ഖിലാഫത്തുര്‍റാശിദയുടെ സവിശേഷമായ ഭരണനയങ്ങള്‍ ഇസ്‌ലാമികസമൂഹത്തിന് ഒട്ടേറെ അനുഗ്രഹങ്ങളും സൗഭാഗ്യങ്ങളും നേടിക്കൊടുത്തിരുന്നു. അതെല്ലാം രാജവാഴ്ചയിലൂടെ വിനഷ്ടമായി.
- ഖിലാഫത്തുര്‍റാശിദയുടെ കാലത്ത് ഭരണകൂടവും സാധാരണപൗരനും തമ്മില്‍ അന്തരമുണ്ടായിരുന്നില്ല. രാജവാഴ്ചയുടെ വരവോടുകൂടി ഭരണാധികാരി സാധാരണപൗരനെക്കാള്‍ ഉന്നതപദവിക്കുടമയായി. പേര്‍ഷ്യയിലെയും റോമിലെയും ചക്രവര്‍ത്തിമാരെപ്പോലെ അവര്‍ സുഖാഡംബരങ്ങളില്‍ മുഴുകി. കൊട്ടാരങ്ങള്‍ പണിതുയര്‍ത്തി. സുരക്ഷാഭടന്‍മാരും പരിവാരങ്ങളും അകമ്പടിസേവിച്ചു. അതോടെ പൊതുജനങ്ങള്‍ക്ക് ഭരണാധികാരിയുമായി നേരിട്ടു ബന്ധപ്പെടാന്‍ കഴിയാതെയായി.
- പൊതുജനങ്ങളുടെ അനാമത്തായി നിലകൊണ്ട ബൈതുല്‍മാല്‍(പൊതുഖജനാവ്) ഭരണാധികാരിയുടെ സ്വകാര്യസ്വത്തുപോലെ കൈകാര്യംചെയ്യപ്പെട്ടു. രാജാക്കന്‍മാരെ പോലെ ധനം ചെലവഴിക്കുകയും അതിന്റെ കണക്കോ വിശദാംശങ്ങളോ ആര്‍ക്കും ചോദിക്കാന്‍ കഴിയാതാവുകയും ചെയ്തു. അവിഹിതമാര്‍ഗത്തില്‍ സമ്പാദിച്ച ധനങ്ങളെല്ലാം പൊതുഖജനാവിലേക്ക് ചേര്‍ക്കാന്‍ തുടങ്ങി.
- ഖലീഫമാരുടെ ഏതെങ്കിലും നടപടികളില്‍ സംശയനിവാരണമോ വിശദാംശമോ ആവശ്യപ്പെടാന്‍ ഖിലാഫത്തുര്‍റാശിദയുടെ കാലത്ത് പൊതുജനത്തിന് കഴിഞ്ഞിരുന്നു. എന്നാല്‍ രാജവാഴ്ചയില്‍ അത്തരം അഭിപ്രായസ്വാതന്ത്ര്യങ്ങളൊന്നും അനുവദിക്കപ്പെട്ടില്ല. സത്യം തുറന്നുപറയുന്നതിന്റെ പ്രതിഫലം തടവറയായിരുന്നു.
- നീതി ഖിലാഫത്തുര്‍റാശിദയുടെ ഭരണത്തിന്റെ മുഖമുദ്രയായിരുന്നു. കോടതിയെ സ്വാധീനിക്കാന്‍ ഭരണാധികാരികള്‍ക്കുപോലും കഴിഞ്ഞിരുന്നില്ല. കോടതിക്ക് ഭരണാധികാരിയെപ്പോലും ശിക്ഷിക്കാന്‍ കഴിയുമാറ് നിര്‍ഭയത്വമുണ്ടായിരുന്നു. എന്നാല്‍ രാജകുടുംബത്തില്‍പെട്ടവര്‍ക്കെതിരെ വിധിപറയാന്‍ കോടതികള്‍ക്ക് കഴിയാതെയായി.
- കൂടിയാലോചനയില്‍ അധിഷ്ഠിതമായിരുന്നു ഖിലാഫത്തുര്‍റാശിദയുടെ ഭരണം. രാജവാഴ്ചയില്‍ അത്തരം കൂടിയാലോചനകളൊന്നുമുണ്ടായില്ല. ഇനി കൂടിയാലോചന ഉണ്ടായാല്‍ അത് ബന്ധുജനങ്ങളും അനുകൂലികളും മാത്രമടങ്ങിയ വൃത്തവുമായിട്ടായിരുന്നു അത് നടന്നിരുന്നത്. അതാകട്ടെ, മുന്‍കൂട്ടി തീരുമാനിക്കപ്പെട്ട കാര്യങ്ങള്‍ നടപ്പാക്കാന്‍ വേണ്ടിയായിരുന്നു താനും. ഇസ്‌ലാമികസമൂഹത്തിന്റെ നന്‍മയെ തൃണവത്ഗണിച്ചുകൊണ്ടുള്ള അത്തരം നീക്കങ്ങള്‍ ഇസ്‌ലാമികലോകത്ത് ജനാധിപത്യത്തെ ഇല്ലാതാക്കി.
- ഖിലാഫത്ത് നിലനിന്ന കാലത്ത് ശരീഅത്ത് നിയമങ്ങള്‍ക്കായിരുന്നു മേല്‍ക്കോയ്മ. ഖലീഫമാര്‍ ആരും തന്നെ ശരീഅത്ത് നിയമങ്ങള്‍ ലംഘിച്ചിരുന്നില്ല. ആരെയും അതിന് അനുവദിച്ചിരുന്നില്ല. ഉമവി ഭരണകാലത്തും ശരീഅത്ത് തന്നെയായിരുന്നു നിയമം. ചില ഭരണാധികാരികള്‍ തക്കവും തരവും നോക്കി ചിലപ്പോള്‍ അതെല്ലാം ലംഘിച്ചിരുന്നെങ്കിലും ശരീഅത്ത് നിയമങ്ങള്‍ക്കുള്ള പരമോന്നത സ്ഥാനം ചോദ്യംചെയ്യപ്പെട്ടിരുന്നില്ല. എന്നാല്‍ ക്രമേണ മതവും രാഷ്ട്രീയവും വേര്‍പെട്ടു. രാഷ്ട്രീയകാര്യങ്ങളില്‍ ഭരണകര്‍ത്താക്കളും ആത്മീയകാര്യങ്ങളില്‍ മതപണ്ഡിതരും എന്നതരത്തില്‍ വേര്‍തിരിവ് പ്രകടമാകാന്‍ തുടങ്ങി.
- ഭരണകര്‍ത്താക്കള്‍ പ്രത്യേക വംശത്തിലും ഗോത്രത്തിലും പെട്ടവരായതോടെ അമീറുല്‍ മുഅ്മിനീന്‍ എന്നതിന് പകരം അമീറുല്‍ അറബ് ആയി മാറിയിരുന്നു. ഗോത്രതാല്‍പര്യങ്ങളും കുടുംബതാല്‍പര്യങ്ങളും മുന്‍ഗണനാക്രമത്തില്‍ കടന്നുവന്നു. അത് അറബികളും അനറബികളും എന്ന വേര്‍തിരിവിന് കാരണമായി. ഉമവി ഭരണകര്‍ത്താക്കളുടെ കാലത്ത് പേര്‍ഷ്യന്‍ദേശീയത ഉയര്‍ന്നുവന്നത് അങ്ങനെയാണ്.
Add Comment