പലര്‍ക്കും ഉണ്ടായിട്ടുള്ള അല്ലെങ്കില്‍ അവര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രശ്‌നമാണ് ഇവിടെകുറിക്കുന്നത്. നിങ്ങള്‍ക്ക് ജീവിതത്തില്‍ തൊഴിലിനെ സംബന്ധിച്ച വ്യക്തമായ ഒരു ലക്ഷ്യമുണ്ടെന്നിരിക്കട്ടെ. തന്നെ അത് വിജയത്തിലേക്ക് കൈപിടിച്ചുനടത്തും എന്ന് നിങ്ങള്‍ ഉറച്ചുവിശ്വസിക്കുന്നുമുണ്ട്.
എന്നാല്‍ ബന്ധുജനങ്ങളും സുഹൃത്തുക്കളും പരിചയക്കാരും അതില്‍നിന്ന് തികച്ചുംവ്യത്യസ്തമായി മറ്റൊരുജോലിയെപ്പറ്റി നിരന്തരം ഉപദേശിക്കുകയും അതിലേര്‍പ്പെടാന്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തുകൊണ്ടിരിക്കുന്നു. അത്തരം സാഹചര്യത്തില്‍, സ്വന്തം ഹൃദയാഭിലാക്ഷങ്ങളുടെ വിളിക്കുത്തരം നല്‍കാതെ ആളുകളുടെ അഭിപ്രായങ്ങള്‍ക്ക് ചെവികൊടുത്തുകൊണ്ട് ജീവിതത്തില്‍ ഗുരുതരമായ അബദ്ധം പ്രവര്‍ത്തിക്കുകയാണ് നിങ്ങള്‍. ഇവ്വിധമുള്ള എത്രയോ ആളുകള്‍ സമൂഹത്തില്‍ ജീവിക്കുന്നുണ്ടിന്ന്.
തങ്ങളുടെ ഹൃദയാഭിലാഷങ്ങളെ ചെവിയോര്‍ക്കാന്‍ പോലും മറന്നുപോയ, അന്യരുടെ അഭിപ്രായങ്ങള്‍ക്കുമാത്രം എപ്പോഴും വിലകല്‍പ്പിക്കുന്ന ആളുകള്‍ സ്വന്തം വ്യക്തിത്വത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതെന്തുകൊണ്ടാണ് സംഭവിക്കുന്നത്? പലപ്പോഴും അത്തരം ആളുകള്‍ തങ്ങളുടെ ചെയ്തിക്ക് ചില ന്യായങ്ങളൊക്കെ നിരത്താറുണ്ട്. എന്നാല്‍ ബന്ധുക്കളും സുഹൃത്തുക്കളും പരിചയക്കാരും തന്നെപ്പറ്റി എന്തുവിചാരിക്കും എന്ന ആശങ്കയാണ് അവരുടെ തന്റേടമില്ലായ്മക്ക് കാരണമെന്ന് മനസ്സിലാക്കാനാകും. അതായത് അവര്‍ മറ്റുള്ളവരുടെ വിമര്‍ശനത്തെ ഭയപ്പെടുന്നു. ഒരു ഏഷ്യന്‍ കുടുംബത്തില്‍ ജനിച്ച എനിക്ക് അത്തരം സംഗതികളുടെ മൂലകാരണം തിരിച്ചറിയാനാകുന്നുണ്ട്. ഏതെങ്കിലും പ്രത്യേകതരത്തിലുള്ള വസ്ത്രം ധരിച്ച് പുറത്തേക്കിറങ്ങിയാല്‍ വീട്ടിലുള്ളവര്‍ പറയാന്‍ തുടങ്ങും, ‘നീ എന്തുവസ്ത്രമാണീ ഇട്ടിരിക്കുന്നത്, ആളുകള്‍ നിന്നെപ്പറ്റി എന്തുകരുതുമെന്ന ബോധമില്ലേ?’ അല്ലെങ്കില്‍ ഏതെങ്കിലും പെണ്ണിനെ വിവാഹംകഴിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചാല്‍ ‘ആളുകള്‍ പരിഹസിച്ചുചിരിക്കുമെന്ന ചിന്ത ഇല്ലാതെപോയല്ലോ’ എന്നൊക്കെ പറഞ്ഞ് വീട്ടുകാര്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് സാധാരണനിലയില്‍ കണ്ടുംകേട്ടുംപരിചയിച്ച യാഥാര്‍ഥ്യങ്ങളാണ്. നമ്മുടേതല്ലാത്ത മറ്റെല്ലാ അഭിപ്രായങ്ങളും തെറ്റും തള്ളിക്കളയേണ്ടതും അവഗണിക്കേണ്ടതും ആണെന്നല്ല പറഞ്ഞുവരുന്നത്. മറിച്ച് അവര്‍ നമുക്കായി നിര്‍ദ്ദേശിക്കുന്നതും ചൂണ്ടിക്കാട്ടിത്തരുന്നതും എത്രമാത്രം അനുയോജ്യമാണെന്നും ഫലവത്താണെന്നും നാം സ്വയം വിലയിരുത്തി അതനുസരിച്ചാണോ നീങ്ങുന്നതെന്ന് ഉറപ്പുവരുത്തണമെന്നാണ്. മറ്റുള്ളവരുടെ വിമര്‍ശനംഭയക്കുന്നതുകൊണ്ടാണോ അവരുടെ അഭിപ്രായങ്ങള്‍ക്കൊത്ത് ചലിക്കുന്നതെന്ന് നാമെപ്പോഴും പരിശോധിക്കണം. എല്ലാറ്റിനെക്കാളും അവനവന്റെ ഹൃദയം എന്തുപറയുന്നുവെന്നതാണ് നാം ശ്രദ്ധിക്കേണ്ടത്.
ആളുകളുടെ ഇച്ഛയ്‌ക്കൊത്താണോ നാം ജീവിക്കേണ്ടത്. അതല്ല, ജീവിതത്തില്‍ നേടിയെടുത്ത തിരിച്ചറിവുകളുടെയും ബോധ്യത്തിന്റെയും അടിസ്ഥാനത്തിലോ? വളരെ മര്‍മപ്രധാനമായ ചോദ്യമാണിത്. കാരണം, ദൈവം നല്‍കിയ സ്വാതന്ത്ര്യത്തിന്റെ നിഷേധമാണ് സമ്മര്‍ദ്ദങ്ങള്‍ക്കടിപ്പെടുമ്പോള്‍ സംഭവിക്കുന്നത്. നമ്മളെന്തുചെയ്താലും ഒരിക്കലും സംതൃപ്തരാകാത്ത ഒരു കൂട്ടം ആളുകളുടെ ഇംഗിതങ്ങള്‍ക്കടിപ്പെട്ടുപോകുകയെന്ന ദുരന്തവശം കൂടിയുണ്ടതിന്. വിമര്‍ശകര്‍ നാമെന്തുതന്നെചെയ്താലും അതില്‍ സംതൃപ്തരാകില്ലല്ലോ. കാരണം നാംചെയ്യുന്നതൊക്കെയും അവര്‍ക്ക് കയ്പുറ്റതും അസന്തുഷ്ടിയുണ്ടാക്കുന്നതുമായിരിക്കും. അതിനാല്‍ അത്തരത്തില്‍ അസംതൃപ്തരായ ആളുകളെ പ്രീതിപ്പെടുത്താന്‍ നാമെന്തിന് നമ്മുടെ ഹൃദയത്തിന്റെ ആഗ്രഹങ്ങളെ ബലികഴിക്കണം?!! ലോകത്ത് ഇത്തരത്തില്‍ മറ്റുള്ളവരെ തൃപ്തിപ്പെടുത്താനായി മാത്രം ജീവിക്കുന്ന ശതകോടി മനുഷ്യരുണ്ടെന്നത് എത്രമാത്രം കഷ്ടകരമാണ്!!
സാധാരണയായി നിങ്ങളെ വിമര്‍ശിക്കുന്ന ആളുകള്‍ ഏറ്റവും അടുത്ത കുടുംബബന്ധുക്കളായിരിക്കും. അതുകൊണ്ടുതന്നെ അവരെ അവഗണിക്കാന്‍ വലിയ മനപ്രയാസമായിരിക്കും. എന്നാല്‍ പ്രധാനപ്പെട്ട ഒരു സംഗതി നാം ഇവിടെ മറക്കുകയാണ്. അതായത്, വിമര്‍ശനമൊഴിവാക്കാന്‍വേണ്ടി മറ്റുള്ളവരെ പ്രീതിപ്പെടുത്തുന്ന തിരക്കിനിടയില്‍ അല്ലാഹുവിനോട് നാളെ എന്ത് മറുപടി നല്‍കുമെന്നതാണത.്
ജീവിതവിജയം കണ്ടെത്താനാഗ്രഹിക്കുന്നവര്‍ മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ക്കും ചിന്താഗതിക്കും ഒത്ത് നീങ്ങുന്നവരായിരിക്കില്ല. അവര്‍ തങ്ങള്‍ ചെയ്യുന്ന പ്രവര്‍ത്തനത്തില്‍ ആത്മവിശ്വാസം ഉള്ളവരായിരിക്കും.
വിമര്‍ശനഭയം മറികടക്കാന്‍ ഹൃദയത്തിന്റെ ഉള്‍വിളികളെ കേള്‍ക്കാനും അതില്‍ വിശ്വാസമര്‍പ്പിക്കാനും പഠിക്കുക. തികച്ചും ലളിതമായ, എന്നാല്‍ അതിപ്രധാനമായ ആശയമാണിത്. ഒരു പ്രത്യേകവിഷയത്തില്‍ തന്റെ അനുചരനോട് മനസ്സാക്ഷിയുടെ ഉത്തരം തേടാന്‍ ഉപദേശിച്ച പ്രവാചകന്റെ ചരിത്രം നാം കേട്ടിട്ടുണ്ട്. എത്ര നിസ്സാരമായാലും കാര്യഗൗരവമുള്ളതായാലും ശരി, നമ്മുടെ മനസ്സാക്ഷി നല്‍കുന്ന വിശദീകരണമെന്തെന്നത് ശ്രവിക്കാന്‍ നാം തയ്യാറാകണം. ജീവിതാനുഭവങ്ങളില്‍നിന്ന് നാം നേടിയെടുക്കുന്ന യാഥാര്‍ഥ്യങ്ങളാണ് പുറത്തുനിന്നുള്ള നിര്‍ദ്ദേശങ്ങളെക്കാള്‍ പലപ്പോഴും നമുക്ക് ഗുണപ്പെടുകയെന്ന് തിരിച്ചറിയുക.
Add Comment