1187- ല്‍ സുല്‍ത്ത്വാന്‍ സ്വലാഹുദ്ദീന്‍ അയ്യൂബി ജറൂസലം പിടിച്ചെടുത്തതിന്റെ നഷ്ടബോധമാണ് മൂന്നാം കുരിശുയുദ്ധത്തിന്റെ പ്രചോദനം. വീണ്ടും മുസ്‌ലിംലോകവുമായി ഒരു യുദ്ധത്തിന് ജര്‍മന്‍ചക്രവര്‍ത്തി ഫ്രെഡറിക് ബാര്‍ബര്‍റൗസ്, ഫ്രാന്‍സിലെ രാജാവ് ഫിലിപ് അഗസ്‌തെ, ഇംഗ്ലണ്ടിലെ സിംഹഹൃദയന്‍ റിച്ചാര്‍ഡ് തുടങ്ങിയ രാജാക്കന്‍മാര്‍ അണിനിരന്നുവെന്നത് ഇതിലെ പ്രത്യേകതയാണ്.1189 ഏപ്രില്‍ 23 ന് അര്‍മീനിയന്‍ പര്‍വതനിരയിലെ താര്‍സസില്‍ പുഴയില്‍വീണ് സൈന്യാധിപന്‍ ഫ്രെഡറിക് മുങ്ങിമരിച്ചത് ജര്‍മന്‍സേനയുടെ മനോവീര്യം നഷ്ടപ്പെടുത്തി. അതോടെ അവര്‍ തിരിച്ചുപോയി. ഇംഗ്ലീഷ് -ഫ്രഞ്ച് കുരിശുപോരാളികള്‍ സിസിലിയില്‍ ഒത്തുചേര്‍ന്നു.അക്കായിലെ കുരിശുപോരാളികള്‍ അവരെ കാത്തിരിക്കുകയായിരുന്നു.1191 ഏപ്രില്‍ 20 ന് ഫ്രഞ്ചുകാര്‍ അക്കായിലെത്തി. അക്കാ പട്ടണം കുരിശുഅധീനത്തിലായി.
സിസിലിയില്‍വെച്ച് റിച്ചാര്‍ഡും ഫ്രഞ്ചുരാജാവും തമ്മില്‍ അഭിപ്രായഭിന്നത രൂക്ഷമായതിനെത്തുടര്‍ന്ന് റിച്ചാര്‍ഡും ഖുദ്‌സിലെ രാജാവും ഒരുപക്ഷത്തും ഫ്രഞ്ചുരാജാവും സുവറിലെ രാജാവും മറുപക്ഷത്തും നിലകൊണ്ടു. ലക്ഷ്യംകാണാതെ ഫ്രഞ്ചുരാജാവ് തിരിച്ചുപോകാനൊരുങ്ങിയപ്പോള്‍ റിച്ചാര്‍ഡ് രാജാവ് ബൈതുല്‍ മഖ്ദിസ് തിരിച്ചുപിടിക്കാനായി ശ്രമംനടത്തി. എന്നാല്‍ സ്വലാഹുദ്ദീന്റെ ശക്തമായ പ്രതിരോധത്തിനുമുന്നില്‍ അടിയറവുപറഞ്ഞ് കുരിശുപട പിന്തിരിഞ്ഞു. ഇരുകൂട്ടരും തമ്മില്‍ ഉണ്ടാക്കിയ ഉടമ്പടി അനുസരിച്ച് നിരായുധരായും ചെറുസംഘങ്ങളായും തീര്‍ഥാടനത്തിനായി ക്രൈസ്തവര്‍ക്ക് ജറുസലമില്‍ പ്രവേശനാനുവാദമുണ്ടായിരുന്നു.