മ്യാന്മറിലെ റാഖിന്‍ സ്‌റ്റേറ്റില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കാനെത്തിയ സമാധാന നൊബേല്‍ സമ്മാന ജേതാവ് ആങ് സാന്‍ സൂകിയോട് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചു: ‘നിങ്ങളുടെ പാര്‍ട്ടി മുസ്‌ലിം അനുകൂലമാണല്ലേ?’ സദാസമയവും ചുണ്ടില്‍ ചെറുപുഞ്ചിരി കൊളുത്തിവെച്ച് അനുയായികള്‍ മുമ്പാകെ പ്രത്യക്ഷപ്പെടാറുള്ള സൂകിയുടെ മുഖം അതോടെ വിവര്‍ണമായി. ‘വംശീയവും മതപരവുമായ സംഘര്‍ഷങ്ങള്‍ ആളിക്കത്തിക്കാന്‍ ശ്രമിക്കുന്ന ചിലര്‍ ഉണ്ടാക്കുന്ന ആരോപണങ്ങളാണിത്’എന്നായിരുന്നു സൂകിയുടെ പ്രതികരണം. ന്യൂനപക്ഷമായ മുസ്‌ലിംകളോട് മൃദുസമീപനം സ്വീകരിക്കുന്നുവെന്ന പ്രചാരണം തനിക്കും പാര്‍ട്ടിക്കും ദോഷം ചെയ്യുമെന്ന സൂകിയുടെ ഭയം അന്തര്‍ദേശീയ മാധ്യമ പ്രവര്‍ത്തകരെ അത്ഭുതപ്പെടുത്തി.
‘ഭയത്തില്‍നിന്ന് മോചന’മെന്ന പുസ്തകത്തിന്റെ രചയിതാവും നിര്‍ഭയരായിരിക്കാന്‍ മ്യാന്മര്‍ ജനതയെ ഉപദേശിച്ചുകൊണ്ടിരിക്കുകയും ചെയ്ത നേതാവുമായ സൂകി ഇത്രയേറെ ഭീരുവായോ എന്ന് പലരും സംശയിച്ചു. അതെ. ഏഷ്യയുടെ നെല്‍സണ്‍ മണ്ടേലയായും മ്യാന്മര്‍ ജനാധിപത്യത്തിന്റെ പ്രതീകമായും വാഴ്ത്തപ്പെടുന്ന സൂകി മുസ്‌ലിംകളുടെ കാര്യം വരുമ്പോള്‍ പലതവണ ഭീരുവായി. വേട്ടയാടപ്പെടുന്ന ഒരു ജനതക്കുനേരെ സൗകര്യപൂര്‍വം കണ്ണടക്കാനും അവരുടെ വിലാപം കേട്ടില്ലെന്ന് നടിക്കാനും മ്യാന്മറിന്റെ രാഷ്ട്രീയ സ്വാതന്ത്ര്യത്തിനുവേണ്ടി പാരതന്ത്ര്യത്തെ സ്വയംവരിച്ച ഒരു നേതാവിന് എങ്ങനെ സാധിച്ചുവെന്ന് ലോകം അമ്പരന്നു. പട്ടാള ഭരണത്തില്‍നിന്ന് ജനാധിപത്യത്തിലേക്ക് വഴിതുറന്ന ചരിത്രപ്രധാന പൊതുതെരഞ്ഞെടുപ്പില്‍ വിജയശ്രീലാളിതരായി സൂകിയും അവരുടെ പാര്‍ട്ടിയായ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി(എന്‍.എല്‍.ഡി)യും അധികാരത്തിലേക്ക് നടന്നടുക്കുമ്പോള്‍ മ്യാന്മര്‍ മുസ്‌ലിംകളുടെ മനസ്സില്‍ തീ അണയുന്നില്ല.
അവര്‍ക്കറിയാം; തങ്ങളുടെ കദനകഥകള്‍ പാര്‍ലമെന്റില്‍ പറയാന്‍ ഒരാള്‍പോലുമില്ലെന്ന്. പാര്‍ലമെന്റിലേക്കും പ്രവിശ്യാ അസംബ്ലിയിലേക്കും മത്സരിച്ച എന്‍.എല്‍.ഡിയുടെ 1,151 സ്ഥാനാര്‍ത്ഥികളില്‍ പേരിനുപോലും ഒരു മുസ്‌ലിമുണ്ടായിരുന്നില്ല. യാങ്കൂണിലെ പബേദാന്‍ മണ്ഡലത്തില്‍ മത്സരിക്കാന്‍ സാധിക്കുമെന്ന് എന്‍.എല്‍.ഡിയുടെ യുവനേതാവ് സിതു മോങിന് പ്രതീക്ഷയുണ്ടായിരുന്നു. മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ അവിടെ മത്സരിക്കാന്‍ അദ്ദേഹത്തെപ്പോലെ യോഗ്യനായ മറ്റൊരാളുണ്ടായിരുന്നില്ല. മത, വര്‍ഗ വിവേചനങ്ങള്‍ മാറ്റിവെച്ച് യോഗ്യത മാത്രം മാനദണ്ഡമാക്കിയായിരിക്കും പാര്‍ട്ടി തീരുമാനമെടുക്കുകയെന്ന് അദ്ദേഹം വിശ്വസിച്ചു. സിതു മോങിന്റെ ആഗ്രഹം പക്ഷെ, വെറുമൊരു സ്വപ്‌നമായി അവശേഷിച്ചു. അദ്ദേഹത്തെ തട്ടി ഒരു ബുദ്ധമതക്കാരനെയാണ് എന്‍.എല്‍.ഡി നേതൃത്വം സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചത്.
ഭൂരിപക്ഷ സമൂഹമായ ബുദ്ധമതക്കാരെ പ്രീണിപ്പിക്കാനാണ് സൂകിയുടെ പാര്‍ട്ടി അത്തരമൊരു നിലപാടെടുത്തതെന്ന് വ്യക്തം. രാജ്യത്ത് ഒരിടത്തും മുസ്‌ലിംകളെ സ്ഥാനാര്‍ത്ഥിയാക്കാന്‍ എന്‍.എല്‍.ഡി ധൈര്യപ്പെട്ടില്ല. ഭൂരിപക്ഷ വോട്ടുകള്‍ നഷ്ടപ്പെടുമോ എന്നായിരുന്നു അവരുടെ പേടി. മ്യാന്മര്‍ ജനസംഖ്യയില്‍ 10 ശതമാനത്തോളം മുസ്‌ലിംകളുണ്ട്. അവരുടെ പ്രതിനിധിയായി ഒരാള്‍ പാര്‍ലമെന്റില്‍ വേണമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ ആലോചിച്ചതേയില്ല. റാഖിന്‍ സ്‌റ്റേറ്റിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും മുസ്‌ലിംകള്‍ വേട്ടയാടപ്പെട്ടപ്പോള്‍ ബുദ്ധതീവ്രവാദികളുമായി കൈകോര്‍ത്തുനിന്ന ഭരണകക്ഷി യൂണിയന്‍ സോളിഡാരിറ്റി ഡവലപ്‌മെന്റ് പാര്‍ട്ടി(യു.എസ്.ഡി.പി)യില്‍ മുസ്‌ലിംകള്‍ക്ക് ഒട്ടും വിശ്വാസമില്ല. ജനാധിപത്യ മുന്നേറ്റത്തില്‍ വഴിത്തിരിവാകുന്ന തെരഞ്ഞെടുപ്പില്‍ എന്‍.എല്‍.ഡി തങ്ങളെ കൈവിടില്ലെന്ന് അവര്‍ക്ക് നേരിയ പ്രതീക്ഷയുണ്ടായിരുന്നു. പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നപ്പോള്‍ അതും അസ്തമിച്ചു.
2012ലെ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് പാര്‍ലമെന്റിലെത്തിയ ശേഷം കൈപ്പിടിയിലേക്ക് വന്നുകൊണ്ടിരിക്കുന്ന അധികാരം നഷ്ടപ്പെടാതിരിക്കാന്‍ സൂകി ഏറെ ശ്രദ്ധിക്കുന്നുണ്ട്. മാബാതാ പോലുള്ള തീവ്ര ബുദ്ധിസ്റ്റ് ദേശീയവാദിയുടെ സംഘടനകളെ വാക്കുകൊണ്ടുപോലും മുറിപ്പെടുത്താന്‍ അവര്‍ തയാറല്ല. മനുഷ്യാവകാശ സംഘടനകളെ നിരാശപ്പെടുത്തുന്നതായിരുന്നു സൂകിയുടെ ഓരോ നിലപാടും. മ്യാന്മറില്‍ ഏറ്റവും കൂടുതല്‍ വിവേചനം നേരിടുകയും വേട്ടയാടപ്പെടുകയും ചെയ്യുന്ന റോഹിന്‍ഗ്യാ മുസ്‌ലിംകളുടെ വിഷയം പറയുമ്പോള്‍ ഓരോ വാക്കും കരുതലോടെ പ്രയോഗിക്കാന്‍ അവര്‍ ശ്രദ്ധവെച്ചു. മനുഷ്യാവകാശ സംരക്ഷണത്തില്‍ മ്യാന്മര്‍ പിറകോട്ടാണ് സഞ്ചരിക്കുന്നതെന്നും ബുദ്ധ തീവ്രവാദികളുടെ ആക്രമണത്തില്‍ കിടപ്പാടം നഷ്ടപ്പെട്ട് അഭയാര്‍ത്ഥി ക്യാമ്പില്‍ കഴിയുന്ന മുസ്‌ലിംകളുടെ സ്ഥിതി ദയനീയമാണെന്നും പറഞ്ഞ യു.എന്‍ മനുഷ്യാവകാശ പ്രതിനിധി യാന്‍ഗീ ലീയെ ബുദ്ധതീവ്രവാദി നേതാവായ അഷിന്‍ വിരാതു അധിക്ഷേപിച്ചപ്പോള്‍ മറുത്തൊരു വാക്ക് ഉരിയാടാന്‍ സൂകി നാവനക്കിയതേയില്ല.
1990കളിലും രണ്ടായിരത്തിലും ഏകാധിപതികളായ പട്ടാള ജനറല്‍മാരോട് സുധീരം കയര്‍ത്തു സംസാരിച്ച ഉരുക്കുവനിത ബുദ്ധസന്യാസിമാര്‍ക്കു മുമ്പില്‍ കീഴടങ്ങുകയായിരുന്നു. നാലു വോട്ടുകള്‍ക്കുവേണ്ടി മാനുഷിക, രാഷ്ട്രീയ മൂല്യങ്ങളെ വില്‍ക്കുകയായിരുന്നു സൂകിയെന്ന് പറയുന്നത് അവര്‍ക്ക് ലഭിച്ച നൊബേല്‍ സമ്മാനത്തോടുള്ള അനാദരവായിരിക്കും. എങ്കിലും അവരുടെ മറ്റൊരു മുഖം ലോകം തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. വിദേശികളെന്ന് മുദ്രകുത്തി ഭരണകൂടം റോഹിന്‍ഗ്യാ മുസ്‌ലിംകള്‍ക്ക് പൗരത്വം നിഷേധിക്കുകയും അവരെ സ്വന്തം മണ്ണില്‍നിന്ന് ആട്ടിപ്പുറത്താക്കുകയും ചെയ്തപ്പോഴും സൂകിയിലെ ജനാധിപത്യവാദി ഉണര്‍ന്നില്ല. നൂറുകണക്കിന് റോഹിന്‍ഗ്യാ മുസ്‌ലിംകളാണ് റാഖിന്‍ സ്‌റ്റേറ്റില്‍ കൊല്ലപ്പെട്ടത്. മ്യാന്മര്‍ സേന മുസ്‌ലിംകളെ ബുദ്ധകലാപകാരികള്‍ക്ക് പിടിച്ചുകൊടുക്കുകയായിരുന്നു.
മുസ്‌ലിം വീടുകള്‍ അക്രമികള്‍ ചുട്ടെരിച്ചു. അഭയാര്‍ത്ഥി ക്യാമ്പുകളിലേക്ക് തള്ളപ്പെട്ട അവരുടെ ജീവിതം കൂടുതല്‍ ദുസ്സഹമായി. ഭൂരിഭാഗം പേരും അഭയാര്‍ത്ഥികളായി കടല്‍കടന്നു. ആ യാത്രയില്‍ കുട്ടികളും സ്ത്രീകളുമടക്കം നൂറുകണക്കിന് ആളുകള്‍ കടലില്‍ മുങ്ങിമരിച്ചു. വിശന്നൊട്ടിയ വയറുമായി സ്വന്തം രാജ്യത്തുനിന്നുള്ള ഒരുകൂട്ടം ആളുകള്‍ ലോകത്തിനു മുന്നില്‍ ഭിക്ഷാപാത്രവുമായി നില്‍ക്കുന്നത് സൂകിയുടെ മനസ്സില്‍ നീറ്റലുണ്ടാക്കിയില്ല. അധികാരത്തിലേക്കുള്ള യാത്രയില്‍ വോട്ടുകച്ചവടം നടത്തി ഭൂരിപക്ഷ സമൂഹത്തെ സുഖിപ്പിക്കാന്‍ ഇത്രത്തോളം തരംതാഴേണ്ടതുണ്ടോ ? അഷിന്‍ വിരാതുവിനെപ്പോലുള്ള ബുദ്ധഭീകരര്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന ‘ഇസ്‌ലാം ഭീതി’ക്ക് വളംവെക്കുകയാണ് മ്യാന്മറില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍. രാജ്യത്തേക്ക് നുഴഞ്ഞുകയറി ശരീഅത്ത് നിയമം നടപ്പാക്കാനാണ് ഇസ്‌ലാമിന്റെ ശ്രമമെന്നും ബുദ്ധമതക്കാര്‍ വൈകാതെ ന്യൂനപക്ഷമാകുമെന്നും പ്രചരിപ്പിച്ചാണ് തീവ്ര ബുദ്ധസന്യാസിമാര്‍ മ്യാന്മറിനെ ഭീതിയില്‍ നിര്‍ത്തുന്നത്.
സൂകിയെപ്പോലുള്ള നേതാക്കളുടെ ഭീരുത്വം അവരുടെ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജംപകരുകയും ചെയ്യുന്നു. ജനസംഖ്യയില്‍ 90 ശതമാനം ബുദ്ധമതക്കാരായ ഒരു രാജ്യത്ത് ഭൂരിപക്ഷ വര്‍ഗീയതയെ എതിര്‍ക്കുന്നത് ആത്മഹത്യാപരമാണെന്നാണ് എന്‍.എല്‍.ഡി വാദം. രാഷ്ട്രീയ സമവാക്യങ്ങളുടെ പേരില്‍ അത് സമ്മതിച്ചാല്‍ തന്നെയും മ്യാന്മര്‍ ജനതയെ ജനാധിപത്യ പാഠങ്ങള്‍ പഠിപ്പിച്ച ഒരു പാര്‍ട്ടി സഹിഷ്ണതയുടെ മുഖം മറച്ചുവെക്കുന്നത് എന്തിന്? ഓസ്‌ട്രേലിയന്‍ നാഷണല്‍ യൂനിവേഴ്‌സിറ്റിയിലെ മ്യാന്മര്‍ റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ നിക്കോളാസ് ഫെറലി പറയുന്നതുപോലെ വോട്ടിന്റെ കണക്കില്‍ മാത്രമാണ് സൂകിയും അവരുടെ രാഷ്ട്രീയ തന്ത്രജ്ഞരും കണ്ണുവെച്ചിരിക്കുന്നത്.
മനുഷ്യത്വമുള്ള ആരുടെയും കരളലിയിക്കുന്നതാണ് ബുദ്ധകലാപകാരികള്‍ സംഹാരതാണ്ഡവമാടിയ റാഖിന്‍ സ്‌റ്റേറ്റിലെ സിത്‌വെയില്‍നിന്നുള്ള വാര്‍ത്തകള്‍. ബുദ്ധഭൂരിപക്ഷ പ്രദേശങ്ങളാല്‍ ചുറ്റപ്പെട്ട സിത്‌വെയില്‍നിന്ന് പുറത്തുകടക്കാന്‍ പോലും പറ്റാതെ വീര്‍പ്പുമുട്ടുകയാണ് റോഹിന്‍ഗ്യാ മുസ്‌ലിംകള്‍. തടങ്കല്‍പാളയത്തിലെന്ന പോലെ കഴിയുന്ന അവര്‍ ഭക്ഷണവും ചികിത്സയും കിട്ടാതെ ദുരിതം പേറുന്നു. ചാക്കുകള്‍ മറച്ചുകെട്ടിയുണ്ടാക്കിയതാണ് ഭൂരിഭാഗം പേരുടെയും വീടുകള്‍. ഒരുനേരത്തെ അന്നത്തിനു വകയില്ലാതെ കുട്ടികളടങ്ങുന്ന നൂറുകണക്കിന് കുടുംബങ്ങള്‍ നരകിക്കുന്നത് കാണാന്‍ പോലും മ്യാന്മറില്‍ ആളില്ലാതായിരിക്കുന്നു. 13 ലക്ഷത്തോളംവരുന്ന റോഹിന്‍ഗ്യന്‍ വംശജര്‍ക്ക് വോട്ടവകാശം തന്നെയില്ല. അവര്‍ക്കെതിരെ ഭരണകൂടം നടത്തിയ വംശീയ ഉന്മൂലത്തിന് ശക്തമായ തെളിവുണ്ടെന്ന് അല്‍ജസീറയുടെ അന്വേഷണ വിഭാഗം പറയുന്നു. വംശഹത്യയെ പ്രോത്സാഹിപ്പിക്കുന്ന വിധമായിരുന്നു രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രസ്താവനയെന്ന അന്വേഷണ റിപ്പോര്‍ട്ടിലെ പരാമര്‍ശം ഏറെ ഗൗരവമര്‍ഹിക്കുന്നു.
മുസ്‌ലിംകളെ കൊന്നുതള്ളാന്‍ തീവ്രവാദികളായ ബുദ്ധസംഘങ്ങള്‍ക്ക് ഭരണകൂടം പണംനല്‍കി. പ്രസിഡണ്ട് തീന്‍ സീന്‍ പോലും മുസ്‌ലിംകള്‍ക്കെതിരെ വിദ്വേഷ പ്രസംഗങ്ങളിലൂടെ ബുദ്ധമതക്കാരെ ഇളക്കിവിട്ടു. മുസ്‌ലിം ഭൂരിപക്ഷമേഖലയിലേക്ക് അന്യപ്രദേശങ്ങളില്‍നിന്ന് കലാപകാരികളെ കൊണ്ടുവരാന്‍ ഭരണകൂടം പ്രത്യേക ബസുകള്‍ ഏര്‍പ്പാടാക്കിയെന്നും അറിയുമ്പോള്‍ മ്യാന്മറിലെ രാഷ്ട്രീയ നേതൃത്വത്തില്‍ ലോകത്തിനുണ്ടായിരുന്ന വിശ്വാസം തീര്‍ത്തും നഷ്ടപ്പെടുകയാണ്. തീന്‍ സീനിനു പകരം സൂകി അധികാരത്തിലെത്തിയാലും മുസ്‌ലിംകളുടെ സ്ഥിതിയില്‍ കാര്യമായ മാറ്റമുണ്ടാവില്ല. മ്യാന്മര്‍ ജനതയെ മുഴുവന്‍ വിശ്വാസത്തിലെടുത്ത് മുസ്‌ലിംകളെ പുരോഗതിയിലേക്ക് കൈപിടിച്ചുയര്‍ത്താനുള്ള രാഷ്ട്രീയ ഇച്ഛാശക്തി ആങ് സാന്‍ സൂകിക്കും അവരുടെ പാര്‍ട്ടിക്കും ലഭിക്കുന്നതിന് ഇനിയും ഏറെ കാത്തിരിക്കേണ്ടിവരും. അതുവരെ മ്യാന്മര്‍ മുസ്‌ലിംകള്‍ നീതിനിഷേധിക്കപ്പെട്ട് ലോകത്തിനു മുന്നില്‍ ചോദ്യചിഹ്നമായി അവശേഷിക്കും.
കടപ്പാട്: chandrikadaily.com
Add Comment