സംസ്ഥാനത്ത് ഒരു അറബിക് സര്‍വകലാശാല സ്ഥാപിക്കുന്നതിനെ ചൊല്ലിയുള്ള ഭിന്നസ്വരങ്ങള്‍ അനാരോഗ്യകരമായ ചര്‍ച്ചകള്‍ക്കു വഴിമരുന്നിട്ടിരിക്കുകയാണ്. സര്‍വകലാശാല സ്ഥാപിക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ ഫയലില്‍, അറബിക് സര്‍വകലാശാല സ്ഥാപിച്ചാല്‍ അത് വര്‍ഗീയത വളര്‍ത്താനേ ഉപകരിക്കൂ എന്ന ധനവകുപ്പ് അഡീഷണല്‍ സെക്രട്ടറി കെ.എം അബ്രഹാമിന്റെയും ചീഫ് സെക്രട്ടറി ജിജി തോംസണിന്റെയും എതിര്‍പ്പുകളാണ് ഇതിന് നിമിത്തമായത്.
ഒരു വിദേശഭാഷക്ക് മാത്രമായി സര്‍വകലാശാല ആരംഭിക്കാനാവില്ല എന്നതാണ് ഏറ്റവും ഒടുവിലായി ചീഫ് സെക്രട്ടറി ഇവ്വിഷയകമായി എടുത്തിട്ടുള്ള നിലപാട്. കലാപകലുഷിതമായ അന്തരീക്ഷത്തില്‍ വര്‍ഗീയത ആളിക്കത്തിക്കാനേ ഉപകരിക്കൂ, ഭരണഘടനയുടെ പട്ടികയില്‍ ഉള്‍പ്പെടുന്ന 22 ഭാഷകളില്‍ അറബിയില്ല, അതിനാല്‍ വിദേശ ഭാഷാപഠനത്തിന് സര്‍വകലാശാല സ്ഥാപിക്കാന്‍ കേന്ദ്രമാനവ വിഭവശേഷി മന്ത്രാലയത്തിന്റെ അനുമതി വാങ്ങണം, 96 കോടിരൂപയുടെ അധിക ബാധ്യത വരുത്തിവെക്കും തുടങ്ങിയവയാണ് സര്‍വകലാശാലാ സംസ്ഥാപനത്തിനെതിരെ ഉദ്യോഗസ്ഥര്‍ മുന്നോട്ടുവെക്കുന്ന പ്രധാന എതിര്‍പ്പുകള്‍.
രാജ്യത്തെ മുസ്‌ലിംകളുടെ പിന്നാക്കാവസ്ഥയെ കുറിച്ച് പഠിച്ച രജീന്ദര്‍ സച്ചാര്‍ സമിതിയുടെ നിര്‍ദേശങ്ങളുടെ പശ്ചാത്തലത്തിലാണ് കേരളത്തില്‍ ഒരു അറബിക് സര്‍വകലാശാല എന്ന ആശയം വ്യവസ്ഥാപിതമായി മുന്നോട്ടുവന്നത്. ഇതിന്റെ ചുവടു പിടിച്ച് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ അംഗം ഡോ. പി അന്‍വര്‍ ചെയര്‍മാനും പ്രൊഫ.സി.ഐ അബ്ദുറഹ്മാന്‍ കണ്‍വീനറുമായ ഉപസമിതി ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കി. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ടി.പി ശ്രീനിവാസന്‍ അധ്യക്ഷനായ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ അറബിക് സര്‍വകലാശാല ആരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് നിര്‍ദേശം നല്‍കുകയായിരുന്നു. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി, അലീഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റി, ഹൈദരാബാദ് ഇഫ്‌ലു തുടങ്ങിയ സ്ഥാപനങ്ങളുടെ മാതൃകയില്‍ നോണ്‍ അഫിലിയേറ്റിങ് സര്‍വകലാശാല ആരംഭിക്കണമന്നായിരുന്നു നിര്‍ദേശം.
പ്രവേശനത്തിന് സംവരണം ബാധകമാക്കണം, വിദേശരാജ്യങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പഠനസംവിധാനം ഒരുക്കണം തുടങ്ങിയ നിര്‍ദേശങ്ങളും വെച്ചിരുന്നു. ഈ നിര്‍ദേശം വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് ധനവകുപ്പിലെത്തിയപ്പോഴാണ് തീര്‍ത്തും ദൗര്‍ഭാഗ്യകരമായ വിവാദങ്ങളുടെ പിറവി. നേരത്തെ, ബജറ്റില്‍ ഇതേ നിര്‍ദേശം വിദ്യാഭ്യാസ വകുപ്പ് മുന്നോട്ടുവെച്ചിരുന്നെങ്കിലും ധനവകുപ്പ് പരിഗണിച്ചിരുന്നില്ല.
യഥാര്‍ത്ഥത്തില്‍ എന്താണ് ഈ പ്രശ്‌നങ്ങളുടെ കാതല്‍. അറബിയെ ഒരു ഭാഷ എന്നതിലപ്പുറം ഒരു മതത്തിന്റെയും സമുദായത്തിന്റെയും ആത്മീക വ്യവഹാരങ്ങള്‍ക്ക് ഉപയോഗിക്കുന്ന വിനിമയോപാധി എന്ന നിലയില്‍ കണ്ടിടത്താണ് പ്രശ്‌നങ്ങളുടെ തുടക്കം. സാമുദായികതയുടെ അളവുകോല്‍ വെച്ച് വിഷയങ്ങളെ മുന്‍വിധിയോടെ സമീപിക്കുന്ന (കുറച്ചുകാലമായി ശക്തിപ്പെട്ട) നിലപാടുകളും വിവാദങ്ങള്‍ക്ക് ആക്കം കൂട്ടി. ആശയവിനിമയത്തിനുള്ള ഉപാധി എന്ന ഭാഷയുടെ ലളിതമായ നിര്‍വചനം പോലും അറിയുമായിരുന്നെങ്കില്‍ ഈ ഭയം അസ്ഥാനത്താകുമായിരുന്നു.
കേരളത്തിന്റെ ചരിത്രം, വര്‍ത്തമാനം, ഭാവി എന്നിവ പരിശോധിക്കുമ്പോഴും സംസ്ഥാനത്തിന്റെ സാമ്പത്തികസാമൂഹിക വ്യവഹാരങ്ങള്‍ ചര്‍ച്ചക്കെടുക്കുമ്പോഴും അറബി ഭാഷയുടെ പ്രാധാന്യം വിസ്മരിക്കാവുന്നതല്ല. പ്രവാചകന്‍ മുഹമ്മദ് നബി(സ)ക്കു മുമ്പും അറേബ്യയുമായി വ്യാപാരവിനിമയങ്ങളുള്ള ചരിത്ര ദേശമാണ് കേരളം. നിലവില്‍ മൂന്ന് ദശലക്ഷത്തോളം പ്രവാസികള്‍ അറബി മുഖ്യഭാഷയായ മധ്യേഷ്യയില്‍ ജോലി ചെയ്യുന്നു. എഴുപത്തി അയ്യായിരത്തോളം കോടി രൂപയാണ് ഗള്‍ഫില്‍ നിന്നു മാത്രം കേരളത്തിലേക്ക് വര്‍ഷം പ്രതി ഒഴുകിക്കൊണ്ടിരിക്കുന്നത്. ദൈവത്തിന്റെ സ്വന്തം നാടിന്റെ നട്ടെല്ലു തന്നെ ഈ പണമാണെന്നു വ്യക്തം. സംസ്ഥാനത്തിന്റെ സാമൂഹ്യ ജീവിതവുമായുള്ള അതിന്റെ പൊക്കിള്‍ക്കൊടി ബന്ധം അനിഷേധ്യമാണ്. ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ഭാവിയില്‍ വരാനിരിക്കുന്ന വിദഗ്ധഅവിദഗ്ധ തൊഴില്‍ സാധ്യതകളില്‍ അറബി ഭാഷയുടെ പ്രാധാന്യവും മറന്നുകൂടാ. ഇതൊന്നുമില്ലെങ്കില്‍ കൂടി, കേരളത്തില്‍ ആ ഭാഷയ്ക്കുള്ള പൈതൃകം, ഭാഷയുടെ ക്ലാസിക് സ്വഭാവം എന്നിവ മാത്രം പരിഗണിച്ചുള്ള വിപ്ലവകരമായ തീരുമാനം എന്ന് ഇതിനെ കാണാമായിരുന്നു. ഇംഗ്ലീഷിനും മലയാളത്തിനും ശേഷം കേരളത്തില്‍ ഏറ്റവും കൂടുതല്‍ കൈകാര്യം ചെയ്യപ്പെടുന്ന ഭാഷയാണ് അറബി.
പുതിയ കാലത്ത്, ഒരു സെമിറ്റിക് ഭാഷയുടെ ആഗോള പ്രാധാന്യത്തെ കുറിച്ച് ബോധ്യപ്പെടുത്തുന്നതു തന്നെ വിവരക്കേടാണ്. അതേസമയം, അറബിമലയാളം എന്ന പേരില്‍ കേരളം സൃഷ്ടിച്ചെടുത്ത വിപ്ലവകരമായ ലിഖിത രൂപം ഇവിടത്തെ മുസ്‌ലിം ജീവിതവുമായി അഭേദ്യമായി ഇഴചേര്‍ന്നു കിടക്കുന്നുണ്ട്. ഈ ലിഖിത രൂപത്തില്‍ ശക്തമായ സാഹിത്യകൃതികളും വിരചിതമായിട്ടുണ്ട്. ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ തമിഴുമായും ഇതിന്റെ തദ്ദേശീയമായ ലിഖിത വികാസങ്ങള്‍ കാണാം. ഇവയിലെല്ലാം രചിക്കപ്പെട്ട പൗരാണിക കൃതികള്‍ കണ്ടെടുക്കുന്നതിനും സംരക്ഷിക്കുന്നതിനും ഒരു സര്‍വകലാശാല എന്ന ആശയം ഉപയോഗപ്രദമാകും.
വരികള്‍ക്കിടയില്‍ ഈ ഭാഷയുടെ മതമേത് എന്ന സങ്കുചിതമായ താത്പര്യം ഈ നിലപാടുകളെ സ്വാധീനിച്ചിട്ടുണ്ട് എന്ന് കരുതേണ്ടിയിരിക്കുന്നു. അതില്‍പ്പരം ശുദ്ധ ഭോഷത്തം എന്തുണ്ട് എന്നു സഹതപിക്കുക മാത്രമേ അത്തരക്കാരോട് ചെയ്യാനുള്ളൂ. വിഷലിപ്തമായ സവര്‍ണ ഫാസിസറ്റ് ബോധമാണ് ഇക്കൂട്ടര്‍ വെച്ചുപുലര്‍ത്തുന്നത്. അറബി മുസ്‌ലിംകളുടേതാണ് എന്നു പറയുന്നത് സംസ്‌കൃതം ഹിന്ദുക്കളുടേതാണ്, റബര്‍മരം ക്രിസ്ത്യാനികളുടേതാണ് എന്നെല്ലാം കള്ളിവരയ്ക്കുന്നതിന് സമാനമാണ്. ഇത്തരം സങ്കുചിതത്വങ്ങള്‍ ഇല്ലാത്തതു കൊണ്ടാണ് മുസ്‌ലിംലീഗ് പോലെ ഒരു പാര്‍ട്ടിക്ക് കേരളത്തില്‍ സംസ്‌കൃതത്തിന് വേണ്ടി ഒരു സര്‍വകലാശാല ആരംഭിക്കാനാവുന്നതും അറബിക് സര്‍വകലാശാല വേണമെന്നു പറയാന്‍ കഴിയുന്നതും.
ചന്ദ്രിക ദിനപത്രം എഡിറ്റോറിയല്‍ (02.09.2015)
കടപ്പാട് : chandrika daily
Add Comment