ഞാനറിഞ്ഞ ഇസ്‌ലാം

വെള്ളിത്തിര കൊതിച്ച് മുര്‍സ്‌ലീന്‍ പീര്‍സാദ കണ്ടെത്തിയത് വെളിച്ചം

(ഒരു കശ്മീരി പെണ്‍കുട്ടിയുടെ വ്യത്യസ്തമായ പരിവര്‍ത്തനകഥ)

കരീനയാകാനാണ് അവള്‍ കൊതിച്ചത്. അതിനാല്‍ സിനിമാഭിനയത്തിനായി കാത്തിരിക്കാന്‍ ഒട്ടും തയ്യാറല്ലായിരുന്നു. കോളേജില്‍ അവസാനവര്‍ഷമായപ്പോഴേക്കും പുതുമുഖങ്ങളെ തേടിവന്ന ഒട്ടേറെ സംവിധായകര്‍ അവളെ കണ്ടെത്തുകയുണ്ടായി. പക്ഷേ, മുംബൈയില്‍ സ്ഥിരതാമസമാക്കിയ അവളുടെ സമ്പന്ന കാശ്മീരികുടുംബം സിനിമാരംഗത്തേക്ക് അവളെ വിട്ടുകൊടുക്കാന്‍ തയ്യാറായിരുന്നില്ല. എന്നാല്‍ കടുത്ത വാശിക്കൊടുവില്‍ യശ്‌രാജ് ഫിലിംസിന്റെ സിനിമയില്‍ അവസരംലഭിച്ചാല്‍ അഭിനയിച്ചോളൂ എന്നായി അവര്‍. 2012 ലായിരുന്നു അത്.

രണ്ടുകൊല്ലത്തിനുശേഷം മുര്‍സ്‌ലീന്‍ പീര്‍സാദ എന്ന 23 കാരി കാശ്മീരിപെണ്‍കൊടി കരീനയാകാന്‍ ഒട്ടുംഇഷ്ടപ്പെട്ടില്ല. മറിച്ച്, ഇസ്‌ലാമികപ്രബോധനപ്രവര്‍ത്തകയായ ജാസ്മിന്‍ മുജാഹിദിനെപ്പോലെയാകാന്‍ കൊതിക്കുകയാണ്.

മുര്‍സ്‌ലീന്റെ ജീവിതത്തില്‍ മാറ്റങ്ങള്‍ ഏറെയാണ്. തന്റെ മേനിപ്രദര്‍ശനത്തിന് സഹായിക്കുന്ന വിലകൂടിയ ജീന്‍സുകളും ടോപ്പും ലെഗ്ഗിന്‍സും ഉപേക്ഷിച്ച്, കറുത്ത പര്‍ദയിലേക്ക് അവര്‍മാറി. ദുബായിലേക്കുള്ള തന്റെ കഴിഞ്ഞ യാത്രയില്‍ കുറച്ച് പര്‍ദകള്‍ വാങ്ങിയകാര്യം അവര്‍ പങ്കുവെക്കുന്നത് സന്തോഷത്തോടെയാണ്.

സാകിര്‍നായികിന്റെ ഇസ്‌ലാമിക്‌റിസര്‍ച്ച് സംഘത്തില്‍ അംഗമാണ് ഇപ്പോള്‍ പീര്‍സാദ. മുംബൈയില്‍ ഇസ്‌ലാമികസംബന്ധിയായ വിഷയങ്ങളില്‍ പ്രഭാഷണങ്ങള്‍ നടത്തുന്നു. കുറച്ചുനാള്‍മുമ്പ് ശ്രീനഗറില്‍ പ്രഭാഷണംനടത്തുകയുംചെയ്തു.

പിതാവ് ഫിറോസ് പീര്‍സാദ മുംബൈയിലെ വലിയ ബിസിനസുകാരനായിരുന്നു. മുപ്പതുവര്‍ഷമായി യശ്‌രാജ് ചോപ്രയുമായി സൗഹൃദം പുലര്‍ത്തിയിരുന്ന വ്യക്തിയാണ് അദ്ദേഹം. സിനിമയിലഭിനയിക്കണമെന്ന മകളുടെ ആഗ്രഹം ശക്തിപ്രാപിച്ചപ്പോള്‍ അദ്ദേഹം യശ് രാജ് ചോപ്രയോട് കാര്യം ധരിപ്പിച്ചു. അദ്ദേഹം തന്റെ ‘ഏക് ഥാ ടൈഗര്‍’ എന്ന സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടറായി ജോലി നല്‍കി.

‘അത് എന്റെ സ്വപ്‌നം പൂവണിയിക്കാനായുള്ള അവസരമായാണ് കണ്ടത്. അഭിനയം അത്രമാത്രം ഞാന്‍ കൊതിച്ചിരുന്നു.’ മുര്‍സ്‌ലീന്‍ വെളിപ്പെടുത്തുന്നു. പിന്നീട് ‘ശുദ്ധ് ദേശി റൊമാന്‍സ്’ സിനിമയുടെ കോസ്റ്റിയൂം അസിസ്റ്റന്റ് ഡയറക്ടറായി ജോലിതുടര്‍ന്നു. അതിന്റെ ഡയറക്ടര്‍ മനീഷ് ശര്‍മ പുതുമുഖങ്ങളെ തന്റെ സിനിമയിലേക്ക് പരിഗണിക്കുന്ന ആളായിരുന്നു. അദ്ദേഹം എന്നോട് സ്‌ക്രീന്‍ ടെസ്റ്റിന് വരാന്‍ ആവശ്യപ്പെട്ടു. ആദ്യമായി കാമറയുടെ മുന്നില്‍നിന്നപ്പോള്‍ വൈകാരികമായും ശാരീരികമായും നഗ്‌നയാക്കപ്പെടുന്ന തോന്നലുണ്ടായി. സല്‍വാര്‍കമ്മീസാണ് ഞാന്‍ ധരിച്ചിരുന്നത്. എന്നിട്ടും ആകെ അസ്വസ്ഥയായിരുന്നു ഞാന്‍. ഞാന്‍ എഴുന്നേറ്റുചെന്ന് അദ്ദേഹത്തോട് പറഞ്ഞു. ‘ഇല്ല, ഞാന്‍ അഭിനയിക്കാനില്ല.’

ഏറെ ആലോചനകള്‍ക്കുശേഷം എനിക്ക് ഒരുകാര്യം ഉറപ്പായി. അക്കാലത്ത് ഒരിക്കല്‍ യശ്‌രാജ് ചോപ്രയുടെ മകന്‍ ആദിത്യചോപ്ര ‘അഭിനേതാക്കള്‍ എപ്പോഴും അനാവൃതരാണ്’ എന്ന് എവിടെയോ എഴുതിയത് വായിച്ച കാര്യം ഞാനോര്‍ത്തു. അതോടെ അഭിനയമേഖലയോട് ഞാന്‍ വിടചൊല്ലി. അസിസ്റ്റന്റ് ഡയറക്ടറായി ജോലിചെയ്യാനും അതോടെ താല്‍പര്യമില്ലാതായി. അത് ഒട്ടുംവിശ്രമമില്ലാത്ത ഒന്നായിരുന്നു. പിന്നെ വസ്ത്രാലങ്കാരമേഖലയിലേക്ക് ശ്രദ്ധപതിപ്പിച്ചു. പ്രശസ്തഡിസൈനറായ മനീഷ് മല്‍ഹോത്രയുടെ കീഴില്‍ ജോലി ആരംഭിച്ചു. അതിനിടെ 2012 ഒക്ടോബറില്‍ യശ്‌രാജ് ചോപ്ര നിര്യാതനായി. അദ്ദേഹം എന്റെ ഗുരുവായിരുന്നു. ആ മരണത്തോടെ എന്റെ സിനിമാമേഖലയിലെ വലിയൊരുതാങ്ങ് നഷ്ടപ്പെട്ടതായി എനിക്കുതോന്നി. അതെന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. ജീവിതത്തെക്കുറിച്ച വളരെ ഗൗരവതരമായ ചിന്ത ആരംഭിച്ചത് അവിടംമുതല്‍ക്കാണ്. ആട്ടവും പാട്ടും എല്ലാം അസംബന്ധങ്ങളാണെന്ന് മനസ്സിലായി.

വൈകാതെ മല്‍ഹോത്രയോട് ഞാന്‍ ഗുഡ്‌ബൈ പറഞ്ഞു. പിന്നീട് ഏതാണ്ട് നാലുമാസത്തോളം വീട്ടില്‍ ജോലിയൊന്നുമില്ലാതെ വെറുതെയിരുന്നു. അതോടെ കടുത്ത വിഷാദം എന്നെ പിടികൂടി. എന്റെ കൂട്ടുകാര്‍ സിനിമാരംഗത്ത് വിഹരിക്കുകയായിരുന്നു. അതേസമയം എല്ലാം നഷ്ടപ്പെടുത്തി ഞാന്‍ വീട്ടില്‍ കുത്തിയിരിക്കുകയാണല്ലോ എന്നോര്‍ത്തു. അതിനിടെയാണ് വീട്ടില്‍ പൊടിപുരണ്ടനിലയില്‍ ഒരു ഫയല്‍ ഞാന്‍ കണ്ടത്.ഏതാണ്ട് 6 വര്‍ഷമായി അതങ്ങനെത്തന്നെ ഇരിക്കുകയായിരുന്നു. ആരോ ഞങ്ങള്‍ക്ക് തന്നതായിരുന്നു. അപ്പോള്‍ അതെന്താണെന്ന് തുറന്നുപരിശോധിക്കാന്‍ ഞങ്ങള്‍ മിനക്കെട്ടിരുന്നില്ല.

2013 ആദ്യപാദങ്ങളിലായിരുന്നുഅത്. അതില്‍ സാക്കിര്‍നായിക്കിന്റെ ഒരു വീഡിയോയുടെ ട്രാന്‍സ്‌ക്രിപ്റ്റ് ആയിരുന്നു. ഇസ്‌ലാമിലെ സ്ത്രീ എന്നതായിരുന്നു വിഷയം. ഞാനാകട്ടെ ഒട്ടും തന്നെ മതത്തെക്കുറിച്ച് ചിന്തിച്ചിരുന്നില്ല. വല്ലപ്പോഴും നമസ്‌കരിക്കാറുണ്ടെന്ന് മാത്രം. ആ പേപ്പറുകള്‍ ഞാന്‍ വായിച്ചുതീര്‍ത്തു. ജീവിതത്തിന് ഒരു ലക്ഷ്യമുണ്ടെന്ന് ബോധ്യമായത് അപ്പോഴാണ്. പിന്നീട് യുട്യൂബില്‍ നുഅ്മാന്‍ അലിഖാന്റെയും ജാസ്മിന്‍ മുജാഹിദിന്റെയും വീഡിയോകള്‍ കണ്ടു. എന്റെ ഹൃദയം നിറഞ്ഞ സന്തോഷത്താല്‍ തുടിക്കുന്നതായി ഞാന്‍ തിരിച്ചറിഞ്ഞു. എന്തായാലും ദീനിനെക്കുറിച്ച് പഠിക്കണമെന്ന് ഞാന്‍ തീരുമാനിച്ചു. അങ്ങനെ 2013 മാര്‍ച്ചില്‍ ഐആര്‍എഫില്‍ കോഴ്‌സിന് ചേര്‍ന്നു. സാകിര്‍നായികിന്റെ ഭാര്യ ഫര്‍ഹാ നായിക് എന്നെ പഠനത്തില്‍ വളരെ സഹായിച്ചു. അവിടെനിന്ന് ഐആര്‍എഫിന്റെ പ്രഭാഷകയാകാനുള്ള കൂടുതല്‍ പരിശീലനങ്ങളിലേര്‍പ്പെട്ടു. ഐആര്‍എഫില്‍ ചില കോഴ്‌സുകള്‍ക്ക് ക്ലാസെടുക്കാന്‍ എന്നെ ചുമതലപ്പെടുത്തി. പത്തോളം പൊതുപ്രഭാഷണങ്ങള്‍ അതിനിടയില്‍ ഞാന്‍ നടത്തി. അതെത്തുടര്‍ന്ന് ആഗസ്റ്റ് മാസം ശ്രീനഗറില്‍ ഇസ്‌ലാമിക് പീസ് കോണ്‍ഫറന്‍സ് നടത്തി. അത് സംഘടിപ്പിക്കുന്നതില്‍, എന്റെ മനഃപരിവര്‍ത്തനംകണ്ട് സന്തോഷിച്ച പിതാവിന്റെ അകമഴിഞ്ഞ പിന്തുണയുണ്ടായിരുന്നു.

തന്റെ സോഷ്യല്‍മീഡിയ ഇടപെടലുകളില്‍ ആളുകളോട് ദൈവത്തിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശങ്ങളായിരുന്നു മുര്‍സ്‌ലീന്‍ പീര്‍സാദ പോസ്റ്റുചെയ്തിരുന്നത്. ജീവിതത്തിലെ പ്രതിസന്ധികളെ അങ്ങനെയേ പരിഹരിക്കാനാകൂ എന്നവര്‍ ഉത്‌ബോധിപ്പിച്ചു. ‘തീവ്രവാദത്തില്‍ എനിക്കൊട്ടും വിശ്വാസമില്ല. മതത്തെക്കുറിച്ച് വളരെ സ്വതന്ത്രമായ ചിന്താഗതിയാണ് എനിക്കുള്ളത്. ആവേശപ്രസംഗങ്ങളും വിദ്വേഷഭാഷണങ്ങളും ഒന്നും നമുക്ക് നേടിത്തരില്ല. അതേസമയം സ്‌നേഹവും യുക്തിയും പകര്‍ന്നുനല്‍കുന്നതായിരിക്കണം ഭാഷണം. ഇസ്‌ലാം എന്നും വിമര്‍ശനവിധേയമായിരുന്നിട്ടുണ്ട്. തികച്ചും ലളിതമായി ആര്‍ക്കുംമനസ്സിലാകുംവിധം അതിനെ പരിചയപ്പെടുത്താന്‍ നമ്മെപ്പോലുള്ള ചെറുപ്പക്കാര്‍ രംഗത്തുവരേണ്ടതുണ്ട്. അമേരിക്കക്കാരനായ നുഅ്മാന്‍ അലി ഖാന്‍ തന്റെ ഭാഷണത്തില്‍ നര്‍മോക്തികലര്‍ത്തിയാണ് ആളുകളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്നത്. അതൊരു വേറിട്ട ശൈലിയായിതോന്നുന്നുവെനിക്ക് .’ പീര്‍സാദ വെളിപ്പെടുത്തുന്നു.

എന്റെ പരിവര്‍ത്തനത്തിന് യാതൊരുബാഹ്യസമ്മര്‍ദ്ദവും ഉണ്ടായിട്ടില്ല. സ്വാഭീഷ്ടപ്രകാരമാണ് ഞാന്‍ ഹിജാബ് ധരിക്കാന്‍ തുടങ്ങിയത്. എന്റെ ജീവിതത്തില്‍ അതിനുമുമ്പൊന്നും ഉണ്ടായിട്ടില്ലാത്ത മനോധൈര്യം കൈവന്നതപ്പോഴാണ്. ആളുകളെ പ്രലോഭിപ്പിക്കുന്ന വ്യക്തിയാകാന്‍ ഞാന്‍ കൊതിച്ചില്ല. തെറ്റായ കാര്യങ്ങളിലേക്ക് ക്ഷണിക്കാന്‍ ഞാനിഷ്ടപ്പെട്ടില്ല. അതുകൊണ്ടാണ് സിനിമ ഉപേക്ഷിച്ചത്. ആ മേഖല കൈവിട്ടത് ഏറ്റവും ഉചിതമായ തീരുമാനമായി ഞാനിന്ന് കരുതുന്നു. എന്നും നല്ലആളുകളുമായി കൂട്ടുകൂടുന്നത് നമ്മെ നന്‍മയിലേക്ക് നയിക്കും.

മീഡിയകള്‍ സ്ത്രീകളെ വെറുമൊരു ഉപഭോഗവസ്തുവായി തരംതാഴ്ത്തിയിരിക്കുന്നു. അത് ജനസമൂഹത്തിലും രാഷ്ട്രത്തിലും കടുത്ത ആഘാതമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഓരോ സ്ത്രീയും തന്റെ വില മനസ്സിലാക്കണം; തന്റെ ശരീരത്തിന്റെയും. അത് ദൈവത്തെയോര്‍ത്ത് നന്നായി മറക്കുക. എന്റെ കൂട്ടുകാര്‍ മേനിപ്രദര്‍ശിപ്പിക്കുന്നവരല്ല,മറിച്ച് അല്ലാഹുവില്‍ വിശ്വസിക്കുന്നവരാണ്. ആണ്‍കുട്ടികളും പാര്‍ട്ടിയും ഫാഷനുമല്ല അവരുടെ ലക്ഷ്യം; സ്വര്‍ഗമാണ്.

ഇന്നത്തെ മുസ്‌ലിംയുവതയില്‍ ഭൂരിപക്ഷവും പാട്ടുകള്‍ക്ക് പിന്നാലെയാണ്. അവര്‍ ഖുര്‍ആന്‍ വായിച്ചത് അറബിയില്‍ മാത്രമാണ്. അതിന്റെ ആശയം അവര്‍ക്കറിയില്ല. അവരുമായി നല്ലരീതിയില്‍ ആശയവിനിമയംനടത്തണം. കഴിഞ്ഞ കാശ്മീര്‍ പരിപാടിയില്‍ പത്തുകിലോമീറ്റര്‍മാറി ബോളിവുഡ് നടന്‍ സുഹൈല്‍ ഖാനും സുനില്‍ഷെട്ടിയും പങ്കെടുത്ത സംഗീതപരിപാടിയുണ്ടായിരുന്നു. കാശ്മീരിനെ സംബന്ധിച്ചിടത്തോളം തികച്ചും അപൂര്‍വമായ വേദിയായിരുന്നു അത്. അതിനാല്‍ ഞങ്ങളുടെ പരിപാടി ആളുകളെ ആകര്‍ഷിക്കാന്‍ കഴിയുംവിധം മറ്റെവിടെയെങ്കിലും നടത്താന്‍ ചിലര്‍ ഉപദേശിച്ചു. പക്ഷേ ഞങ്ങള്‍ ഉറച്ചുനിന്നു.അല്‍ഹംദുലില്ലാഹ് സംഗീതപരിപാടിയില്‍ 200പേര്‍ പങ്കെടുത്തപ്പോള്‍ ഞങ്ങളുടെ പരിപാടിയില്‍ 4000 പേരാണ് പങ്കെടുത്തത്. അല്ലാഹുവിന്റെ സഹായമായി ഞാനതിനെകാണുന്നു. യുവതയെക്കുറിച്ച ശുഭപ്രതീക്ഷയാണ് അത് നല്‍കുന്നത്.

Topics