ദീനിന്റെ അടിസ്ഥാനസംഗതികളെ കൃത്യമായും സമ്പൂര്‍ണമായും അവതരിപ്പിക്കുന്ന ഒരധ്യായമാണ് യാസീന്‍ എന്ന് ഇബ്‌നു ആശൂര്‍ അഭിപ്രായപ്പെടുന്നു. പ്രവാചകത്വത്തിന്റെ സന്ദേശം, വഹ്‌യ്, ഖുര്‍ആന്‍ എന്ന അത്ഭുതപ്രതിഭാസം, പ്രവാചകന്‍മാരുടെ സ്വഭാവസവിശേഷതകള്‍, വിധിസങ്കല്‍പം, അല്ലാഹുവിന്റെ അറിവ്, ഖിയാമത് നാള്‍, ഏകദൈവവിശ്വാസം , അല്ലാഹുവിന്റെ മഹത്വം തുടങ്ങിയവ അക്കൂട്ടത്തില്‍ പെടുന്നു.
സൂറ ജിന്നിനുശേഷം ഫുര്‍ഖാനിനുമുമ്പായി അവതരിച്ച അധ്യായമാണിതെന്ന് ഭൂരിപക്ഷാഭിപ്രായം. നുബുവ്വത്തിന്റെ പത്താംവര്‍ഷത്തിലാണ് ഈ അധ്യായം അവതീര്‍ണമായത്. മക്കാമുശ്‌രിക്കുകള്‍ മുസ്‌ലിംകളെ എല്ലാവിധത്തിലും പീഡിപ്പിച്ചുകൊണ്ടിരുന്ന കാലമായിരുന്നു അത്. മുശ്‌രിക്കുകള്‍ ഏകദൈവവിശ്വാസവും പ്രവാചകത്വവും പരലോകവിശ്വാസവും ധാര്‍ഷ്ട്യത്തോടെ തള്ളിക്കളഞ്ഞു. അതേസമയം അവര്‍ ആ നിരാസം പ്രകടിപ്പിച്ചത് ക്രൂരമായ മര്‍ദ്ദന പീഡനമുറകളിലൂടെയായിരുന്നു. എന്നാല്‍, തങ്ങളുടെ പൂര്‍വപിതാക്കളുടെ വഴിപിഴച്ച ജീവിതശൈലിയെ ഉപേക്ഷിച്ചതിന്റെ പേരില്‍ പതിമൂന്നുവര്‍ഷക്കാലം അടിച്ചമര്‍ത്തലും ബഹിഷ്‌കരണവും മുസ്‌ലിംകള്‍ക്ക് സഹിക്കേണ്ടിവന്നു.
1. يسٓ
ഹുറൂഫുല്‍ മുഖത്ത്വഅഃ എന്നറിയപ്പെടുന്ന അക്ഷരങ്ങള്‍കൊണ്ടാണ് അധ്യായം ആരംഭിക്കുന്നത്. അറബിഅക്ഷരങ്ങളെ യോജിപ്പിച്ചുകൊണ്ട് എന്നാല്‍ (മനുഷ്യയുക്തിയിലൂടെ ചിന്തിച്ചാല്‍ )അര്‍ഥമില്ലാതെയാണ് അത് പ്രയോഗിച്ചിരിക്കുന്നത്. ചിലര്‍ അതിന് അര്‍ഥവും വ്യാഖ്യാനവും പറയാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ പ്രതീകാത്മകമായി അതുപയോഗിച്ചിരിക്കുന്നുവെന്ന് പറയാന്‍ മാത്രമേ നമുക്ക് കഴിയൂ. എന്നാല്‍ ഖുര്‍ആന്‍ എന്ന ദിവ്യഗ്രന്ഥത്തില്‍ അതുവരുമ്പോള്‍ അതിന് പ്രത്യേകഅര്‍ഥമുണ്ടെന്നുതന്നെ വേണം മനസ്സിലാക്കാന്‍.
2. وَٱلْقُرْءَانِ ٱلْحَكِيمِ -സാരസമ്പൂര്‍ണമായ ഖുര്‍ആന്‍ തന്നെ സത്യം.
യാസീനെത്തുടര്‍ന്ന് വരുന്ന സൂക്തം ഖുര്‍ആന്റെ മികവിനെയും തികവിനെയും ദ്യോതിപ്പിക്കുന്നു. യഥാര്‍ഥത്തില്‍ യാസീന്‍ എന്ന അക്ഷരങ്ങള്‍ അതിന്റെ പ്രതീകമായിരുന്നു. അവതരണത്തിലും ആഖ്യാനത്തിലും ആശയത്തിലും ഖുര്‍ആന്‍ സുവ്യക്തമാണെന്ന് അല്ലാഹുപറയുകയാണ്. മനുഷ്യന്റെ സ്വത്വബോധത്തെയും യുക്തിയെയും കഴിവിനെയും ഉണര്‍ത്തുവാന്‍ ഖുര്‍ആന്‍ സഹായിക്കുന്നു. അത്തരത്തിലുള്ള ഖുര്‍ആനെ പിടിച്ചാണ് അവന്‍ ആണയിടുന്നത് എന്നത് അതിന്റെ സമ്പൂര്‍ണതയെയും ഔന്നത്യത്തെയും കുറിക്കുന്നു.
3. إِنَّكَ لَمِنَ ٱلْمُرْسَلِينَ
عَلَىٰ صِرَطٍۢ مُّسْتَقِيمٍۢ
تَنزِيلَ ٱلْعَزِيزِ ٱلرَّحِيمِ – തീര്‍ച്ചയായും നീ ദൈവദൂതന്മാരില്‍ ഒരുവനാകുന്നു.ഉറപ്പായും നീ നേര്‍വഴിയിലാണ്.പ്രതാപിയും പരമകാരുണികനുമായവന്‍ ഇറക്കിയതാണ് ഈ ഖുര്‍ആന്‍.
പ്രതാപവാനായ അല്ലാഹുവിന്റെ അടുക്കല്‍നിന്ന് അയക്കപ്പെട്ട അസംഖ്യം പ്രവാചകരില്‍പെട്ടയാളാണ് മുഹമ്മദെന്ന് നിഷേധികളോട് വെല്ലുവിളിയെന്നോണം അല്ലാഹു തുറന്നുവ്യക്തമാക്കുകയാണ്. അതേസമയം, അല്ലാഹു സത്കര്‍മികളോടുമാത്രമല്ല, തന്നോട് കടുത്ത ധിക്കാരം പുലര്‍ത്തുന്നവരോടുപോലും കരുണകാട്ടുന്നവനാണ്.
ദൈവികമാര്‍ഗത്തില്‍ ഇറങ്ങിത്തിരിച്ചതിന്റെ പേരില്‍ പീഡനങ്ങള്‍ സഹിക്കേണ്ടിവന്ന പ്രവാചകനെ സര്‍വ്വശക്തനായ ദൈവംതമ്പുരാന്‍ ആശ്വസിപ്പിക്കുന്ന ശൈലി ശ്രദ്ധേയമാണ്. കേവലം ഒരു മനുഷ്യനല്ലെന്നും മാനവരാശിക്കുവേണ്ടി തെരഞ്ഞെടുക്കപ്പെട്ടയാളാണെന്നുമുള്ള ഓര്‍മപ്പെടുത്തല്‍ തന്റെ ലക്ഷ്യപ്രാപ്തിക്കായുള്ള പ്രയത്‌നങ്ങളില്‍ സധൈര്യം മുന്നോട്ടുപോകാനുള്ള ആത്മവിശ്വാസം പകര്‍ന്നുനല്‍കുന്നു. ദൈവികസന്ദേശം സ്വീകരിക്കാന്‍ വിസമ്മതിക്കുന്നവരുടെ എതിര്‍പ്പും പകയും അദ്ദേഹം നേരിടുന്നത് ഒറ്റയ്ക്കല്ലെന്നും അത് ഓര്‍മിപ്പിക്കുന്നു. മുന്‍കാലപ്രവാചകന്‍മാരെ അനുസരിക്കാനും അംഗീകരിക്കാനും വിസമ്മതിച്ച പ്രമാണിമാരെപ്പോലെയാണ് ഖുറൈശികളും. അതിനാല്‍ നബിയേ, താങ്കള്‍ ഭയപ്പെടേണ്ടതില്ല. ഇവിടെ പ്രവാചകോത്തമനായ മുഹമ്മദ് നബിക്കുപോലും കടുത്ത എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നുവെങ്കില്‍ നിസ്സാരരായ നമുക്ക് എത്രമാത്രം എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നേക്കാം? ലോകമുസ്‌ലിംസമൂഹം ദിനേനയെന്നോണംആക്രമണങ്ങള്‍ക്ക് വിധേയമാകുന്ന ഇക്കാലത്ത് അല്ലാഹുവിന്റെ ഈ വാക്കുകള്‍ തികച്ചും ആശ്വാസം പകരുന്നവ തന്നെയല്ലേ? ഓരോ മുസ്‌ലിമിനെസംബന്ധിച്ചിടത്തോളം അവന് ഏറ്റവും ആശ്വാസംപകരുന്നത് താന്‍ ആത്മാര്‍ഥമായി അനുസരണവും ആരാധനയും അര്‍പ്പിക്കുന്ന അല്ലാഹുകൂടെയുണ്ടെന്ന തിരിച്ചറിവാണ്. അതിനോളം ആശ്വാസംനല്‍കാന്‍ പോന്ന മറ്റൊന്നും ഈ ലോകത്തില്ല തന്നെ. അല്ലാഹുവിന്റെ ഗുണവിശേഷത്തെ (അസീസ്, റഹീം..) ഖുര്‍ആനോട് ചേര്‍ത്തുപറഞ്ഞത് അത് അവന്റെ പക്കല്‍നിന്നുള്ളതാണെന്നതിന്റെ ശക്തമായ സന്ദേശമാണ്. അതിന് ഏതുജനവിഭാഗത്തെയും അന്ധകാരത്തില്‍ നിന്ന് പ്രകാശത്തിലേക്ക് വഴിനടത്താന്‍ ഒരു മാസ്മരികകഴിവുണ്ട്. അതുകൊണ്ടാണ് മനുഷ്യന് മുന്നറിയിപ്പാണെന്ന സൂചനയോടെ തൊട്ടടുത്ത സൂക്തം വരുന്നത്. അത് പ്രതാപവാനായ അല്ലാഹുവില്‍നിന്നായതുകൊണ്ട് അലസമായോ അലക്ഷ്യമായോ അല്ല അതിനെ കേള്‍ക്കേണ്ടതും ഉള്‍ക്കൊള്ളേണ്ടതും. മറിച്ച് കണ്ണുകള്‍ തുറന്ന് ജാഗ്രതയോടെയാകണം അത്. അല്ലാഹുവിന് നല്‍കിയിരിക്കുന്ന നാമവിശേഷണങ്ങള്‍ ഖുര്‍ആനും ബാധകമാണ്. കാരണം, അത് അവന്റെ വാക്കുകളാണ്. അത് ശക്തവും സര്‍വതിനെയും കീഴടക്കുന്നതും ആയിരിക്കെത്തന്നെ കാരുണ്യവുമാണ് എന്നത് പ്രത്യേകം ഓര്‍ക്കുക. ഈ രണ്ട് വിദൂരവിശേഷണങ്ങളും ഖുര്‍ആന്റെ മികവിനെ കുറിക്കുന്നുണ്ട്.
4. لِتُنذِرَ قَوْمًۭا مَّآ أُنذِرَ ءَابَآؤُهُمْ فَهُمْ غَفِلُونَ
‘ഒരു ജനതക്കു മുന്നറിയിപ്പു നല്‍കാനാണിത്. അവരുടെ പിതാക്കള്‍ക്ക് ഇതുപോലൊരു മുന്നറിയിപ്പുണ്ടായിട്ടില്ല. അതിനാലവര്‍ ബോധമില്ലാത്തവരാണ്.’
ഈ സൂക്തം ഒട്ടേറെ സംഗതികളെ ഉള്‍ക്കൊള്ളുന്നുണ്ട്. നമ്മുടെ ചുറ്റുമുള്ളവര്‍ക്ക് സന്ദേശം പകര്‍ന്നുനല്‍കാമെന്നതുസംബന്ധിച്ച രീതിശാസ്ത്രവും അതിലുള്‍പ്പെടുന്നു. ദൗര്‍ഭാഗ്യവശാല്‍ ഇക്കാലത്ത് വിവിധതരത്തിലുള്ള ‘ഇസ്‌ലാമി’നെ അനുഭവിച്ച് ആളുകള്‍ തികഞ്ഞ ആശയക്കുഴപ്പത്തിലകപ്പെട്ടിരിക്കുകയാണ്. ആ ‘ഇസ്‌ലാമുകള്‍’ ഒന്നുംതന്നെ നിഷേധികള്‍ക്ക് വരാനിരിക്കുന്ന ശിക്ഷയെക്കുറിച്ച് മുന്നറിയിപ്പുനല്‍കാറില്ല. പ്രവാചകജീവിതം ഇതിനെല്ലാം തികച്ചുംവിരുദ്ധമായിരുന്നു. മുസ്‌ലിംന്യൂനപക്ഷസമൂഹമായിരുന്നിട്ടുകൂടി അദ്ദേഹം ഇടക്കിടക്ക് തന്റെ ജനതയ്ക്ക് അല്ലാഹുവിന്റെ ശിക്ഷയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഖുര്‍ആനിലും മറ്റുഹദീസുകളിലും കാണുന്നതുപോലെ അദ്ദേഹത്തിന്റെ നിയോഗത്തിന്റെ മുഖ്യലക്ഷ്യങ്ങളിലൊന്ന് മുന്നറിയിപ്പുനല്‍കുകയെന്നതായിരുന്നു. അല്ലാഹുപറയുന്നു:’സംശയം വേണ്ട; അവനിത് അവസാനിപ്പിക്കുന്നില്ലെങ്കില്‍; അവന്റെ കുടുമ നാം പിടിച്ചു വലിക്കുക തന്നെ ചെയ്യും; കള്ളം പറയുകയും പാപം പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കുടുമ! (അല്‍അലഖ് 15-16)
പുതച്ചു മൂടിയവനേ! എഴുന്നേല്‍ക്കുക. ജനത്തിന് മുന്നറിയിപ്പ് നല്‍കുക.(അല്‍ മുദ്ദസിര്‍ 1-2).
1400 വര്‍ഷംമുമ്പ് ധിക്കാരത്തിലും അശ്രദ്ധയിലും കഴിച്ചുകൂട്ടിയ ഖുറൈശികളെപ്പോലെ ജീവിക്കുന്ന നമ്മിലേക്ക് ഈ ദൂതനെ(ഖുര്‍ആനെ) അയച്ചത് അല്ലാഹുവിന്റെ കാരുണ്യമാണ്. തികഞ്ഞ അശ്രദ്ധയോടെ ജീവിതംനയിക്കുന്ന നമ്മെ സംബന്ധിച്ചിടത്തോളം ഹൃദയവിശുദ്ധി കൈവരിക്കാന്‍ ഖുര്‍ആന്‍ കൂടിയേ തീരൂ.
ഭാഷാ മുത്തുകള്‍
وَٱلْقُرْءَانِ ٱلْحَكِيمِ : സാരസമ്പൂര്‍ണമായ ഖുര്‍ആന്‍ തന്നെ സത്യം.
إِنَّكَ لَمِنَ ٱلْمُرْسَلِينَ -തീര്‍ച്ചയായും നീ ദൈവദൂതന്മാരില്‍ ഒരുവനാകുന്നു മേല്‍ രണ്ടുസൂക്തങ്ങളിലും രണ്ട് ഭാഷാശൈലികള്‍ ഉപയോഗിച്ചിരിക്കുന്നു. ഒന്നാമത്തേതില്‍ വാവ് (വാവുല്‍ ഖസ്മ്)സത്യംചെയ്യാന്‍ ഉപയോഗിച്ചിരിക്കുന്നു. രണ്ടാമത്തേതില്‍ ഊന്നല്‍ നല്‍കാന്‍ ലാമിനെ(ലാമു ത്തഅ്കീദ് ) സ്വീകരിച്ചു. മുഹമ്മദ് നബിയെ പ്രവാചകനല്ലെന്ന് തള്ളിപ്പറയാന്‍ ശ്രമിക്കുന്ന ഖുറൈശി ധാര്‍ഷ്ട്യത്തെ ഇതിലൂടെ അവഗണിക്കുകയാണ് ചെയ്യുന്നത്. മുഹമ്മദ് നബിയോടുള്ള അടുപ്പവും അദ്ദേഹത്തിനുള്ള സമാശ്വാസവും ഇതിലുണ്ട്.
عَلَىٰ صِرَطٍۢ مُّسْتَقِيمٍۢ: (അല്ലയോ മുഹമ്മദ് )ഉറപ്പായും നീ നേര്‍വഴിയിലാണ്. അതായത്, നിര്‍ണിതലക്ഷ്യത്തിലേക്കുള്ള സമീപസ്ഥവും സുഗമവുമായ പാതയിലാണ് നബിയുള്ളത്. നിര്‍ണിതലക്ഷ്യം അല്ലാഹുവാണ്. മറ്റുള്ള ആളുകളെ അപേക്ഷിച്ച് മുഹമ്മദ് നബി(സ) നേര്‍മാര്‍ഗത്തിലാണ്. എല്ലാ തലമുറയിലുമുള്ള ജനതയ്ക്കും ഇതില്‍ വിലമതിക്കാനാകാത്ത പാഠമുണ്ട്. അതായത്, നബിയെ പിന്‍പറ്റുകമാത്രമാണ് അവര്‍ ചെയ്യേണ്ടത്. അതിലൂടെ മാത്രമേ അല്ലാഹുവിന്റെ പ്രീതി കരസ്ഥമാക്കാനാകൂ.
لِتُنذِرَ قَوْمًۭا مَّآ أُنذِرَ ءَابَآؤُهُمْ فَهُمْ غَفِلُونَ
ഒരു ജനതക്കു മുന്നറിയിപ്പു നല്‍കാനാണിത്. അവരുടെ പിതാക്കള്‍ക്ക് ഇതുപോലൊരു മുന്നറിയിപ്പുണ്ടായിട്ടില്ല. അതിനാലവര്‍ ബോധമില്ലാത്തവരാണ്.
മുഹമ്മദ് നബി അക്കാലത്തെ അറബ്‌സമൂഹത്തില്‍ മുന്നറിയിപ്പുനല്‍കാനായി മാത്രം അയക്കപ്പെട്ടതാണെന്ന് ആരും തെറ്റുധരിക്കേണ്ടതില്ലെന്ന് ഇബ്‌നുതൈമിയ്യ ഈ സൂക്തത്തെ വിശദീകരിക്കുന്നിടത്ത് ഓര്‍മിപ്പിക്കുന്നുണ്ട്. യഥാര്‍ഥത്തില്‍ ഖിയാമത്തുനാള്‍വരെയുള്ള ജനതയ്ക്കുവേണ്ടിയുള്ളതാണല്ലോ അദ്ദേഹത്തിന്റെ സന്ദേശം. അതായത്, എല്ലാ രാഷ്ട്രങ്ങളിലെയും ഭരണകൂടങ്ങളെയും ജനതയെയും അന്ധകാരങ്ങളില്‍നിന്നും അവിശ്വാസങ്ങളില്‍നിന്നും വിശ്വാസത്തിന്റെ പ്രകാശത്തിലേക്കും ശാന്തിയിലേക്കും നയിക്കുകയാണ് അതിന്റെ ലക്ഷ്യം.
Add Comment