വിജയം.. ഏവരും മന്ത്രിക്കുന്ന ഒരു വാക്കാണിത്. അതെങ്ങനെ കരസ്ഥമാക്കാം എന്നതില്‍ ഒട്ടേറെ പ്രഭാഷണങ്ങളും എഴുത്തുകളും പരിശീലനപരിപാടികളും ഉണ്ടായിട്ടുണ്ട്. ഇനിയും അവസാനിക്കാത്ത ഒരു കാര്യപരിപാടിയാണത്. ഏറെയാളുകള്‍ക്കും ജീവിതത്തില്‍ വിജയത്തെക്കവിഞ്ഞ് മറ്റൊന്നും പ്രധാനമല്ല. പക്ഷേ, ഈ വിജയത്തിന് നല്‍കിയിട്ടുള്ള പരികല്പനയെക്കുറിച്ച് നമ്മിലധികപേര്‍ക്കും അറിയില്ല. അതെക്കുറിച്ചാണ് ആദ്യം ഇവിടെ പറയുന്നത്. ഇന്ന് വിജയമെന്നാല്‍ അധികമാളുകള്‍ക്കും ഭൗതികവിഭവങ്ങള്‍ വാരിക്കൂട്ടലാണ്.
വേറെചിലര്‍ക്ക് സമൂഹത്തില്‍ ആദരവും പ്രശസ്തിയും സ്ഥാനമാനങ്ങളുമാണ് അതിന്റെ നിദാനം. എന്നാല്‍ പ്രായപൂര്‍ത്തിയാകുംമുമ്പേ കുട്ടികളുടെ വിജയത്തിന് അടിസ്ഥാനമായി വര്‍ത്തിക്കുന്ന നാലുസംഗതികളെക്കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത് . ഏതാണ്ട് 14-18 വയസ്സുവരെയുള്ള വിഭാഗമാണ് അതില്‍ പെടുക.
അധികാരകേന്ദ്രങ്ങളോട് എതിരിടുന്നവര്‍
പാര്‍ക്കില്‍ മാതാപിതാക്കളോടൊപ്പം വന്ന കുട്ടി ആഹ്ലാദംപ്രകടിപ്പിച്ചുകൊണ്ട് മരത്തിന്റെ നേര്‍ക്ക് ഓടുകയാണ്. അതിന്റെ കൊമ്പില്‍ പിടിച്ചുതൂങ്ങി മുകളിലേക്ക് കയറാനാണ് ശ്രമം. അതുകണ്ട ഉമ്മയും ബാപ്പയും, മരത്തില്‍നിന്ന് വീഴുമെന്ന് ഭയപ്പെടുത്തി കുട്ടിയെ പിന്തിരിപ്പിക്കാന് തുടങ്ങി. അതൊന്നും ഗൗനിക്കാതെ മരത്തില്‍ പൊത്തിപ്പിടിച്ചുകയറാന് തുടങ്ങിയ കുട്ടിയെ അല്പസമയംകഴിഞ്ഞപ്പോള് ഉമ്മ ഓടിച്ചെന്ന് പിടിച്ചുമാറ്റാന്‍ ശ്രമിച്ചു. എന്നാല്‍ അവന് അവരുടെ കൈയില്‍ പിടിച്ചുകടിച്ചും മാന്തിയും വിടുവിക്കാന്‍ ശ്രമിച്ചു. കുട്ടി കുതറിയോടി വീണ്ടും മരത്തില്‍ അള്ളിപ്പിടിച്ചുകയറി. അതോടെ ആ കുട്ടിയെ വലിച്ചുതാഴെയിറിക്കി ആ ഉമ്മ.
അഞ്ചുമിനിറ്റ് കഴിഞ്ഞപ്പോള്‍ ആ ഉമ്മയും ബാപ്പയും കുട്ടിയുടെ മേലുള്ള പിടി അയച്ചുവിട്ടു. എന്നാല്‍ കുട്ടി വീണ്ടും മരത്തിലേക്ക് ഓടിപ്പാഞ്ഞുകയറുകയാണ്. അവന്റെ മുഖത്ത് ഇപ്പോള്‍ ആഹ്ലാദം തിരയിളകുന്നത് കാണാം. ഉമ്മയും ബാപ്പയും തൊട്ടുപിറകെയുണ്ട്. അവനാകട്ടെ, ആ മരത്തിന്റെ കൊമ്പില്‍നിന്ന് തൂങ്ങിയാടി താഴേക്കുചാടണം എന്ന നിശ്ചയദാര്‍ഢ്യത്തിലാണ്.
തന്നെപിടിക്കാന് പുറകെക്കൂടിയ മാതാപിതാക്കളുടെ നിര്‍ബന്ധബുദ്ധിയെ വകവെക്കാതെ കുട്ടി ശാഠ്യം തുടരുന്നതില്‍ ആശ്ചര്യം തോന്നുന്നുണ്ടോ?!. എല്ലാവരും പറയുന്നതുപോലെ ആ കുട്ടി മോശമാണെന്നാണോ വിലയിരുത്തപ്പെടേണ്ടത്?
മാതാപിതാക്കളെ അനുസരിക്കുന്ന, മുതിര്‍ന്നവരുടെ ചൊല്പടിക്ക് നില്ക്കുന്ന കുട്ടികളേ നല്ലവരായുള്ളൂ എന്ന വിശ്വാസമാണ് നമുക്കുള്ളത്. അത്തരക്കാര്‍ മുതിര്‍ന്നവരെ വെല്ലുവിളിക്കുകയോ അവരെ ധിക്കരിക്കുകയോ ഇല്ല. അവര്‍ ഒച്ചയിടുകയോ മറുത്തുസംസാരിക്കുകയോ ഇല്ല. മുതിര്‍ന്നവര്‍ എന്തെങ്കിലും ചെയ്യാന്‍ കല്പിച്ചാല് അതിനെ നിരസിക്കുകയില്ല. അവര്‍ നിയമവും സമ്പ്രദായവും തെറ്റിച്ചുകൊണ്ട് സ്വയം ‘ആപത്തില്‍’ ചാടുകയില്ല.
മാതാപിതാക്കളുടെ ചൊല്പടിക്ക് നില്ക്കാന് തയ്യാറല്ലാത്ത കുട്ടികള്‍ ധീരതയെന്ന സ്വഭാവഗുണമുള്ളവരാണെന്നതാണ് വാസ്തവം. അവരുടെ അനുസരണക്കേട് വലിയവര്‍ക്കും മുതിര്‍ന്നവര്‍ക്കും പക്ഷേ ദേഷ്യവും അതൃപ്തിയും സമ്മാനിക്കുമെന്ന് മാത്രം. പിടിവാശിയും അക്രമസ്വഭാവവും കാട്ടുന്ന കുട്ടികളുടെ കാര്യമല്ല ഇപ്പറഞ്ഞത്. പറയുന്നതെന്തും അടിമയെപ്പോലെ ചെയ്യാന്‍ കൂട്ടാക്കാത്ത, എളുപ്പത്തില്‍ വിധേയത്വംകാട്ടാത്ത, കുട്ടിയെപ്പറ്റിയാണ് ഇവിടെപ്പറയുന്നത്.
കുട്ടികള്‍ പ്രായത്തേക്കാള്‍ കവിഞ്ഞ പക്വതപ്രകടിപ്പിക്കുംവിധം വര്‍ത്തമാനം പറയുന്നുണ്ടെങ്കില്‍, തങ്ങള്‍ വിചാരിക്കുന്നത് ശരിയെന്ന വിശ്വാസത്തില്‍ മുന്നോട്ടുപോകുന്നുവെങ്കില്‍, നടപ്പുരീതികളെ വെല്ലുവിളിക്കുന്നുവെങ്കില്‍ അതെല്ലാം അവരുടെ ധൈര്യത്തിന്റെയും, ക്രിയാത്മകസിദ്ധിയുടെയും ഉയര്‍ന്ന ആത്മവിശ്വാസത്തിന്റെയും അടയാളമെന്ന് ഉറപ്പിക്കാം.
കാര്യങ്ങള്‍ അപകടത്തിലേക്കാണ് പോകുന്നതെന്ന് വന്നാല്‍ ചിലര്‍ക്ക് ഭീതിവര്ധിക്കും. അവര്‍ പെട്ടെന്ന് കോപാകുലരാകും. കാര്യങ്ങള്‍ പന്തികേടാണെന്നുകണ്ടാല് അവര്‍ക്ക് പദ്ധതികള്‍ മാറ്റേണ്ടതുണ്ടാകും. സമൂഹത്തിലെ മാന്യന്മാരടക്കം മുതിര്‍ന്നവര്‍ മനുഷ്യനിര്മിതവിഗ്രഹങ്ങളെ പൂജിക്കാന്‍ തയ്യാറായപ്പോള്‍ അതിനെ വെല്ലുവിളിച്ച് നിഷേധനയം പുലര്‍ത്തിയ ഇബ്റാഹീമെന്ന ചെറുപ്പക്കാരന്, അല്ലാഹുവിന്റെ നിയമങ്ങള്‍ക്കെതിരിലുള്ള എന്തിനെയും തളളിപ്പറയാനും ധാര്മികസദാചാരവിരുദ്ധ നടപടികള്‍ക്കെതിരെ നിലകൊള്ളാനും തന്റേടവും കരുത്തും കാട്ടി. അതിനാല്‍ അത്തരം സ്വഭാവഗുണങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന കുട്ടികള്‍ ധൈര്യശാലികളായ നേതാക്കന്മാരായിത്തീരുമെന്നതിന്റെ തെളിവാണ് ഇബ്റാഹീം നബി.
യുവാവായ ഇബ്റാഹീം എന്ന് സൂചിപ്പിക്കാന്‍ ഖുര്‍ആന്‍ ഉപയോഗിച്ച പദം ‘ഫതന്‍’ എന്നതാണ്. അല്‍കഹ്ഫ് അധ്യായത്തില്‍ ഗുഹാവാസികളായ ചെറുപ്പക്കാരെ വിവക്ഷിച്ചുകൊണ്ട് വന്ന ‘ഫിത്യതുന്‍’ എന്നതിന്റെ ഏകവചനമാണത്. ആ ചെറുപ്പക്കാരും ബഹുദൈവത്വത്തെ എതിര്‍ത്ത് തങ്ങളുടെ ഏകദൈവവിശ്വാസം സംരക്ഷിക്കാനായിരുന്നല്ലോ ഗുഹയിലൊളിച്ചത്.
പരിഹാസപാത്രം
നമ്മുടെ കുട്ടിക്കാലത്ത് മുതിര്‍ന്നവരുടെ വഴക്കുപറച്ചിലിലും ശാസനയിലും സീനിയര്വിദ്യാര്ഥികളുടെ പരിഹാസങ്ങളിലും മനസ്സുവേദനിച്ച അനുഭവങ്ങളുണ്ടായിട്ടുണ്ടാകും. കുട്ടികളുടെ മുമ്പാകെ ഇരട്ടപ്പേര് വിളിക്കുക, ഉപദ്രവിക്കുക, എന്നുതുടങ്ങി എല്ലാ ഉപദ്രവങ്ങള്‍ക്കും നാം വിധേയരായിട്ടുണ്ട്. അത്തരത്തില്‍ മറ്റുള്ളവരെ പരിഹസിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും നല്ല സംഗതിയല്ല. റാഗിങ് അത്തരതതിലൊന്നാണ് അത് പലപ്പോഴും കുട്ടികളുടെ മാനസികനില തകര്‍ത്തുകളയുന്നു.
എന്നിരുന്നാലും ചെറിയതോതിലുള്ള പരിഹാസങ്ങള്‍ കുട്ടികളുടെ മനസ്സിനെ ദൃഢീകരിക്കാനും കൂടുതല്‍ ആത്മവിശ്വാസം നേടിയെടുക്കാനും പരിഹസിക്കപ്പെടാന്‍ കാരണമായ ദൗര്‍ബല്യങ്ങളെ അതിജയിക്കാനും കുട്ടിക്ക് കരുത്തുപകരും.
പ്രതിസന്ധികളെ ക്ഷമാപൂര്‍വം തരണംചെയ്യുന്നതിന് പകരമായി അല്ലാഹു മനുഷ്യന് നല്കുന്ന ഇഹലോകസമ്മാനമാണത് എന്നാണ് എന്റെ അഭിപ്രായം. അല്പം കാത്തിരിക്കേണ്ടിവരുമെങ്കിലും എല്ലാവരാലും പരിഹാസ-ശകാരപാത്രമായിക്കഴിഞ്ഞിരുന്ന കുട്ടികള്‍ അവസാനം തങ്ങളുടെ എതിരാളികളെക്കാള്‍ ഉയര്‍ന്ന തലത്തിലെത്തുമ്പോള്‍ അവര്‍ സന്തോഷഭരിതരാകും.
എല്ലാവരുംചേര്‍ന്ന് ഇബ്റാഹീമിനെ വലിച്ചെറിഞ്ഞ ആ തീക്കുണ്ഠമെവിടെയെന്ന് ആരെങ്കിലും ഓര്‍ക്കാറുണ്ടോ? ഒരു രോമംപോലും കരിയാതെ സുസ്മേരവദനനായി പുറത്തുവന്ന അദ്ദേഹത്തെ പിന്തുടര്ന്നുകൊണ്ട,് സഹസ്രാബ്ദങ്ങള്‍ക്കുമുമ്പ് എറിഞ്ഞ സ്ഥലത്തുനിന്നുകൊണ്ട് ഇന്നും വര്‍ഷംതോറും ദശലക്ഷക്കണക്കായ ആളുകള്‍ കല്ലെറിഞ്ഞുകൊണ്ടിരിക്കുന്നു.
സാമ്പ്രദായികരീതികളെ വെല്ലുവിളിക്കല്‍
ഒരു കുട്ടി വാചാ -കര്‍മണാ നിലവിലുള്ള സാമ്പ്രദായികരീതികളെ വെല്ലുവിളിക്കുന്നുവെങ്കില്‍ അതിനര്‍ഥം ധീരത, നിര്‍മാണാത്മകത, നവീകരണചിന്ത, ബുദ്ധി എന്നിവയില്‍ അവന് മികച്ചുനില്‍ക്കുന്നുവെന്നാണ്. സ്കൂളില്‍ പോകുന്നആദ്യദിവസങ്ങളില് നിങ്ങളുടെ കുട്ടി അനുസരണക്കേടും മടിയും കാട്ടിയെന്നുവരും. ടീച്ചര്‍ പറഞ്ഞുകൊടുക്കുന്ന കാര്യങ്ങള്‍ എങ്ങനെചെയ്യണമെന്നറിയാതെ വരുമ്പോള്‍ അതിന്റെ പേരില്‍ കൂടുതല്‍ ശകാരങ്ങള്‍ അവന് ഏറ്റുവാങ്ങേണ്ടിവരുന്നതുകൊണ്ടായിരിക്കാം അത്. എന്തായാലും സാമ്പ്രദായികരീതികളെ വെല്ലുവിളിക്കുകയെന്നത് മറ്റൊന്നാണ്. മുതിര്‍ന്നവര്‍ ഒരു സംഗതി ചെയ്തുതീര്ക്കുന്നതില്നിന്ന് വ്യത്യസ്തമായി , അവരോട് അനുസരണക്കേട് കാട്ടാതെയും അവരെ ധിക്കരിക്കാതെയും കാര്യങ്ങളെ തന്റെതായ രീതിയില്‍ കാണാന്‍ കുട്ടി ശ്രമിക്കുന്നതാണ് അത്.
നന്നേ ചെറുപ്രായത്തില്‍ തന്നെക്കാള്‍ മുതിര്‍ന്നവര്‍ അഭിപ്രായപ്പെടുന്നതിനും വിവരിച്ചുതരുന്നതിനും വിരുദ്ധമായി തന്റെതായ രീതിയില്‍ കാര്യങ്ങള്‍ ചെയ്യണമെങ്കില്‍ അസാമാന്യമായ ആത്മവിശ്വാസവും ധൈര്യവും ഉണ്ടായേതീരൂ. ആളുകളുടെ വിശ്വാസമോ, നോട്ടമോ, വാക്കോ , പ്രവൃത്തിയോ ഗൗനിക്കുന്നില്ലെന്നും ആര്‍ക്കും തന്നെ പിന്തിരിപ്പിക്കാനാകില്ലെന്നും ഉള്ള ചിന്ത കുട്ടിയില്‍ ഉണ്ടാകുന്നുവെന്നതിന്റെ തെളിവാണത്.
നിര്‍മാണാത്മകതയും സിദ്ധിവൈവിധ്യവും ഉറച്ചനിലപാടും കൈമുതലായുള്ള കരുത്തുറ്റ മനസ്സിന്റെ ഉടമകളും ആളുകളെ തൃപ്തിപ്പെടുത്താന്‍ കൂട്ടാക്കാത്തവവരുമാണ് സാമ്പ്രദായികശീലങ്ങളെ വെല്ലുവിളിക്കുക. ഭാവിയില്‍ വിജയംകണ്ടെത്തുന്നവരായിരിക്കും അവര്‍. കാരണം, ആള്‍ക്കൂട്ടത്തെ നയിക്കാനാവശ്യമായ നേതൃഗുണമുണ്ടവര്ക്ക്.
ഗതകാലസമൂഹത്തിന്റെ ചെയ്തികളെ വെല്ലുവിളിച്ചുകൊണ്ട് രംഗത്തുവന്ന പരിഷ്കര്‍ത്താക്കളാണ് സാംസ്കാരികപുരോഗതിക്ക് എല്ലാ സംഭാവനകളും അര്‍പ്പിച്ചിട്ടുള്ളത്. വ്യത്യസ്തരീതിയില്‍ ചിന്തിക്കുക, നിഷേധാത്മകചിന്താഗതിക്കാരെ അവഗണിക്കുക, ആത്മവിശ്വാസം പുലര്‍ത്തുക, വലിയ സ്വപ്നങ്ങള്‍കാണുക, ഒറ്റക്കായാലും താന്‍ ഉദ്ദേശിച്ച രീതിയില്‍ മുന്നോട്ടുപോകുക ഇതെല്ലാം അവരുടെ സഹജശൈലിയായിരിക്കും.
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പരിശ്രമിക്കുന്ന വിശ്വാസികളുടെ സ്വഭാവവും അതുതന്നെയാണെന്ന് ഖുര്‍ആന്‍ പറയുന്നുണ്ടല്ലോ.’ദൈവമാര്‍ഗത്തില്‍ സമരം നടത്തുന്നവരും ആരുടെയും ആക്ഷേപത്തെ ഭയപ്പെടാത്തവരുമായിരിക്കും. അത് അല്ലാഹുവിന്റെ അനുഗ്രഹമാണ്. അവനിച്ഛിക്കുന്നവര്‍ക്ക് അവനതു നല്കുന്നു’ (അല്‍ മാഇദ 54)
കുറഞ്ഞ മാര്‍ക്കും ശരാശരി നിലവാരവും
സാധാരണസ്കൂളുകളിലെ പരീക്ഷാസമ്പ്രദായമനുസരിച്ച് വലിയ മാര്‍ക്കൊന്നും ലഭിക്കാത്ത, ശരാശരി ഗ്രേഡില്‍ നിലകൊള്ളുന്ന കുട്ടികള്‍ ജീവിതവിജയംകണ്ടെത്തുകയില്ലെന്നാണ് അധികപേരുടെയും വിശ്വാസം. പക്ഷേ, തങ്ങളുടെതായ പരിശ്രമങ്ങള്‍ക്ക് അവസരംലഭിക്കുന്ന പ്രായമാകുമ്പോഴേക്കും അത്തരക്കാര്‍ മറ്റെല്ലാവരെക്കാളും വളരെ ഉയരത്തില്‍ എത്തിയത് നാം കാണുന്നു.
മനുഷ്യചരിത്രത്തില്‍ ബുദ്ധിജീവികളും പ്രതിഭകളും ആയി അറിയപ്പെട്ട എല്ലാവരുടെയും കുട്ടിക്കാലവും വിദ്യാഭ്യാസകാലവും നിങ്ങളൊന്നു പരിശോധിച്ചാല്‍ ഞാനിപ്പറഞ്ഞത് ശരിയാണെന്ന് ബോധ്യമാകും. സര്വകലാശാലബിരുദവും വിദ്യാഭ്യാസസ്ഥാപനങ്ങളുമാണ് ഒരു വ്യക്തിയുടെ വിജയത്തെ നിര്‍ണയിക്കുന്നതെന്ന വിധിയെഴുത്ത് പക്ഷേ വെറുതെയാണെന്ന് നിങ്ങള്‍ക്ക് മനസ്സിലാകും.
അക്കാദമികനേട്ടങ്ങള്‍ കരസ്ഥമാക്കിയ കുട്ടി രണ്ട് ദശാബ്ദങ്ങള്‍ക്ക് ശേഷമാണ് തന്റെ വിജയക്കൊടി പാറിക്കുന്നതെങ്കില് അവിടെ അവന്റെ ഗ്രേഡ് മാത്രമാണ് ആ വിജയത്തെ സഹായിച്ചതെന്ന് പറയാനാകും. എന്നാല്‍ തന്റെ വിദ്യാഭ്യാസസിലബസിലെ വിഷയങ്ങള്‍ മധ്യവയസ്സ് പിന്നിടുന്ന ഘട്ടത്തില്‍ എത്രമാത്രം പ്രയോജനപ്പെടുന്നുണ്ടെന്ന് അന്വേഷിച്ചാല്‍ നാം അത്ഭുതപ്പെടും. കാരണം, തങ്ങള്‍ പഠിച്ചതുമായി ബന്ധപ്പെട്ട മേഖലയിലായിരിക്കില്ല അവര്‍ നേട്ടംകൊയ്തിട്ടുണ്ടാവുക.
പതിനെട്ടുവയസ്സ് പൂര്‍ത്തിയാകുന്നതിനിടക്ക് സ്കൂള്‍ സര്‍വകലാശാല വിദ്യാഭ്യാസകാലഘട്ടത്തില്‍ വളരെ നല്ല പ്രകടനംകാഴ്ചവെച്ച ഒരു കുട്ടിയുടെ പ്രകടനം അതെല്ലാംകഴിഞ്ഞ് രണ്ട് ദശാബ്ദംപിന്നിടുമ്പോള് വ്യക്തിജീവിതത്തിലും പ്രൊഫഷണല്ജീവിതത്തിലും കവിഞ്ഞ ഒരു നേട്ടം ഉണ്ടാക്കിയതായി കാണുന്നില്ല. എന്നാല്‍ കഷ്ടിച്ച് പാസാകുകയും പരീക്ഷയില്‍ പലപ്പോഴും തോല്ക്കുകയുംചെയ്ത കുട്ടിയുടെ ജീവിതവിജയത്തിന്റെ ഗ്രാഫ് പലപ്പോഴും മറിച്ചാണെന്നത് വസ്തുതയാണ്. നിങ്ങളിഷ്ടപ്പെട്ടാലും ഇല്ലെങ്കിലും യാഥാര്‍ഥ്യം അധികവ്യക്തികളുടെ ജീവിതത്തില്‍ അങ്ങനെയാണ്.
Add Comment