ശാഹ് വലിയുല്ലാഹി ദ്ദഹ്‌ലവി

ശാഹ്‌വലിയുല്ലാഹിദ്ദഹ്‌ലവി

ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ പ്രശസ്ത പണ്ഡിതനും പരിഷ്‌കര്‍ത്താവുമാണ് ശാഹ്‌വലിയുല്ലാഹിദ്ദഹ്‌ലവി. ഡല്‍ഹിയിലെ ഒരു പണ്ഡിത കുടുംബത്തില്‍ ഹിജ്‌റഃ 1114 ശവ്വാല്‍ 14 നായിരുന്നു അദ്ദേഹത്തിന്റെ ജനനം. ഖുതുബുദ്ദീന്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യകാല നാമം. പണ്ഡിതനായ പിതാവില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ അദ്ദേഹം വളരെ ചെറുപ്പത്തില്‍ തന്നെ പരിശുദ്ധ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി. ശേഷം മക്കയിലും മദീനയിലും ഉപരിപഠനം നടത്തുകയും ഖുര്‍ആന്‍ വ്യാഖ്യാനം, ഹദീസ് ശാസ്ത്രം, ക്ഷേത്ര ഗണിതം, അനുഷ്ഠാനശാസ്ത്രം, ദൈവശാസ്ത്രം, തര്‍ക്കശാസ്ത്രം, ചരിത്രം, ഭൂമിശാസ്ത്രം തുടങ്ങി വിവിധ ശാഖകളില്‍ പ്രാവീണ്യം നേടുകയും ചെയ്തു.
പിതാവിന്റെ മരണാനന്തരം അദ്ദേഹത്തിന്റെ ദര്‍സ്ഗാഹ് ഏറ്റെടുക്കുകയും രാജ്യത്തിന്റെ സാമൂഹിക രാഷ്ട്രീയ മതരംഗങ്ങളില്‍ സജീവമായി ഇടപെടുകയും ചെയ്തു. പ്രസംഗവും ഗ്രന്ഥരചനയും അധ്യാപനവുമായി ഇസ്‌ലാമിക നവോത്ഥാനം ലക്ഷ്യം വെച്ചു പ്രവര്‍ത്തിച്ച അദ്ദേഹം ഹിജ്‌റഃ 1176-ല്‍ ഇഹലോകവാസം വെടിഞ്ഞു.
ഇസ്‌ലാമിക വിഷയങ്ങളില്‍ അഗാധവും സൂക്ഷ്മവുമായ അറിവുണ്ടായിരുന്ന ദഹ്‌ലവി അറബി, ഉറുദു, പാര്‍സി ഭാഷകളില്‍ അമ്പതോളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.
18-ാം നൂറ്റാണ്ടില്‍ കര്‍മശാസ്ത്ര ഭിന്നതകള്‍ കൊടുമ്പിരികൊണ്ടിരുന്ന സമയത്തായിരുന്നു ശാഹ് വലിയുല്ലാഹിയുടെ ജനനം. അദ്ദേഹത്തിന്റെ പിതാവ് ശൈഖ് അബ്ദുറഹീം ഹനഫീ മദ്ഹബുകാരനായിരുന്നു. സ്വാഭാവികമായിത്തന്നെ അദ്ദേഹവും ഈ മദ്ഹബിനോട് ചേര്‍ന്ന് നില്‍ക്കുന്നവനായിരുന്നു.
വിദ്യ നേടുകയും, ശേഷം മുസ്‌ലിം സമൂഹം എത്തിനില്‍ക്കുന്ന സാഹചര്യം മനസിലാക്കുകയും ചെയ്തപ്പോള്‍ അദ്ദേഹത്തിന് ഏറെ ദുഃഖം തോന്നി. ജനങ്ങള്‍ ഒരു മദ്ഹബിന്റെ പക്ഷം ചേരുകയും എതിര്‍പക്ഷങ്ങളെയും അവരുടെ ഇമാമുകളെയും തള്ളിപ്പറയുകയും അസഭ്യം പറയുകയും ചെയ്യുന്ന അവസ്ഥ അദ്ദേഹത്തെ അങ്ങേയറ്റം ദുഃഖിപ്പിച്ചു. ഈ അരക്ഷിതാവസ്ഥയില്‍ നിന്ന് മുസ്‌ലിം സമൂഹത്തെ രക്ഷിക്കേണ്ടത് പണ്ഡിതന്‍മാരുടെ ചുമതലയാണെന്ന് ബോധ്യപ്പെട്ട ഇബ്‌നുതൈമിയ്യഃ നാല് മദ്ഹബുകളെയും അഗാധ പഠനത്തിന് വിധേയമാക്കുകയും അവയെ സമന്വയിപ്പിക്കാനുള്ള ശ്രമം ആരംഭിക്കുകയും ചെയ്തു.ഈ ശ്രമത്തിന്റെ ഭാഗമെന്നോണം അദ്ദേഹം ധാരാളം പുസ്തകങ്ങള്‍ എഴുതി. കര്‍മശാസ്ത്ര ഭിന്നതകളുടെ പ്രാരംഭവും തുടക്കത്തില്‍ ഭിന്നപക്ഷക്കാര്‍ തമ്മിലുണ്ടായിരുന്ന നിലപാടും ശേഷം, ഇന്ന് മുസ്‌ലിം സമൂഹം എത്തിനില്‍ക്കുന്ന അവസ്ഥയും അവയില്‍ അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്.

ഭിന്നതയുടെ തുടക്കം ശാഹ് വലിയുല്ലാഹിയുടെ വീക്ഷണത്തില്‍

പ്രവാചക ജീവിതത്തെ വിലയിരുത്തിക്കൊണ്ട് ശാഹ്‌വലിയുല്ലാഹി പറയുന്നത് അയഥാര്‍ത്ഥവും സാങ്കല്‍പികവുമായ അവസ്ഥകളെക്കുറിച്ച് തിരുമേനി വളരെ വിരളമായി മാത്രമേ വിധി പറഞ്ഞിരുന്നുള്ളൂ. സ്വഹാബത്തിന്റെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. അപൂര്‍വ്വാവസരങ്ങളില്‍ മാത്രമേ അവര്‍ തിരുമേനിയോട് ചോദ്യമുന്നയിച്ചിരുന്നുള്ളൂ.
പ്രവാചക വിയോഗാനന്തരം സ്വഹാബികള്‍ വ്യത്യസ്ത ഭാഗങ്ങളിലേക്ക് പോവുകയും പ്രവാചകാധ്യാപനങ്ങള്‍ ജനങ്ങളെ പഠിപ്പിക്കാന്‍ തുടങ്ങുകയും ചെയ്തു. കാലം മുന്നോട്ടുപോയപ്പോള്‍ അനേകം പ്രശ്‌നങ്ങളെ അവര്‍ അഭിമുഖീകരിക്കുകയും അവക്ക് പരിഹാരം നിര്‍ദ്ദേശിക്കാന്‍ നിര്‍ബന്ധിതരാവുകയും ചെയ്തു. ഓരോരുത്തരും തങ്ങളുടെ അറിവനുസരിച്ച് ഫത്‌വ നല്‍കി. തങ്ങള്‍ക്ക് മുമ്പില്‍ വന്ന പുതിയ പ്രശ്‌നങ്ങള്‍ക്ക് ഇജ്തിഹാദിലൂടെ അവര്‍ പരിഹാരം കാണാന്‍ ശ്രമിച്ചു. പ്രവാചകന്‍ നല്‍കിയ വിധിക്കാധാരമായ നിമിത്തം (ഇല്ലത്ത്) എന്താണെന്ന് അവര്‍ കണ്ടെത്തുകയും അതേ കാരണം കാണപ്പെടുന്ന പ്രശ്‌നങ്ങള്‍ പ്രസ്തുത വിധിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ഈ സന്ദര്‍ഭത്തില്‍ വിവിധ കാരണങ്ങളാല്‍ അവര്‍ക്കിടയില്‍ അഭിപ്രായാന്തരം ഉടലെടുക്കുകയുണ്ടായി.
ഹദീസ് പരിജ്ഞാനത്തിലെ ഏറ്റവ്യത്യാസങ്ങളും പ്രവാചക പ്രവൃത്തിയുടെ സ്വഭാവം നിര്‍ണ്ണയിക്കുന്നതിലെ പാളിച്ചകളും ഓര്‍മ്മപ്പിശകും ആശയഗ്രഹണത്തിലുള്ള വ്യത്യാസവുമെല്ലാം ഈ അഭിപ്രായാന്തരങ്ങള്‍ക്ക് കാരണമായി.
പിന്നീട് താബിഉകളുടെ കാലഘട്ടം വരികയും സ്വഹാബികളുടെ വ്യത്യസ്ത വീക്ഷണഗതികള്‍ അവര്‍ക്കു പാരമ്പര്യമായി ലഭിക്കുകയും ചെയ്തു. തങ്ങള്‍ക്ക് ലഭിച്ച ഹദീസുകളും സ്വഹാബികളുടെ അഭിപ്രായങ്ങളും അവര്‍ ഹൃദിസ്ഥമാക്കി. സ്വഹാബികളുടെ ഭിന്നവീക്ഷണങ്ങളെ അവര്‍ മനസിലാക്കിയ വിധം സംയോജിപ്പിച്ചു. ചില അഭിപ്രായങ്ങളെ മറ്റു ചിലതിനേക്കാള്‍ പ്രാമാണ്യമെന്ന് സ്ഥാപിച്ചു. ഈ പ്രക്രിയയില്‍ ഒന്നാം നിരയില്‍പെട്ട പ്രമുഖ സ്വഹാബികളുടെ ചില അഭിപ്രായങ്ങള്‍ വരെ അംഗീകരിക്കാതെ പോയിട്ടുണ്ട്. ഉദാഹരണമായി, വലിയ അശുദ്ധിയുള്ളവന് വെള്ളം ലഭിച്ചില്ലെങ്കില്‍ തയമ്മും മതിയാവില്ല എന്ന് ഉമറും ഇബ്‌നു സഈദും അഭിപ്രായപ്പെട്ടിട്ടുള്ളതായി താബിഉകള്‍ മനസിലാക്കിയിരുന്നു. എന്നാല്‍ അമ്മാര്‍, ഇംറാനൂബ്‌നു ഹുസൈന്‍ മുതലായ സ്വഹാബികള്‍ ഉദ്ധരിച്ച ഹദീസിന്റെ വെളിച്ചത്തില്‍ ആ അഭിപ്രായത്തെ താബിഉകള്‍ പരിഗണിച്ചില്ല. ഇത്തരം സാഹചര്യത്തില്‍ താബിഉകള്‍ക്കിടയില്‍ ഭിന്ന സരണികള്‍ ഉണ്ടാവുകയും വിവിധ സ്ഥലങ്ങളില്‍ വ്യത്യസ്ത ഇമാമുകള്‍ വൈജ്ഞാനിക നേതൃത്വം സ്ഥാപിക്കുകയും ചെയ്യുക എന്നതും സ്വാഭാവികമായിരുന്നു.
പിന്നീട് താബിഉത്താബിഇകളുടെ കാലഘട്ടം വരികയും തങ്ങളുടെ ഗുരുനാഥന്‍മാരായ താബിഉകളില്‍ നിന്ന് വുദു, കുളി, നമസ്‌കാരം, ഹജ്ജ്, വിവാഹം തുടങ്ങി ജീവിതത്തില്‍ നേരിടുന്ന പല പ്രശ്‌നങ്ങളിലും അവര്‍ ശര്‍ഇന്റെ മാര്‍ഗ്ഗദര്‍ശനങ്ങള്‍ അഭ്യസിക്കുകയും ഹദീസുകള്‍ ഉദ്ധരിക്കുകയും ചെയ്തു. എന്നാല്‍ ഓരോ പണ്ഡിതനും അവരവരുടെ ഗുരുവര്യന്‍മാരുടെയും തദ്ദേശ പണ്ഡിതന്‍മാരുടെയും വീക്ഷണങ്ങള്‍ പ്രബലവും അനുകരണാര്‍ഹവുമായിക്കരുതി അവരെ അനുകരിക്കാന്‍ തുടങ്ങി.

നാല് മദ്ഹബുകളും മധ്യമ നിലപാടും

മദീനക്കാര്‍ നിവേദനം ചെയ്ത ഹദീസുകള്‍ കൂടുതല്‍ പഠിച്ച പണ്ഡിതനായിരുന്നു ഇമാം മാലികുബ്‌നു അനസ് (റ). സര്‍വോപരി ഹസ്രത്ത് ഉമറിന്റെ വിധികളും അബ്ദുല്ലാഹിബ്‌നു ഉമര്‍, ആയിശ എന്നിവരുടെയും അവരുടെ ശിഷ്യന്‍മാരുടെയും അഭിപ്രായങ്ങളും അദ്ദേഹത്തേക്കാളേറെ ഗ്രഹിക്കുകയോ സമാഹരിക്കുകയോ ചെയ്ത മറ്റൊരു പണ്ഡിതനുമുണ്ടായിരുന്നില്ല. തന്റെ അഭിപ്രായങ്ങളനുസരിച്ച് ജനങ്ങളോട് പ്രവര്‍ത്തിക്കണമെന്ന് ഉത്തരവിടാന്‍ ഉദ്ദേശിച്ച ഖലീഫാ മന്‍സൂറിനോട് അദ്ദേഹം പറഞ്ഞു: ‘താങ്കള്‍ അങ്ങനെ ചെയ്യരുത്. പൂര്‍വ്വികരുടെ അനേകം അഭിപ്രായങ്ങള്‍ ജനങ്ങളില്‍ പ്രചരിച്ചിട്ടുണ്ട്. പല ഹദീസുകളും അവര്‍ക്ക് ലഭിച്ചിട്ടുണ്ട്. ഓരോ വിഭാഗവും അവരവര്‍ ശ്രവിച്ച നബി വചനങ്ങളും അഭിപ്രായങ്ങളും പിന്തുടര്‍ന്നുവരികയാണ്. ജനങ്ങളെ സ്വതന്ത്രരായി വിടുക; ഓരോ ദേശക്കാരും അവര്‍ പഠിച്ച നബിവചനങ്ങളും സ്വഹാബികളുടെ അഭിപ്രായവുമനുസരിച്ച് സ്വയം അംഗീകരിച്ച സരണി പിന്തുടര്‍ന്നുകൊള്ളട്ടെ’. എന്നാല്‍ അദ്ദേഹത്തിന്റെ വിയോഗാനന്തരം ശിഷ്യന്‍മാര്‍ അദ്ദേഹത്തിന്റെ നിവേദനങ്ങളും അഭിപ്രായങ്ങളും സമാഹരിച്ചു.
അദ്ദേഹത്തിന്റെ പ്രശസ്ത ഗ്രന്ഥമായ ‘മുവത്വ’യെകുറിച്ച് ശാഹ് വലിയുല്ല പറയുന്നു: ‘ഇസ്‌ലാമിന്റെ ആദ്യഘട്ടം മൂന്ന് പുസ്തകങ്ങളില്‍ പരിമിതമാണ്. മുവത്വ, സ്വഹീഹുല്‍ ബുഖാരി, സ്വഹീഹു മുസ്‌ലിം. ഇമാം ശാഫിഈ പറയുന്നു: ‘ഖുര്‍ആനിന് ശേഷം ഏറ്റവും പ്രാമാണിക ഗ്രന്ഥം മാലികിന്റെ ‘മുവത്വ’യാകുന്നു’.
ഇമാം അബൂഹനീഫ നിയമനിര്‍ധാരണമാധ്യമങ്ങളെ ഏറെ സൂക്ഷ്മതയോടെ ഉപയോഗിച്ച് ഇസ്‌ലാമിക നിയമത്തിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുന്നതിലും അതിനു വേണ്ടിയുള്ള ഗവേഷണത്തിലും ബദ്ധശ്രദ്ധനായിരുന്നു. അദ്ദേഹത്തെ ക്കുറിച്ച് ശാഹ് പറയുന്നു: ‘തീര്‍ച്ചയായും അബൂഹനീഫഃ ഹദീസിനെ നിര്‍ധാരണം ചെയ്യുന്നതില്‍ സൂക്ഷ്മ ദര്‍ശിയായിരുന്നു’.
മാലികി, ഹനഫി മദ്ഹബുകള്‍ വളരെ പ്രസിദ്ധിയാര്‍ജിച്ച സമയത്താണ് ഇമാം ശാഫി രംഗപ്രവേശം ചെയ്തത്. ശാഫിയെകുറിച്ച് അദ്ദേഹം പറഞ്ഞു: ‘നാല് മദ്ഹബുകളില്‍വെച്ച് സുന്നത്തിനോട് കൂടുതല്‍ അടുത്തു നില്‍ക്കുന്നത് ശാഫിഈ മദ്ഹബാകുന്നു’.
അഹ്മദുബ്‌നു ഹമ്പലിനെക്കുറിച്ച് ശാഹ് പറയുന്നു: ‘മദ്ഹബുകളുടെ ഇമാമുകളില്‍ വെച്ച് ഹദീസിലും ഫിഖ്ഹിലും കൂടുതല്‍ ആഴത്തില്‍ പഠിച്ചയാളാണ് അഹ്മദുബ്‌നു ഹമ്പല്‍’.
അദ്ദേഹത്തിന്റെ ഈ അഭിപ്രായങ്ങളെയും ഇമാമുകളോടുള്ള സമീപനത്തെയും പഠനത്തിനു വിധേയമാക്കിയാല്‍ അദ്ദേഹത്തിന്റെ മധ്യമ നിലപാട് വളരെ വ്യക്തമാകുന്നതാണ്.

കര്‍മ്മശാസ്ത്ര ഭിന്നതകളിലെ പ്രവര്‍ത്തന രീതി

ഫിഖ്ഹീ പണ്ഡിതന്‍മാര്‍ക്കിടയിലുള്ള അഭിപ്രായ ഭിന്നതകളില്‍ അധികവും തെളിവിനാധാരമായിട്ടുള്ളതാണ്. ഓരോ പക്ഷക്കാര്‍ക്കും ഹദീസോ അതല്ലെങ്കില്‍ സ്വഹാബത്തിന്റെ വാക്കുകളോ തെളിവായി ഉദ്ധരിക്കാനുണ്ട്. ഇത്തരം വിഷയങ്ങളോടുള്ള ഷായുടെ സമീപനം ശരിയേത് തെറ്റേത് എന്ന അടിസ്ഥാനത്തിലല്ല; മറിച്ച് ഏതാണ് ഖുര്‍ആനിനോടും സുന്നത്തിനോടും കൂടുതല്‍ യോജിച്ചത് എന്നതിന്റെ അടിസ്ഥാനത്തിലാണ്. ഇപ്രകാരമാണ് അദ്ദേഹം ഇവ്വിഷയങ്ങളില്‍ പ്രവര്‍ത്തനരീതി കൈ കൊണ്ടത്. അതല്ലാതെ ഏതെങ്കിലും ഒരു മദ്ഹബിന്റെ അഭിപ്രായത്തെ ബാത്വിലാക്കുകയോ അതിന്റെ പക്ഷക്കാരെ അകറ്റിനിര്‍ത്തുകയോ ചെയ്തില്ല.’ അദ്ദേഹം പറയുന്നു: ‘സലഫുസ്വാലിഹുകളുടെ ജീവിതവും ഇത്തരം വിഷയങ്ങളോടുള്ള അവരുടെ സമീപനവും പരിശോധിച്ചാല്‍ അവരുടെ മധ്യമനിലപാട് നമുക്ക് ബോധ്യപ്പെടും. അവര്‍ അഭിപ്രായ വ്യത്യാസങ്ങളില്‍ കാര്‍ക്കശ്യം പുലര്‍ത്തുകയോ തങ്ങളുടെ അഭിപ്രായങ്ങള്‍ക്കെതിരായി പ്രവര്‍ത്തിക്കുന്നതില്‍ മാനസിക പ്രയാസം അനുഭവിക്കുകകയോ ചെയ്തിരുന്നില്ല. ഇപ്രകാരം തന്നെയായിരുന്നു സ്വഹാബികളുടെയും താബിഉകളുടെയും താബിഉത്താബിഇകളുടെയും അവസ്ഥ. നമസ്‌കാരത്തില്‍ ബിസ്മി ഓതണോ വേണ്ടയോ, ഉറക്കെയാണോ അതല്ല പതുക്കെയോ, സുബ്ഹ് നമസ്‌കാരത്തില്‍ ഖുനൂത്തുണ്ടോ ഇല്ലയോ തുടങ്ങിയ വിഷയങ്ങളില്‍ ഭിന്നത നിലനിന്നിരുന്നു. എന്നാല്‍ വ്യത്യസ്ത അഭിപ്രായക്കാര്‍ക്ക് പരസ്പരം പിന്നില്‍ നിന്ന് നമസ്‌കരിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. അബുഹനീഫയും ശാഫിയും അവരുടെ ശിഷ്യന്‍മാരും മദീനയില്‍ മാലികിന്റെ പിന്നില്‍നിന്ന് നമസ്‌കരിച്ചിരുന്നു. മാലികാകട്ടെ, ബിസ്മി ഓതേണ്ടതുതന്നെയില്ല എന്ന പക്ഷക്കാരനായിരുന്നു. ഇമാം ശാഫിഈ അബൂഹനീഫയുടെ ഖബ്‌റിന്റെ പരിസരത്ത് വെച്ച് സുബ്ഹി നമസ്‌കരിച്ചപ്പോള്‍ ആദരസൂചകമായി ഖുനൂത്ത് ഉപേക്ഷിക്കുകയുണ്ടായി.
ഇപ്രകാരം കര്‍മ്മശാസ്ത്ര ഭിന്നതകളും സലഫുസാലിഹുകളുടെ പ്രവര്‍ത്തനരീതിയും മുന്നില്‍ വെച്ച് ദഹ്‌ലവി ജനങ്ങളോട് സംവദിച്ചു. തന്റെ വിശാലവും ആഴമേറിയതുമായ ഉള്‍ക്കാഴ്ച കൊണ്ട് കര്‍മ്മശാസ്ത്രത്തിലെ ശാഖാപരമായ സംഗതികളെ അദ്ദേഹം വേര്‍തിരിച്ചു കാണിച്ചു. ജനങ്ങളോട് അവര്‍ വെച്ച് പുലര്‍ത്തുന്ന കാര്‍ക്കശ്യവും പക്ഷപാതിത്തവും അവസാനിപ്പിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. ഇത്തരത്തിലുള്ള പ്രവര്‍ത്തനത്തിലൂടെ അദ്ദേഹം മദ്ഹബുകള്‍ക്കിടയില്‍ സമന്വയത്തിന് വേണ്ടി കഠിനാധ്വാനം ചെയ്തു.

About the author

padasalaadmin

Add Comment

Click here to post a comment

Topics

Featured