പടയോട്ടവിജയങ്ങളാല്‍ പ്രസിദ്ധമാണ് ഇദ്ദേഹത്തിന്റെ ഭരണകാലം. ഇറാന്റെ ഭാഗത്തുള്ള ജയ്ഹൂന്‍ നദിവരെയായിരുന്ന ഇസ്‌ലാമികലോകത്തെ ചൈനവരെ വികസിപ്പിച്ചത് വലീദ്ബ്‌നു അബ്ദില്‍ മലികിന്റെ കാലത്താണ്. ഇസ്‌ലാം പാകിസ്താനില്‍ പ്രവേശിച്ചതും അപ്പോഴാണ്. ലങ്കാരാജാവിന്റെ വക ഖലീഫക്കുള്ള സമ്മാനങ്ങളുമായി അറേബ്യയിലേക്ക് പുറപ്പെട്ട കപ്പല്‍ സിന്ധില്‍നിന്നുള്ള കടല്‍ക്കൊള്ളക്കാര്‍ ആക്രമിച്ചു. ചരക്കുകള്‍ കൊള്ളയടിക്കുകയും സ്ത്രീകളും കുട്ടികളുമുള്‍പ്പെടുന്ന യാത്രക്കാരെ തടവിലാക്കുകയും ചെയ്തതോടെ അവരെ മോചിപ്പിക്കാന്‍ ആവശ്യപ്പെട്ട് ഖലീഫ കത്തെഴുതി. എന്നാല്‍ അതിനെ തൃണവത്ഗണിച്ച രാജാവിനെതിരെ മുഹമ്മദ്ബ്‌നു ഖാസിം എന്ന 17 കാരന്റെ നേതൃത്വത്തില്‍ സൈന്യത്തെ നിയോഗിച്ചു. അങ്ങനെ സിന്ധും മുള്‍ത്താനും കീഴടക്കി ബന്ധികളെ മോചിപ്പിച്ചു. അതെത്തുടര്‍ന്ന് പാകിസ്താന്‍ ഇസ്‌ലാമികലോകത്തിന്റെ ഭാഗമായി. ഖനൂജ് ആസ്ഥാനമായ പ്രബലഭരണകൂടത്തിനെതിരെയും ആ പടയോട്ടം ഉദ്ദേശിച്ചിരുന്നെങ്കിലും വലീദ് അതിനിടയില്‍ മരണപ്പെട്ടതുകൊണ്ട് അത് നടന്നില്ല.
വലീദിന്റെ കാലത്ത് നടന്ന മൂന്നാമത്തെ പടയോട്ടം സ്‌പെയിനിന്റെയും പോര്‍ത്തുഗലിന്റെയും ഭാഗത്തായിരുന്നു. അന്തുലുസ് എന്ന ആ നാട്ടിലെ ക്രൈസ്തവരാജാവായ റാഡ്‌റികിന്റെ മര്‍ദ്ദകഭരണത്തിനെതിരെ അവിടത്തെ ഒരു ക്രൈസ്തവനേതാവ് ഗവര്‍ണറായ മൂസബ്‌നു നുസൈറിനോട് സഹായമഭ്യര്‍ഥിച്ചു. വലീദിന്റെ അനുവാദത്തോടെ ബര്‍ബര്‍ വംശജനായ താരിഖ്ബ്‌നു സിയാദ് പന്ത്രണ്ടായിരം ഭടന്മാരുമായി അന്തുലുസിലെത്തുകയും അവിടം കീഴടക്കുകയുംചെയ്തു. തുടര്‍ന്ന് ഇറ്റലി, ബാല്‍കന്‍ ,കോണ്‍സ്റ്റാന്റിനോപ്ള്‍ എന്നിവ ജയിച്ചടക്കി സിറിയയിലേക്ക ് പോകാന്‍ സൈന്യം ആഗ്രഹിച്ചെങ്കിലും അതിനുള്ള വിഭവങ്ങളെത്തിക്കാനുള്ള പരിമിതി തിരിച്ചറിഞ്ഞ് വലീദ് അവരെ തിരിച്ചുവിളിച്ചു. അല്ലായിരുന്നുവെങ്കില്‍ യൂറോപ് ഇസ്‌ലാമിന് കീഴൊതുങ്ങുമായിരുന്നു.
ഏഷ്യാമൈനറില്‍നിന്ന് നിരന്തരം വെല്ലുവിളി തുടര്‍ന്ന സാഹചര്യത്തില്‍ അതിനെ അടിച്ചമര്‍ത്താന്‍ സൈനികനീക്കം നടത്തുകയും പ്രധാനപ്പെട്ട ഒട്ടേറെ സ്ഥലങ്ങള്‍ പിടിച്ചെടുക്കുകയുംചെയ്തു. അത്തരം നീക്കങ്ങളില്‍ വലീദിന്റെ സഹോദരന്‍ മസ്‌ലമത്തുബ്‌നു അബ്ദില്‍ മലിക് സേനാനായകനെന്ന നിലക്ക് പ്രശസ്തനാണ്. അതിനിടയില്‍ റോമന്‍ കടലിലെ ബല്‍യാറിസ് ദ്വീപ് പിടിച്ചെടുത്ത നാവികനീക്കവും നടന്നു. ഇവ്വിധം വിജയങ്ങളെല്ലാം വെറും പത്തുവര്‍ഷത്തിനുള്ളില്‍ ഖലീഫവലീദിന്റെ കാലത്ത് ഉണ്ടായി.
യുദ്ധവിജയങ്ങളോടൊപ്പം നഗരവികസനത്തിനും വലീദ് മുന്‍ഗണന കൊടുത്തിട്ടുണ്ട്. മദീനയിലെ മസ്ജിദുന്നബവി അദ്ദേഹം ആകര്‍ഷകമായി പുതുക്കിപ്പണിതു. തലസ്ഥാനമായ ദമസ്‌കസില്‍ ജാമിഅ് ഉമവി എന്ന പേരില്‍ പള്ളി പടുത്തുയര്‍ത്തി. ആ പള്ളികണ്ട് റോമാരാജ്യത്തുനിന്നെത്തിയ പ്രതിനിധികള്‍’മുസ് ലിംകളുടെ പുരോഗതി കുറച്ചുകാലമേ ഉണ്ടാകൂ എന്നാണ് ഞങ്ങള്‍ കരുതിയിരുന്നത്. പക്ഷേ, ഈ കെട്ടിടം കണ്ടിട്ട് അവര്‍ മരണമില്ലാത്ത ഒരു ജനതയാണെന്നാണ് തോന്നുന്നത്’ എന്ന് അത്ഭുതം കൂറുകയുണ്ടായി.
ഖുലഫാഉര്‍റാശിദുകളായ ഖലീഫമാര്‍ക്കുശേഷം ഏറ്റവും കൂടുതല്‍ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ഭരണാധികാരി വലീദാണ്. വഴിയാത്രക്കാര്‍ക്ക് മനസ്സിലാകുംവിധം മൈല്‍ക്കുറ്റികള്‍ നാട്ടി റോഡുകള്‍ ഉണ്ടാക്കി. അവര്‍ക്ക് ഉപകാരപ്പെടുംവിധം കിണറുകള്‍ കുഴിച്ചു. അതിഥിമന്ദിരങ്ങള്‍ പണിതു. രാജ്യമാകെ ആശുപത്രികള്‍ സജ്ജീകരിച്ചു. തലസ്ഥാനനഗരിയില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഖലീഫതന്നെ മേല്‍നോട്ടം വഹിച്ചു.
അശരണരും അവശരുമായ ആളുകളെ അവഗണിക്കാതെ അവര്‍ക്ക് നിത്യച്ചിലവിന് വിഹിതം നല്‍കാന്‍ വ്യവസ്ഥയുണ്ടാക്കി. അന്ധരെ സഹായിക്കാന്‍ ആളുകളെ ഏര്‍പ്പാടാക്കി. അനാഥരുടെ സംരക്ഷണത്തിനും വിദ്യാഭ്യാസത്തിനും സംവിധാനങ്ങളൊരുക്കി. പണ്ഡിതന്‍മാര്‍ക്കും കര്‍മശാസ്ത്രവിശാരദന്‍മാര്‍ക്കും പെന്‍ഷന്‍ ഏര്‍പ്പെടുത്തി.
ചുരുക്കത്തില്‍ ഖലീഫ വലീദ് പൊതുവെ പരുക്കനും സേഛാധിപത്യപ്രവണതയുള്ളവനും ആയിരുന്നെങ്കിലും പ്രജകളോടുള്ള ഉത്തരവാദിത്വത്തെക്കുറിച്ച് ബോധവാനായിരുന്നു. വ്യക്തിജീവിതത്തില്‍ നമസ്‌കാരം , ഖുര്‍ആന്‍ പാരായണം, ആഴ്ചയില്‍ 2 സുന്നത്തുനോമ്പുകള്‍ എന്നിവ മുറുകെപ്പിടിച്ചിരുന്നു. ഖുര്‍ആന്‍ മനഃപാഠമാക്കിയവര്‍ക്ക് സമ്മാനം ഏര്‍പ്പെടുത്തിയതോടൊപ്പം റമദാനില്‍ പള്ളികളില്‍ ഭക്ഷണസൗകര്യവും ഒരുക്കിയിരുന്നു.
വലീദിനെക്കുറിച്ചുപറയുമ്പോള്‍ ഹജ്ജാജിനെക്കുറിച്ചും പറയാതിരിക്കാനാവില്ല. അദ്ദേഹത്തിന്റെ കാലത്ത് ഇറാഖ് , ഇറാന്‍ , സിന്ധ്, തുര്‍ക്കിസ്താന്‍ എന്ന പ്രവിശാലമായ നാടുകളുടെ ഗവര്‍ണറായിരുന്നു ഹജ്ജാജുബ്‌നു യൂസുഫ്. സിന്ധും തുര്‍ക്കിസ്താനും ഇസ്‌ലാമികഭരണത്തിന്‍ കീഴില്‍വന്നത് അദ്ദേഹത്തിന്റെ തന്ത്രത്തിന്റെയും സംഘാടനത്തിന്റെയും ഭാഗമായാണ്. അദ്ദേഹമാണ് സിന്ധ്‌ജേതാവായ മുഹമ്മദ്ബ്‌നു ഖാസിമിനെയും തുര്‍ക്കിസ്താന്‍ ജേതാവായ ഖുതൈബയെയും സേനാനായകസ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചത്. ആ അര്‍ഥത്തില്‍ ഗവര്‍ണര്‍ ജനറല്‍ എന്ന വിശേഷണം ഹജ്ജാജിന് ചേരും. ഹജ്ജാജിനെക്കുറിച്ച ശരിയായ വിലയിരുത്തല്‍ അശാധ്യമാക്കുംവിധം ഒരുഭാഗത്ത് മര്‍ദ്ദകന്റെയും സേഛാധിപതിയുടെയും മറുഭാഗത്ത് നയതന്ത്രജ്ഞന്റെയും സംഘാടകന്റെയും പ്രതിഛായകള്‍ അലിഞ്ഞുചേര്‍ന്നിരുന്നു.