Health

സന്തോഷം നിലനിര്‍ത്താന്‍ ഒമ്പത് ചിന്തകള്‍

ജീവതത്തില്‍ എന്നും സന്തോഷം നിലനില്‍ക്കാനാണ് നാം ആഗ്രഹിക്കാറുള്ളത്. അതു സാധ്യമാവുന്നുണ്ടോയെന്നതാണ് മര്‍മപ്രധാനമായ ചോദ്യം. എന്നും സന്തോഷം നിലനിര്‍ത്താന്‍ നമുക്ക് വല്ല മാര്‍ഗവും പഠിക്കാനുണ്ടോ ?  ജീവിതത്തിന്റെ അനുകൂല അവസ്ഥകളിലും പ്രതികൂല പ്രതിസന്ധികളിലും സന്തോഷം നിലനിര്‍ത്താനാവും, തീര്‍ച്ച. അതിനായി ചില ചിന്തകള്‍ ഇവിടെ പങ്കുവെക്കുകയാണ്.

1. നമ്മുടെ മനസ്സ് ഇഷ്ടപ്പെടുന്ന, ദൈവപ്രീതി കരസ്ഥമാക്കാനാവുന്ന ഒരു പ്രവൃത്തികൊണ്ട് ദിവസം തുടങ്ങുക. അത് നമുക്ക് ആശ്വാസവും സന്തോഷവും പകരും. ഒരേ ദിശയില്‍ ജീവിതം മുന്നോട്ടുനീക്കുമ്പോഴുണ്ടാവുന്ന മടുപ്പ് ഇല്ലാതാവും. ജോലിയില്‍ ഉന്‍മേഷം കൈവരിച്ച് ചുറുചുറുക്കോടെ മുന്നോട്ടുപോവാനാവും

2. പോസീറ്റീവ് ചിന്തകള്‍ മറ്റുള്ളവരുമായി പങ്കുവെക്കുക. ശുഭാപ്തി വിശ്വാസത്തോടെ സംസാരിക്കുക. തീര്‍ച്ചയായും അത് നമുക്ക് വളരെ സുന്ദരമായ പോസീറ്റീവ് കരുത്ത് നമ്മുടെ ജീവിതത്തിലുണ്ടാക്കും. അപ്പോള്‍ നാം കാണുന്നത് മുഴുവന്‍ നന്മ മാത്രമായിരിക്കും.  ജനങ്ങളുടെ നെഗറ്റീവിലല്ല, പോസിറ്റീവിലായിരിക്കും അപ്പോള്‍ നാം ശ്രദ്ധിക്കുക. ഒരു വിപത്തുണ്ടായാല്‍ നാം അല്ലാഹുവില്‍ രക്ഷ പ്രാപിക്കും. മനസ്സിന് ശാന്തികൈവരും; അതിന്റെ വേദന എത്രശക്തമായാലും ശരി. ‘ജീവഹാനി വരുത്താത്ത വിപത്തുകള്‍ നമ്മെ ശക്തരാക്കും ‘ എന്നാണല്ലോ സാധാരണ പറയാറുള്ളത്. പോസീറ്റീവ് ചിന്തയിലാണ് നമുക്ക് സന്തോഷം നിലനിര്‍ത്താനാവുകയെന്ന് ചുരുക്കം.

3. ജീവിതത്തിന് ഒരു ലക്ഷ്യം നിര്‍ണയിക്കുക. ജീവിതത്തില്‍ എന്നും സന്തോഷം അനുഭവിക്കാനാവുന്ന ഒരുപാധിയാണത്. കാരണം, ലക്ഷ്യം പ്രാപിക്കുന്നതിനിടയില്‍ നമുക്കുണ്ടാവുന്ന പ്രയാസങ്ങള്‍, ബുദ്ധിമുട്ടുകള്‍ എന്നിവ ലക്ഷ്യപ്രാപ്തി നേടാനുള്ള പ്രേരകങ്ങളായിരിക്കും. സന്തോഷം ലഭിക്കുന്നത് രണ്ടുവിധത്തിലുമായിരുക്കും; ഒന്ന്, ലക്ഷ്യം നേടുമ്പോള്‍. രണ്ട്, അത് നടപ്പാക്കി പൂര്‍ത്തിയാവുമ്പോള്‍.

4. ശാരീരികവും ആത്മീയവുമായ ‘വ്യായാമ മുറകള്‍’ ശീലിക്കുക. എല്ലാ ദിവസവും പതിനഞ്ച് മിനിറ്റെങ്കിലും വീട്ടിലോ പുറത്തോ ശാരീരിക വ്യായാമങ്ങള്‍ പതിവാക്കുക. അതേസമയം, ആത്മീയ വ്യായാമം നാം നടത്തുത്തത് നമ്മുടെ നമസ്‌കാരം, ദിക് ര്‍, ഖുര്‍ആന്‍ പാരായണം എന്നിവ വഴിയാണ്. തീര്‍ച്ചയായും ഇവയാണ് സന്തോഷത്തിന്റെ മൂലക്കല്ല്. 

‘അല്ലാഹുവിനെ സ്മരിച്ചാണ് മനസ്സുകള്‍ ശാന്തിയടയുന്നതെന്ന്’ ഖുര്‍ആന്‍. ശാന്തിയാണല്ലോ സന്തോഷത്തിന്റെ ഉയര്‍ന്ന തലം.

5. വായനാശീലം ബൗദ്ധികവികാസത്തിനും വൈജ്ഞാനിക വളര്‍ച്ചക്കും മികച്ച മാധ്യമമാണ്. അതിലൂടെ അറിയുന്ന ജീവിതാനുഭവങ്ങള്‍ നമുക്ക് ചിന്താശേഷി വര്‍ധിപ്പിക്കും ആത്മവിശ്വാസം നേടാന്‍ പ്രേരിപ്പിക്കും, ആത്യന്തികമായി ജീവിതാനന്ദം നല്‍കും. അതിനാല്‍ മാസത്തില്‍ ഒരു പുസ്തകമെങ്കിലും നമുക്ക് വായിക്കാം. അപ്പോഴും നമുക്ക് രണ്ട് സന്തോഷമുണ്ടാവും; ഒന്ന് വായിച്ചുതീരുമ്പോള്‍. രണ്ട്, പുസ്തകത്തില്‍ നിന്ന് നാം പുതിയ വിജ്ഞാനം നേടുമ്പോള്‍.

6. ജീവിതത്തില്‍ പുതിയ പുതിയ കാര്യങ്ങള്‍ അന്വേഷിച്ച് ചെല്ലുക, ആനന്ദമുണ്ടാവും തീര്‍ച്ച. പുതിയ മേഖലകള്‍ തേടിപ്പിടിക്കുക. സുഹൃദ്ബന്ധങ്ങള്‍ ഉണ്ടാക്കുക, ഭക്ഷണശീലങ്ങള്‍ ആര്‍ജിക്കുക. മടുക്കുമ്പോള്‍ ജീവിതശീലങ്ങളുടെ ഗതി തിരിച്ചുവിട്ട് ചിന്തയെ ഉപകാരപ്രദമായ മറ്റനുഭവങ്ങളിലേക്ക് ലയിപ്പിക്കുക. ‘മനുഷ്യന്റെ ജീവിതം ഒരു പുസ്തകമാണ്. അതിലെ ഒരു പേജിലധികം വായിക്കുവന്നവര്‍ വളരെ തൂച്ഛം’

7. സോഷ്യല്‍നെറ്റ് വര്‍ക്ക് സൈറ്റുകളില്‍ നല്ല ബോധ്യത്തോടെയും സൂക്ഷമതയോടെയും ഇടപെടുക. നിങ്ങളുടെ സര്‍ഗശേഷികളെ പ്രകടമാക്കുന്ന പോസ്റ്റുകളും മറ്റും അവയില്‍ ചേര്‍ക്കാന്‍ നമുക്ക് ശ്രദ്ധിക്കാം. അവയിലൂടെ എന്തെങ്കിലും നന്മ ജനങ്ങള്‍ക്കും ലഭിക്കട്ടെ. 

8. നല്ല സുഹൃദ്ബന്ധങ്ങളും സന്തോഷം പകരുന്നവയാണ്. നമ്മുടെ മനസ്സില്‍ സാമൂഹിക സഹവര്‍ത്തിത്വവും സ്‌നേഹവായ്പും അതുണ്ടാക്കും. ഉറ്റസുഹൃത്തുക്കള്‍ നമ്മുടെ സന്തോഷത്തിന് അവിഭാജ്യഘടകമത്രെ. കാരണം, സന്തോഷത്തിലും സന്താപത്തിലും  അവരായിരിക്കും നമുക്ക് മികച്ച് കൂട്ട്.

9. സ്വന്തത്തോടും നമുക്ക് കൂട്ട് വേണം. സാധാരണ ജനങ്ങള്‍ സുഹൃത്തുക്കളെ അന്വേഷിച്ച് സ്വന്തത്തോട് കൂട്ടുകൂടാന്‍ മറക്കാറാണ് പതിവ്.  എന്നാല്‍ സ്വന്തത്തെ പരിഗണിക്കുന്നവന്‍ പൊതുവായി ജീവിതത്തിലെ ആരാധന, വായന, വ്യായാമം, ആനന്ദം എന്നിവയ്ക്ക് സമയം കണ്ടെത്തും. വ്യക്തിപരമായ രഹസ്യങ്ങള്‍ സൂക്ഷമതയോടെ മനസ്സില്‍ കാത്തുസൂക്ഷിക്കുന്നവര്‍ക്ക് തന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മറ്റുള്ളവരേക്കാള്‍ തങ്ങള്‍ തന്നെ മതിയെന്ന കാഴചപ്പാട് വികസിക്കും. 

ജീവിതം സന്തോഷപൂര്‍ണവും സൗഭാഗ്യമുള്ളതുമാക്കാന്‍ ഉപയുക്തമായ 9 കാര്യങ്ങളാണ് ഇവിടെ സൂച്ചിപ്പിച്ചത്. അങ്ങനെയാണ്, ‘സൗഭാഗ്യവാന്മാര്‍ സ്വര്‍ഗത്തിലായിരിക്കും. ആകാശഭൂമികള്‍ ഉള്ളേടത്തോളം കാലം അവരതില്‍ നിത്യവാസികളായിരിക്കും. നിന്റെ നാഥന്‍ ഇച്ഛിക്കുന്ന കാലമൊഴികെ; അനുസ്യൂതമായ അനുഗ്രഹദാനം.’ (ഹൂദ് : 108) എന്ന് അല്ലാഹു പറഞ്ഞവരുടെ കൂട്ടത്തില്‍ നാം ഉള്‍പ്പെടുക. അല്ലാഹു അതിന് നമ്മെ അനുഗ്രഹിക്കട്ടെ.

Topics