Health

വാര്‍ധക്യത്തെ ഭയക്കണോ ?

നാല്‍പതുകളിലെത്തിയ ആളുകളെ വയസ്സന്‍ എന്നുവിളിച്ചും സ്വയം പരിചയപ്പെടുത്തിയും ശ്രദ്ധപിടിച്ചെടുക്കാന്‍ നാല്‍പതുകാരനായ ഞാന്‍ശ്രമിക്കാറുണ്ട് . ഒരു രസത്തിനുവേണ്ടിമാത്രമല്ല ഞാനത് ശീലമാക്കിയത്. മറിച്ച് മുമ്പെന്നത്തേക്കാളേറെ സന്തോഷവാനായതുകൊണ്ടാണ്. പ്രായമേറുന്തോറും  കാര്യങ്ങള്‍ മനസ്സിലാക്കാന്‍ പ്രത്യേകകഴിവുവന്നുചേരും. ലോകവും അതിലെ ആളുകളും എന്താണെന്നും എന്തിനാണെന്നും ഒക്കെയുള്ള തിരിച്ചറിവ് ലഭിക്കുന്ന സമയമാണല്ലോ അത്.  ആ തിരിച്ചറിവ് മനസ്സിന് സമാധാനം പകരുന്നതാണ്. ചെറുപ്പകാലത്ത് ഞാന്‍ അനുഭവിച്ചിട്ടില്ലാത്ത ഒന്നാണ് അത്.

അതിന് വയസനാണെന്ന് കൂടെക്കൂടെ പറഞ്ഞുകൊണ്ടിരിക്കണോ എന്ന് നിങ്ങള്‍ ചോദിച്ചേക്കാം. യൗവനത്തെ അതിയായി പ്രണയിക്കുന്ന യുഗത്തിലാണ് നാം ജീവിച്ചുകൊണ്ടിരിക്കുന്നതെന്ന വസ്തുതയാണ് അതിനുത്തരം. എന്നല്ല, യുവത്വത്തെ ആഘോഷിക്കുകയും ആരാധിക്കുകയുംചെയ്യുന്ന സംസ്‌കാരം ആണ് ഇന്നുള്ളത്. അതിനാല്‍ നാല്‍പതിലെത്തിയ എന്നെ സ്വയം വയസ്സനെന്ന് വിശേഷിപ്പിക്കുന്നത് അത്രയൊന്നും അസാധാരണമായ കാര്യമല്ല. എന്നിരുന്നാലും അത് യാഥാര്‍ഥ്യത്തില്‍ നിന്ന് അകലെയാണ്. ചരിത്രത്തില്‍ ലോകജേതാക്കളായ ആളുകള്‍ അവരുടെ നേട്ടങ്ങളൊക്കെ കൈവരിച്ചത് ആയുസ്സിലെ നാല്‍പതുകള്‍ പിന്നിട്ടപ്പോഴാണ്.  പ്രവാചകന് അല്ലാഹു തന്റെ സത്യസന്ദേശം നല്‍കിയത് നാല്‍പതാമത്തെ വയസ്സിലാണ്. അദ്ദേഹത്തിന്റെ പ്രവാചകത്വത്തിന് മുമ്പും ശേഷവുമുള്ള ജീവിതം പരിശോധിച്ചാല്‍ തീര്‍ച്ചയായും ഏറ്റവും മഹത്തരമായത് നാല്‍പതുകള്‍ക്ക് ശേഷമുള്ളതാണെന്ന് ഏവര്‍ക്കും ബോധ്യമാണ്.

വാര്‍ധക്യത്തിലേക്ക് ചുവടുവെക്കുകയാണല്ലോയെന്ന ഭയം യഥാര്‍ഥത്തില്‍  മറ്റുപല ഭയങ്ങളില്‍നിന്നും ഉടലെടുക്കുന്നതാണ്. വാര്‍ധക്യത്തില്‍ ദരിദ്രനായിപ്പോകുമോയെന്ന ഭയം, ശാരീരികമായും മാനസികമായും ദുര്‍ബലനായിത്തീരുന്നുവല്ലോയെന്ന ഭയം, ചലനസ്വാതന്ത്ര്യം ഇച്ഛാസ്വാതന്ത്ര്യം എന്നിവ തടയപ്പെടുന്നുവെന്ന ഭയം, ആരോഗ്യം ക്ഷയിക്കുന്നുവെന്ന ഭയം എന്നിവയാണ് അതിന്റെ അടിസ്ഥാനകാരണങ്ങള്‍. ഇത് മറികടക്കാന്‍ മാര്‍ഗങ്ങളുണ്ട്. ഒന്നാമതായി വിവേകത്തിന്റെയും  തിരിച്ചറിവിന്റെയും ഘട്ടത്തിലേക്ക് പ്രവേശിച്ചതില്‍ ദൈവത്തോട് നന്ദിയുള്ളവരാവുകയാണ് നാം വേണ്ടത്. ഇക്കാര്യത്തില്‍ മാതൃകയായി ഞാനെന്റെ മാതാവിനെ കാണുന്നു. ഈ കൂടിയ പ്രായത്തിലും സൂപര്‍ഹീറോ പരിവേഷത്തിലാണ് അവര്‍ സക്രിയസ്വഭാവത്തോടെ നിലകൊള്ളുന്നത്. ഇതുവരെയുണ്ടായ ജീവിതത്തേക്കാള്‍ വളരെ ഊര്‍ജസ്വലയായി ഇപ്പോഴവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു എന്നെനിക്ക് തോന്നിയിട്ടുണ്ട്. ഇന്നും ഓണ്‍ലൈന്‍ അടക്കം വൈജ്ഞാനികക്ലാസുകള്‍ അവര്‍ കേള്‍ക്കാന്‍ സമയംകണ്ടെത്തുന്നു. 17 പേരക്കുട്ടികളെ പരിചരിക്കുന്നു. ഭര്‍ത്താവിനായി ഭക്ഷണം പാചകംചെയ്യുന്നു. കുടുംബചടങ്ങുകളിലും മറ്റുംപങ്കുകൊള്ളുന്നു. സാമൂഹികപ്രവര്‍ത്തനങ്ങളില്‍ തന്നാലാകുംവിധം ഇടപെടുന്നു.

വാര്‍ധക്യത്തിലെ രോഗങ്ങളെയും ദൗര്‍ബല്യങ്ങളെയും ഭയന്നുകഴിയാതെ ചടുലതയും ഉത്സാഹവും കാട്ടുന്ന എന്റെ മാതാവ് എനിക്ക് ഇന്നും അത്ഭുതമാണ്. യഥാര്‍ഥത്തില്‍ ദൈവത്തോടുള്ള നന്ദിപ്രകടനവും സാമൂഹികപ്രവര്‍ത്തനങ്ങളും വഴി കൂടുതല്‍ രസകരമായ ജീവിതാനുഭവങ്ങളിലേക്ക് അവര്‍ കടന്നുചെല്ലുകയാണെന്നതാണ് സത്യം.

Topics