ഞാന്‍ അവിവാഹിതയാണ്. അതുകൊണ്ടെന്താ?.. അവള്‍ വളരെ രോഷത്തോടെ മൊഴിഞ്ഞു. വിവാഹംകഴിഞ്ഞില്ലേയെന്ന പലരുടെയും ചോദ്യം അവള്‍ അഭിമുഖീകരിച്ചപ്പോഴൊക്കെ എടുത്തടിച്ചപോലെ നല്‍കിയമറുപടി അതായിരുന്നു.
വിവാഹം കഴിഞ്ഞില്ലെന്നു കരുതി എന്താണ് കുഴപ്പം? വിവാഹം കഴിക്കുകയും കുട്ടികളുണ്ടാവുകയും ചെയ്‌തെങ്കിലേ ജീവിതം സഫലമാകൂ എന്നാണോ? അതല്ല, അവള്‍ അപൂര്‍ണയാണെന്നാണോ? ഈ ചോദ്യങ്ങള്‍ക്കുനടുവിലും അവളുടെ അന്തഃരംഗം അസ്വസ്ഥമായിരുന്നു. ആരെങ്കിലും താങ്ങുംതണലുമായുണ്ടായിരുന്നെങ്കില്‍ എന്ന് അവള്‍ ആഗ്രഹിച്ചു. അവള്‍ കണ്ടുമുട്ടുന്നവരെല്ലാം വിവാഹത്തെക്കുറിച്ചാണ് അന്വേഷിച്ചത്. അവളില്‍ എന്തോ ഒരു ന്യൂനതയുണ്ടെന്ന് അവര്‍ കരുതി.
പാരമ്പര്യസമൂഹങ്ങളിലൊക്കെ സ്ത്രീയെ മാതാവും ഭാര്യയുമായാണ് ആളുകള്‍ കണക്കാക്കുന്നത്. അവളുടെ മൂല്യം, പദവി, ആദരവ് എല്ലാം ദാമ്പത്യജീവിതം, കുടുംബബന്ധങ്ങള്‍, മാതൃത്വം എന്നിവയുമായി ബന്ധപ്പെടുത്തിയാണ് നിര്‍വചിക്കുന്നത്. ഭൂരിപക്ഷം ആണുങ്ങളും പെണ്ണുങ്ങളും ദാമ്പത്യവും സന്താനപരിപാലനവും തികച്ചും വ്യത്യസ്തമായ കോണിലൂടെയാണ് കാണുന്നതെന്നത് തീര്‍ത്തുംവേദനാജനകമാണ്.
എന്നാല്‍ കാര്യങ്ങള്‍ സ്ത്രീക്കും പുരുഷനും ഒരേപോലെയല്ല കണക്കാക്കുന്നത്. അവിവാഹിതനായ പുരുഷന്‍ അംഗീകരിക്കപ്പെടുമ്പോള്‍ അവിവാഹിതയായ പെണ്ണ് നിരന്തരം ചോദ്യംചെയ്യപ്പെടുകയും തെറ്റായി മുദ്രകുത്തപ്പെടുകയുംചെയ്യുന്നു.
അതിന്റെ ഫലമായി അവിവാഹിതകളും ഇപ്പോഴും വരനെ അന്വേഷിക്കുന്ന പെണ്ണുങ്ങളും തങ്ങള്‍ സദാ നിരീക്ഷിക്കപ്പെടുന്നുവെന്ന നിസ്സഹായാവസ്ഥയിലാണ്. ആളുകള്‍ക്കൊക്കെ വിശദീകരണംനല്‍കേണ്ട ഗതികേടിലാണവര്‍. അതിന്റെ ഫലമായി പലരുടെയും സൗഹൃദങ്ങളും കുടുംബബന്ധങ്ങളും തകര്‍ന്നുപോയിട്ടുണ്ട്. പലപ്പോഴും സമൂഹം സ്ത്രീവര്‍ഗത്തിന്റെ അത്തരം അവസ്ഥകളെ പൊതുപ്രസ്താവനകള്‍കൊണ്ട് കുറ്റപ്പെടുത്താന്‍ മുതിരുന്നത് കാര്യങ്ങളെ കൂടുതല്‍ വഷളാക്കുന്നു.
സ്ത്രീകളും വൈവിധ്യങ്ങളും
മനുഷ്യജനതതന്നെ വൈവിധ്യം പുലര്‍ത്തുന്നുവെന്നതുപോലെ സ്ത്രീജനങ്ങളും വ്യത്യസ്തമാണ്. ബഹുഭൂരിപക്ഷം സ്ത്രീകളും മാതാവും ഭാര്യയുമാകാന്‍ കൊതിക്കുന്നുവെന്നത് ശരിയാണ്. അതുപോലെ എല്ലാ സ്ത്രീകളും ആകണമെന്ന് നിര്‍ബന്ധം പിടിക്കുന്നത് തെറ്റാണ്. മാതാക്കളും ഭാര്യമാരും ആയിരിക്കെത്തന്നെ അവരോരോരുത്തരും വ്യത്യസ്തസംഭാവനകള്‍ മറ്റുമേഖലകളില്‍ നല്‍കുന്നവരായിരിക്കും.
പെണ്ണ് വിവാഹിതയായില്ലെങ്കില്‍ അപൂര്‍ണയാണെന്നും വിലകുറഞ്ഞവളാണെന്നും എന്തോകുറവുണ്ടെന്നും സമൂഹവും സംസ്‌കാരവും തിടുക്കത്തില്‍ വിധിയെഴുതുന്നതോടെ പ്രശ്‌നം ഉടലെടുക്കുന്നു. ഇനി വിവാഹിതയായാലും പ്രശ്‌നമവസാനിക്കുന്നില്ല. അവള്‍ ഗര്‍ഭിണിയാവുകയും ആണ്‍-പെണ്‍കുട്ടികളെ പ്രസവിക്കുകയുംവേണം.
സ്ത്രീകളെ ആദരിക്കുകയും സ്‌നേഹിക്കുകയുംചെയ്ത പ്രവാചകന്‍
ചരിത്രത്തിലുടനീളം സ്ത്രീകള്‍ മാതാക്കളായിരുന്നുവെന്നതില്‍ സംശയമില്ല. കാരണം പുരുഷന്‍മാര്‍ക്ക് അത്തരം കഴിവ് നല്‍കപ്പെട്ടിട്ടില്ലെന്നതുതന്നെ. എന്നാലും ആധുനികീകരണകാലത്ത്, ഭാര്യമാരെന്നും മാതാക്കളെന്നുമുള്ള സ്ത്രീകളെക്കുറിച്ച പരികല്‍പന വളരെയധികം വെല്ലുവിളിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. അതിന്റെ ഫലമായി രണ്ടുവ്യത്യസ്തഗ്രൂപുകള്‍ ഉടലെടുത്തിരിക്കുന്നു.
ആദ്യഗ്രൂപ്പ് യാതൊരുമാറ്റങ്ങള്‍ക്കും സമ്മതിക്കാത്ത മനസ്സിനുടമകളാണ്. സ്ത്രീകളെല്ലാവരും ഭാര്യമാരും മാതാക്കളും അല്ലാതിരുന്നാല്‍ ലോകക്രമം അവതാളത്തിലാകുമെന്നവര്‍ ഉറച്ചുവിശ്വസിക്കുന്നു. അതല്ലാത്ത കര്‍മകാണ്ഡങ്ങള്‍ സ്ത്രീകള്‍ക്കുണ്ടെന്ന് അവര്‍ വിശ്വസിക്കുന്നില്ല.
വിവാഹത്തെയും മാതൃത്വത്തെയും പൂര്‍ണമായും നിരാകരിക്കുന്ന കൂട്ടരാണ് രണ്ടാമത്തെ വിഭാഗം. കാരണം അതുരണ്ടും സ്ത്രീകളുടെ സ്വാതന്ത്ര്യത്തെയും വളര്‍ച്ചയെയും തടയുമെന്ന് അവര്‍ വിശ്വസിക്കുന്നു.
ഖുര്‍ആന്റെ കാഴ്ചപ്പാട്
സ്ത്രീകളുടെ വൈവിധ്യവും അവരുടെ കര്‍മകാണ്ഡവും എങ്ങനെയെല്ലാമാണെന്ന് വ്യക്തമാക്കുന്ന സൂക്തങ്ങള്‍ അല്ലാഹു അവരെ എങ്ങനെയെല്ലാം നോക്കിക്കാണുന്നുവെന്നതിന് തെളിവാണ്. സാംസ്‌കാരികമേല്‍കോയ്മയില്‍ സമകാലീനമുസ്‌ലിംസമൂഹങ്ങളുടെ സ്ത്രീകളെക്കുറിച്ച കാഴ്ചപ്പാടിന് വിരുദ്ധമാണ് അവയെല്ലാം. ഖുര്‍ആന്‍ അത്തരം സങ്കുചിതവീക്ഷണങ്ങളെ തള്ളിക്കളയുകയും അവരുടെ പ്രകൃതിയെ സന്തുലിതമായി നോക്കിക്കാണുകയുംചെയ്യുന്നു. ഒട്ടേറെ സ്ത്രീകഥാപാത്രങ്ങളെ ഖുര്‍ആന്‍ വരച്ചുകാട്ടുന്നു. അവരെല്ലാവരും വെറും ഭാര്യമാരും മാതാക്കളും മാത്രമാല്ലെന്ന വസ്തുതയാണ് നമുക്ക് ബോധ്യമാകുക.
ഇംറാന്റെ മകള്‍ മര്‍യം ഭക്തയും അനുസരണയുളളവളും വിശുദ്ധയുമായി അല്ലാഹുവില്‍ സ്വയംസമര്‍പ്പിതയായി ജീവിച്ചവരാണ്. ഫറോവയുടെ ഭാര്യ ഭര്‍ത്താവിന്റെ ഭരണകാര്യങ്ങളില്‍ ശക്തമായ സ്വാധീനംചെലുത്തിയിരുന്നവരായിരുന്നു.
മിസ്‌റി(ഈജിപ്ത്)ലെ അസീസിന്റെ ഭാര്യയെ ബുദ്ധിമതിയും ആളുകളെ ബോധ്യപ്പെടുത്താന്‍കഴിയുംവിധം തന്ത്രശാലിയുമായാണ് ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. ഇബ്‌റാഹീം നബിയുടെ ഭാര്യ ഹാജര്‍ മക്ക നഗരത്തിന്റെ സ്ഥാപകയാണെന്ന് പ്രത്യക്ഷത്തില്‍ പറഞ്ഞില്ലെന്നേയുള്ളൂ. സബഇലെ രാജ്ഞിയെ അവരുടെ രാഷ്ട്രീയകര്‍തൃത്വശേഷിയും ബുദ്ധിയും എടുത്തുപറഞ്ഞ് പരിചയപ്പെടുത്തുന്നു. ആണ്‍കോയ്മയുടെ കാലത്തും ശുഐബ് പ്രവാചകന്റെ രണ്ടുപെണ്‍മക്കളെ അവരുടെ പിതാവിന്റെ സംരക്ഷകരായി എടുത്തുപറയുന്നു.
ഖദീജ(റ)യുടെ ജീവിതചരിത്രം ഖുര്‍ആന്‍ പറയുന്നില്ലെങ്കിലും അത് പ്രസിദ്ധമാണ്. വിജയത്തിന്റെ ഉത്തുംഗതയില്‍ എത്തിയ വണികപ്രമുഖയായിരുന്നുഅവര്‍. സ്വഹാബി വനിതയായ ഖൗല നബിയോടൊപ്പം യുദ്ധങ്ങളില്‍ പങ്കെടുത്ത വനിതയായിരുന്നു. അതേസമയം ഭാര്യമാരും മാതാക്കളുമെന്ന നിലയില്‍ ഖുര്‍ആനില്‍ ചില വനിതകളുടെ ചരിത്രം പറയുമ്പോഴും മറ്റുള്ളവരെ വാര്‍പ്പുമാതൃകളായി പറയാതെ തങ്ങളുടേതായ ഇടം നേടിയെടുത്തവരെന്ന നിലയിലാണ് അവരെ പരിചയപ്പെടുത്തുന്നതെന്ന് നമുക്ക് കാണാം.
മര്‍യമിന്റെ കഥ
മര്‍യം (റ) ചരിത്രംഅറിഞ്ഞതില്‍വെച്ച് ഏറ്റവുമധികം ആദരിക്കപ്പെട്ട മഹതിയാണ്. അവര്‍ക്കുള്ള ഉന്നതസ്ഥാനവും മഹത്ത്വവും ഖുര്‍ആനിലെ അധ്യായമായ സൂറ അല്‍ മര്‍യമില്‍ അല്ലാഹു ഊന്നിപ്പറയുന്നു. അവരുടെ ആ മഹത്ത്വം ഈസായെ ഗര്‍ഭം ധരിച്ചതും പ്രസവിച്ചതും കൊണ്ടുമാത്രം ഉണ്ടായതല്ലെന്നത് ശ്രദ്ധേയമാണ്. അല്ലാഹുവിനോടുള്ള ഭക്തിയും സമര്‍പ്പണവും വിശുദ്ധിയും വിശ്വാസവും ഖുര്‍ആന്‍ആവര്‍ത്തിച്ച് വ്യക്തമാക്കുന്നതതുകൊണ്ടാണ്.അവരുടെ മാതാപിതാക്കളെക്കുറിച്ചും മകനായ ഈസാ(അ)യെക്കുറിച്ചുമുള്ള പരാമര്‍ശം ഉണ്ടെങ്കിലും അവരുടെ അചഞ്ചലവിശ്വാസത്തെ ഊന്നിയാണ് ചരിത്രകഥനം ഉള്ളത്.
മര്‍യമിനെ പരാമര്‍ശിക്കാന്‍ മാതാപിതാക്കളെയോ , ഈസാനബിയെയോ ഭര്‍ത്താവിന്റെ തണലോ ആവശ്യമില്ലായിരുന്നു. മര്‍യമിന് ദാമ്പത്യജീവിതമുണ്ടായോ എന്ന കാര്യം പോലും ഖുര്‍ആന്‍ പറയുന്നേയില്ല. മഹത്ത്വത്തിന് മാനദണ്ഡമാകുന്നത് ദാമ്പത്യവും സമൂഹത്തിലെ സ്ഥാനമാനങ്ങളുമല്ല മറിച്ച്, വിശ്വാസവും കര്‍മവും ആണെന്നര്‍ഥം.
ഫറോവയുടെ പത്‌നി(ആസിയ)
ഫറോവയുടെ പത്‌നിയായിട്ടും ഖുര്‍ആന്‍ ആസിയയെ പരിചയപ്പെടുത്തുന്നത് സ്വതന്ത്രവ്യക്തിത്വമുള്ള സ്ത്രീയായാണ്. ഫറോവയുടെ ആധിപത്യത്തെയും അവകാശവാദങ്ങളെയും അവര്‍ തള്ളിക്കളഞ്ഞു. ആ ഏകാധിപതിയുടെ സമ്പത്തോ സ്ഥാനമാനങ്ങളോ ആ മഹതിയെ പ്രലോഭിപ്പിച്ചില്ല. ചരിത്രത്തില്‍ അവര്‍ നായകസ്ഥാനത്ത് എത്തിപ്പെട്ടത് രണ്ടുകാരണങ്ങളാലാണ്: ശിശുവായ മൂസായുടെ ജീവന്‍ രക്ഷപ്പെടുത്തി. ആ ശിശുവിനെ ദത്തുപുത്രനായി സ്വീകരിക്കാന്‍ ഫറോവയെ പ്രേരിപ്പിച്ചു.
സാധാരണ മുസ്‌ലിംസ്ത്രീകള്‍ അണിയറയ്ക്കുപിന്നിലായി നിലകൊണ്ട് ഭര്‍ത്താവിന്റെ ഇംഗിതങ്ങള്‍ക്ക് വഴങ്ങുന്നവരായിരിക്കും. എന്നാല്‍ താന്‍ അത്തരക്കാരില്‍പെട്ടവളല്ലെന്ന് അവര്‍ തെളിയിച്ചു. മൂസായെ ദത്തെടുക്കാന്‍ അവര്‍ ഔത്സുക്യംകാട്ടുകയും അദ്ദേഹത്തെ പരിചരിക്കുകയുംചെയ്തു. ഭര്‍ത്താവിന്റെ ഏകാധിപത്യത്തെയും മതനിന്ദയെയും എതിര്‍ത്തു. തന്റെ പ്രശസ്തമായ പ്രാര്‍ഥനയിലൂടെ ഭര്‍ത്താവിന്റെ ഏകാധിപത്യത്തില്‍നിന്ന് അല്ലാഹുവിനോട് മോചനം അര്‍ഥിച്ചു.(അവര്‍ അല്ലാഹുവോട് ഇങ്ങനെ പ്രാര്‍ഥിച്ചു: എന്റെ നാഥാ! എനിക്കു നിന്റെയടുത്ത് സ്വര്‍ഗത്തിലൊരു വീട് ഉണ്ടാക്കിത്തരേണമേ! ഫറവോനില്‍ നിന്നും അയാളുടെ ദുര്‍വൃത്തിയില്‍നിന്നും എന്നെ രക്ഷിക്കേണമേ! -അത്തഹ്‌രീം 11)
സബഇലെ രാജ്ഞി
ഖുര്‍ആനിലെ അന്നംല് എന്ന അധ്യായത്തില്‍ സബഇലെ രാജ്ഞിയെപ്പറ്റി വിവരിക്കുന്നുണ്ട്. തന്റെ ജനതയെ നയിച്ചുകൊണ്ട് വിശാലമായ ഭൂപ്രദേശത്തിന്റെ അധിപതിയായിരുന്നു അവര്‍. ഹുദ്ഹുദ് പക്ഷി നല്‍കുന്ന വിവരണം ഖുര്‍ആന്‍ ഇപ്രകാരം കുറിക്കുന്നുണ്ട്:”ഞാന്‍ അവിടെ ഒരു സ്ത്രീയെ കണ്ടു. അവരാണ് അന്നാട്ടുകാരെ ഭരിക്കുന്നത്. അവര്‍ക്ക് സകല സൗകര്യങ്ങളും അവിടെയുണ്ട്. ഗംഭീരമായ ഒരു സിംഹാസനവും.'(അന്നംല് 23)
അവര്‍ക്ക് കുട്ടികളുണ്ടെന്നോ ഭര്‍ത്താവുണ്ടെന്നോ തുടങ്ങി വ്യക്തിപരമായ യാതൊന്നും അത്രപ്രാധാന്യമുള്ളതല്ലെന്ന് കണ്ടതിനാലാകാം ഖുര്‍ആന്‍ പരാമര്‍ശിക്കുന്നില്ലെന്നത് പ്രത്യേകം ശ്രദ്ധേയമാണ്. അവരും സുലൈമാന്‍ നബിയും തമ്മിലുള്ള ബന്ധം തൗഹീദിനെക്കുറിച്ച ചര്‍ച്ചയും വിലപിടിച്ച സമ്മാനങ്ങളുടെ നിരാസവും പ്രതിപാദിക്കുന്നതാണ്. അവസാനം അത്യസാധാരണവിനയവും തൗഹീദിലേക്കുള്ള സുലൈമാന്‍(അ)ന്റെ ക്ഷണത്തിന് ഉത്തരംചെയ്യാനുള്ള വിവേകവും പ്രകടിപ്പിച്ച മഹതിയെന്ന നിലക്ക് ഖുര്‍ആന്‍ അവരെ എടുത്തുപറയുന്നു.
രാജ്ഞിയുടെ സ്വഭാവമൂല്യം കുടികൊള്ളുന്നത് അവരുടെ വിവേകത്തിലും പ്രവൃത്തികളിലും സത്യമാര്‍ഗംസ്വീകരിക്കാനുള്ള സന്നദ്ധതയിലുമാണ്. ജനതയുടെ പൊതുജീവിതത്തില്‍ ഇടപെടുന്നതും അവര്‍ക്ക് നേതൃത്വംനല്‍കുന്നതും വിലക്കപ്പെട്ടതായിരുന്നതെങ്കില്‍ സുലൈമാന്‍ നബിയുടെ സംഭാഷണത്തില്‍ അത് കടന്നുവരുമായിരുന്നു. അവര്‍ രാഷ്ട്രമേധാവിയാണെന്ന യാഥാര്‍ഥ്യത്തെ അദ്ദേഹം ചോദ്യംചെയ്തില്ല. അവരുടെ വിശ്വാസവും മൂല്യങ്ങളും എന്തെന്നതായിരുന്നു അദ്ദേഹത്തിന്റെ ചിന്ത.
ഈജിപ്തിലെ പ്രഭുവിന്റെ ഭാര്യ
യൂസുഫ് നബി(അ)യുടെ ചരിത്രകഥനം നടത്തിയ ഖുര്‍ആന്‍ അദ്ദേഹത്തെ പ്രഭുവിന്റെ ഭാര്യ വശീകരിക്കാന്‍ ശ്രമിച്ചതും അതിനെ ചെറുത്ത യൂസുഫിന്റെ വിശുദ്ധിയുടെ മുന്‍പിന്‍ പ്രഭ്വി പരാജയമടഞ്ഞതും വിവരിക്കുന്നു. പശ്ചാതാപവിവശയായി പ്രഭ്വി കുറ്റസമ്മതംനടത്തുന്നതോടെ വിവരണം അവസാനിക്കുന്നു. ആ അധ്യായത്തില്‍ പലപ്രാവശ്യവും പ്രഭ്വിയെ മുഖ്യകഥാപാത്രമായി ഖുര്‍ആന്‍ സൂചിപ്പിക്കുന്നുണ്ട്. അതേസമയം ആ പ്രഭുവിനെക്കുറിച്ച കാര്യമായ പരാമര്‍ശമേയില്ല. അവര്‍ക്ക് മക്കളുണ്ടായിരുന്നെന്നോ ഇല്ലെന്നോ മറ്റുള്ള ദാമ്പത്യത്തിന്റെ വിശദാംശങ്ങളില്ല.
യൂസുഫിനോട് പ്രഭ്വിക്കുണ്ടായ പൈശാചികമോഹമാണ് കഥാതന്തു. അവസാനം അവര്‍ക്ക് പശ്ചാത്തപിക്കേണ്ടിവന്നു. അവര്‍ പൈശാചികമോഹങ്ങളുള്ളപ്പോഴും പശ്ചാത്തപിക്കുമ്പോഴും സ്വതന്ത്രവ്യക്തിത്വം വെച്ചുപുലര്‍ത്തി. വശീകരണതന്ത്രവുമായി മുന്നോട്ടുനീങ്ങിയ അവര്‍ പ്രഭുവിനെക്കാള്‍ മോശം പദവിയിലായിരുന്നു. എന്നാല്‍ പിന്നീട് സ്വയം കുറ്റമേറ്റുപറഞ്ഞ് പശ്ചാത്തപിച്ചതോടെ ഉന്നതപദവിയിലെത്തി. അതിലൊന്നും ഭര്‍ത്താവിന്റെ ആശ്രയമോ പ്രോത്സാഹനമോ ത്വരകമായില്ല.
യൂസുഫ് നബി (അ)അവരെ വിവാഹംകഴിച്ചുവോ ഇല്ലയോ എന്ന ഗവേഷണങ്ങളിലേക്ക് വരെ ചരിത്രകാരന്‍മാര്‍ കടന്നുവെന്നതാണ് രസകരമായ വസ്തുത. അതിനെ എതിര്‍ക്കാനോ അനുകൂലിക്കാനോ പോകാതെ ഖുര്‍ആന്‍ ബുദ്ധിപൂര്‍വമായ നിലപാട് കൈക്കൊണ്ടു. അല്ലെങ്കിലും അതിന് യാതൊരു പ്രാധാന്യവുമില്ലല്ലോ. ഒരു സ്ത്രീയുടെ വിവേകത്തിനും കുറ്റമേറ്റുപറച്ചിലിനും ദാമ്പത്യത്തിനോ പ്രേമനാടകത്തിനോ പങ്കില്ലെന്നതാണ് യാഥാര്‍ഥ്യം. സ്ത്രീയുടെ മഹത്ത്വവും മൂല്യവും ഭര്‍ത്താവിനെയോ സന്താനങ്ങളെയോ ആശ്രയിച്ചല്ല നിലകൊള്ളുന്നതെന്ന് ഇത് തെളിയിക്കുന്നു.
വേറെയും സ്ത്രീകഥാപാത്രങ്ങളെ ഖുര്‍ആന്‍ പരാമര്‍ശിക്കുന്നുണ്ട്. കുറച്ചുമാത്രമേ ഇവിടെ സൂചിപ്പിച്ചുള്ളൂ. വ്യത്യസ്തസാഹചര്യങ്ങളില്‍ സ്ത്രീകള്‍ തങ്ങളുടെ വിഭിന്നറോളുകളില്‍ പ്രവര്‍ത്തിച്ചതും നിലപാട് കൈക്കൊണ്ടതും ഖുര്‍ആന്‍ എടുത്തുപറയുകയും പ്രശംസിക്കുകയും ചെയ്യുന്നുവെന്നതാണ് ശ്രദ്ധേയമായത്.
അതുകൊണ്ട് സ്ത്രീകള്‍ കാര്യങ്ങളെ മാതൃത്വത്തിന്റെയും ഭാര്യാപദത്തിന്റെയും കണ്ണടയിലൂടെ മാത്രം നോക്കിക്കാണരുത്. അതേസമയം മാതൃത്വത്തിന്റെയും ഭാര്യാപദവിയുടെയും മഹത്ത്വം ഖുര്‍ആന്‍ പരാമര്‍ശിക്കുന്നതിനെ നിഷേധിക്കാനും പാടില്ല. എന്നിരുന്നാലും ഖുര്‍ആന്‍ വചനങ്ങളിലൂടെ ഒറ്റപ്പെട്ട ചരിത്രങ്ങളും പരാമര്‍ശിച്ചിട്ടുണ്ടെന്നതും നാം മറക്കരുത്. അതിനാല്‍ മുന്‍വിധികളോടെ കാര്യങ്ങളെ സമീപിക്കാതിരിക്കുന്നതാണ് വിവേകം.
*മലേഷ്യയിലെ ക്വലാലംപൂരില്‍ ഡോക്ടറായി സേവനമനുഷ്ഠിക്കുകയാണ് റൗദ മുഹമ്മദ് യൂനുസ്. ഈജിപ്തിലെ അലക്‌സാണ്ട്രിയ യൂണിവേഴ്‌സിറ്റിയില്‍നിന്ന് MBBCh എടുത്ത അവര്‍ വായനയിലും എഴുത്തിലും സാമൂഹികപ്രവര്‍ത്തനകളിലും തല്‍പരയാണ്.
Add Comment