Dr. Alwaye Column

സാര്‍വ ലൗകിക സത്യപ്രബോധനം

ചരിത്രത്തിലെ ഏറ്റവും സങ്കീര്‍ണമായ ഒരു ദശാസന്ധിയിലൂടെയാണ് ലോകമിന്ന് കടന്നുപോകുന്നത്. ഒരു അഗ്നി പര്‍വതത്തിന്റെ വക്കിലാണ് ലോകമിപ്പോഴുള്ളത്. എപ്പോഴാണത് പൊട്ടിത്തെറിക്കുക എന്ന് അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കുമറിയില്ല. അതെങ്ങാനും പൊട്ടിത്തെറിച്ചാല്‍ മാനവരാശി അതിന്റെ വിവിധ നാഗരികതകളോടും നവീനകണ്ടുപിടിത്തങ്ങളോടുമൊപ്പം തകര്‍ന്നുതരിപ്പണമാകും.

ശക്തന്‍ ദുര്‍ബലന്റെ മേലും സമ്പന്നന്‍ ദരിദ്രന്റെ മേലും അതിബുദ്ധിമാന്‍ മന്ദബുദ്ധികളുടെ മേലും അധീശത്വം സ്ഥാപിക്കാനുള്ള തീവ്രമായ ത്വരയാണ് ഈ പ്രശ്‌നങ്ങളുടെയെല്ലാം അടിസ്ഥാനകാരണം എന്ന് നാം മനസ്സിലാക്കണം. ഈ ആഗോളപ്രതിസന്ധിക്ക് പ്രതിവിധി കണ്ടെത്താന്‍ ലോകത്തിന്റെ വിവിധകോണുകളിലുള്ള നേതാക്കളും നായകന്‍മാരും നീക്കമാരംഭിച്ചത് ഇത്തരമൊരു സന്ദര്‍ഭത്തിലാണ്. അധീശത്വ വാഞ്ച മനുഷ്യസമൂഹത്തെ വിനാശത്തിലേക്ക് തള്ളിവിടുമെന്ന് അവര്‍ തിരിച്ചറിഞ്ഞു. അങ്ങനെ ഐക്യത്തിന്റെയും സഖ്യത്തിന്റെയും സഹകരണത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും ആവശ്യകത ജനങ്ങളെയവര്‍ ബോധ്യപ്പെടുത്തി. പക്ഷേ ഈ നേതാക്കന്‍മാരുടെ ഇത്യാദി നീക്കങ്ങളുടെയും പരിശ്രമങ്ങളുടെയും പിന്നിലുള്ള യഥാര്‍ഥ ഉദ്ദേശ്യം വിവേകമതികള്‍ക്ക് അജ്ഞാതമായിരുന്നില്ല. അവര്‍ക്ക് ലവലേശംപോലും ആത്മാര്‍ഥതയില്ലായിരുന്നു. വിഭാഗീയചിന്തകളില്‍നിന്ന് അവരുടെ ചിന്തകള്‍ മുക്തമല്ലായിരുന്നു.

സങ്കീര്‍ണകലുഷിതമായ ഈ ലോകത്തെ രക്ഷിക്കാന്‍ സമഗ്രമായൊരു മാനവികദര്‍ശനത്തിന് മാത്രമേ സാധിക്കൂ. പതിനാല് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മുഹമ്മദ് നബി(സ) ഉദ്‌ഘോഷിച്ച ആ മഹാദര്‍ശനം. ഒരു ‘വിശ്വമാനവിക സര്‍വകലാശാല’ സ്ഥാപിക്കുക എന്നതാണ് പ്രസ്തുത ദര്‍ശനത്തിന്റെ പ്രഥമലക്ഷ്യം.

ദൈവത്തിന്റെ ഏകത്വത്തില്‍ കെട്ടിയുയര്‍ത്തപ്പെട്ടതാണ് ഇസ്‌ലാമികസൗധം. അതേസമയം, ദൈവത്തിന്റെ ഏകത്വത്തില്‍ മാത്രമധിഷ്ഠിതമായ ഒന്നല്ല അത്. മറിച്ച്, വിശ്വാസപ്രമാണങ്ങളിലും ആരാധനകളിലുമെല്ലാമുള്ള ഏകത്വത്തെ അത് ചൂഴ്ന്നുനില്‍ക്കുന്നു. സാമൂഹികനീതിയുടെയും പൊതുനന്‍മയുടെയും പതാകക്ക്് കീഴെനിന്നുകൊണ്ട് ഏകമാനവികതയിലേക്ക് നയിച്ച സമസ്തപ്രവാചകന്‍മാരുടെയും ആദര്‍ശനങ്ങളുടെയും അടിസ്ഥാനതത്വം ഈ ഏകത്വസിദ്ധാന്തങ്ങളായിരുന്നു. സഹകരണം, സഹവര്‍തിത്വം എന്നീ മാനസിക പ്രകൃതങ്ങളെ ആ ഏകത്വം ചൂഴ്ന്നുനിന്നു. ഇസ്‌ലാം പ്രകൃതിയുടെ മതമാണ്. മുന്‍പ് കഴിഞ്ഞുപോയ സമസ്ത മതദര്‍ശനങ്ങളുടെയും അതേ പ്രകൃതമാണ് ഇസ്‌ലാമിന്റേത്. ആദംമുതല്‍ മുഹമ്മദ് വരെയുള്ള മുഴുവന്‍ പ്രവാചകന്‍മാര്‍ക്കും സുപരിചിതമായ പ്രകൃതം. വിവിധകാലത്തും വിവിധദേശത്തും ആഗതരായ ദൈവദൂതന്‍മാരുടെ ഉപമ ഒരേ രാജ്യം ഭരിച്ച ഭരണാധികാരികളുടെ ഉപമപോലെയാണ്. അതുപോലെയാണ് വ്യത്യസ്ത മതദര്‍ശനങ്ങളുടെയും ഉപമ. ശാഖാപരമായ പ്രശ്‌നങ്ങളില്‍ ആദ്യകാലമതങ്ങള്‍ പിന്തുടര്‍ന്ന് വന്ന ചിലതിനെ പില്‍ക്കാലമതങ്ങള്‍ ദുര്‍ബലപ്പെടുത്തിയിട്ടുണ്ടാകാം. രാഷ്ട്രനിയമങ്ങള്‍ അങ്ങനെ ഭേദഗതിക്ക് വിധേയമാകാറുണ്ടല്ലോ. ഇസ്‌ലാമികസമൂഹം മുഴുവന്‍ മനുഷ്യരെയും പ്രതിനിധീകരിക്കുന്ന സമൂഹമാണ്. ഏതെങ്കിലും സവിശേഷമായൊരു വര്‍ഗത്തിലേക്കോ നിര്‍ണിതമായൊരു സംഘത്തിലേക്കോ പ്രത്യേകമായൊരു രാജ്യത്തിലേക്കോ അത് ആരെയും ക്ഷണിക്കുന്നില്ല.

‘നീ പറയുക, മനുഷ്യരേ, ഞാന്‍ നിങ്ങള്‍ എല്ലാവരിലേക്കുമായി നിയുക്തനായ ദൈവദൂതനാണ്'(അല്‍ അഅ്‌റാഫ് 158)
‘മനുഷ്യരേ, നാം നിങ്ങളെ ഒരാണില്‍നിന്നും ഒരുപെണ്ണില്‍നിന്നുമാണ് സൃഷ്ടിച്ചത്. നിങ്ങള്‍ പരസ്പരം തിരിച്ചറിയാന്‍ വേണ്ടിയാണ് നിങ്ങളെ നാം വിവിധ വര്‍ഗങ്ങളും ഗോത്രങ്ങളുമാക്കിയത്. നിങ്ങളുടെ കൂട്ടത്തിലെ ഏറ്റവും സൂക്ഷ്മാലുവാണ് അല്ലാഹുവിന്റെയടുത്ത് ഏറെ ആദരിക്കപ്പെടുന്നയാള്‍'(അല്‍ഹുജുറാത് 13)
‘ചീര്‍പ്പിലെ പല്ലുകള്‍ പോലെ സമന്‍മാരാണ് മനുഷ്യര്‍. അറബിക്ക് അനറബിയുടെ മേലോ അനറബിക്ക് അറബിയുടെ മേലോ യാതൊരു മഹത്വവുമില്ല, സൂക്ഷ്മതകൊണ്ടല്ലാതെ'(ഹദീസ്)

നീതി സ്ഥാപിക്കുന്നതിലും നിര്‍ഭയത്വവും സ്വാസ്ഥ്യവും നടപ്പാക്കുന്നതിലും വിജ്ഞാനങ്ങളും സംസ്‌കാരവും പ്രചരിപ്പിക്കുന്നതിലും ജീവന്നും ധനത്തിനും അഭിമാനത്തിനുംനേരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിലും വ്യക്തികള്‍ക്കിടയിലെ മതാന്തരവൈജാത്യങ്ങള്‍ ഇസ്‌ലാമിന്റെ പതാകയ്ക്കുകീഴില്‍ ഒരു തരത്തിലുള്ള വിവേചനവും കാണിക്കുകയില്ല. ലോകംമുഴുക്കെ സമൃദ്ധിയും സ്വാസ്ഥ്യവും നിര്‍ഭയത്വവും സ്ഥാപിച്ച് മാനവ ഐക്യത്തെ സാക്ഷാത്കരിക്കുക എന്നതാണ് ഇസ്‌ലാമിന്റെ ലക്ഷ്യം. മനുഷ്യന്‍ എന്ന പരിഗണനയില്‍ അത് പക്ഷഭേദമേതുമില്ലാതെ എല്ലാവരെയും കാണുന്നു. ഇസ്‌ലാമികദൃഷ്ട്യാ മാനവീയത എന്നത് സമസ്ത മാനദണ്ഡങ്ങള്‍ക്കുമപ്പുറത്താണ്. ശുദ്ധമാനവീയതയാണ് യഥാര്‍ഥ ഇസ്‌ലാം എന്ന് പറയുന്നതാണ് കൂടുതല്‍ അഭികാമ്യം. ഈ ചിന്തയുടെ അടിസ്ഥാനത്തിലാണ് ‘വിശ്വമാനവിക സര്‍വകലാശാല ‘എന്നൊരു ലക്ഷ്യം ഇസ്‌ലാം മുന്നോട്ടുവെക്കുന്നത്. ഭൂമിശാസ്ത്രവരമ്പുകള്‍ക്കും ഭാഷാ- വംശ- വര്‍ണ ഭിന്നതകള്‍ക്കുമതീതമായി ഭൂലോകത്തിന്റെ അഷ്ടദിക്കുകളില്‍നിന്നുമുള്ള സകലമാന ജനവിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന സര്‍വകലാശാലയാണത്. ഇടുങ്ങിയ ചിന്താഗതികളും വരട്ടുതത്വശാസ്ത്രങ്ങളും അതിലേക്ക് നിഷ്‌ക്രമിച്ചുകടക്കുകയില്ല.

ഈയൊരു ഉന്നത ചിന്താധാരയുടെ അടിസ്ഥാനത്തിലാണ് സത്യദര്‍ശനത്തിന്റെ സൂര്യോദയ നാളുകളില്‍ ആദ്യത്തെ ഇസ്‌ലാമികരാഷ്ട്രം സ്ഥാപിതമായത്. പ്രസ്തുത ഉദാത്ത ലക്ഷ്യത്തിന് മുന്നില്‍ ദേശീയവും വംശീയവുമായ അന്തരങ്ങള്‍ നിഷ്പ്രഭമാകും. നിര്‍ഭയത്വവും സ്വാസ്ഥ്യവും ലോകത്ത് വാഴും. സമൃദ്ധിയും സന്തോഷവും വ്യാപകമാവും. ഇസ്‌ലാമിക ചിന്താധാരയുടെ തണലില്‍ രൂപീകൃതമായ രാഷ്ട്രങ്ങളില്‍ താമസിക്കുന്ന ലക്ഷക്കണക്കിനാളുകളുടെ മനസ്സുകളില്‍ ഉല്‍കൃഷ്ട സ്വഭാവങ്ങളും മഹിതമാതൃകകളും പടര്‍ന്നുപന്തലിക്കും.

പിന്നീട് വന്നവര്‍ ഇസ്‌ലാമിന്റെ യഥാര്‍ഥ അധ്യാപനങ്ങളില്‍നിന്ന് വ്യതിചലിച്ചുപോയി. തന്നിഷ്ടങ്ങളുടെയും കാമനകളുടെയും പിന്നാലെ അവര്‍ പാഞ്ഞു. അവരുടെ വരണ്ട ഹൃദയങ്ങളിലേക്കും ചിന്തകളിലേക്കും വിഭാഗീയതയും ഛിദ്രതയും കടന്നുകയറി. അവരങ്ങനെ സ്വയം പിഴക്കുകയും മറ്റു നിരവധിപേരെ പിഴപ്പിക്കുകയും ചെയ്തു. ജീവിതം സ്വയം പാഴാക്കുകയും മറ്റുള്ളവരുടെ ജീവിതത്തെ വൃഥാവിലാക്കുകയും ചെയ്തു. ഇസ്‌ലാമിന്റെ നെറുകയില്‍ വീണുപതിച്ച കളങ്കമായി അവര്‍ മാറി. മതവിധികളെക്കുറിച്ച ധാരണയൊന്നുമില്ലാത്ത സാധാരണക്കാര്‍ പൊതുവെ ഇസ്‌ലാമികാധ്യാപനങ്ങള്‍ പഠിക്കുന്നത് അതിന്റെ വക്താക്കളുടെ വാക്കും പ്രവൃത്തിയും ഇടപാടുകളും നോക്കിയാണ്. ഇസ്‌ലാം ആകട്ടെ, ഇവരില്‍നിന്നെല്ലാം മുക്തവുമാണ്. ഇസ്‌ലാമിന്റെ ഏക ഭരണഘടന അല്ലാഹുവിന്റെ ഗ്രന്ഥവും പ്രവാചകന്റെ ചര്യയുമാണ്. അല്ലാതെ വക്താക്കളെന്ന് പറഞ്ഞുനടക്കുന്നവരുടെ വാക്കോ പ്രവൃത്തിയോ രചനകളോ അല്ല. സൈദോ ബക്കറോ എഴുതിയ ഗ്രന്ഥങ്ങളല്ല. ഏതെങ്കിലും ഗ്രൂപ്പിന്റെയോ സംഘത്തിന്റെയോ അഭിപ്രായങ്ങളുമല്ല.

സിദ്ധാന്തങ്ങളും നിയമാവലികളും നിര്‍ദ്ദേശങ്ങളും വിധിവിലക്കുകളും പദ്ധതികളും നിറഞ്ഞതാണ് ഖുര്‍ആനികസൂക്തങ്ങളും, ദൈവദൂതന്റെ ചര്യയും. ഇസ്‌ലാം വിഭാവനംചെയ്യുന്ന വിശ്വമാനവ സര്‍വകലാശാലയുടെ സംസ്ഥാപനം, സര്‍വസമ്പൂര്‍ണ വിശ്വമാനവികത എന്ന കാഴ്ചപ്പാടിലാണ് നിലകൊള്ളുന്നത്. പകയും വിദ്വേഷവും ഇതിലെ അംഗങ്ങള്‍ക്കറിയില്ല. ആര്‍ത്തിയും അക്രമചിന്തയും അവരുടെ ഹൃദയങ്ങളിലേക്ക് കടന്നുകയറില്ല. മനുഷ്യശരീരത്തിലെ ഒരവയവം എന്ന നിലക്ക് മാനവകുടുംബത്തിലെ ഒരംഗം എന്ന നിലക്കാണ് അവരിലെ ഓരോരുത്തരും മറ്റുള്ളവരെ കണക്കാക്കുന്നത്.

വിവ: ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത്
മൂലഗ്രന്ഥം: മിന്‍ഹാജുദുആത്ത്

Topics