മുഹമ്മദ്‌

സിംഹാസനവും വെഞ്ചാമരവും ഇല്ലാത്ത ചക്രവര്‍ത്തി

രാത്രിയുടെ അന്ത്യയാമത്തില്‍ ആഇശ(റ) പെട്ടെന്നു ഉറക്കമുണരവേ, വിരിപ്പില്‍,തൊട്ടരികില്‍, പ്രവാചകന്‍ ദൈവ സന്നിധിയില്‍ സാഷ്ടാംഗം പ്രണമിച്ചുകിടക്കുകയായിരുന്നു. മറ്റാരുടെയും മുമ്പില്‍കുനിയാത്ത ആ ശിരസ്സുയരവേ പ്രവാചകന്റെ കണ്‍തടങ്ങളില്‍ തിളങ്ങിയ കണ്ണുനീര്‍തുള്ളികള്‍, ചുറ്റും കുളിരു പുതച്ചുറങ്ങുകയായിരുന്ന ലോകത്തിനു വേണ്ടിയായിരുന്നു. വിശന്നൊട്ടിയ ഉദരത്തില്‍കല്ലു കെട്ടി, മദീനക്കു ചുറ്റും കിടങ്ങുകീറവെ ആവേശത്തിന്റെ അഗ്നി ജ്വലിച്ചകണ്ണുകളായിരുന്നു ഇരുളില്‍ നിറഞ്ഞുതുളുമ്പിയത്. അന്ത്യപ്രവാചകരുടെജീവിതം ചെമ്പു നാണ്യങ്ങള്‍ പോലെഎണ്ണിത്തിട്ടപ്പെടുത്താവുന്ന പദങ്ങളില്‍കുരുക്കിയിടാന്‍ ആര്‍ക്കുമാവില്ല.ആമിനയുടെയും അബ്ദുല്ലയുടെയുംമകനായി ജനിച്ച്, ഹലീമയെന്ന ഗ്രാമീണ സ്ത്രീയുടെ മുലപ്പാല്‍നുകര്‍ന്ന് വളര്‍ന്ന അഴകാര്‍ന്ന ആ കൊച്ചുകുട്ടി മക്കയുടെ കണ്ണിലുണ്ണിയായി.

കുടിച്ചും, കൊള്ളയടിച്ചും വീരഗാഥകളും പ്രേമഗീതങ്ങളുമാലപിച്ച് ജീവിച്ചിരുന്ന സമൂഹത്തില്‍ മുഹമ്മദെന്ന ഖുറൈശി ബാലന്‍ അധര്‍മത്താല്‍ പങ്കിലമാകാതെ ജീവിച്ചു. വ്യഭിചാരം വിവാഹമായിരുന്ന സാമൂഹിക വ്യവസ്ഥിതിയില്‍പാപത്തിന്റെ കല്‍മഷം കലരാതെ വളര്‍ന്നു. നഗ്നത ഉടുപ്പായിരുന്ന ചുറ്റുപാടില്‍ ഒരു നിമിഷം നഗ്നനാവേണ്ടിവന്നപ്പോള്‍ ബോധരഹിതനായി.ബാല്യത്തില്‍ ഇടയനും കൗമാരത്തിലും യൗവനത്തിലും വ്യാപാരിയുമായ അദ്ദേഹത്തിന് അറബികള്‍ ഒരു ഓമനപ്പേര് നല്‍കി, അല്‍ അമീന്‍. ആ പേരു കേള്‍ക്കുന്ന മാത്രയില്‍ അവര്‍ കോള്‍മയിര്‍ക്കൊണ്ടു. ‘കറുത്ത ശില’യുടെ പേരില്‍ മക്ക രൂക്ഷമായ ആഭ്യന്തര കലഹത്തിന്റെ വക്കിലെത്തിനിന്നപ്പോള്‍ അല്‍അമീന്‍ മക്കയെ രക്ഷിച്ചു.ചുറ്റുമുള്ള ലോകത്തിന്റെ അധഃസ്ഥിതിയില്‍ ഹൃദയം വിതുമ്പി കരഞ്ഞുകൊണ്ട് നാല്‍പതുകാരനായ മുഹമ്മദ് ഹിറായില്‍ ധ്യാനം ചെയ്തു. ഹിറാമലക്ക് മൂന്ന് നാഴിക അകലെ മക്ക സുഷുപ്തികൊള്ളവേ, നിതാന്ത വിജനതയില്‍, ഒരുമണ്‍ചെരാതുപോലുമില്ലാതെ പരുക്കന്‍പാറകള്‍ക്കകത്തിരുന്നു. ഹൃദയം പോലെ ലോലനായ അദ്ദേഹം ദൈവത്തിങ്കലേക്ക് കൈക്കുമ്പിളുയര്‍ത്തി. ഖദീജ(റ) ചില സായന്തനങ്ങളില്‍ അപ്പപ്പൊതിയുമായി ഗുഹാമുഖത്ത് വന്നു നില്‍ക്കുമ്പോള്‍ ഭര്‍ത്താവ് സുജൂദ് ചെയ്തു കിടക്കുന്നതുകണ്ടു. ‘ലോകത്തിന്റെ അനുഗ്രഹം’ ഹിറായുടെ പാറകള്‍ക്കകത്ത് ഉയിര്‍കൊണ്ടു വരികയായിരുന്നു. ഒരര്‍ധരാത്രി ജിബ്‌രീല്‍(അ)ന്റെമുറുകുന്ന കരവലയത്തില്‍നിന്നുകൊണ്ട്മുഹമ്മദ് ദൈവചനം ശ്രവിച്ചു: ‘നീ വായിക്കുക; സ്രഷ്ടാവായ നിന്റെ നാഥന്റെ നാമത്തില്‍. രക്തപിണ്ഡത്തില്‍നിന്നും അവന്‍ മനുഷ്യനെ സൃഷ്ടിച്ചു.’

മുഹമ്മദ് പ്രവാചകനായി. പ്രപഞ്ചത്തിന് സൃഷ്ടികര്‍ത്താവ് നല്‍കിയ ഒടുവിലത്തെ പ്രവാചകനായിരുന്നു അദ്ദേഹം. ദിവ്യബോധനം പ്രവാചകന്റെ ജീവിതാന്ത്യംവരെ തുടര്‍ന്നുപോന്നു. ഏകദൈവത്വത്തിലേക്കുള്ള പ്രവാചകന്റെ ക്ഷണം ബന്ധുക്കളിലും സ്‌നേഹിതരിലുമാരംഭിച്ചു. ഖദീജയും അലിയും സൈദും അബൂബക്‌റും ദിവ്യ ജ്യോതിസ്സിലേക്ക് വന്നുകഴിഞ്ഞപ്പോള്‍ തൗഹീദിന്റെ വിപ്ലവപ്രഖ്യാപനം ലോകത്തോട് നടത്താന്‍ ദൈവാജ്ഞയുണ്ടായി. പര്‍വത ശിഖരത്തില്‍ നിന്നുകൊണ്ട് പ്രവാചകന്‍ അറബികളെ വിളിച്ചു. അവര്‍ താഴ്‌വരയില്‍ നില്‍ക്കവേ പ്രവാചകന്‍ അവരെ സത്യത്തിലേക്കു ക്ഷണിച്ചു. താഴ്‌വരയില്‍ ഒരു ശത്രുസൈന്യം കനത്തുവന്നു. പ്രവാചകരുടെയും സഹചാരികളുടെയും ത്യാഗനിര്‍ഭരമായ ജീവിതം അവിടെയാരംഭിച്ചു.

മര്‍ദനങ്ങള്‍ മൃഗീയമായിരുന്നു.ഓമനത്വത്തോടെ അല്‍അമീനെന്നു വിളിച്ചിരുന്ന പ്രവാചകരെ അവര്‍ കഴുത്തുഞെരിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചു. മുഖത്ത് കാര്‍ക്കിച്ചുതുപ്പി. അജ്ഞനായ ശത്രുവിന്റെ ഉരുക്കുമുഷ്ടികള്‍ക്കകത്ത്കഴുത്തു ഞെരിഞ്ഞുകൊണ്ടിരിക്കുമ്പോള്‍ പ്രവാചകന്‍ അവന്റെ മുഖത്ത് കാരുണ്യത്തോടെ നോക്കി. മര്‍ദനങ്ങള്‍ക്കിടയിലും പലരും ഒറ്റക്കൊറ്റക്ക് സത്യത്തിലണിനിരന്നുകൊണ്ടിരുന്നു.സഹചാരികള്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടുകൊണ്ടിരുന്നപ്പോള്‍ പ്രവാചകര്‍അവരെ അബ്‌സീനിയയിലേക്ക് യാത്രയാക്കി. അബ്‌സീനിയയില്‍ അവര്‍ സുരക്ഷിതരായി ജീവിച്ചു. സത്യനിഷേധികളുടെ രോഷം പൂര്‍വാധികം ആളിക്കത്തി. പ്രവാചകരുടെ ശിരസ്സിന് അബൂജഹ്ല്‍ നൂറുഒട്ടകവും ഭീമമായ തുകയും നല്‍കാന്‍ സന്നദ്ധനായി. അറേബ്യയുടെ ധീരതയായിരുന്ന ഉമര്‍, കണ്ണില്‍ കത്തുന്ന കോപവും കൈയില്‍ മിന്നുന്ന വാളുമായി പ്രവാചകരുടെ ശിരസ്സെടുക്കാന്‍ വെമ്പി. വഴിയില്‍വെച്ച് ഉമറിന്റെ കണ്ണിലെകോപം കണ്ണുനീരായി. കരളിലെ ഉദ്ധതസത്യവിശ്വാസമായി.ഹംസയും ഉമറി(റ)ന്റെ മാതൃകസ്വീകരിച്ചപ്പോള്‍ കടിഞ്ഞാണ്‍ കൈവിട്ടുപോകുന്നത് അറബികള്‍ കണ്ടു. അവരുടെ ശത്രുത ഭ്രാന്തമായി. ഹാശിം കുടുംബം മുഴുവന്‍ ബഹിഷ്‌കരിക്കപ്പെട്ടു. കീഴടങ്ങാന്‍ സന്നദ്ധരാകാതെ മൂന്നുവര്‍ഷങ്ങള്‍ അവരതു മുഴുക്കെ സഹിച്ചു. അപ്പോഴായിരുന്നു പ്രവാചകരുടെ ശക്തരായരണ്ടു തുണകള്‍ നഷ്ടപ്പെട്ടത്. അബൂത്വാലിബ് മരിച്ചു. ഹിറാഗുഹക്കു മുമ്പില്‍ അപ്പപ്പൊതിയുമായിവന്ന് , ഭര്‍ത്താവ് പ്രാര്‍ഥന മുഴുമിക്കുവോളം ദീര്‍ഘനേരം കാത്തുനിന്നിരുന്ന, ആദ്യത്തെ ദിവ്യബോധനത്തില്‍ പരിഭ്രാന്തനായ പ്രവാചകന്‍ അര്‍ധരാത്രിയില്‍ വീട്ടില്‍ വിയര്‍ത്തൊലിച്ചെത്തവേ സ്‌നേഹത്തോടെ സമാശ്വസിപ്പിച്ച ഖദീജ(റ) മരിച്ചു.

ദുഃഖിതനായ പ്രവാചകന്‍ അഭയത്തിനായി ത്വാഇഫിലേക്ക് യാത്രയായി. ത്വാഇഫുകാര്‍ അദ്ദേഹത്തെ മൂര്‍ച്ചയേറിയ കല്ലുകളെടുത്തെറിഞ്ഞാട്ടി.മൃദുലമായി മാറിലൂടെയും കവിള്‍തടങ്ങളിലൂടെയും ഒഴുകുന്ന ചോര കൈകൊണ്ട് തുടച്ച്, ത്വാഇഫിന്റെ അതിര്‍ത്തിയില്‍നിന്നുകൊണ്ട് ആ കൈകള്‍ പ്രവാചകന്‍അല്ലാഹുവിങ്കലിലേക്കുയര്‍ത്തി; ഇവര്‍ക്ക്‌നീ പൊറുത്തുകൊടുക്കുക എന്നു പ്രാര്‍ഥിച്ചു.മുഹമ്മദിന്റെ അധ്യാപനങ്ങള്‍ ശ്രവിച്ചുപോകരുതെന്ന് ഖുറൈശികള്‍ വിലക്കു കല്‍പിച്ചിരുന്നുവെങ്കിലും വെളിച്ചത്തെ ഉപരോധിക്കാന്‍ ഇരുട്ടുകള്‍ക്ക് കഴിയുമായിരുന്നില്ല. മുഹമ്മദിലൂടെ മനുഷ്യരോട്‌സംസാരിച്ചത് സൃഷ്ടികര്‍ത്താവായിരുന്നു. അതു ശ്രവിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്തുകൊണ്ടിരുന്നു. ഒരു കൂറ്റന്‍ പര്‍വതത്തിനു മീതെ അതവതരിപ്പിച്ചിരുന്നുവെങ്കില്‍ പര്‍വതംപൊട്ടിപ്പിളര്‍ന്നു ചിതറിപ്പോകുമായിരുന്നു.ദിവ്യബോധനം വിശ്വാസികളുടെ ഹൃദയത്തില്‍ വെളിച്ചം പകര്‍ന്നു. ഹൃദയച്ചിപ്പിയില്‍ വീണുകിട്ടിയ വിശ്വാസത്തിന്റെ മണ്‍തരിയെ ദൈവാനുഗ്രഹത്താല്‍ അവര്‍ ഉപാസിച്ചു മുത്താക്കി മാറ്റി.

മുഹമ്മദി(സ)നെ വധിച്ചുകളയാന്‍സത്യനിഷേധികള്‍ തീരുമാനിച്ചു. മക്കയിലെ ഗോത്രത്തലവന്മാരടങ്ങുന്ന പ്രതിനിധിസംഘം വധദൗത്യ നിര്‍വഹണത്തിന് തയാറെടുത്തു വരുന്നതിനിടെ രണ്ടു തീര്‍ഥാടനങ്ങള്‍ക്കുള്ളില്‍ എഴുപത്തഞ്ചു മദീനക്കാര്‍ മക്കയിലെത്തി ഇസ്‌ലാം സ്വീകരിച്ചിരുന്നു. അവര്‍ പ്രവാചകരോട് മദീനയില്‍ ഒരു ഗുരുവിനെ ആവശ്യപ്പെട്ടു. മക്കയിലെ മുസ്‌ലിംകളെ തങ്ങള്‍ സ്വാഗതം ചെയ്യുമെന്ന് അഖയില്‍വെച്ച് അവര്‍ രഹസ്യമായി ഉടമ്പടി ചെയ്തു. തുടര്‍ന്നു ഖുറൈശികളറിയാതെ മുസ്‌ലിംകള്‍മദീനയിലേക്കു പലായനമാരംഭിച്ചു.ഗോത്ര നായകന്മാര്‍ വാളുകളുമേന്തി പ്രവാചകരുടെ വീടുവളഞ്ഞു.രാത്രിയില്‍ തന്റെ വിരിപ്പില്‍ അലി(റ)യെകിടത്തി ഗോത്രനായകരുടെ മൂര്‍ച്ചയേറിയ കണ്ണുകള്‍ക്കിടയിലൂടെ പ്രവാചകന്‍മദീനയിലേക്ക് യാത്രയായി. മദീനയിലേുള്ള പാതവക്കില്‍ ചിലന്തിവലകളും പക്ഷി ക്കൂടുകളുമുള്ള ഗുഹയില്‍ അബൂബക്‌റു(റ)മൊത്തു പതുങ്ങിയിരിക്കുമ്പോള്‍ ശത്രുക്കള്‍ കുതിരപ്പുറത്തേറി ഗുഹാമുഖത്തു വരികയും ഗുഹയിലേക്ക് നോക്കുകയും തിരിച്ചുപോവുകയുംചെയ്തു. ഗുഹക്കു മുമ്പില്‍ ശത്രുക്കളുടെകുതിരക്കുളമ്പുകള്‍ കണ്ട് പ്രവാചകരുടെ അന്ത്യനിമിഷങ്ങളെയോര്‍ത്ത് പരിഭ്രാന്തനായ അബൂബക്‌റിനെ ഗുഹയിലിരുന്നു പ്രവാചകന്‍ സാന്ത്വനപ്പെടുത്തകയായിരുന്നു; നമുക്കൊപ്പം അല്ലാഹുവുണ്ട്.ലോകത്തെ മാറ്റിരചിക്കുന്നതിന് വേണ്ടിയായിരുന്നു ദൈവാജ്ഞയനുസരിച്ച് പ്രവാചകര്‍ പലായനം ചെയ്തത്.അത് ഒരു പുതിയ യുഗത്തിന്റെ നാന്ദിയായിരുന്നു.

മക്കയില്‍നിന്നെത്തിയ പലായകര്‍ക്ക് മദീനക്കാര്‍ അഭയം നല്‍കി. രണ്ടുഭാര്യയുള്ളവന്‍ ഒരുവളെ വിവാഹമോചനം ചെയ്ത് പലായകനു വിവാഹംചെയ്തുകൊടുത്തു. അതിഥിക്കും ആതിഥേയനുമിടയിലെ ഉണങ്ങിയ അപ്പക്കഷണം ഒരാള്‍ക്കുപോലും കഷ്ടിച്ചു തികയാതെവന്നപ്പോള്‍ ആതിഥേയന്‍ തിന്നാതിരിക്കുന്നത് അതിഥി കാണാതിരിക്കാന്‍ വീട്ടുകാരി വിളക്കണച്ചു. സ്രഷ്ടാവിന്റെ മേല്‍നോട്ടത്തില്‍ മദീനയില്‍ ഒരു ജീവിതവ്യവസ്ഥ വികാസം പ്രാപിച്ചുകൊണ്ടിരുന്നു. ഏകദൈവ-പ്രവാചക-പരലോകവിശ്വാസങ്ങളില്‍ അധിഷ്ഠിതമായ,അന്യൂനമായ ജീവിതവ്യവസ്ഥയായിരുന്നു അത്. പ്രതികാരത്തിന്റെ വിഷപ്പല്ലുകളേന്തി മക്കയിലെ സത്യനിഷേധികള്‍ മദീനക്കരികില്‍വെച്ചു മുസ്‌ലിംകളെ ആക്രമിച്ചുകൊണ്ടിരുന്നു. പ്രതിരോധാര്‍ഥംവാളെടുക്കാന്‍ അല്ലാഹു ആദ്യമായി പ്രവാചകര്‍ക്ക് കല്‍പന നല്‍കി. മദീനയുടെ മൂന്നു മൈലകലെ ബദ്‌റിലെ താഴ്‌വരയില്‍ ആദ്യത്തെ സത്യാസത്യസംഘട്ടനം നടന്നു. തുഛമായസൈന്യവും സന്നാഹവുമുണ്ടായിരുന്നമുസ്‌ലിംകള്‍ സത്യനിഷേധികളുടെവമ്പിച്ച സൈനിക സന്നാഹങ്ങള്‍ക്കുമുമ്പില്‍ വിജയശ്രീലാളിതരായി.

യുദ്ധത്തിലെ നിര്‍ണായകമായൊരു നിമിഷത്തില്‍ പ്രവാചകരുടെ കരളുരുകിയപ്രാര്‍ഥനക്ക് അല്ലാഹു ഉത്തരം ചെയ്തു.ജീവിത കാലത്തിനിടെ പ്രവാചകര്‍ഒമ്പത് യുദ്ധ- ഉപരോധങ്ങളില്‍ പങ്കെടുത്തു. ധാരാളം സൈനിക സംരംഭങ്ങളെഒരുക്കിയയച്ചു. എല്ലാം അവകാശ ധ്വംസനങ്ങള്‍ക്കെതിരിലായിരുന്നു. ഹിജ്‌റയുടെആറാം വര്‍ഷം തീര്‍ഥാടനാര്‍ഥം പ്രവാചകന്‍ സഹചാരികളൊത്ത് മക്കയിലേക്ക്തിരിച്ചു. ഹുദൈബിയയില്‍വെച്ച്മുസ്‌ലിംകളുടെ മക്കാ പ്രവേശം തടയപ്പെട്ടു. സത്യനിഷേധികളുമായി സന്ധിചെയ്യാന്‍ പ്രവാചകന്‍ സന്നദ്ധനായി. സന്ധിപത്രത്തിലെ ‘മുഹമ്മദുര്‍റസൂലുല്ലാഹ്’എന്ന പദം മായ്ക്കാനുള്ള സത്യനിഷേധികളുടെ ആവശ്യം പ്രവാചകാനുയായികള്‍ കൂട്ടാക്കാതെ വന്നപ്പോള്‍ സ്വന്തംവിരലുകള്‍കൊണ്ട് പ്രവാചകര്‍ അതുമായ്ച്ചുകളഞ്ഞു.സിറിയ, ഈജിപ്ത്, പേര്‍ഷ്യ,യമന്‍, അബ്‌സീനിയ എന്നിവിടങ്ങളിലേക്ക് പ്രബോധനാര്‍ഥം പ്രവാചകന്‍ദൂതന്മാരെ അയച്ചുകൊണ്ടിരുന്നു.കോണ്‍സ്റ്റാന്റിനോപ്പിളിന്റെ ചക്രവര്‍ത്തിയായ ഹിറാക്ലിയസ്സിനരികിലേക്കയച്ച ഒരു ദൂതനെ ഹിറാക്ലിയസ്സിന്റെ സൈന്യംവധിച്ചു കളഞ്ഞു. പകരം ചോദിക്കാന്‍പ്രവാചകനയച്ച സൈന്യത്തിലെ നായകരായ സൈദും ജഅ്ഫറും അബ്ദുല്ല(റ)യും രക്തസാക്ഷികളുടെ കിരീടം ചൂടി.ഒടുവില്‍ ഹിറാക്ലിയസ്സിന്റെ ആര്‍ത്തിരമ്പുന്ന സൈന്യത്തിനുമുമ്പില്‍ ‘ദിവ്യഖഡ്ഗം’ ഖാലിദ്(റ) വിജയത്തിന്റെആരംഭം കുറിച്ചു തിരിച്ചുവന്നു.

മുസ്‌ലിംകളും മക്കയിലെ സത്യനിഷേധികളുമുണ്ടാക്കിയിരുന്ന സമാധാനസന്ധി മക്കക്കാര്‍ ലംഘിച്ചപ്പോള്‍സൈന്യവുമായി മക്കയിലേക്കു പുറപ്പെടാന്‍ പ്രവാചകര്‍ക്ക് ദൈവകല്‍പന ലഭിച്ചു. പതിനായിരം പേരടങ്ങുന്ന സൈന്യവുമൊത്ത് പ്രവാചകര്‍ മക്കയുടെ കവാടംകടന്നു. രക്തം ചിന്തപ്പെടാത്ത യുദ്ധമായിരുന്നു അത്. മക്ക സത്യത്തിനു കീഴടങ്ങി.എട്ടുവര്‍ഷങ്ങള്‍ക്കു മുമ്പൊരു രാത്രിയില്‍ തന്റെ ജീവനെടുക്കാന്‍ വാളുമായി വീടുവളഞ്ഞ മക്കയിലെ സത്യനിഷേധികളോട് പ്രവാചകന്‍ പ്രഖ്യാപിച്ചു:നിങ്ങള്‍ സ്വതന്ത്രരാണ്. സുരക്ഷിതരാണ്.കഅ്ബ വീണ്ടും വിശുദ്ധമായി.മക്കക്കാര്‍ കൂട്ടത്തോടെ ഇസ്‌ലാമാശ്ലേഷിച്ചു കൊണ്ടിരുന്നു.മക്കാവിജയത്തെക്കുറിച്ചറിഞ്ഞ ത്വാഇഫുകാര്‍ വമ്പിച്ച ഒളിപ്പോര്‍സൈന്യങ്ങളുമായി പുറപ്പെട്ടു. ഹുനൈനില്‍ ഇരു സൈന്യങ്ങളും ഏറ്റമുട്ടി. യുദ്ധത്തിന്റെ ഏറ്റവുമൊടുവില്‍ ത്വാഇഫ് നിരുപാധികം കീഴടങ്ങി.അറേബ്യ മുഴുവന്‍ പ്രവാചകരുടെതിരുവചനങ്ങള്‍ കേള്‍ക്കാന്‍ ഓരോ നിമിഷവുംഅഭിലാഷത്തോടെ കാതുകൂര്‍പ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ അധരങ്ങളില്‍നിന്നു വീഴുന്ന കല്‍പനകള്‍ അപ്പാടെ സ്വീകരിക്കാന്‍ അവര്‍ സന്നദ്ധരായിരുന്നു. എന്നിട്ടും ആ ‘ചക്രവര്‍ത്തി’ സിംഹാസനവും വെണ്‍ചാമരവുമാവശ്യപ്പെടാതെ,മദീനയില്‍ തനിക്കഭയം നല്‍കിയവര്‍ക്കരികിലേക്ക് തിരിച്ചുപോയി. അവിടെപ്രവാചകര്‍ സ്വന്തം ചെരിപ്പ് തുന്നി.അദ്ദേഹത്തിന്റെ അടുപ്പില്‍ തീ പുകയാതെ മാസങ്ങള്‍ കടന്നുപോയി.

കാരക്കയും പച്ചവെള്ളവും കഴിച്ച് പ്രവാചകര്‍ പ്രപഞ്ചത്തിലെ ഏറ്റവുമുല്‍കൃഷ്ടമായജീവിത വ്യവസ്ഥിതിയെ പൂര്‍ണതയിലെത്തിക്കാന്‍ യത്‌നിച്ചു.അടുത്ത വര്‍ഷം ഒന്നര ലക്ഷത്തോളം അനുയായികളുമൊത്ത് പ്രവാചകര്‍ മക്കയില്‍ ഹജ്ജ് കര്‍മത്തിനെത്തി.അറഫയിലൊരു പാറപ്പുറത്തുനിന്ന് വിശ്വചരിത്രത്തിലെ ഏറ്റവുമുല്‍കൃഷ്ടമായ മനുഷ്യാവകാശ പ്രഖ്യാപനം നടത്തി. അല്ലാഹുവിനെ സാക്ഷിനിര്‍ത്തി, ‘ഞാനെന്റെ ദൗത്യം നിര്‍വഹിച്ചില്ലയോ’ എന്നുപ്രവാചകന്‍ ചോദിക്കവേ, അതിലെ വിടപറയലിന്റെ ധ്വനി കേട്ട് സദസ്സ് വിങ്ങിപ്പൊട്ടി. അവര്‍ കണ്ണുകളൊപ്പവേ പ്രവാചകന്‍ പറഞ്ഞു: ”ഞാന്‍ നിങ്ങളില്‍ രണ്ടുകാര്യങ്ങള്‍ ഉപേക്ഷിക്കുന്നു. അല്ലാഹുവിന്റെ ഗ്രന്ഥവും അവന്റെ ദൂതന്റെ ചര്യയും.അവ നിങ്ങള്‍ മുറുകെ പിടിക്കുക. നിങ്ങള്‍ വഴി തെറ്റില്ല.” അവ ”ഇവിടെ സന്നിഹിതരായവര്‍ അല്ലാത്തവര്‍ക്കു എത്തിച്ചുകൊടുക്കട്ടെ”യെന്നു പ്രവാചകന്‍ ആഹ്വാനം ചെയ്തു.മദീനയില്‍ തിരിച്ചെത്തിയ പ്രവാചകര്‍ രോഗഗ്രസ്തനായി. അന്ത്യനിമിഷങ്ങളടത്തുകൊണ്ടിരിക്കെ ശയ്യയില്‍ കിടന്നുകൊണ്ടു പ്രവാചകര്‍ പറഞ്ഞു:”അനീതിപൂര്‍വം ഞാനാരെയെങ്കിലുംഗുണദോഷിച്ചുവെങ്കില്‍ എന്റെ പുറംഞാനവന്നു നല്‍കുന്നു, അവിടെ ചാട്ടവാറുകൊണ്ട് അടിക്കട്ടെ. ഞാനാരെയെങ്കിലും അപകീര്‍ത്തിപ്പെടുത്തിയെങ്കില്‍പരസ്യമായി എന്നെ അവന്‍ അപമാനിക്കട്ടെ. ആരുടെയെങ്കിലും അവകാശം എന്റെപക്കലുണ്ടെങ്കില്‍ അതവന്‍ സ്വീകരിക്കട്ടെ.” ഒരാള്‍ വന്നു മൂന്നു ദിര്‍ഹം ആവശ്യപ്പെട്ടു. പ്രവാചകന്‍ അതുനല്‍കി. ഈലോകത്തിലെ കടം ഓര്‍മിപ്പിച്ചതിന് കൃതജ്ഞത രേഖപ്പെടുത്തി. അന്ത്യപ്രവാചകന്‍ തന്റെ ദൗത്യം പൂര്‍ത്തീകരിച്ചിരുന്നു.അല്ലാഹു തിരുദൂതരെ തിരിച്ചുവിളിച്ചു.ആഇശ(റ)യുടെ മടിത്തട്ടില്‍ തലവെച്ചുകൊണ്ട് ആ ലോകാനുഗ്രഹി കണ്ണുകളടച്ചു. ഇന്നാ ലില്ലാഹി വ ഇന്നാഇലൈഹി റാജിഊന്‍!

Topics