ഞാനറിഞ്ഞ ഇസ്‌ലാം വിശ്വാസം

സദ്ഗുണങ്ങള്‍ നെഞ്ചേറ്റാന്‍ ഇസ്‌ലാമിലേക്ക്

കാരി
മുസ്‌ലിംകളൊന്നും ഇല്ലാത്ത ഒരു പ്രദേശത്താണ് ഞാന്‍ താമസിക്കുന്നത്. ഇന്റര്‍നെറ്റിലൂടെയാണ് അവരെ പരിചയപ്പെടാന്‍ അവസരം ലഭിച്ചത്. ഇസ്‌ലാംസ്വീകരിച്ചിട്ട് ഇപ്പോള്‍ ഒരു വര്‍ഷം ആയിട്ടില്ല. ഇനിയും അതെക്കുറിച്ച് മനസ്സിലാക്കാനുണ്ടെന്ന് എനിക്കറിയാം.

മിഡില്‍ ഈസ്‌റ്റേണ്‍ ഡാന്‍സിങ് സ്‌കൂളിലെ ടീച്ചറായിരുന്നു ഞാന്‍. അതിനുപുറമെ സ്‌റ്റേജ് ഷോകളിലും ഞാന്‍ പെര്‍ഫോം ചെയ്യാറുണ്ടായിരുന്നു. കഴിഞ്ഞ ഇരുപതുകൊല്ലമായി പശ്ചിമേഷ്യന്‍ സമൂഹത്തിലെ ആളുകള്‍ക്കിടയില്‍ ഞാന്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. അറബ് റസ്‌റ്റോറന്റുകളിലും അവരുടെ പരിപാടികളിലും വിവാഹചടങ്ങുകളിലും മിഡിലീസ്റ്റില്‍നിന്നുള്ള സംഗീതവിദഗ്ധരോടൊപ്പം പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. അവരുടെ കല, ചിത്രരചന, വാസ്തുശില്പം, ഫാഷന്‍, ജുവല്‍റി എന്നിവയും ഡാന്‍സിനൊപ്പം എന്നെ ആകര്‍ഷിച്ചിരുന്നു. ഇക്കാലത്തിനിടയില്‍ നിരവധി മുസ്‌ലിംകളോടൊപ്പം പ്രവര്‍ത്തിക്കാന്‍ എനിക്കവസരം ലഭിച്ചിട്ടുണ്ട്.
എന്റെ പ്രൊഫഷണല്‍ ജീവിതം മുന്നോട്ടുനീങ്ങവേ ആത്മീയാന്വേഷണവും ഒപ്പമുണ്ടായിരുന്നു. ജീവിതത്തിന്റെ വലിയൊരുഭാഗം അതിനര്‍പ്പിച്ചുവെന്നുതന്നെ പറയാം. അങ്ങനെ സ്വയം കണ്ടെത്തിയതില്‍ ഞാന്‍ മനഃസംതൃപ്തിയുള്ളവളായിരുന്നു എന്ന് അവകാശപ്പെടുന്നില്ല. പലപ്പോഴും ഞാന്‍ അനുഷ്ഠിച്ചിരുന്ന ആത്മീയ സപര്യകള്‍ എന്റെ മനസ്സാക്ഷിയുമായി പൊരുത്തപ്പെട്ടിരുന്നതായി എനിക്ക് തോന്നിയിരുന്നില്ല. അത് ഞാന്‍ തിരിച്ചറിയുന്നത് ഇസ്‌ലാമിനെക്കുറിച്ച് പഠിക്കാന്‍തുടങ്ങിയപ്പോഴാണ്.
ക്രൈസ്തവത, ജൂദായിസം, ഹിന്ദുയിസം, ബുദ്ധിസം , ബഹായിസം, ബഹുദൈവത്വം എന്നിവയൊക്കെ എന്റെ ജീവിതത്തിലൂടെ കടന്നുപോയി. അന്വേഷണപാതയിലായിരിക്കുമ്പോഴും ഇസ്‌ലാം എന്റെ പരിഗണനീയമതമായി ഞാന്‍ സ്വപ്‌നേപി കരുതിയില്ല. എന്താണ് അവ്വിധം എന്നെ ചിന്തിക്കാന്‍ പ്രേരിപ്പിച്ചതെന്ന് അറിയില്ല. അതുകൊണ്ടുതന്നെ അത് പഠിക്കാന്‍ മിനക്കെട്ടുമില്ല.

ഒരു മുസ്‌ലിംസുഹൃത്തായിരുന്നു എന്നില്‍ ഇസ്‌ലാമിനെക്കുറിച്ച താത്പര്യം ജനിപ്പിച്ചത്. ആ സുഹൃത്തില്‍കണ്ട ഗുണങ്ങള്‍ക്ക് പ്രേരണയായ ദര്‍ശനമെന്തെന്നറിയാനുള്ള ജിജ്ഞാസ എന്നില്‍ തീവ്രമായി. അദ്ദേഹം തികഞ്ഞ ഹൃദയാലുവും ഉദാരനും ദയാവായ്പുനിറഞ്ഞ സദ്ഗുണസമ്പന്നനായിരുന്നു. ഒരു മതനിഷ്ഠയുള്ള മുസ്‌ലിമാണ് അദ്ദേഹമെന്ന് ഞാന്‍ മനസ്സിലാക്കി. അദ്ദേഹം പ്രാക്ടീസുചെയ്യുന്ന ആ മതത്തിലൂടെ എനിക്കും പ്രസ്തുത ഗുണങ്ങള്‍ കൈവരിക്കാനാകുമെന്ന് ഞാന്‍ പ്രത്യാശിച്ചു. അതിനാല്‍ ആകാംക്ഷാപൂര്‍വം ഇസ്‌ലാമിനെക്കുറിച്ച നിരീക്ഷണവും പഠനവുമാരംഭിച്ചു.
2013 മാര്‍ചിലാണ് ഇന്റര്‍നെറ്റ് പരതിയുള്ള ഇസ്‌ലാം പഠനം ഞാന്‍ ആരംഭിക്കുന്നത്. ഒട്ടേറെ ഡോക്യുമെന്ററികളും വീഡിയോകളും കണ്ടു. അതുപോലെ വ്യത്യസ്തകര്‍മാനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കുന്ന രീതിയും മനസ്സിലാക്കി. അപ്പോഴാണ് എന്റെ മനസ്സില്‍ സ്വാഭാവികമായും ഉണ്ടായിരുന്ന പ്രാര്‍ഥനാരീതികളെപ്പറ്റിയും വിശ്വാസത്തെപ്പറ്റിയുമുള്ള സമസ്യകള്‍ക്ക് ഇസ്‌ലാം മറുപടി നല്‍കുന്നുവെന്ന് തിരിച്ചറിഞ്ഞത്. ഓരോ സംഗതികളെക്കുറിച്ചും അറിയുന്തോറും ആകാംക്ഷ പതിന്‍മടങ്ങ് വര്‍ധിച്ചുകൊണ്ടിരുന്നു. ഇസ്‌ലാമിലേക്ക് പരിവര്‍ത്തനംചെയ്ത നിരവധിപേരുടെ യുട്യൂബ് വീഡിയോകളും കൂട്ടത്തില്‍ ഞാന്‍ കാണാറുണ്ടായിരുന്നു. അറിയുന്ന കാര്യങ്ങള്‍ യുക്തിഭദ്രമായതിനാല്‍ കൂടുതല്‍ അറിയാന്‍ ആകാംക്ഷകൂടുകയായിരുന്നു. എനിക്ക് വിയോജിക്കേണ്ടതായ ഒന്നും ഇസ്‌ലാമിലില്ലായിരുന്നു.
അക്കൊല്ലം റമദാന്‍ അടുത്തുവന്നപ്പോള്‍ വ്രതമനുഷ്ഠിച്ച് ഖുര്‍ആന്‍ വായിക്കാന്‍ തീരുമാനിച്ചു. ആ അനുഭവത്തിന്റെ വെളിച്ചത്തില്‍ ഭാവികാര്യങ്ങള്‍ മുന്നോട്ടുനീക്കാം എന്ന് കരുതി. എന്നാല്‍ റമദാനിന്റെ തൊട്ടുതലേന്ന് രാത്രി ഒരു ഡോക്യുമെന്ററി കണ്ടപ്പോള്‍ ആ തീരുമാനം തിരുത്തണമെന്നായി. അന്നുരാത്രിതന്നെ ശഹാദത്ത് കലിമചൊല്ലി മുസ്ലിംആകണമെന്ന ആവശ്യം ഞാന്‍ എന്റെ മുസ്‌ലിംസുഹൃത്തിനുമുന്നില്‍ വെച്ചു.
ആ റമദാനില്‍ ഖുര്‍ആനിന്റെ പേജുകള്‍ ഓരോന്നോരോന്നായി ഞാന്‍ വായിച്ചകൊണ്ടിരുന്നു. ആദ്യപേജ് വായിച്ചുകഴിഞ്ഞപ്പോള്‍ എന്റെ മനപരിവര്‍ത്തനത്തിന് ഉചിതമായ മറ്റൊരു സമയമില്ലെന്ന് എനിക്ക് ബോധ്യപ്പെട്ടു. വ്രതകാലത്ത് വുദു എടുത്ത് നമസ്‌കരിക്കാന്‍ ഞാന്‍ പരിശീലിച്ചുതുടങ്ങി. അതെല്ലാം ഓണ്‍ലൈന്‍ വഴി പഠിച്ചതായിരുന്നു.
നോമ്പുകാലംപിന്നിട്ട് ഒന്നരമാസം കഴിഞ്ഞ് എന്റെ സുഹൃത്തുക്കളുടെ കുടുംബം അവരുടെ കൂടെ പള്ളിയിലേക്ക് പോകാന്‍ എന്നെ ക്ഷണിച്ചു. അന്നാണ് ഔദ്യോഗികമായി ഞാന്‍ ഇസ്‌ലാംസ്വീകരിച്ചത്. എല്ലാവരും അതിന് സാക്ഷ്യംവഹിച്ചു. എനിക്കായി അവരുടെ വീട്ടില്‍ പാര്‍ട്ടി ഒരുക്കിയി്‌രുന്നു. അന്നേ ദിവസം ഞാന്‍ അനുഭവിച്ച നിര്‍വൃതിയും സന്തോഷവും വിവരിക്കാന്‍ ഇന്നും എന്റെ അടുക്കല്‍ വാക്കുകളില്ല. ഏറെ നാളുകള്‍ക്കുശേഷം വീട്ടില്‍ തിരിച്ചെത്തിയ ആനന്ദം എനിക്കുണ്ടായി.
ഇസ്‌ലാമില്‍ എത്തിപ്പെട്ടതില്‍ അതിയായി സന്തോഷിക്കുകയാണ് ഞാന്‍. എന്റെ ഹൃദയം ഞാനറിഞ്ഞ സത്യത്തെയും പ്രാര്‍ഥനകളെയും സമീകരിച്ച് അല്ലാഹുവുമായുള്ള ബന്ധത്തെ ഊഷ്മളമാക്കുന്നു. എന്നാലാകുംവിധം ഇസ്‌ലാമിന്റെ നിയമങ്ങളനുസരിച്ച് ജീവിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നമസ്‌കാരത്തിലും മറ്റുമുള്ള പ്രാര്‍ഥനകളും അറബിയില്‍ മനഃപാഠമാക്കാന്‍ എട്ടുമാസമെടുത്തുവെങ്കിലും അല്‍ഹംദുലില്ലാഹ് പ്രാര്‍ഥനകള്‍ തെറ്റില്ലാതെ ചൊല്ലാന്‍ ഇപ്പോള്‍ എനിക്ക് കഴിയും.
ഇന്ന് ഞാന്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നം എന്റെ താമസസ്ഥലത്ത് മുസ്‌ലിംകളായി ആരുമില്ലെന്നതാണ്. അരിസോണയില്‍നിന്ന് രണ്ടുമണിക്കൂര്‍ യാത്രചെയ്തുവേണം അടുത്തുള്ള പള്ളിയിലെത്താന്‍. ഒഴിവുള്ളപ്പോള്‍ യാത്രചെയ്ത് ഫീനിക്‌സിലെ പള്ളിയിലെത്താറുണ്ട്. എന്നാലും സ്വന്തംനിലക്ക് ദീനിനെ പഠിക്കാന്‍ ശ്രമിക്കുകയാണ്. സൗഹൃദത്തിനും വിജ്ഞാനമാര്‍ജിക്കാനും സമീപത്ത് കൂടുതല്‍ മുസ്‌ലിംകള്‍ ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്നു. എനിക്ക് തുണയായി ഒരു മുസ്‌ലിമിനെ ലഭിക്കാന്‍ സര്‍വശക്തനോട് പ്രാര്‍ഥിക്കുന്നു. ഞാന്‍ ഇസ്‌ലാംസ്വീകരിച്ചതില്‍ എന്റെ കുടുംബക്കാര്‍ സന്തോഷിക്കുന്നു.

Topics