കുടുംബം-ലേഖനങ്ങള്‍

വേര്‍പാടിന്റെ വേദന മാറ്റാന്‍ മകന്‍ ഇബ്‌നുതൈമിയ്യ (റ) ഉമ്മയ്‌ക്കെഴുതുന്നത്…

മാതാവ് തന്റെ സന്താനങ്ങള്‍ക്കായി ചെയ്യുന്ന കാര്യങ്ങള്‍  അധികമാരും ശ്രദ്ധിക്കുകയോ അതിനെ പ്രോത്സാഹിപ്പിക്കുകയോ ചെയ്യാറില്ല. സന്താനങ്ങളെ മൂല്യമുള്ളവരാക്കി ത്തീര്‍ക്കാന്‍ പകര്‍ന്നുകൊടുക്കുന്ന ഉപദേശങ്ങളും മാതൃകകളും അത്തരം കാര്യങ്ങളില്‍ ഏറ്റവും മഹത്തരമായവയാണ്. അത്തരം പരിചരണങ്ങളും ശ്രദ്ധയും സന്താനങ്ങളെ പണ്ഡിതരും ലോകനേതാക്കളും ധീരയോദ്ധാക്കളും  സാംസ്‌കാരികനേതാക്കളും നല്ല പൗരന്‍മാരും ഒക്കെയായി പരിവര്‍ത്തിപ്പിക്കുന്നു.

പലപ്പോഴും സന്താനങ്ങള്‍ വളര്‍ന്നുവലുതായശേഷവും മാതാവ് തന്റെ പരിചരണവും ശ്രദ്ധയും തുടരുന്നത് കാണാം. അത്തരം ഒരു മാതാവിനെ സംബന്ധിച്ച വിവരണമാണ് ഇവിടെ നല്‍കുന്നത്. ഇസ്‌ലാമിനെ ശത്രുക്കളില്‍നിന്ന് പ്രതിരോധിക്കാന്‍ മുന്‍പന്തിയിലുണ്ടായിരുന്ന ഇബ്‌നുതൈമിയ്യ എന്ന പേരില്‍ പ്രസിദ്ധനായ അഹ്മദിന്റെ മാതാവിനെക്കുറിച്ചാണ് ഈ കുറിപ്പ്്. നീതിക്കുവേണ്ടി നിലകൊള്ളാനും അതിനായി ത്യാഗംസഹിക്കാനും യാതൊരു മടിയുംകാട്ടാത്ത ഇബ്‌നുതൈമിയ്യ ജയില്‍വാസം അനുഷ്ഠിച്ചിട്ടുണ്ട്.  തനിക്കുലഭിച്ച വിജ്ഞാനം മറ്റുള്ളവര്‍ക്ക് പകര്‍ന്നുനല്‍കാനുള്ള ഉത്തരവാദിത്തനിര്‍വഹണത്തിന്റെ ഭാഗമായി കുറച്ചുകാലം അദ്ദേഹത്തിന് ഈജിപ്തില്‍ താമസിക്കേണ്ടിവന്നു. മാതാവില്‍നിന്ന് പിരിഞ്ഞിരിക്കേണ്ടിവന്നതില്‍ മാപ്പുചോദിച്ചുകൊണ്ട്  അദ്ദേഹം ഒരു കത്തെഴുതി. ആ കത്ത് ഹൃദയസ്പര്‍ശിയായിരുന്നു. എന്നാല്‍ ഏറെ അത്ഭുതകരമായത് അതിന് മാതാവെഴുതിയ മറുപടിയായിരുന്നു.

മാതാവിനെഴുതിയ കത്ത്

പരമകാരുണികനും കരുണാവാരിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍,

ഇബ്‌നുതൈമിയ്യ, എത്രയും പ്രിയപ്പെട്ട ഉമ്മയ്‌ക്കെഴുതുന്നത്, അല്ലാഹും താങ്കളെ സൗഖ്യത്തിലും സമാധാനത്തിലും നാളെ സ്വര്‍ഗത്തിലും വസിപ്പിക്കുമാറാകട്ടെ.

അസ്സലാമുഅലൈകും വറഹ്മത്തുല്ലാഹി വബറകാതുഹു

അല്ലാഹുവിനാണ് സര്‍വസ്തുതിയും. അല്ലാഹുവിനെക്കൂടാതെ ആരാധ്യനില്ല. അവന്‍ സര്‍വശക്തനാണ്.  അന്ത്യപ്രവാചകനും സന്ദേശവാഹകനുമായ മുഹമ്മദ് നബിയുടെമേല്‍  അനുഗ്രഹം വര്‍ഷിക്കണമെന്ന് പ്രാര്‍ഥിക്കുന്നു.

അല്ലാഹുവിന്റെ അനുഗ്രഹങ്ങളും സഹായങ്ങളും അതിരറ്റതാണ്. അവയുടെ പേരില്‍ നാം അവനെ സ്തുതിക്കുകയും ഇനിയുമിനിയും ആ അനുഗ്രഹങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കാന്‍  പ്രാര്‍ഥിക്കുകയുംചെയ്യുന്നു.

ഈജിപ്തിലെ എന്റെ താമസം ഉമ്മയെ സംതൃപ്തയാക്കില്ലെന്നറിയാം. എന്നാലും ഈജിപ്തില്‍ ഞാന്‍ താമസിക്കേണ്ടത് അനിവാര്യമായിരിക്കുന്നു. അത് ഒഴിവാക്കുകയെന്നത് നമ്മുടെ ജീവിതത്തോടും ദീനിനോടുംചെയ്യുന്ന  ചതിയായിരിക്കും.

ഉമ്മാ, താങ്കളില്‍നിന്ന് അകന്നിരിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചതല്ല. പക്ഷികള്‍ക്ക്  എന്നെ വഹിക്കാന്‍ കഴിവുണ്ടായിരുന്നെങ്കില്‍ തീര്‍ച്ചയായും ഞാനെത്തുമായിരുന്നു. വരാന്‍ കഴിയാത്തതിന് കാരണമുണ്ട്. മുസ്‌ലിംസമൂഹത്തിന്റെ അവസ്ഥകള്‍ താങ്കള്‍ അറിഞ്ഞിരുന്നെങ്കില്‍ ഇപ്പോള്‍ ഞാന്‍ താമസിക്കുന്നതില്‍നിന്ന് വ്യത്യസ്തമായി മറ്റൊരു നാടും നിര്‍ദേശിക്കുമായിരുന്നില്ല.ഒരുപക്ഷേ, ഈ നാട്ടില്‍ സ്ഥിരമായി താമസിക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. പകരം, നല്ല കാര്യങ്ങള്‍ തെരഞ്ഞെടുക്കാനും സൗഖ്യമായിരിക്കാനും അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെയെന്ന് പ്രാര്‍ഥിക്കുകയാണ്. നമ്മെയും ആഗോളമുസ്‌ലിംകളെയും അല്ലാഹു അനുഗ്രഹിക്കട്ടെ. അവന്റെ ഓരോ തീരുമാനവും നമ്മുടെ സുരക്ഷയും പുരോഗതിയും മുന്‍നിര്‍ത്തിയായിരിക്കുമല്ലോ.

അല്ലാഹു എനിക്കായി അവന്റെ അനുഗ്രഹത്തിന്റെ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണ്. എന്നും നേര്‍വഴിയില്‍  നയിക്കാന്‍ അവന്‍ എന്നോട് കരുണകാട്ടി. എന്നിട്ടും താങ്കളുടെ അടുത്തേക്ക് വരാന്‍ ഒരു അവസരത്തിനായി ഞാന്‍ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നു. ജീവിതത്തിലെ നിസ്സാരമായ കാര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി താങ്കളില്‍നിന്ന് അകന്നുനില്‍ക്കുകയെന്നത് എന്നെ സംബന്ധിച്ചിടത്തോളം അചിന്തനീയമാണ്. എന്നാല്‍  വ്യക്തിപരമായും  സാമൂഹികമായും  ദോഷമാകുമെന്ന് ഭയന്ന് ദീനിന്റെ കാര്യങ്ങളെ ഉപേക്ഷിക്കാന്‍ എനിക്കാവില്ല. കാര്യങ്ങള്‍ നേരിട്ടുകാണുന്നവന് വിദൂരത്തിരിക്കുന്നവനെക്കാള്‍ യാഥാര്‍ഥ്യബോധം കൂടുതലായിരിക്കും.

അല്ലാഹുവിനെ കൂടുതലായി സ്മരിക്കുകയും അവന്ന് വിധേയപ്പെടുകയും ചെയ്യണമെന്ന് ഉമ്മാ, താങ്കളോട് ആവശ്യപ്പെടുകയാണ്. ശരിയായ പാതയില്‍ നമ്മെ നയിക്കാന്‍ അവനോട് പ്രാര്‍ഥിക്കുക. നമുക്ക് അറിവില്ലാത്ത, പൂര്‍ത്തീകരിക്കാനാകാത്ത വിഷയങ്ങളില്‍ അവന്‍മാത്രമാണല്ലോ നമുക്ക് ആശ്രയം. അവസാനമായി , വീട്ടിലെല്ലാവര്‍ക്കും , അയല്‍ക്കാര്‍ക്കും ,സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും എന്റെ അന്വേഷണങ്ങളും സലാമും അറിയിക്കുക.

വസ്സലാം..

അല്ലാഹുവിന് സ്തുതി.. മുഹമ്മദ് നബിയുടെയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ രക്ഷയും അനുഗ്രഹവും ഉണ്ടാകട്ടെ.

മാതാവിന്റെ കത്ത്

എനിക്കെത്രയും പ്രിയപ്പെട്ട മകന്‍ അഹ്മദ് ബിന്‍ തൈമിയ്യ,

എല്ലാം അല്ലാഹുവിന്റെ തീരുമാനത്തിലാണ്. ഇസ്‌ലാമിന്റെയും മുസ്‌ലിംസമൂഹത്തിന്റെയും സേവനത്തിനായാണ് ഞാന്‍ നിന്നെ പരിപാലിച്ചുവളര്‍ത്തിയത്.  അതിനാണ് ശരീഅ നിയമങ്ങള്‍ നിന്നെ പഠിപ്പിച്ചത്.

ദീനിന്റെ സാമീപ്യം ഉപേക്ഷിച്ച് നീ എന്റെ അടുത്തുണ്ടാകണമെന്ന് ഞാന്‍ കരുതിയിട്ടേയില്ല.ദീനിനും മുസ്‌ലിംകള്‍ക്കും സേവനം അര്‍പ്പിച്ച് നാടുകള്‍തോറും സഞ്ചരിക്കുന്നതിനുപകരം  നീ സമീപത്തുണ്ടാകണമെന്ന് ഞാന്‍ കൊതിക്കുന്നതായി നീ തെറ്റിദ്ധരിക്കരുത്.

നീ എന്നും ദീനീപ്രവര്‍ത്തനങ്ങളിലായിരിക്കുന്നത് കാണാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. നീ എന്റെ അടുത്ത് സഹവസിച്ചില്ലെന്നല്ല, നാളെ അല്ലാഹുവിന്റെ മുമ്പില്‍ ഞാന്‍ പരാതിപറയുക. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഉപേക്ഷ കാണിച്ചാല്‍ അതിന്റെ പേരില്‍ ശിക്ഷിക്കാന്‍ ആയിരിക്കും ഞാന്‍ അല്ലാഹുവോട് ആവശ്യപ്പെടുക.

അല്ലാഹു നിന്നില്‍ സംപ്രീതനാകട്ടെ. നിന്റെ നന്‍മയുടെ മാര്‍ഗത്തില്‍ അവന്‍ വെളിച്ചം പരത്തുമാറാകട്ടെ!. യാതൊരുവിധ തണലും ഇല്ലാത്ത വിധിതീര്‍പ്പുനാളില്‍ നമ്മെയിരുവരെയും  ആ പരമകാരുണികന്റെ സിംഹാസനത്തിന്‍ കീഴില്‍ ഒരുമിപ്പിക്കുമാറാകട്ടെ.

വസ്സലാമുഅലൈകും വറഹ്മതുല്ലാഹി വബറകാതുഹു..

Topics