ഥുമാമത്ത് ബ്‌നു ഉഥാല്‍ നബിയുടെ അനുചരന്‍മാരില്‍ ചിലരെ കൊല്ലുകയും നബിക്കെതിരെ വധഗൂഢാലോചന നടത്തുകയും ചെയ്തയാളാണ്. മക്കയിലേക്ക് പോകുകയായിരുന്ന അയാളെ അവസാനം മുസ്‌ലിംസൈന്യം പിടികൂടി. മദീനാപള്ളിയിലേക്ക് കൊണ്ടുവന്ന് അവിടെ ഒരു തൂണില്‍കെട്ടിയിട്ടു. പേര്‍ഷ്യയിലെ യമാമയിലുള്ള ബനൂഹനീഫ ഗോത്രത്തലവനായ ഥുമാമ തന്നെയാണ് അതെന്ന് തിരിച്ചറിഞ്ഞ നബി അയാള്‍ക്ക് സന്‍മാര്‍ഗമെത്തിച്ചാല്‍ ആ ഗോത്രം മുഴുവന്‍ അയാളെ പിന്തുടരുമെന്ന് മനസ്സിലാക്കി. അതിനാല്‍ തന്റെ അനുചരന്‍മാരോട് അയാളോട് നല്ല രീതിയില്‍ പെരുമാറണമെന്ന് കല്‍പിച്ചു. അയാള്‍ക്കുള്ള ഭക്ഷണം സ്വന്തം വീട്ടില്‍നിന്ന് നല്‍കാന്‍ ഏര്‍പ്പാടാക്കി.
ഓരോ ദിവസവും പ്രവാചകന്‍ ഥുമാമയോട് വിശേഷങ്ങള്‍ തിരക്കുമായിരുന്നു: ‘എന്തൊക്കെയാണ് വിശേഷങ്ങള്‍? അപ്പോള്‍ ഥുമാമ പറയും: ‘ നല്ലതേ പറയാനുള്ളൂ, മുഹമ്മദ്. നീ എന്നെ കൊല്ലുകയാണെങ്കില്‍ കൈകളില്‍ രക്തംപുരണ്ട ഒരുവനെയാണ് നീ കൊല്ലുന്നത്. എന്നാല്‍ എന്നെ വെറുതെ വിടുകയാണെങ്കില്‍ ആദരവര്‍ഹിക്കുന്ന ഒരാളെയാണ് വെറുതെവിടുന്നത്. മുഹമ്മദിന് പണമാണ് വേണ്ടതെങ്കില്‍ ചോദിക്കുന്ന എത്രയും തരാന്‍ തയ്യാറാണ്.’
ഇങ്ങനെ കുശലാന്വേഷണവും മറുപടിയുമായി 3 ദിവസം കടന്നുപോയി. അടുത്ത ദിവസം ഥുമാമയെ ഞെട്ടിച്ചുകൊണ്ട് നബിതിരുമേനി അയാളെ വെറുതെ വിടാന്‍ അനുചരന്‍മാരോട് നിര്‍ദ്ദേശിച്ചു. ഈ ദയാവായ്പില്‍ എല്ലാ വെറുപ്പും ഥുമാമയുടെ മനസ്സില്‍നിന്ന് പുറത്തേക്കുരുകി അപ്രത്യക്ഷമായി.. ഒന്നും മിണ്ടാതെ അയാള്‍ പള്ളിയില്‍നിന്ന് പുറത്തേക്ക് നടന്നു. അടുത്തുള്ള ഈന്തപ്പനത്തോട്ടത്തില്‍ചെന്ന് കുളിച്ചശേഷം തിരികെ നബിതിരുമേനിയുടെ മുമ്പാകെ വന്നുനിന്നു. ‘അല്ലാഹു അല്ലാതെ മറ്റൊരു ഇലാഹുമില്ലെന്ന് ഞാനിതാ സാക്ഷ്യം വഹിക്കുന്നു. താങ്കള്‍ അവന്റെ ദൂതനാണെന്നും സാക്ഷ്യം വഹിക്കുന്നു’ എന്ന് ശഹാദത്ത് കലിമചൊല്ലി.
ഥുമാമ തുടര്‍ന്നു: ‘അല്ലാഹുവാണ, ഈ ഭൂമിയില്‍ ഞാനേറ്റവും വെറുത്തിരുന്നത് താങ്കളുടെ മുഖമായിരുന്നു. എന്നാലിപ്പോള്‍ താങ്കളുടെ മുഖമാണ് ഈ ലോകത്തേക്കും വെച്ച് എനിക്കേറ്റവും പ്രിയപ്പെട്ടത്. താങ്കളുടെ ദീനാണ് മറ്റെല്ലാ മതങ്ങളെക്കാളും എനിക്കിപ്പോള്‍ ഏറ്റവും തൃപ്തികരമായത്. താങ്കളുടെ ഈ മദീനയായിരുന്നു ഞാനേറ്റവും വെറുത്തിരുന്ന ഭൂമി. എന്നാലിന്ന് മറ്റെല്ലാ ഭൂമിയെക്കാളും എനിക്കേറെ പ്രിയപ്പെട്ടത് ഈ മണ്ണാണ്.’
അവിടെനിന്ന് ഥുമാമ നേരെ മക്കയിലേക്കാണ് പോയത്. അവിടെ ഏതാനും ഖുറൈശി പ്രമാണിമാരെ കണ്ടുമുട്ടി. തന്റെ വിശ്വാസപ്രഖ്യാപനം അറിയിച്ചുകൊണ്ട് മുഹമ്മദ് നബിയെ എതിര്‍ക്കുന്നവര്‍ക്ക് ഒരുമണി ധാന്യം പോലും തന്റെ നാട്ടില്‍നിന്ന് കയറ്റിഅയക്കില്ലെന്ന് ശപഥംചെയ്തു. എന്നാല്‍ ഇതറിഞ്ഞ നബിതിരുമേനി അതിനെ എതിര്‍ത്തു. മനുഷ്യത്വവിരുദ്ധമായ യാതൊരുവിധ ഉപരോധങ്ങളും ഏര്‍പ്പെടുത്തരുതെന്ന് ഥുമാമയോട് പറഞ്ഞു(മുസ്‌ലിം, അഹ്മദ്).
ഇസ്‌ലാം വാളിനാല്‍ പ്രചരിതമായി എന്ന് അസംബന്ധം വിളമ്പുന്നവര്‍ക്ക് ഥുമാമയുടെ ചരിത്രത്തില്‍നിന്ന് ഏറെ പഠിക്കാനുണ്ട്. പ്രവാചകന്റെ ഉദാരത നമുക്കിവിടെ കാണാനാകുന്നു. അതോടൊപ്പം തന്നെ ധിക്കാരത്തിനോടും അഹങ്കാരത്തിനോടുമുള്ള സത്യനിഷേധികളുടെ പ്രതിബദ്ധത ഇവിടെ വെളിപ്പെടുന്നുണ്ട്. ഥുമാമ ഒരിക്കല്‍പോലും നബിതിരുമേനിയോട് തന്റെ ജീവന്‍ രക്ഷിക്കണമെന്നോ തനിക്ക് മാപ്പേകണമെന്നോ അപേക്ഷിക്കുന്നില്ല. എന്നല്ല, താന്‍ പലരെയും കൊന്നിട്ടുണ്ട് അതിനാല്‍ പ്രതിക്രിയക്ക് വിധേയനാവാന്‍ ഒരുക്കമാണെന്നും ധീരമായി തുറന്നടിക്കുന്നു. താന്‍ ഒരു ഗോത്രത്തിന്റെ സമാദരണീയനായ നേതാവാണെന്നും തന്റെ ജീവന്‍ വിലപിടിച്ചതാണെന്നും അഭിമാനിക്കുന്നു. പിടിക്കപ്പെട്ടപ്പോള്‍ ഇസ്‌ലാം സ്വീകരിക്കാന്‍ തയ്യാറാണെന്ന് ഒരിക്കലും വെളുപ്പെടുത്തിയില്ല. ഭീരുവാണെന്ന് ആളുകള്‍ പരിഹസിക്കാതിരിക്കാനായിരുന്നു അത്. വിമോചിതനായ തൊട്ടുടന്‍ വിശ്വാസസ്വീകരണം തുറന്നുപ്രഖ്യാപിച്ചില്ല. ഇസ്‌ലാം സ്വീകരിച്ചത് യാതൊരു ഭീഷണികള്‍ക്കോ, സമ്മര്‍ദ്ദങ്ങള്‍ക്കോ വഴങ്ങിയല്ലെന്നും മറിച്ച് സ്വമേധയാ ആണെന്നും മറ്റുള്ളവരെ ബോധ്യപ്പെടുത്താനായിരുന്നു അത്. ഇത്തരം മനോഗതിയുള്ള ആളുകളെ ബലപ്രയോഗത്തിലൂടെ സത്യദീനിലേക്ക് കൊണ്ടുവരാനാകില്ലെന്ന് ആരോപണമുന്നയിക്കുന്നവര്‍ ചിന്തിക്കുന്നില്ലെന്നതാണ് കഷ്ടം.
ഥുമാമ നബിതിരുമേനിയുടെ സ്വഭാവവൈശിഷ്ട്യത്തില്‍ ആകൃഷ്ടനായാണ് ഇസ് ലാം സ്വീകരിച്ചത്. നബിയുടെ അന്യൂനമായ വ്യക്തിത്വപ്രഭാവം ഥുമാമയെ ഹഠാദാകര്‍ഷിച്ചുവെന്നതാണ് നേര്.
Add Comment