ആധുനിക കേരളത്തിന്റെ ശില്പികളിലൊരാളായി ഗണിക്കപ്പെടുന്ന വക്കം അബ്ദുല്‍ഖാദിര്‍ മൗലവി(1873-1932) ചെയ്ത സേവനങ്ങള്‍ കേരളീയര്‍ക്ക് പൊതുവിലും മുസ്ലിം സമുദായത്തിനു വിശേഷിച്ചും പുതുജീവന്‍ നല്കി.
ശ്രീനാരായണ ഗുരുവിന്റെ പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ അലയടിച്ചുകൊണ്ടിരിക്കുമ്പോഴാണ്, മൗലവി തന്റെ സമുദായത്തിന്റെ സംസ്കരണ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുമായി മുന്നിട്ടിറങ്ങിയത്. 1905 ജനുവരി 19ന് സി.പി. ഗോവിന്ദപ്പിള്ള പത്രാധിപരും മൗലവി ഉടമയുമായി തുടങ്ങിയ സ്വദേശാഭിമാനി 1907ല്‍ രാമകൃഷ്ണപ്പിള്ളയുടെ പത്രാധിപത്യത്തില്‍ മര്‍ദിതരുടെ ശബ്ദമായിത്തീര്‍ന്നു.
1910ല്‍ ഭരണകൂടം കണ്ടുകെട്ടുന്നതുവരെ ഈ പത്രം ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം, സ്വജനപക്ഷപാതം, അഴിമതി എന്നിവയ്ക്കെതിരെയും മനുഷ്യാവകാശങ്ങള്‍, സാമൂഹ്യനീതി എന്നിവയ്ക്കു വേണ്ടിയും ധീരമായി നിലകൊണ്ടു. ഒരു മുസ്ലിം പണ്ഡിതന്റെ സാമൂഹിക പ്രതിബദ്ധത സ്വദേശാഭിമാനിയിലൂടെ ആവിഷ്കാരം കൊണ്ടപ്പോള്‍ അത് പരോക്ഷമായി മുസ്ലിം സമുദായത്തെ ഉത്തേജിപ്പിക്കുകയും അവരില്‍ ആത്മാഭിമാനം വളര്‍ത്തുകയും ചെയ്തു. സ്വദേശാഭിമാനി കണ്ടുകെട്ടിയതിലൂടെ മൗലവിയുടെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ മുസ്ലിം കേന്ദ്രീകൃതമാക്കി. 1917ല്‍ അദ്ദേഹം വക്കത്ത് ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസ് സ്ഥാപിച്ചു.
ഇബ്നുതൈമിയ്യഃ, മുഹമ്മദ്ബ്നു അബ്ദില്‍ വഹ്ഹാബ്, മുഹമ്മദ് അബ്ദു, റശീദ് രിദാ തുടങ്ങിയ ഇസ്ലാമിക ചരിത്രത്തിലെ പ്രശസ്തരായ പരിഷ്കര്ത്തക്കളുടെ സ്വാധീനം മൗലവിയുടെ ചിന്തകളിലും പ്രതിഫലിച്ചു. ഖുര്‍ആന്‍ പരിഭാഷയിലൂടെയാണ് മൗലവി തന്റെ സമുദായ പരിഷ്കരണ സംരംഭങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഖബ്ര്‍ പൂജ, തവസ്സുല്‍, ജാറം മൂടല്‍, റാതീബ്, മൗലീദ്, തഖ്ലീദ്, ഇംഗ്ലീഷ് ?????മലയാള ഭാഷാവിരോധം, സ്ത്രീ വിരുദ്ധത, അന്ധമായ മദ്ഹബ് പക്ഷപാതിത്വം എന്നിവയ്ക്കെതിരില് യുക്തിയും പ്രമാണങ്ങളും ആയുധമാക്കി അദ്ദേഹം പോരാടി.
അദ്ദേഹം എഴുതി: ”മതത്തിന്റെ നവീകരണം കൊണ്ടല്ലാതെ മുസ്ലിംകള്ക്ക് ആത്മീയമായ ഉയര്‍ച്ച ഉണ്ടാകുന്നതല്ല. അതുകൊണ്ടല്ലാതെ അവരുടെ മാനസിക രോഗം മാറുന്നതല്ല. ലൗകിക ജീവിതത്തില്‍ മുന്നോട്ടുപോകാനുള്ള ചലനം അവരുടെ ഇടയില്‍ ഉണ്ടാകണമെങ്കിലും മതനവീകരണം കൊണ്ടല്ലാതെ സാധിക്കുകയില്ല.”
മുസ്ലിം(1906), അല്‍ഇസ്ലാം(1918), ദീപിക(1931) എന്നീ പത്രങ്ങളുടെ അനാചാരങ്ങളെ എതിര്‍ക്കാനും സമുദായത്തെ സമുദ്ധരിക്കാനും മൗലവി ശ്രമിച്ചു. ആള് ഇന്ത്യാ മുഹമ്മദന്‍ എജ്യൂക്കേഷണല്‍ കോണ്‍ഫറന്‍സിന്റെ വിശദമായ റിപ്പോര്‍ട്ട് തന്റെ പത്രങ്ങളിലൂടെ നല്കി, അഖിലേന്ത്യാ തലത്തില്‍ വിദ്യാഭ്യാസരംഗത്ത് മുസ്ലിംകള് നടത്തിക്കൊണ്ടിരുന്ന മുന്നേറ്റങ്ങളെ കേരളീയ മുസ്ലിംകള്ക്ക് പരിചയപ്പെടുത്തി.
മുസ്ലിം പിന്നോക്കാവസ്ഥക്ക് പ്രധാന കാരണം വിദ്യാഭ്യാസത്തിന്റെ കുറവാണെന്ന് കണ്ടെത്തിയ അദ്ദേഹം, മുസ്ലിം പത്രം തുടങ്ങിയതുതന്നെ പ്രധാനമായും ഇക്കാര്യത്തില്‍ അവരെ ബോധവത്കരിക്കാന്‍ വേണ്ടിയായിരുന്നു.
പഠനം, ഉദ്യോഗം, സാമ്പത്തിക ഭദ്രത, സാമൂഹിക ഉന്നമനം തുടങ്ങിയ ദീര്‍ഘകാല ലക്ഷ്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയുള്ള മൗലവിയുടെ പ്രവര്‍ത്തനങ്ങള്‍ അധികം താമസിയാതെ ഫലം കണ്ടുതുടങ്ങി. കഴിഞ്ഞ നൂറ്റാണ്ടിന്റെ ഇരുപതുകളിലും മുപ്പതുകളിലും ധാരാളം മുസ്ലിം കുട്ടികള്‍ വിദ്യാലയങ്ങളിലെത്തി. സര്‍ക്കാര്‍ തൊഴിലിനോടു മുസ്ലിം മനസ്സ് ആദ്യമാദ്യം പരുവപ്പെട്ടത് തിരുവിതാംകൂര്‍ മേഖലയിലാണെന്നത് മൗലവിയുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ ഫലപ്രാപ്തിയെ കാണിക്കുന്നു.
സ്ത്രീ വിദ്യാഭ്യാസത്തെക്കുറിച്ച മൗലവിയുടെ കാഴ്ചപ്പാട് മുസ്ലിം യാഥാസ്ഥിക ചുറ്റുപാടില്‍ തികച്ചും വിപ്ലവകരമായിരുന്നു. 1918 ല്‍ നമ്മുടെ സ്ത്രീകള്‍ എന്ന തലക്കെട്ടില്‍ അദ്ദേഹമെഴുതിയ ലേഖനത്തില്‍ ‘ദീന് സംബന്ധമായും ലോക സംബന്ധമായും സ്ത്രീകള്‍ക്ക് ആവശ്യമായ പഠിപ്പ് കൊടുക്കണ’മെന്നാവശ്യപ്പെട്ടു. കേരള മുസ്ലിംകളില് സാക്ഷരതാ നിരക്ക് ഒരു ശതമാനമാണെന്ന കണക്കുകളുദ്ധരിച്ച് അദ്ദേഹം സമര്‍ഥിച്ചു. തന്റെ പ്രവര്‍ത്തങ്ങള്‍ സമൂഹത്തില്‍ ചലനം സൃഷ്ടിക്കുന്നുവെന്ന് കണ്ടപ്പോള്‍ കുറേക്കൂടി വിപ്ലവകരമായ സ്ത്രീപക്ഷ ചിന്തകള്‍ മൗലവി മുന്നോട്ടു വെച്ചു.
‘പാശ്ചാത്യ സ്ത്രീകള്‍ ഇന്ന് പൊരുതി നേടിയെടുത്ത സ്വാതന്ത്ര്യാവകാശങ്ങളൊക്കെ ഇസ്ലാം അതിന്റെ ആവിര്‍ഭാവ കാലത്തുതന്നെ വകവെച്ചു കൊടുത്തിരുന്നു’ എന്ന് അദ്ദേഹം എഴുതി. മുസ്ലിം സമുദായത്തിലെ അനുചിതമായ വിവാഹമോചന സമ്പ്രദായത്തെ ഹദീസിന്റെ വെളിച്ചത്തില്‍ അദ്ദേഹം എതിര്‍ത്തു. മനാസ്വിറുല് ഇസ്ലാം സംഘം(കൊട്ടാരക്കര), ചിറയന്‍കീഴ് താലൂക്ക് മുസ്ലിം സമാജം(ചിറയിന്‍കീഴ്), ഇസ്ലാം ധര്‍മപാലന സംഘം(തിരുവന്തപുരം), ലജ്നതുല്‍ മുഹമ്മദിയ്യഃ സംഘം(ആലപ്പുഴ), മുസ്ലിം ഐക്യസംഘം(കൊടുങ്ങല്ലൂര്‍) എന്നിവയുടെ ഉത്ഭവത്തിലും വളര്‍ച്ചയിലും മൗലവിയുടെ പരിശ്രമങ്ങളുണ്ടായിരുന്നു.
Add Comment