‘ലിബറല്‍ വിദ്യാഭ്യാസ’ത്തിലെ ‘ലിബറല്‍’ എന്നതിനെ സംബന്ധിച്ച് രണ്ടുരീതിയിലുള്ള കാഴ്ചപ്പാടുകളാണ് ആളുകള്‍ക്കുള്ളത്. മനസ്സിനെ എല്ലാ മുന്‍ധാരണകളില്‍നിന്നും വിശ്വാസങ്ങളില്‍നിന്നും സ്വതന്ത്രമാക്കി അറിവ് നേടുകയെന്ന ലക്ഷ്യമാണ് ഒന്നാമത്തെ കാഴ്ചപ്പാട്. അതേസമയം ജോലിയോ മറ്റെന്തെങ്കിലും ആവശ്യമോ ഉദ്ദേശിച്ച് വിദ്യാഭ്യാസം നേടുന്നതിനെ അത് എതിര്‍ക്കുന്നു. രണ്ടാമത്തേത് മതവിമുക്തകാഴ്ചപ്പാടില്‍ ഇന്ന് പാശ്ചാത്യലോകത്ത് പ്രയോഗത്തിലിരിക്കുന്ന വിദ്യാഭ്യാസപദ്ധതിയാണ്. നവോത്ഥാനത്തിനുമുമ്പുണ്ടായിരുന്ന പടിഞ്ഞാറന്‍ലോകത്തെ ചര്‍ച്ചിന്റെ നിയന്ത്രണങ്ങളില്‍നിന്ന് സ്വതന്ത്രമാകുകയെന്ന അര്‍ഥത്തിലാണ് ഇവിടെ ഈ ലേഖനം ലിബറലിസത്തെ മനസ്സിലാക്കുന്നത്.
മധ്യകാലയുഗത്തിലെ ക്രൈസ്തവചിന്തകള്‍ അഭിപ്രായസ്വാതന്ത്ര്യത്തിനും വ്യക്തിചിന്തയ്ക്കും വിലക്കേര്‍പ്പെടുത്തിയിരുന്നു. മനസ്സിനെ അബദ്ധങ്ങളില്‍നിന്ന് മുക്തമാക്കുന്നതിനായി ബൗദ്ധികസ്വാതന്ത്ര്യം അനുവദിക്കണമെന്നും അതുവഴി യുക്തിചിന്ത പരിപോഷിപ്പിക്കപ്പെടുമെന്നും മുന്‍കാലങ്ങളില്‍ ഗ്രീക്കുകാര്‍ വിശ്വസിച്ചിരുന്നു. ഈ ഒരു കാഴ്ചപ്പാടില്‍നിന്നാണ് വിദ്യാഭ്യാസത്തെ സ്വാതന്ത്ര്യത്തിന്റെ ഏജന്റായി കണക്കാക്കി അത് വ്യക്തികളെ തന്നിഷ്ടംതെരഞ്ഞെടുക്കാന്‍ പ്രാപ്തരാക്കുമെന്ന നിലപാടിലെത്തിയത്.
യൂറോപ്പിന്റെ വളര്‍ച്ചയുടെയും സമൃദ്ധിയുടെയും കാലമായി കണക്കാക്കുന്നതാണ് നവോത്ഥാനഘട്ടം. ഗ്രീക്കുചിന്തയുടെ നവീകരിച്ചആവിഷ്‌കാരമാണ് നവോത്ഥാനം കൊണ്ടുവന്നത്. വ്യക്തിസ്വാതന്ത്ര്യത്തിനു പ്രാധാന്യം നല്‍കുന്ന, മുന്‍വിധികളില്ലാതെ ലോകത്തെ സമീപിക്കുന്ന ആശയമായിരുന്നു അത്. നവോത്ഥാനകാലത്ത് യൂറോപ്പ് സാമ്പത്തികതകര്‍ച്ചയില്‍നിന്ന് കരകയറുകയും വന്‍ശക്തിയായി വളരുകയുംചെയ്തു. അന്നേവരെ ജീവിതത്തിലുണ്ടായിരുന്ന പാരമ്പര്യമൂല്യങ്ങളിലെല്ലാം തിരുത്തുകള്‍ നടത്തി. പടിഞ്ഞാറന്‍ യൂറോപ് എല്ലാ മതസ്ഥാപനങ്ങളുടെ ചൊല്‍പ്പടിയില്‍നിന്നും സ്വതന്ത്രമായി. ഈ ഉദാരതയുടെ ചുറ്റുപാടില്‍നിന്നാണ് ജനാധിപത്യത്തിന്റെ ആവിര്‍ഭാവം ഉണ്ടാകുന്നത്. മനുഷ്യന്‍ അവനുവേണ്ട നിയമങ്ങള്‍ തന്റെ യുക്തിക്കും ബുദ്ധിക്കുംഅനുസൃതമായി ഉണ്ടാക്കിയെടുക്കാന്‍ തുടങ്ങി. പുതിയ ലക്ഷ്യങ്ങളും കാഴ്ചപ്പാടുകളുമായി വിദ്യാഭ്യാസത്തെ തിരുത്തിയെഴുതിയെന്നതായിരുന്നു അതിന്റെ ഫലം. ലിബറലിസത്തിന്‍െ പാരമ്പര്യം പേറുന്ന പുതിയ തലമുറകളെ ഉണ്ടാക്കിയെടുക്കുകയെന്നതായിരുന്നു അത്തരം വിദ്യാഭ്യാസത്തിലൂടെ ലക്ഷ്യമിട്ടത്.
ജനങ്ങളുടെ അംഗീകാരമുള്ളിടത്തോളം കാലം മാത്രമേ സര്‍ക്കാര്‍ നിയമാനുസൃതസ്ഥാപനമാകുന്നുള്ളൂവെന്ന് നവോത്ഥാനചിന്തകനും ലിബറലിസത്തിന്റെ പിതാവുമായ ജോണ്‍ ലോക്ക് വാദിച്ചു. ആ അനുവാദത്തിന് അദ്ദേഹം ഒരു ഉപാധിയും മുന്നോട്ടുവെച്ചു. അതായത്, സ്‌റ്റേറ്റ് വ്യക്തിയുടെ വിശ്വാസ-ചിന്താസ്വാതന്ത്ര്യം സംരക്ഷിച്ചിരിക്കണം. വിധിതീര്‍പ്പിന് ജോണ്‍ യുക്തിയെ മാനദണ്ഡമാക്കുന്നത് ഒട്ടേറെ ചോദ്യങ്ങളുയര്‍ത്തുമെന്ന് കാര്‍(Carr) ആശങ്കിച്ചു. ലിബറലിസത്തിന്റെ പുതിയ തത്ത്വശാസ്ത്രമനുസരിച്ച് നിലവില്‍ വരുന്ന സര്‍ക്കാര്‍ രാഷ്ട്രീയസ്വാതന്ത്ര്യവും സമത്വവും വിളംബരംചെയ്യുന്ന സ്വതന്ത്രജനാധിപത്യമായി അറിയപ്പെടും. പരസ്പരം ഏറ്റുമുട്ടുന്ന ആശയങ്ങളുടെയും വിശ്വാസങ്ങളുടെയും മൂല്യങ്ങളുടെയും ഇടയില്‍ ലിബറല്‍ ഭരണകൂടം റഫറിയെന്നോണം നിലകൊള്ളും . എല്ലാവിശ്വാസധാരകള്‍ക്കും തുല്യാവകാശം നല്‍കും. എന്നാല്‍ ഭരണകൂടനിയമവ്യവസ്ഥയെ അട്ടിമറിക്കുന്ന ഐഡിയോളജിയെ സ്‌റ്റേറ്റെന്ന നിഷ്പക്ഷറഫറി പൊറുപ്പിക്കില്ല. വ്യക്തി സാമാന്യധാരണയുള്ളവനും അതുവഴി സ്വയം ഉത്തരവാദിത്വമുള്ളവനാണെന്നും അതുകൊണ്ടുതന്നെ അവരുടെ തീരുമാനങ്ങളെ ആദരിക്കണമെന്നും ലിബറലിസം വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഈ കാഴ്ചപ്പാട് കുട്ടികളുടെ വിഷയത്തില്‍ വരുമ്പോള്‍ പ്രശ്‌നക്കാരനാണ്. കുട്ടികള്‍ രക്ഷിതാക്കളുടെ സ്വത്താണോ? യുക്തിഭദ്രമായി ചിന്തിക്കുന്ന വ്യക്തിത്വമായി വളരുംവിധം എങ്ങനെയാണ് അവരെ പരിപാലിക്കുക?
ലിബറല്‍ വിദ്യാഭ്യാസത്തിന്റെ പ്രത്യേകതകള്‍
വ്യക്തിസ്വാതന്ത്ര്യത്തിലൂന്നിയുള്ളതാണ് ലിബറല്‍ വിദ്യാഭ്യാസമെന്ന് ഡോ.മാര്‍ഷല്‍ ഗ്രിഗറി (വിദ്യാഭ്യാസചിന്തകനും പ്രഭാഷകനും കണ്‍സള്‍ട്ടന്റും ആണ്)അഭിപ്രായപ്പെടുന്നു. ഓരോ വ്യക്തികള്‍ക്കും ആ സ്വാതന്ത്ര്യത്തിലൂടെ സന്തോഷം ലഭിക്കുന്നു. വ്യക്തിയെ പരിഗണിക്കുന്നതും വിലമതിക്കുന്നതുമാണ് ആ സ്വാതന്ത്ര്യം. തങ്ങളുടെ ജീവിതത്തില്‍ സ്വയമേവ തിരഞ്ഞെടുക്കുന്ന മാര്‍ഗത്തെക്കുറിച്ചും മറ്റുള്ളവരുടെ ശരികളെ അംഗീകരിക്കുന്നതിലും ഉത്തരവാദിത്വം വെച്ചുപുലര്‍ത്തേണ്ടതുണ്ട് അവര്‍. സ്റ്റേറ്റ് വ്യക്തികളുടെ ജീവിതത്തില്‍ പ്രയാസം സൃഷ്ടിക്കുമാറ് ഏതെങ്കിലും പ്രത്യേകവിശ്വാസാചാരമോ ആദര്‍ശമോ ജീവിതശൈലിയോ അടിച്ചേല്‍പിക്കാന്‍ പാടില്ല. സ്വയം നിര്‍ണയാവകാശം എല്ലാ മേഖലയിലും അത് പ്രോത്സാഹിപ്പിക്കുന്നു. അതിനാല്‍ സ്വയം നിര്‍ണയാവകാശത്തിന് വ്യക്തികളെ പര്യാപ്തരാക്കുകയാണ് വിദ്യാഭ്യാസത്തിന്റെ ധര്‍മം. തങ്ങളുടെ ചുറ്റും നടക്കുന്ന സംഭവഗതികളെ കൃത്യമായും സൂക്ഷ്മമായും യുക്തിപരമായും മനസ്സിലാക്കാനും അതിലേക്ക് കൊണ്ടെത്തിക്കാനും സഹായിക്കുന്ന സാമഗ്രികള്‍ ഓരോ വ്യക്തികള്‍ക്കും അത്യന്താപേക്ഷിതമാണ്.
ഗ്രിഗറി പറയുന്നു: ‘വിജ്ഞാനത്തിനായുള്ള പരിശ്രമവും അതിനെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവും ഓരോ വ്യക്തികളെയും തങ്ങളുടെ ജീവിതത്തെക്കുറിച്ച ‘ഉത്തമകാഴ്ചപ്പാട്’ രൂപപ്പെടുത്താന്‍ സഹായിക്കുന്നു.’
മേല്‍ പ്രസ്താവനയിലെ ‘ഉത്തമകാഴ്ചപ്പാട് ‘ നമ്മില്‍ ചോദ്യമുയര്‍ത്തുന്നുണ്ട്. എന്താണ് ഗ്രിഗറി ഉദ്ദേശിച്ച ഉത്തമകാഴ്ചപ്പാട് ? നല്ലതും ചീത്തയും വേര്‍തിരിച്ചറിയാന്‍ നാം ഉപയോഗിക്കുന്ന മാനദണ്ഡത്തിന് എതിരാണോ അത ്? അതല്ല, സാമ്പത്തികവും ആത്മീയവും സ്വഭാവപരവും വിദ്യാഭ്യാസപരവും ആയ മെച്ചപ്പെടല്‍ ആണോ അതുകൊണ്ടുദ്ദേശിച്ചത് ? ലിബറലിസത്തിന്റെ പേരില്‍ ചില അവ്യക്തമായ സംഗതികളെ ഉയര്‍ത്തിക്കാണിക്കുകയാണ് യഥാര്‍ഥത്തില്‍ ഇവരൊക്ക ചെയ്യുന്നത്. ലിബറല്‍ ചിന്താഗതിയെ അവയെല്ലാം പരിപോഷിപ്പിക്കാന്‍ സഹായിക്കുന്നുവെന്ന് വേണമെങ്കില്‍ അവര്‍ക്ക് വാദിക്കാം. എന്തായാലും വിദ്യാഭ്യാസമെന്തെന്നതിനെക്കുറിച്ച അന്വേഷണത്തിന്റെ ഭാഗമായുള്ള ഇത്തരംചോദ്യങ്ങള്‍ക്ക് മറുപടികിട്ടേണ്ടതുണ്ട്.
വിദ്യാഭ്യാസത്തെക്കുറിച്ച് കാര്‍ (Carr) പങ്കുവെക്കുന്ന നിരീക്ഷണം ഇങ്ങനെ:
‘യുവതയെ പക്വവും വ്യക്തിനിഷ്ഠരും സാമൂഹികപ്രതിബദ്ധരുമായ മനുഷ്യരാക്കി വളര്‍ത്തുകയെന്നതാണ് വിദ്യാഭ്യാസത്തിന്റെ ജോലി. വ്യക്തിപരമായി സംതൃപ്തിയും സാമ്പത്തികവളര്‍ച്ചയും സമൂഹത്തോടുള്ള ഉത്തരവാദിത്വബോധവും പ്രദാനംചെയ്യാന്‍ വിദ്യാഭ്യാസം സഹായിക്കുന്നു.’
ആധുനികതത്ത്വശാസ്ത്രത്തിന്റെ പിതാവായ ദെക്കാര്‍ത്തെ, ദൈവത്തില്‍നിന്നുതുടങ്ങുന്നതിനുപകരം മനുഷ്യനില്‍നിന്ന് തുടങ്ങിക്കൊണ്ട് വിദ്യാഭ്യാസത്തെക്കുറിച്ച നിരീക്ഷണത്തില്‍ യു ടേണ്‍ എടുക്കുന്നത് നമുക്കുകാണാനാകും. യാഥാര്‍ഥ്യം മനസ്സിലാക്കാന്‍ മനുഷ്യന്റെ യുക്തിക്ക് കഴിവുണ്ടെന്ന് അദ്ദേഹം തറപ്പിച്ചുപറയുന്നു. മതവിശ്വാസത്തെ മൂലയിലേക്ക് തള്ളി്്മാറ്റുകയാണ് അദ്ദേഹം ചെയ്തത്. എന്നല്ല, മനസ്സിന്റെ യുക്തിചിന്തയ്ക്ക് പരമപ്രാധാന്യം നല്‍കി. യുക്തിചിന്തയുടെ കാലമാണിതെന്ന വാദമുയര്‍ത്തി, ദൈവത്തില്‍നിന്നും മനുഷ്യകേന്ദ്രീകൃതചിന്തയിലേക്ക് പരിവര്‍ത്തനംചെയ്തു. ന്യൂട്ടന്റെ സഹായത്തോടെ ശാസ്ത്രയുഗത്തിന്റെ പിറവിയെ അതിന് സാക്ഷിയായി അവതരിപ്പിച്ചു. അത് ഒരു യാന്ത്രികലോകത്തിന്റെ ആവിര്‍ഭാവത്തിന് വഴിതെളിച്ചു. ദൈവം സൃഷ്ടികര്‍മത്തില്‍നിന്ന് മുക്തനായി സമയത്തെ ക്രമീകരിക്കുന്ന ഒരാള്‍മാത്രമാണെന്ന രീതിയിലേക്ക് ആളുകളെ ചിന്തിപ്പിക്കാന്‍ ബോധപൂര്‍വമായ ശ്രമമാണ് നടന്നത്.
(തുടരും).
Add Comment