ്മാനങ്ങള്‍ സ്വീകരിച്ചിരുന്ന നബി തിരുമേനി അത് തന്റെ കൂട്ടുകാര്‍ക്കിടയില്‍ വിതരണംചെയ്തിരുന്നു. അയല്‍വീടുകളിലെ ഇതരവിശ്വാസിസഹോദരങ്ങള്‍ക്കും  സമ്മാനങ്ങള്‍ നല്‍കുന്ന പതിവ് അദ്ദേഹത്തിനുണ്ടായിരുന്നു. 

വൈകാരികപിന്തുണ പങ്കുവെക്കല്‍

നുണപറയുന്നത് ഇസ്‌ലാം വിലക്കിയിരിക്കുന്നു. എന്നാല്‍ പ്രായോഗികതയ്ക്ക് പരിഗണന നല്‍കുന്ന ഇസ്‌ലാമിന്റെ ശൈലി സുപരിചിതമാണ്. അതിനാല്‍ പ്രത്യേകസാഹചര്യത്തില്‍ നുണ പറയുന്നതിന് അനുവാദമുണ്ട്. അത്തരം സാഹചര്യത്തില്‍ ഒന്ന് ഇണകള്‍ പരസ്പരം സ്‌നേഹംപ്രകടിപ്പിക്കുന്ന വേളയാണ്.  അതായത്, ഭാര്യയ്ക്കും ഭര്‍ത്താവിനും തങ്ങളുടെ സ്‌നേഹപ്രകടനത്തിന് ഏതറ്റംവരെയും  പോകാം. ഉദാഹരണത്തിന് ഭര്‍ത്താവിന് തന്റെ ഭാര്യയോട്   ഈ ഭൂമിയില്‍ ഏറ്റവുമധികം സ്‌നേഹിക്കുന്നത് അവളെയാണെന്ന് പറയാം. (വാസ്തവത്തില്‍ മുസ്‌ലിംകള്‍ക്കങ്ങനെ പറയാന്‍ പാടുള്ളതല്ല. കാരണം അല്ലാഹുവും അവന്റെ റസൂലുമാണല്ലോ അവര്‍ക്ക് ഏറ്റവും പ്രിയപ്പെട്ടത്.)എന്നിരുന്നാലും , തന്റെ ജീവിതപങ്കാളിയോടുള്ള സ്‌നേഹപ്രകടനത്തിന്റെ ഭാഗമായി അവ്വിധത്തിലുള്ള ഭാഷണങ്ങള്‍ ഇസ്‌ലാമില്‍ അനുവദനീയമാണ്.

ജീവിതപങ്കാളികള്‍തമ്മിലുള്ള വൈകാരികപിന്തുണകള്‍ ദാമ്പത്യവ്യവസ്ഥയ്ക്ക് ഊടുംപാവും നല്‍കുന്നു. നിര്‍ലോഭമായ പിന്തുണ നല്‍കിയിരുന്ന ഖദീജയായിരുന്നു മുഹമ്മദ് നബിയുടെ ശക്തി. അതുകൊണ്ടാണ് ആ മഹതി മരിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മുഹമ്മദ് നബി അവരെ പ്രകീര്‍ത്തിച്ച് ഇപ്രകാരം പറഞ്ഞത്: ‘ആരും വിശ്വസിക്കാനില്ലാതിരുന്നപ്പോള്‍ അവര്‍ എന്നില്‍ വിശ്വസിച്ചു. ജനങ്ങള്‍ എന്നെ തിരസ്‌കരിച്ചപ്പോള്‍ അവര്‍ ഇസ്‌ലാം സ്വീകരിച്ചു. എനിക്ക് യാതൊരുവിധസഹായഹസ്തവും കിട്ടാതിരുന്നപ്പോള്‍ അവര്‍ എന്നെ സഹായിക്കുകയുംആശ്വസിപ്പിക്കുകയുംചെയ്തു.’

നുബുവ്വത്തിന്റെ ആദ്യദശകത്തില്‍ ഇസ്‌ലാം അതിവേഗം പ്രചരിക്കുന്നതില്‍ ഖദീജയുടെ എല്ലാ അര്‍ഥത്തിലുമുള്ള പിന്തുണയ്ക്ക് നിസ്സീമമായ പങ്കുണ്ട്. അത് ഇരുവരും തമ്മിലുള്ള അതിശക്തമായ സ്‌നേഹത്തിന് വഴിയൊരുക്കി.

സ്പര്‍ശത്തിലൂടെ സ്‌നേഹവിളംബരം

സ്പര്‍ശത്തിലൂടെ സ്‌നേഹപ്രകടനംനടത്തുന്നതിന്റെ പ്രാധാന്യം ഖുര്‍ആന്‍ വ്യക്തമാക്കുന്നത് കാണുക:

‘അവര്‍ നിങ്ങള്‍ക്കുള്ള വസ്ത്രമാണ്; നിങ്ങള്‍ അവര്‍ക്കുള്ള വസ്ത്രവും'(അല്‍ ബഖറ 187). ഈ സൂക്തത്തില്‍ മനുഷ്യര്‍ ധരിക്കുന്ന വസ്ത്രത്തോട്  ദമ്പതികളെ സദൃശ്യപ്പെടുത്തിയതായി കാണാനാകുന്നു.  ഇത് ഒരുപാട് ആശയതലങ്ങളെ പങ്കുവെക്കുന്നുണ്ട്.  അതിലൊന്ന് ദാമ്പത്യബന്ധത്തിലെ സ്പര്‍ശനത്തെയാണ്. നമ്മുടെ തൊലിയോട് ചേര്‍ന്നുകിടക്കുന്ന ഒന്നാണ് വസ്ത്രം. അത് നമുക്ക് സംരക്ഷണവും ചൂടും പ്രധാനംചെയ്യുന്നു. അതുപോലെത്തന്നെയാണ് ജീവിതപങ്കാളിയുടെ സ്പര്‍ശനവും.

മുഹമ്മദ് നബി(സ) ജീവിതപങ്കാളികള്‍തമ്മിലുണ്ടാകേണ്ട പ്രേമപ്രകടനങ്ങളുടെ പ്രാധാന്യത്തെ എടുത്തുപറഞ്ഞിട്ടുണ്ട്. നബിതിരുമേനി ആഇശ(റ)യുടെ മടിയില്‍ തലവെച്ച് കിടക്കുമായിരുന്നുവെന്ന്  ചരിത്രത്തില്‍ കാണാം. അദ്ദേഹത്തിന്റെ അന്ത്യവും ആഇശയുടെ മടിയില്‍ തലവെച്ചുകിടന്നുകൊണ്ടായിരുന്നുവല്ലോ.

കുട്ടികളോടുള്ള സ്‌നേഹപ്രകടനത്തിലും സ്പര്‍ശനത്തിന് വലിയ പ്രാധാന്യമുണ്ട്. തന്റെ മകള്‍ ഫാത്വിമയെ  മുഹമ്മദ് നബി(സ) കൈകളില്‍ എടുക്കുകയും ഉമ്മവെക്കുകയുംചെയ്യുമായിരുന്നു. വലുതായപ്പോള്‍ ആ  മകളെ കണ്ടാല്‍ നബി എഴുന്നേറ്റുചെന്ന് സ്വീകരിക്കുകയും തന്റെ വിരിപ്പില്‍ തന്നോടൊപ്പം ഇരുത്തുകയുംചെയ്യുമായിരുന്നു. തിരിച്ച് ഫാത്വിമയുടെ പ്രതികരണവും വ്യത്യസ്തമായിരുന്നില്ല. അവരുടെ മക്കളും പിതാമഹന്റെ സ്‌നേഹവാത്സല്യങ്ങള്‍ക്ക് അന്യരായിരുന്നില്ല. നമസ്‌കാരത്തില്‍ നബിതിരുമേനിയുടെ ചുമലില്‍കയറിക്കളിക്കുക അവരുടെ പതിവായിരുന്നു.

ജീവിതപങ്കാളിയെ സ്‌നേഹിക്കുക, അല്ലാഹുവിനെയും

ജീവിതപങ്കാളിയെ സ്‌നേഹിക്കുകയെന്നത് ഇസ്‌ലാമില്‍ വമ്പിച്ച പ്രാധാന്യമേറിയ സംഗതിയാണ്.  വിശ്വാസത്തിന്റെ മൂലക്കല്ല് കുടുംബത്തിന്റെ സംസ്ഥാപനത്തിലാണ്. ഓരോ കുടുംബവും ഭാര്യയും ഭര്‍ത്താവും അടങ്ങുന്നതാണ്. അവര്‍ പിന്നീട് രക്ഷിതാക്കളായിമാറുന്നു.  അതിനാല്‍ ദാമ്പത്യം ഊഷ്മളമാകണമെങ്കില്‍ അല്ലാഹുവിനെ സ്‌നേഹിക്കേണ്ടതിന്റെ പ്രാധാന്യം അവര്‍ മനസ്സിലാക്കേണ്ടതുണ്ട്. അപ്പോള്‍ മാത്രമേ പങ്കാളിയോട് സ്വാഭാവികമായ സ്‌നേഹം ഉണ്ടാകുകയുള്ളൂ. എങ്കില്‍ മാത്രമേ അവരുടെ നൈസര്‍ഗികമായ പ്രേമവാത്സല്യങ്ങളോടും പ്രതീക്ഷകളോടും ഗുണാത്മകമായി പ്രതികരിക്കാനാകൂ.

ദാമ്പത്യത്തില്‍ പങ്കാളികള്‍ ആരോഗ്യകരമായ ബന്ധം വളര്‍ത്തിയെടുക്കേണ്ടതുണ്ട്. തങ്ങളുടെ സന്താനങ്ങളോടും മറ്റുകുടുംബാംഗങ്ങളോടും അയല്‍ക്കാരോടും സമുദായത്തോടും രാഷ്ട്രത്തോടും അപ്പോള്‍ മാത്രമാണ് അവര്‍ക്ക് സ്‌നേഹമുണ്ടാകുക. അതിനാല്‍ സ്‌നേഹത്തിന്റെ വിവിധഭാഷകളെയും ഭാഷ്യങ്ങളെയും തിരിച്ചറിയുക. അവ ഉപയോഗിക്കുക. അതിനേക്കാളുപരി അല്ലാഹുവെ സ്‌നേഹിക്കുകയും അവനോട് അടുക്കുകയുംചെയ്യുക.

Topics