Global

സ്‌കൂള്‍ തകര്‍ക്കാനുള്ള ഇസ്രയേല്‍ ശ്രമത്തിനെതിരെ ഫലസ്തീനികള്‍

 

ജറൂസലം: കിഴക്കന്‍ ജറൂസലമിലെ ബദവി ഗ്രാമീണരെ കുടിയൊഴിപ്പിക്കുന്നതിന്റെ പ്രാരംഭനടപടിയെന്നോണം ഖാന്‍ അല്‍ അഹ്മറിലെ സ്‌കൂള്‍ അടച്ചുപൂട്ടി തകര്‍ത്തുകളയാന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ഉത്തരവിട്ടതിനുപിന്നാലെ ചെറുത്തുനില്‍പ് ശ്രമങ്ങളുമായി ഫലസ്തീന്‍ വിദ്യാഭ്യാസവകുപ്പ് രംഗത്ത്. ഈ അക്കാദമികവര്‍ഷത്തിന് സമാരംഭംകുറിച്ചുകൊണ്ടുള്ള ആഘോഷങ്ങള്‍ പ്രസ്തുതസ്‌കൂളില്‍ സംഘടിപ്പിച്ച് അതില്‍ അന്താരാഷ്ട്ര സംഘടനകളുടെ പ്രതിനിധികളെയും വിദേശഅമ്പാസിഡര്‍മാരെയും ക്ഷണിച്ച് അധിനിവേശത്തിനെതിരെ ലോകശ്രദ്ധ ക്ഷണിക്കാനാണ് ഫലസ്തീനികള്‍ ശ്രമിക്കുന്നത്.

ഖാന്‍ അഹ്മറിലെ തകര്‍ക്കല്‍ ഭീഷണി നേരിടുന്ന സ്‌കൂളില്‍, വിവിധസമുദായങ്ങളില്‍പെട്ട 170 ഓളം കുട്ടികള്‍ പഠിക്കുന്നുണ്ടെന്ന് വിദ്യാഭ്യാസഅധികൃതര്‍ വ്യക്തമാക്കി.
‘സ്‌കൂള്‍ തകര്‍ക്കാനായി ബുള്‍ഡോസറും സൈനികദളങ്ങളും എത്തിക്കഴിഞ്ഞു. ഈ സ്‌കൂളില്‍ അക്കാദമികവര്‍ഷാരംഭത്തിന്റെ ആഘോഷങ്ങള്‍ സംഘടിപ്പിച്ച് അതിനെ ചെറുക്കാനാണ് ഉദ്ദേശിക്കുന്നത്.’ ഫലസ്തീനിയന്‍ വിദ്യാഭ്യാസമന്ത്രി സബ്‌രി സൈദാം പറഞ്ഞു.
സ്‌കൂള്‍ തകര്‍ത്തുകളയുമെന്ന ഭീഷണിയുയര്‍ന്നതിനെത്തുടര്‍ന്ന് വേനലവധി ചുരുക്കി പുതിയ അധ്യയനവര്‍ഷം നേരത്തെ ആരംഭിച്ചിരിക്കുകയാണ് മന്ത്രാലയം. ജൂതകുടിയേറ്റകേന്ദ്രത്തിലേക്കുള്ള റോഡ് നിര്‍മിക്കാനാണ് സ്‌കൂള്‍ തകര്‍ക്കുന്നതെന്ന് ഗ്രാമീണവാസികള്‍ കുറ്റപ്പെടുത്തുന്നു.

Topics