ഞാനറിഞ്ഞ ഇസ്‌ലാം

വിവേകത്തിന്റെ ഭാഷയിലേക്ക് വിവര്‍ത്തിതയായി ഹാജര്‍

(ഇസ് ലാമിലേക്ക് പരിവര്‍ത്തിതയായ ബ്രസീലിയന്‍ ഭാഷാവിദഗ്ധയെക്കുറിച്ച്)

അറിവുള്ളവരും ഇല്ലാത്തവരും ഒരുപോലെയാണോ? വിചാരശീലര്‍ മാത്രമേ ആലോചിച്ചറിയുന്നുള്ളൂ.(അസ്സുമര്‍:9)

ഖുര്‍ആനില്‍നിന്ന് എന്നെ വളരെയേറെ ചിന്തിപ്പിച്ച സൂക്തമായിരുന്നു അത്.  വിവേകിയാകാന്‍ ഞാനെന്താണ് അറിയേണ്ടതെന്നോര്‍ത്ത് ഞാന്‍ ആശ്ചര്യപ്പെട്ടു. എന്താണ് യഥാര്‍ഥത്തിലുള്ള അറിവ്?
നമ്മുടെ അസ്തിത്വത്തിന്റെ പിന്നിലെ ഉദ്ദേശ്യമെന്തെന്ന് അറിയിക്കുന്നില്ലെങ്കില്‍ തത്ത്വജ്ഞാന-ഭൗതികശാസ്ത്രപുസ്തകങ്ങള്‍ വായിച്ചുതള്ളുന്നതില്‍ എന്തര്‍ഥമാണുള്ളതെന്ന് ഞാന്‍ ആലോചിച്ചു.

ഈ സമസ്യക്കുള്ള പാശ്ചാത്യന്‍വിശദീകരണങ്ങള്‍ എന്നെ നിരാശയുടെയും അരക്ഷിതത്വത്തിന്റെയും  ആഴക്കയങ്ങളിലേക്ക് തള്ളിവിടുകയാണ് ചെയ്തത്. ആ ദിനങ്ങളില്‍ ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുകയോ പ്രാര്‍ഥിക്കുകയോ ചെയ്യാറില്ലായിരുന്നു. എന്താണതിന് കാരണമെന്നെനിക്കിപ്പോഴുമറിയില്ല. ഞാന്‍ ഒരു പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യാനിയാണെങ്കിലും ഒരിക്കല്‍ ദൈവത്തില്‍ വിശ്വസിച്ചാല്‍ തൊട്ടടുത്ത ദിവസം അതൊക്കെ അസംബന്ധമെന്ന് പറഞ്ഞ് നിഷേധിക്കുകയായിരുന്നു പതിവ്. പഴയനിയമം കുറേ വായിക്കുകയും അത് പഠിക്കാന്‍ ശ്രമിക്കുകയുംചെയ്തിരുന്നു. നല്ല വര്‍ത്തമാനങ്ങളായിരുന്നുവെങ്കിലും പലതും അയഥാര്‍ഥങ്ങളായിരുന്നു. അതായത് അതെല്ലാം അപ്രായോഗികങ്ങളായിരുന്നു. ബൈബിള്‍ നിയമങ്ങള്‍ അനുസരിച്ച് ജീവിക്കാന്‍ പരിശ്രമിക്കുന്ന ആരെയും ഞാന്‍ കണ്ടിരുന്നില്ല.
 ആളുകള്‍ ഓരോ  വൈയക്തിക-സാമൂഹിക പ്രശ്‌നങ്ങളോട് എങ്ങനെ പ്രതികരിക്കുന്നുവെന്നും എന്തുനിലപാടെടുക്കുന്നുവെന്നും നിരീക്ഷിച്ചപ്പോള്‍ ശക്തന്‍ ദുര്‍ബലനെ കീഴ്‌പ്പെടുത്തുന്ന ലോകക്രമമാണ് എന്റെ കണ്‍മുമ്പില്‍ കണ്ടത്. ബൈബിളിന്റെ ഉള്ളടക്കങ്ങള്‍ സുഭാഷിതങ്ങളായിരുന്നുവെങ്കിലും മനുഷ്യരുടെ ആവിഷ്‌കാരമെന്നതില്‍കവിഞ്ഞ് മറ്റൊന്നുമല്ലെന്ന് ഞാന്‍ തീര്‍ച്ചപ്പെടുത്തി.

ശൂന്യലോകത്തേക്ക്
മതം ദരിദ്രരെയും അഗതികളെയും അനാഥകളെയും  സംതൃപ്തരാക്കാനും കന്നുകാലികളെപ്പോലെ കീഴ്‌പ്പെടുത്തിവെക്കാനും ഉള്ള ഉപാധിമാത്രമായിരുന്നു. ജനങ്ങളെ മയക്കുന്ന ഒരു കറുപ്പുമാത്രമാണതെന്ന് എനിക്ക് തോന്നി. അനിയന്ത്രിതസ്വഭാവങ്ങളുള്ള ജനതയെ നിയന്ത്രിച്ചുനിര്‍ത്താനും അന്യരെ പരസ്യമായി കൊലചെയ്യുന്നതില്‍നിന്ന് തടയാനും വേണ്ടി ഏതാനും ധാര്‍മിക-സദാചാരനിയമങ്ങളുമായി അത് നിലകൊള്ളുന്നുവെന്നുമാത്രം. ഈ വക ചിന്തകളുമായി മുന്നോട്ടുപോയപ്പോള്‍ മതങ്ങളില്‍ എനിക്ക് വിശ്വാസം നഷ്ടപ്പെടുകയായിരുന്നു. ഞാന്‍ ചിന്തിച്ചു:’ദൈവമുണ്ടായിരുന്നുവെങ്കില്‍ അവന്‍ പരിഹാസ്യനും അനീതി പ്രവര്‍ത്തിക്കുന്നവനുമാണ്. അനീതിവര്‍ത്തിക്കുന്നവരുമായി എനിക്ക് യാതൊരു ബന്ധവുമില്ല.’
എനിക്കുചുറ്റുമുള്ളവരെപ്പോലെ വായനയും ചര്‍ച്ചയുമായി നടക്കാന്‍ ഞാനിഷ്ടപ്പെട്ടില്ല. ജോലിക്കുപോകുക, തിരിച്ചുവീട്ടിലെത്തുക, ടിവികണ്ടിരിക്കുക,തിന്നുക,ഉറങ്ങുക , പൈങ്കിളിനോവല്‍ വായിച്ചിരിക്കുക, ഷോപിങ് നടത്തുക ഇത്രയും സാധിച്ചാല്‍ ജീവിതം സന്തുഷ്ടം എന്നായിരുന്നു എന്റെ കാഴ്ചപ്പാട്. പക്ഷേ, തിരിച്ചുവരവ് സാധ്യമല്ലാത്ത മാര്‍ഗത്തിലാണ് ഞാനെന്ന് തിരിച്ചറിഞ്ഞില്ല.ഞാന്‍ ജീവിച്ചിരിക്കുന്നതില്‍ എന്തെങ്കിലും പ്രയോജനമുണ്ടെന്ന് അതുവരെയുള്ള കാഴ്ചയിലും വായനയിലും നിരീക്ഷണത്തിലും എനിക്ക് തോന്നിയില്ല.
ചോദ്യങ്ങള്‍ ചോദിക്കുന്നത് നിര്‍ത്തി അവയ്‌ക്കെല്ലാം സ്വയം ഉത്തരം ചമച്ചു. അതായത്, ഈ ലോകവും അതിലെ സമഷ്ടിജീവജാലങ്ങളും യാദൃശ്ചികയാ ഉണ്ടായതാണ്. സൃഷ്ടിപ്പിനുപിന്നിലെ രഹസ്യങ്ങള്‍ക്ക് അങ്ങനെ പരിഹാരംകണ്ടെത്തുകയായിരുന്നു ഞാന്‍.  ചുറ്റും നടമാടുന്ന അനീതികളും അധികാരിവര്‍ഗത്തിന്റെ ഉപജാപങ്ങളും കണ്ടുകൊണ്ട് അപ്പോഴും എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. ഇവയെ പ്രതിരോധിക്കാന്‍ ഒരു പക്ഷം ചേരേണ്ടതുണ്ടായിരുന്നു.

ഇസ്‌ലാമിനെയും മുസ്‌ലിംകളെയും അറിഞ്ഞപ്പോള്‍
മുസ്‌ലിംകളെയും അവരുടെ വിശ്വാസപ്രമാണങ്ങളെയും പറ്റി ഞാന്‍ പഠിക്കാന്‍ തീരുമാനിച്ചു. മറ്റു ദുര്‍ബലരും പീഡിതരുമായ സമൂഹത്തെപ്പറ്റി എനിക്കുപഠിക്കാമായിരുന്നു. ആര്‍ക്കറിയാം , പക്ഷേ അല്ലാഹുവിന്റെ തീരുമാനമതായിരുന്നു. ഇസ് ലാമിനെക്കുറിച്ച് എനിക്ക് മുന്‍പരിചയമില്ലായിരുന്നു. പാശ്ചാത്യര്‍ ‘ഭീകര’രെന്ന് വിശേഷിപ്പിക്കുന്ന മുസ്‌ലിംകളെക്കുറിച്ച് അറിയണമെന്ന് ആഗ്രഹിച്ചിരുന്നു. മാധ്യമങ്ങളില്‍ അവരെ ഭീകരരായി ചിത്രീകരിക്കുന്നുണ്ടെങ്കില്‍ അതിനുപിന്നില്‍ എന്തെങ്കിലും നിഗൂഢതകളുണ്ടാകുമെന്ന് ഞാന്‍ ഊഹിച്ചു.
മുസ്‌ലിംകളെയും ഇസ് ലാമിനെയും കുറിച്ച് അടുത്തറിയണമെങ്കില്‍ അവരുമായി അടുത്ത് ബന്ധപ്പെടണം. എന്റെ നാടായ ബ്രസീലില്‍ മുസ്‌ലിംകള്‍ വളരെ ചുരുക്കമായിരുന്നു. അതിനാല്‍ ഇന്റര്‍നെറ്റിലെ ചാറ്റ്‌റൂമിലെത്തി ഒട്ടേറെ പേരുമായി പരിചയപ്പെട്ടു. അതില്‍ സൗദിചെറുപ്പക്കാരനായ നിസാര്‍ ഖബാനിയുമായി സംസാരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ‘അയാം വിത് ടെററിസം ‘ എന്ന കവിതയെപ്പറ്റി അറിയാനിടയായി. അതില്‍ ഒട്ടേറെ സ്ഥലങ്ങളില്‍നടന്ന അധിനിവേശങ്ങളെയും യുദ്ധങ്ങളെയും പറ്റി സൂചനകളുണ്ടായിരുന്നു. ആ സ്ഥലപ്പേരുകളൊക്കെ ഞാനാദ്യമായി കേള്‍ക്കുകയായിരുന്നു. എന്റെ ലോകവിവരമില്ലായ്മയോര്‍ത്ത് ഞാന്‍ ലജ്ജിച്ചു. മറ്റൊരിക്കല്‍ വേറെയൊരു ചാറ്റിങ് സുഹൃത്തിനെ(ഇപ്പോള്‍എന്റെ ഉറ്റസുഹൃത്ത്)പരിചയപ്പെട്ടപ്പോള്‍ അദ്ദേഹം എനിക്ക് ഖുര്‍ആന്‍ സൈറ്റിനെ പരിചയപ്പെടുത്തി. ഖുര്‍ആന്‍ ഭാഷാന്തരം ചെയ്തവ എനിക്ക് വായിക്കാനായി. ചെറിയ അധ്യായങ്ങള്‍ ഞാന്‍ വായിച്ചുകൊണ്ടിരുന്നു. അതിനിടയില്‍ അറബിയില്‍ തലക്കെട്ടുള്ള ഒരധ്യായം  കണ്ട് ഞാന്‍ ഇംഗ്ലീഷില്‍ അതിന്റെ അര്‍ഥമെന്തെന്ന് ചോദിച്ചു. ‘അന്ത്യനാള്‍’ എന്നത്രെ അതിന്റെ ഉദ്ദേശ്യം. ഞാന്‍ ആ അധ്യായം തെരഞ്ഞെടുത്തതറിഞ്ഞ്  സുഹൃത്ത് അത്ഭുതപ്പെട്ടു.
ഞാനിപ്പോഴും ആ സുഹൃത്തിനോട് പറഞ്ഞത് ഓര്‍ക്കുന്നു: ‘സര്‍വജ്ഞാനിയും സര്‍വപ്രതാപിയും അനാദിയും ദണ്ഡകനുമായ ഒരു ദൈവമുണ്ടെന്നതൊന്നും എന്റെ വിഷയമല്ല. യുക്തിയുടെയും ആശ്വാസത്തിന്റെയും രക്ഷയുടെയും വാക്കുകളാണ് എനിക്കാവശ്യം.’
അക്കാലത്ത് ഞാനുറങ്ങാന്‍ കിടക്കുമ്പോഴൊക്കെ മരണം എന്നെ പിടികൂടിയിരുന്നെങ്കിലെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. പക്ഷേ, എന്നും പുലര്‍ച്ചെ എഴുന്നേല്‍ക്കാനായിരുന്നു എന്റെ വിധി. മരണത്തോടുള്ള എന്റെ  പ്രതിപത്തി കൂടുതല്‍ തീവ്രതരമാവുകയായിരുന്നു.

ബ്രസീല്‍നിന്ന് ജര്‍മനിയിലേക്ക്
ഒരു ദിവസം കടുത്ത വിഷാദം എന്നെ പിടികൂടി. മുസ് ലിംകള്‍ ചെയ്യുന്നതുപോലെ ഞാന്‍ വുദുവെടുത്ത് ഞാന്‍ സുജൂദില്‍ കിടന്നു പ്രാര്‍ഥിച്ചു: ‘ദൈവമേ ! നീ യഥാര്‍ഥത്തില്‍ ഉണ്ടെങ്കില്‍ എന്നെ ഈ വിഷമസന്ധിയില്‍നിന്ന് കരകയറ്റേണമേ, ശരിയായ വഴിയില്‍ നയിക്കേണമേ’
അല്‍ ഹംദു ലില്ലാഹ്! ദൈവമെന്നെ സഹായിച്ചു. എന്റെ ഹൃദയത്തില്‍നിന്ന് ഭാരമേറിയ എന്തോ ഒന്ന് ഒഴിഞ്ഞുപോയതുപോലെ അനുഭവപ്പെട്ടു. ഞാന്‍ തേടിക്കൊണ്ടിരുന്ന സമാധാനം എനിക്ക് ലഭിച്ചു.
എന്റെ ജര്‍മന്‍ ക്ലാസില്‍ ചില സഹോദരിമാര്‍ എന്നെ ഒട്ടേറെ സഹായിച്ചു. പല കാര്യങ്ങള്‍ക്കും അവര്‍ നിര്‍ദ്ദേശം നല്‍കി. വായിക്കാനുതകുന്ന ഇസ് ലാമികവിഷയങ്ങളിലുള്ള പുസ്തകങ്ങളും ഖുര്‍ആനും സമ്മാനിച്ചു.
ഞാന്‍ ഖുര്‍ആന്‍ തുറന്നുവായിച്ചു. അതിലിങ്ങനെ എഴുതിയിരുന്നു:
‘ജിന്നുകളെയും മനുഷ്യരെയും എനിക്ക് വഴിപ്പെട്ടു ജീവിക്കാനല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല.'(അദ്ദാരിയാത്ത്:56)
‘നിങ്ങളില്‍ ചിലരെ മറ്റുചിലര്‍ക്ക് നാം പരീക്ഷണമാക്കിയിരിക്കുന്നു. നിങ്ങള്‍ ക്ഷമിക്കുമോ എന്നറിയാന്‍. നിന്റെ നാഥന്‍ എല്ലാം കണ്ടറിയുന്നവനാണ്.'(അല്‍ ഫുര്‍ഖാന്‍20)
എന്റെ എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള മറുപടി അതിലുണ്ടായിരുന്നു.
എന്റെ ജീവിതം മാറിമറഞ്ഞില്ല. അതെപ്പോഴും സുഖ-ദുഃഖ സമ്മിശ്രമായിരുന്നു. പക്ഷേ, അവയെ സമീപിക്കേണ്ടതെങ്ങനെയെന്നതില്‍ എന്റെ കാഴ്ചപ്പാട് മാറിയിരുന്നു. ‘അരുത്’ എന്നുപറഞ്ഞതോടൊപ്പം ‘അതെ’യെന്നും അല്ലാഹു എന്നോടുപറഞ്ഞു. അല്ലാഹുവാണ് എന്റെ ദൈവമെന്നും അവനാണ് എന്റെ നാഥനെന്നും അവന്റെ വിലക്കുകളെനിക്കിഷ്ടമാണെന്നും ഇപ്പോള്‍ ഞാന്‍ അറിയുന്നു. അതിനാല്‍ ഞാന്‍ സദാ കൃതജ്ഞനായിരിക്കും.

Topics