സെപ്റ്റംബര്‍ 11 ആക്രമണത്തിന്റെ ഇന്ത്യന്‍ പതിപ്പെന്നു വിശേഷിപ്പിക്കപ്പെട്ട മുംബൈ ആക്രമണത്തെ തുടര്‍ന്ന് 2008ല്‍ നടപ്പാക്കിയ ഭീകരവിരുദ്ധ നിയമമാണ് യു.എ.പി.എ. അഫ്‌സ്പക്കും മോക്കക്കും പോട്ടക്കും ടാഡക്കും ശേഷം പാര്‍ശ്വവത്കൃത സമൂഹങ്ങളുടെമേല്‍ അടിച്ചേല്‍പിച്ച പ്രത്യേകപദവിയുള്ള മറ്റൊരു നിയമമായി പല വിശകലനങ്ങളും യു.എ.പി.എയെ വിമര്‍ശിക്കുന്നു. പാലക്കാടും കണ്ണൂരും നടന്ന അക്രമ സംഭവങ്ങളില്‍ പ്രതികളായവര്‍ക്കെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ മാവോവാദി ബന്ധം ആരോപിച്ചു യു.എ.പി.എ ചുമത്തിയത് പക്ഷേ, ഏറെയൊന്നും ചര്‍ച്ച ചെയ്യപ്പെട്ടില്ല. മാത്രമല്ല, കഴിഞ്ഞ ചില മാസങ്ങളായി മാവോവാദി ബന്ധം, സി.പി.എം ബന്ധം ഇവയൊക്കെ പറഞ്ഞു കേരളത്തില്‍ 30ഓളം പേര്‍ക്കെതിരെ യു.എ.പി.എ ചുമത്തി. പക്ഷേ, കേരളത്തിന്റെ സാഹചര്യത്തില്‍ ഈ ജനവിരുദ്ധ നിയമം എങ്ങനെ പ്രയോഗിക്കപ്പെടുന്നുവന്നതിനെകുറിച്ച് കുറെക്കൂടി വ്യത്യസ്തമായിത്തന്നെ ചര്‍ച്ച നടക്കേണ്ടതുണ്ട്.ഇന്ത്യയില്‍ നേരത്തെ നടപ്പാക്കിയ പ്രത്യേകനിയമങ്ങളുടെ താരതമ്യത്തിലൂടെ വികസിക്കുന്ന യു.എ.പി.എ വിമര്‍ശനങ്ങള്‍ തന്നെയെടുക്കുക. കെ.പി.എസ് ഗില്ലിന്റെ നേതൃത്വത്തില്‍ സിഖ് ന്യൂനപക്ഷത്തെ വെട്ടയാടുന്നതിന്റെ ഭാഗമായി 1987ല്‍ അടിച്ചേല്‍പിച്ച ടാഡയുടെ ഭാഗമായി അറസ്റ്റ് ചെയ്യപ്പെട്ടത് 76,000ത്തോളം പേരായിരുന്നു. അവരില്‍തന്നെ 15 ശതമാനം പേര്‍ മാത്രമാണ് വിചാരണക്കു വിധേയരായത്. അതില്‍ 13 ശതമാനം പേരെ കോടതി വെറുതെവിട്ടു. അതുകൊണ്ട് തന്നെ യു.എ.പി.എ ടാഡയെ പോലെ ദുര്‍ബലരുടെ മേലെരാഷ്ട്രീയ ഉന്നംവെച്ച് ചുമത്തുന്ന നിയമമാണെന്നും അങ്ങനെയുള്ള പ്രത്യേക നിയമങ്ങളുടെ തുടര്‍ച്ചയാണെന്നുമുള്ള വിമര്‍ശമാണ് മനീഷ സേഥി (Kafkaland:Prejudice, Law and Counterterrorism in India (First Edition, October 2014)യെ പോലുള്ളവര്‍ ഉന്നയിക്കുന്നത്. പക്ഷേ, യു.എ.പി.എയെ ഇന്ത്യന്‍ പൊതുമാതൃക(standard)യില്‍ ഊന്നിനിന്ന് മാത്രം അന്വേഷിച്ചാല്‍ പോരാ. അതിനെ, കേരള മോഡല്‍ ഭീകരവേട്ട’യുടെ പ്രത്യേക പശ്ചാത്തലം വെച്ചുകൂടി അന്വേഷിക്കേണ്ടതുണ്ട്.
കേരളം പോലുള്ള പ്രദേശങ്ങളുടെ സവിശേഷസാഹചര്യം കാണാന്‍ ചില ചോദ്യങ്ങള്‍ സഹായിക്കുമെന്ന് കരുതട്ടെ. ടാഡയും പോട്ടയും നടപ്പാക്കാത്ത സംസ്ഥാനമായിരുന്ന കേരളത്തില്‍ യു.എ.പി.എ എന്തുകൊണ്ട് നടപ്പായി ? യു.എ.പി.എ മറ്റു പ്രത്യേക നിയമങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇടതുപക്ഷത്തിനും വലതുപക്ഷത്തിനും എന്തുകൊണ്ട് സ്വീകാര്യമായി ? യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലടക്കപ്പെട്ട മലയാളികളില്‍ ബഹുഭൂരിപക്ഷവും എന്തുകൊണ്ട് മുസ് ലിംകളായി? കേരളത്തില്‍ സാമ്പത്തികമായും രാഷ്ട്രീയമായും ഏറെ ശക്തിയുണ്ടെന്നു പറയപ്പെടുന്ന മുസ്ലിംകള്‍ക്ക് എന്തുകൊണ്ട് പക്ഷേ, നിയമ പരിരക്ഷ നിഷേധിക്കപ്പെട്ട് കാലങ്ങളായി വിചാരണയില്ലാതെ ഈ നിയമത്തിന്റെ പേരില്‍ ജയിലില്‍ കഴിയുന്നു ? ഏറെ പ്രബുദ്ധമായ അവകാശരാഷ്ട്രീയ ബോധമുള്ള സ്ഥലമെന്ന് അമര്‍ത്യ സെന്നിനെ പോലുള്ള സാമൂഹിക ശാസ്ത്രജ്ഞരാല്‍ പുകഴ്ത്തപ്പെട്ട കേരളത്തില്‍ മുസ് ലിം രാഷ്ട്രീയ നേതാവായ അബ്ദുന്നാസിര്‍ മഅ്ദനി മുതല്‍ സാദാ മുസ്ലിം യുവാവായ സകരിയ്യ വരെ വിചാരണയും ജാമ്യവും നിഷേധിക്കപ്പെട്ട് തടവില്‍ കഴിയുന്നത് വലിയരാഷ്ട്രീയവകാശ പ്രശ്‌നമാവാതെ പോവുന്നതിന്റെ കാരണങ്ങള്‍ എന്തെല്ലാമാണ്? യു.എ.പി.എ പ്രകാരം കേരളത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ 75 ശതമാനവും മുസ് ലിംകളാണ്. അതായത് യു.എ.പി.എ പ്രകാരം ഇതുവരെ അറസ്റ്റ് ചെയ്യപ്പെട്ട 124 മലയാളികളില്‍ 98 പേര്‍ മുസ് ലിംകളാണ്. ഒരു എതിര്‍രാഷ്ട്രീയത്തിന്റെ ഭാഗമായി ഇത് മനുഷ്യാവകാശലംഘനം ആയി വായിക്കുകയും തുല്യനീതി, പൗരാവകാശം ഇവയുടെ തലത്തില്‍ പരിഹരിക്കുകയും ചെയ്യേണ്ട പ്രശ്‌നമാണെന്ന് പറയുമ്പോള്‍തന്നെ എന്തുകൊണ്ട് മുസ് ലിം എന്ന ചോദ്യം അപ്പോഴും ബാക്കിയാവുന്നു. അതായത്, കഴിഞ്ഞ മാസങ്ങളില്‍ യു.എ.പി.എ കേസുകള്‍ ചുമത്തപ്പെട്ടത് മാവോയിസ്റ്റ്/സി.പി.എം ബന്ധം ആരോപിച്ചാണെങ്കിലും പ്രത്യേക നിയമങ്ങളുടെരാഷ്ട്രീയത്തെകുറിച്ച് സംസാരിക്കുമ്പോള്‍ എം.എസ്.എസ് പാണ്ഡ്യനും മറ്റും ആക്ട് ഓഫ് ട്രാന്‍സ്‌കോഡിങ് (ദേശസുരക്ഷ പോലുള്ള ന്യായങ്ങള്‍ പറഞ്ഞു അപര സമുദായങ്ങളെ വേട്ടയാടുന്ന വിദ്യ) എന്ന പ്രക്രിയ അതര്‍ഹിക്കുന്ന ഗൗരവത്തില്‍തന്നെയെടുക്കേണ്ടതുണ്ട്.
ആധുനിക അധികാരത്തെ പൂര്‍വാധുനിക അധികാരത്തില്‍നിന്ന് വ്യത്യസ്തമാക്കുന്ന പ്രധാനപ്പെട്ട ഒരു കാര്യം, അത് സാമൂഹിക ബോധത്തില്‍ ഉള്‍ച്ചേര്‍ക്കപ്പെട്ടതും സൂക്ഷ്മവും അദൃശ്യവുമായി ക്രമീകരിക്കപ്പെട്ടിരിക്കുന്നു എന്നതാണ്. ആധുനികപൂര്‍വ രാജാധിപത്യ ഭരണത്തില്‍ തുറന്ന സ്ഥലത്ത്, ദൃശ്യമായി, ജനമധ്യത്തില്‍, ശരീരത്തിനു മേലെ നടത്തിയിരുന്ന ശിക്ഷാ രീതികള്‍ പക്ഷേ, ജയിലുകള്‍ പോലെയുള്ള രഹസ്യ ഇടങ്ങളിലേക്ക് മാറി അദൃശ്യമാവുകയും ശരീരത്തില്‍നിന്ന് മാറി മനസ്സിനെ ശിക്ഷയുടെ കേന്ദ്രം ആക്കി മാറ്റുകയും ചെയ്യുന്ന ആധുനിക ഭരണനിര്‍വഹണ പ്രക്രിയ മിഷേല്‍ ഫുക്കോ വിശദീകരിക്കുന്നുണ്ട്. ശീതയുദ്ധത്തിനു ശേഷം, അമേരിക്കന്‍ മഹാസാമ്രാജ്യം (Empire) ആരംഭിച്ച ഭീകരവേട്ടയുടെ ഭാഗമായി, ദേശരാഷ്ട്രങ്ങള്‍ മുസ് ലിംകളുടെ മേലെ നടത്തുന്ന അധികാര പ്രയോഗത്തിന്റെ ദൃശ്യതയും / അദൃശ്യതയും സൂക്ഷ്മമായും സവിശേഷമായും പരിശോധിക്കേണ്ടതുണ്ട്.
ഇസ് ലാമിനെ സംബന്ധിച്ചും ഇസ് ലാമിക പ്രത്യയശാസ്ത്രം മുന്നോട്ടുവെക്കുന്ന ജനക്ഷേമ രാഷ്ട്രീയത്തെ സംബന്ധിച്ചുമുള്ള ചര്‍ച്ചകള്‍ ഇന്ന് സജീവമാണ്. ഇസ് ലാമികരാഷ്ട്രീയത്തിന്റെ ദൃശ്യത ആഗോള മേല്‍കോയ്മയെ വെല്ലുവിളിക്കുന്നരാഷ്ട്രീയ പ്രയോഗമായി മാറിയിരിക്കുന്നു എന്നതില്‍ തര്‍ക്കമില്ല. ഇസ് ലാമിലെ സാമൂഹികനീതി പോലുള്ള സങ്കല്‍പങ്ങള്‍ പ്രധാനമാവുന്ന മുസ് ലിം ഇടപെടലുകളെയാണ് ഇസ് ലാമികരാഷ്ട്രീയം എന്ന പ്രയോഗത്തിലൂടെ ഇവിടെ സൂചിപ്പിക്കുന്നത്.
മേല്‍ക്കോയ്മ ശക്തികള്‍ മുസ് ലിംകളെ പരോക്ഷമായിട്ടല്ല നേരിട്ടുതന്നെ നിയന്ത്രിക്കാന്‍ ഇപ്പോള്‍ ഏറെ പരിശ്രമിക്കുന്നു. അതായത്, മുസ് ലിംകളെ പരോക്ഷമായി നിയന്ത്രിക്കുന്ന ആഗോള ‘മൃദു അധികാര’ത്തെ ഇസ് ലാമികരാഷ്ട്രീയം ഏറെ ഉലക്കുന്നതിനാല്‍ അവരെ നേരിട്ട് നിയന്ത്രിക്കുന്ന ‘കഠിന അധികാരം’ വ്യാപകമാവുന്നുവെന്നു സല്‍മാന്‍ സയ്യിദിനെ പോലെയുള്ളവര്‍ നിരീക്ഷിക്കുന്നുണ്ട്.
കേരളത്തില്‍തന്നെ മണ്ഡല്‍ മസ്ജിദ് കാലത്തിനുശേഷം മേല്‍ക്കോയ്മരാഷ്ട്രീയത്തെ ഉലക്കുന്ന ഇസ് ലാമികരാഷ്ട്രീയത്തിന്റെ അനേകം പരീക്ഷണങ്ങള്‍ വികസിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മുസ് ലിംകളെ നിയന്ത്രിക്കുന്നതിന് കൂടുതല്‍ കഠിന നടപടി ആവശ്യമാണെന്ന നിലപാടാണ് യു.എ.പി.എ അടക്കമുള്ളവരുടെ പുത്തന്‍ പ്രയോഗങ്ങള്‍ വ്യക്തമാക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് ഭരണകൂടമര്‍ദനത്തിനു വിധേയമാകുന്ന കേരള മുസ് ലിം’ എന്ന പ്രശ്‌നത്തെക്കുറിച്ചുള്ള വേറിട്ട സമീപനങ്ങള്‍ പ്രസക്തമാകുന്നത്. മലബാറിലെ ഖിലാഫത് പ്രക്ഷോഭത്തിനു ശേഷം ഇത്രയധികം മലയാളി മുസ് ലിംകള്‍ രാഷ്ട്രീയക്കുറ്റങ്ങളുടെ പേരില്‍ തടവില്‍ കഴിയുന്നത് 90 വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ്.
ചുരുക്കിപ്പറഞ്ഞാല്‍ ഇസ് ലാമികരാഷ്ട്രീയത്തിന്റെ നവീനമായ ദൃശ്യതയും ഭരണകൂട അധികാരത്തിന്റെ പ്രത്യക്ഷമായ കടന്നുകയറ്റവും തമ്മിലുള്ള ബന്ധം വിശദമായി തന്നെ സംവാദ വിധേയമാക്കേണ്ടതാണ്. അതായത്, യു.എ.പി.എ അടക്കമുള്ള നിയമങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ കേവല അര്‍ഥത്തില്‍ ‘ജനവിരുദ്ധം’ എന്ന ചട്ടക്കൂടില്‍ പരിമിതപ്പെടാതെ, ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം കേരളത്തില്‍ ജനം’ എന്നത് മുസ് ലിമായി എങ്ങനെ മാറിയെന്ന കാര്യവും അവലോകനം ചെയ്യപ്പെടണം.
കടപ്പാട് : madhyamam.com
Add Comment