ലോകമാകെ അറിവിന്റെ തിരിനാളമില്ലാതെ തമസ്സ് മൂടിക്കിടന്ന കാലത്താണ് ‘വായിക്കുക’ എന്ന മുഖവുരയോടെ ഖുര്‍ആന്‍ അവതരിക്കുന്നത്. വിജ്ഞാനം സ്ത്രീപുരുഷന്‍മാര്‍ക്ക് നിര്‍ബന്ധമാണെന്ന് ഏഴാം നൂറ്റാണ്ടില്‍ പ്രഖ്യാപിച്ചത് പ്രവാചകന്‍ മുഹമ്മദ് നബിയായിരുന്നു. യാതൊരു വിവേചനവുമില്ലാതെ അറിവിനെ സാര്‍വത്രികമായി പരിഗണിച്ചതാണ് ഇസ്‌ലാമിക ദര്‍ശനത്തിന്റെ മഹത്വം. അന്ന് സ്ത്രീ അടിച്ചമര്‍ത്തപ്പെട്ടവളും അവഗണിക്കപ്പെട്ടവളുമായിരുന്നു. സ്ത്രീക്ക് വിജ്ഞാനവും സ്വാതന്ത്ര്യ ബോധവും അസ്തിത്വവും ലഭിച്ചപ്പോള്‍ സമുന്നത സംസ്‌കാരത്തിന്റെ പ്രഭവ കേന്ദ്രമായി മാറാന്‍ പിന്നെ അധികം താമസമുണ്ടായില്ല. പണ്ഡിതരും പ്രഭാഷകരും പ്രതിഭാശാലികളും അവരിലുണ്ടായി.
പ്രവാചക സവിധത്തില്‍നിന്ന് അറിവിന്റെ പ്രകാശ ഗോപുരങ്ങളായിത്തീര്‍ന്നു. പുരുഷന്‍മാരെപ്പോലെ അറിവിന്റെ ലോകം പടുത്തുയര്‍ത്താന്‍ അവിടുത്തെ സവിധം ഞങ്ങള്‍ക്കും അനുവദിക്കേണമെന്ന് മദീനയിലെ മഹിളകള്‍ പ്രവാചകനോട് ആവശ്യപ്പെട്ടത് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. നബി (സ) യുടെ സഹധര്‍മിണിമാര്‍ സാക്ഷരരായിരുന്നു. ഖുര്‍ആന്‍, ഹദീസ്, ശാസ്ത്രം, കവിത, വംശശാസ്ത്രം തുടങ്ങിയ വിഷയങ്ങളില്‍ അവര്‍ നൈപുണ്യം നേടിയിരുന്നു. അവരില്‍നിന്നു റിപ്പോര്‍ട്ട് ചെയ്യാന്‍, പ്രഗത്ഭരായ സഹാബികള്‍ മടിച്ചിരുന്നില്ല. 2210 ഹദീസുകള്‍ ആയിശ (റ)യില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ 197 ഹദീസുകള്‍ സ്വഹീഹുല്‍ ബുഖാരി രേഖപ്പെടുത്തിയിരിക്കുന്നു. നന്നായി എഴുതാനും വായിക്കാനും അറിയുന്ന മറ്റൊരു പത്‌നിയാണ് ഹഫ്‌സ. അബ്ദുറഹ്മാനുബ്‌നു ഔഫിന്റെ മാതാവായ ശിഫയെ അവര്‍ക്ക് എഴുത്ത് പഠിപ്പിക്കാന്‍ ഏല്‍പിച്ചതു തന്നെ പ്രവാചകന്‍ പ്രത്യേകം താല്‍പര്യമെടുത്തതുകൊണ്ടാണ്. ഉസ്മാന്‍(റ)ന്റെ നേതൃത്വത്തില്‍ വിശുദ്ധ ഖുര്‍ആന്റെ കയ്യെഴുത്ത് കോപ്പി തയാറാക്കുമ്പോള്‍ ഹഫ്‌സ(റ) യുടെ പക്കലുണ്ടായിരുന്ന മുസ്ഹഫായിരുന്നു ഖലീഫ ഉസ്മാന്‍ (റ) പരിഗണിച്ചത്. അബൂബക്കര്‍ (റ) ക്രോഡീകരിച്ചതായിരുന്നു ആ കോപ്പി.
ഫര്‍ദക്ക് പിന്നിലിരുന്നു ഹദീസു നിവേദനം ചെയ്ത നിരവധി മുഹദ്ദിസുകളായ വനിതകളുണ്ട്. സിറിയയിലും ഇറാഖിലുമുള്ള 80ല്‍പരം മഹിളകളില്‍നിന്ന് ഹാഫിസു ഇബ്‌നു അസാക്കിര്‍ ഹദീസു നിവേദനം ചെയ്തിരുന്നു. അപ്പോള്‍ അവരെല്ലാം ഇമാം ഇബുനു അസാക്കിന്റെ ഗുരുവര്യകളായിരുന്നുവെന്നതാണ് സത്യം. ഈജിപ്ത്, യമന്‍, ബഗ്ദാദ്, സ്‌പെയിന്‍ എന്നിവിടങ്ങളില്‍ അറിവിന്റെ വെട്ടം തെളിയിച്ച നിരവധി വനിതാ മുഹദ്ദിസുകളെ ഇമാം ശൗഖി പരിചയപ്പെടുത്തുന്നുണ്ട്. ഇമാം അഹമ്മദ് മര്‍വസിയുടെ പുത്രി കരീമ, ബഗ്ദാദിന്റെ വൈജ്ഞാനിക സുവര്‍ണ കാലത്തെ അത്യുജ്ജ്വല പ്രതിഭയായിരുന്നു. ഹദീസ്, ഫിഖ്ഹ്, ചരിത്രം തുടങ്ങിയ വിഷയങ്ങളില്‍ അപാര പാണ്ഡിത്യമുണ്ടായിരുന്നു കരീമക്ക്. ചരിത്രകാരന്‍ ഖതീബുല്‍ ബദാദി കരീമായുടെ ശിഷ്യന്‍മാരിലൊരാളാണ്. ലോകപ്രശസ്തനായ ഇമാം ബുഖാരിയുടെ ഗുരുവാണ് ഹദീസ് പണ്ഡിതയായ കരീമ. സൂഫി ലോകത്ത് ആത്മപ്രഭയായ നഫീസത്തുല്‍ മിസ്‌രിയ (റ) അക്കാലത്തെ മികവുറ്റ പണ്ഡിതയായിരുന്നു. ഇമാം ശാഫി(റ) ഈജിപ്തില്‍ വരുമ്പോഴെല്ലാം നഫീസ ബീവി(റ)യുടെ ക്ലാസില്‍ പങ്കെടുക്കുക പതിവാണ്. തന്റെ ഗുരുനാഥന്മാരില്‍ ഒരു വനിതയുള്ളത് നഫീസത്തുല്‍ മിസ്‌രിയ (റ) യാണെന്ന് ശാഫി ഇമാം പറയാറുണ്ടായിരുന്നു. ശിഷ്യനായ ഇമാം ശാഫിയുടെ നിര്യാണമറിഞ്ഞ അവര്‍ വനിതകള്‍ക്ക് ഇമാം ശാഫിഇയുടെ ജനാസ നമസ്‌കാരത്തിന്നു നേതൃത്വം നല്‍കി.
കര്‍മശാസ്ത്രത്തിലും ഇസ്‌ലാമിക കലകളിലും അനന്യ പ്രതിഭയാണ് ഫാതിമ. സോവിയറ്റ് റഷ്യയിലെ സമര്‍ഖന്ദിലാണ് അവര്‍ ജനിച്ചത്. ഹനഫി കര്‍മശാസ്ത്ര ഗ്രന്ഥമായ ‘തുഹ്ഫത്തുല്‍ ഫിഖ്ഹി’ന്റെ രചയിതാവായ ഇമാം അലാഉദ്ദീന്‍ കഹ്‌സാനിയാണ് പിതാവ്. മതവിധികള്‍ക്ക് ഹദീസിന്റെ പിന്‍ബലം നല്‍കുന്നതില്‍ ഫാത്വിമ സമര്‍ത്ഥയായിരുന്നു. സോവിയറ്റ് നാടുകളില്‍നിന്ന് വിധിതേടിക്കൊണ്ട് പണ്ഡിതന്മാര്‍ അവരെ സമീപിക്കാറുണ്ടായിരുന്നു. പിതാവിന്റെയും ഭര്‍ത്താവിന്റെയും ഫത്‌വകള്‍ തയാറാക്കിയിരുന്നത് ഫാത്വിമയായിരുന്നു. അവര്‍ ഹമ്പലി മദ്ഹബുകാരിയായിരുന്നുവെന്ന് ചിലര്‍ അഭിപ്രായപ്പെട്ടത് ശരിയല്ല. മതവിധികള്‍ക്കെല്ലാം ഹദീസ് പ്രമാണമാക്കിയതാണ് ഈ ധാരണക്ക് കാരണം.
വീട്ടില്‍വെച്ച് ഫാതിമ നടത്താറുള്ള ഫിഖ്ഹ്ക്ലാസുകള്‍ ബുദ്ധിജീവികള്‍ക്ക് വിജ്ഞാന വിരുന്നായിരുന്നു. സംശയം തീര്‍ക്കാനും ആശയങ്ങള്‍ ചര്‍ച്ചചെയ്യാനും അക്കാലത്തെ പണ്ഡിതര്‍ ഫാതിമയുടെ വിജ്ഞാന സദസ്സ് ഉപയോഗപ്പെടുത്തിയിരുന്നു. അവരുടെ ഫത്‌വകളും ക്ലാസിലെ പ്രമേയങ്ങളും ഗ്രന്ഥരൂപത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇമാം മുഹമ്മദിന്റെ മകള്‍ ആയിശ ശൈഖു കമാലുദ്ദീന്റെ പുത്രി സൈനബ തുടങ്ങിയ വനിതകള്‍ മൊറോക്കോവിലെ (മഗ്‌രിബ്) ഉന്നതരായ പണ്ഡിതകളായാണ് ചരിത്രം വിശേഷിപ്പിക്കുന്നത്. പ്രശസ്ത ലോകസഞ്ചാരി ഇബ്‌നു ബതൂതയുടെ ഗുരുനാഥരാണ് ഈ രണ്ട് വനിതകള്‍. ഇവര്‍ക്ക് മഗ്‌രിബിലും റബാത്തിലും നിരവധി ശിഷ്യരുണ്ട്. നൂറുകണക്കിന് ശിഷ്യ സമ്പത്തുള്ള ഉബൈദയും മഗ്‌രിബുകാരിയാണ്. കര്‍മശാസ്ത്രത്തിലും സാഹിത്യത്തിലും ഉന്നത വിതാനത്തില്‍ ശോഭിച്ച ഈ വനിത കൊട്ടാര പണ്ഡിതരുടെ സംശയങ്ങള്‍ക്കെല്ലാം മറുപടി നല്‍കിയിരുന്നു. മഗ്‌രിബിലെ വനിതകള്‍ ഉബൈദയെ ജീവനുതുല്യം സ്‌നേഹിച്ചു. അവര്‍ വനിതകള്‍ക്ക് നല്‍കിയ കര്‍മശാസ്ത്ര ക്ലാസുകള്‍ ദീനിന്റെ ചൈതന്യം വനിതാ ലോകത്ത് നിലനിര്‍ത്താന്‍ സാധിച്ചു.
ബഗ്ദാദില്‍ ഒരു കാലഘട്ടത്തിന്റെ പണ്ഡിത താരമായിരുന്നു. ഇമാം അഖ്‌റഇന്റെ പുത്രിയായ ഫാത്തിമ ഈ ജ്ഞാനവതി മികച്ച പ്രഭാഷക കൂടിയായിരുന്നു. അവരുടെ പ്രഭാഷണം കേള്‍ക്കാന്‍ പണ്ഡിതന്‍മാര്‍ തടിച്ചുകൂടിയിരുന്നു. പ്രഭാഷണം, ഗ്രന്ഥരചന, അധ്യാപനം, സാഹിത്യം, കവിത തുടങ്ങിയ വിഷയങ്ങളില്‍ അനുപമ വ്യക്തിത്വം പുലര്‍ത്തിയ ഒട്ടേറെ പണ്ഡിതകള്‍ മുസ്‌ലിം വനിതാ ലോകത്ത് ശോഭിച്ചിട്ടുണ്ട്. വിജ്ഞാനം പുരുഷന്റെ കുത്തകയായി കണക്കാക്കിയ കാലത്താണിത്. പ്രസിദ്ധ സൂഫിവര്യനായ ബിശുറുല്‍ ഹാഫിയുടെ മൂന്ന് സഹോദരിമാരും കീര്‍ത്തിപെറ്റ പണ്ഡിതകളായിരുന്നു. ഇമാം അഹമ്മദ്ബുനു ഹമ്പല്‍ (റ) ഇവരെ സദാ പ്രശംസിക്കുന്നത് സ്വന്തം മകളെ അത്ഭുതപ്പെടുത്തി. ഇമാം ഹമ്പലിന്റെ പണ്ഡിതയായ പുത്രി ഈ സഹോദരിമാരുമായി ഇടപെട്ടപ്പോഴാണ് അവരുടെ അറിവിന്റെ അഗാധത വ്യക്തമായത്. പ്രശസ്ത സൂഫിവര്യനായ ശൈഖ് രിഫാഇ (റ) യുടെ പുത്രി സൈനബ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയവരും കര്‍മശാസ്ത്ര പണ്ഡിതയുമായിരുന്നു.
ഇമാം ഹസന്‍ ബസ്വരി (റ)യുടെ മാതാവ് പ്രവാചക പത്‌നി ഉമ്മുസല്‍മ(റ)യുടെ വീട്ടില്‍ വളര്‍ന്ന വനിതയാണ്. അവര്‍ സ്ത്രീകള്‍ക്ക് ക്ലാസെടുക്കാറുണ്ടായിരുന്നു. പ്രഭാഷണം കേട്ട് വനിതകള്‍ കരയുകയും പശ്ചാത്താപത്തോടെ ജീവിത വിശുദ്ധിയിലേക്ക് മടങ്ങുകയും ചെയ്ത അനുഭവങ്ങള്‍ സ്വഹാബിയായ ഉസാമ(റ) വിവരിച്ചത് തബക്കാത്തു ഇബുനു സഅദില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ‘വാഇള:’ (പ്രാസംഗിക) എന്ന പേരില്‍ അറിയപ്പെട്ട പണ്ഡിതയായിരുന്നു ഉമ്മുല്‍ ഹകം ആയിശ (റ). ഇവരെ പ്രശംസിച്ചെഴുതിയ പണ്ഡിതന്‍മാരില്‍ ഒരാളാണ് ഇമാം ദഹബി.
ഇമാം റാസിയുടെ പുത്രി ഫാതിമയുടെ പര്‍ണശാലയില്‍ പഠനത്തിനുവേണ്ടി വളരെയധികം സ്ത്രികള്‍ എത്താറുണ്ടായിരുന്നുവെന്ന് ഇമാം ജൗസി പ്രസ്താവിക്കുന്നു. എട്ടാം നൂറ്റാണ്ടില്‍ സ്‌പെയിനില്‍ ജീവിച്ച സാറ മികച്ച ഹദീസ് പണ്ഡിതയും കവയിത്രിയുമായിരുന്നു. പിതാവ് ശൈഖ് അഹമ്മദ് അല്‍ബിയാണ് പ്രധാന ഉസ്താദ്. ഇസ്‌ലാമിക സങ്കല്‍പത്തിലെ മാതൃകാ വനിതകള്‍ വിജ്ഞാനവും വിവേകവുമുള്ളവരാണ്. ഇവര്‍ ഉത്തമ നൂറ്റാണ്ടായ മൂന്ന് നൂറ്റാണ്ടുകളുടെ ഉല്‍പ്പന്നങ്ങളായിരുന്നു. മനുഷ്യ ചരിത്രത്തിലെ വര്‍ണോജ്ജ്വലമായ അധ്യായങ്ങളാണിത്.
കേരളത്തിലും അറിവിന്റെ വെട്ടം പരത്തിയ പണ്ഡിത വനിതകള്‍ ജീവിച്ചിരുന്നത് ഓര്‍ക്കാതെ പോവരുത്. വളപ്പട്ടണത്തുകാരിയായ ആയിശാ ഉമ്മ ഫിഖ്ഹ് ഗ്രന്ഥങ്ങളായ ഉംദ, നൂറുല്‍ അബ്‌സ്വാര്‍ തുടങ്ങിയ അറബി ഗ്രന്ഥങ്ങള്‍ അധ്യാപനം നടത്തിയിരുന്നു. വെല്ലൂര്‍ ബാഖിയാത്തുസ്സ്വാലിഹാത്തിലെ ശൈഖുല്‍ ഹദീസായിരുന്ന ശൈഖ് ഹസന്‍ ഹസ്രത്ത് (റ) ന്റെ മാതാവായിരുന്നു ഈ മഹതി. പ്രമുഖ ഗ്രന്ഥങ്ങള്‍ ഹസന്‍ ഹസ്രത്ത് ഓതിപ്പഠിച്ചതും മാതാവില്‍നിന്നുതന്നെ. മലപ്പുറം ജില്ലയിലെ പ്രമുഖ കര്‍മശാസ്ത്ര പണ്ഡിതനായ കുട്ട്യാമു മുസ്‌ല്യാരുടെ (വെളിയങ്കോട്) പുത്രി അക്കാലത്ത് പൊന്നാനി താലൂക്കിലെ സ്ത്രീകള്‍ക്ക് ഫതുഹുല്‍ മുഈന്‍ ദര്‍സ് നടത്തിയിരുന്നു. പാനായിക്കുളം അബ്ദുറഹ്മാന്‍ മുസ്‌ലിയാരാണ് അവരുടെ ഭര്‍ത്താവ്.
ഔറംഗസീബ് ചക്രവര്‍ത്തിയുടെ മകള്‍ സൈബുന്നിസയും അബുല്‍ ഹസന്‍ അലി നദ്‌വിയുടെ മാതാവ് ഖൈറുന്നിസയും ഖുര്‍ആന്‍ ഹാഫിളുകളും പണ്ഡിതകളുമായിരുന്നു. വിശുദ്ധ ഖുര്‍ആനിന് തഫ്‌സീറെഴുതിയ വനിതയാണ് ഈജിപ്തുകാരി സൈനബുല്‍ ഗസാലി. സാധാരണ കുടുംബത്തില്‍ ജനിച്ചു വിജ്ഞാനത്തിലൂടെ ഉന്നതിയിലെത്തിയ ഒട്ടേറെ വനിതകള്‍ ഉത്തരേന്ത്യയിലെ അയോധ്യയില്‍ ജീവിച്ചിരുന്നു. അവരിലധികവും സൂഫി ദര്‍ശനങ്ങളുമായി ബന്ധപ്പെട്ട പണ്ഡിതകളായിരുന്നു. പ്രമുഖ സൂഫികളായ ബാബാ ഫരീദുദ്ദീന്‍ ഗഞ്ചുശക്കര്‍, ഹസ്‌റത്ത് നിസാമുദ്ദീന്‍ ഔലിയ തുടങ്ങിയവരുടെ മാതാക്കള്‍ ഈ ഗണത്തില്‍പെടുന്നു.
കടപ്പാട്: chandrikadaily.com
Add Comment