സ്ത്രീജാലകം

മുസ്‌ലിംസ്ത്രീ മുന്നേറ്റത്തിന്റെ സാക്ഷ്യങ്ങള്‍

”നിങ്ങള്‍ സര്‍ഗശേഷിയുള്ള പെണ്‍കുട്ടിയാണോ, എങ്കില്‍ മര്‍കസ് ഇഹ്‌റാമുമായി ബന്ധപ്പെടുക. സമൂഹത്തിനും സമുദായത്തിനും മതത്തിനും ഉപകാരപ്പെടുന്ന ഒരു പ്രതിഭയായി മര്‍കസ് ഇഹ്‌റാം താങ്കളെ മാറ്റിയെടുക്കും”- ഈ പരസ്യം ഇപ്പോള്‍ കേരളത്തിലെ നിരത്തുകളില്‍ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. ആശയപരമായി യാഥാസ്ഥിതിക കാഴ്ചപ്പാടുകളില്‍ ഉറച്ചുനില്‍ക്കുന്ന മതസംഘടനയുടേതാണ് ഈ പരസ്യം.

സാമൂഹികരംഗങ്ങളിലെ മുസ്‌ലിം സ്ത്രീകളുടെ പ്രവേശനം നിരവധി ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വഴിയൊരുക്കിയിട്ടുണ്ട്. വിദ്യാകേന്ദ്രങ്ങളില്‍ നിന്നും പ്രാര്‍ഥനാലയങ്ങളില്‍ നിന്നും അരങ്ങുകളില്‍ നിന്നും സ്ത്രീയെ ആട്ടിപ്പായിക്കുന്നുവെന്ന പഴിക്കും ആക്ഷേപത്തിനും മുസ്‌ലിം നേതൃത്വം വിധേയമായിട്ടുണ്ട്. എന്നാല്‍, സാഹചര്യങ്ങള്‍ മാറിക്കൊണ്ടിരിക്കുന്നുണ്ടെന്നാണ് പുതിയ ചലനങ്ങള്‍ ബോധ്യപ്പെടുത്തുന്നത്. സ്ത്രീമുന്നേറ്റത്തിനു സാധ്യതകളുടെ പുതിയ വഴികള്‍ തുറക്കപ്പെട്ടിരിക്കുന്നു. ഈ സ്ത്രീസൗഹൃദ സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെട്ടതിനു പ്രധാന കാരണം സ്ത്രീകളുടെ നേതൃത്വത്തിലുള്ള സംഘടിത ശ്രമങ്ങള്‍ തന്നെ. മുസ്‌ലിം സാമൂഹിക പരിഷ്‌കര്‍ത്താക്കളും സംഘടനകളും ഈ രംഗത്തു വലിയ സംഭാവനകള്‍ അര്‍പ്പിച്ചിട്ടുണ്ട്. 

മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യക്കു കീഴില്‍ ആരംഭിച്ച ഇഹ്‌റാം (ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സ് ആന്റ് മാനേജ്‌മെന്റ്) പെണ്‍കുട്ടികള്‍ക്കായി ധാരാളം കോഴ്‌സുകള്‍ സംഘടിപ്പിക്കുന്നുണ്ട്. ഈ സ്ഥാപനം ആരംഭിച്ചിട്ട് അഞ്ചു വര്‍ഷമായി. കൗണ്‍സലിങ് നടത്തുകയും പരിശീലനം നല്‍കിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. പഠനവൈകല്യമുള്ള കുട്ടികള്‍ക്കുള്ള ബോധനരീതികളിലും പരിശീലനം നല്‍കുന്നു. ഇഹ്‌റാമിനു കീഴില്‍ ഒരു ഇംഗ്ലീഷ് ക്ലബ്ബ് പ്രവര്‍ത്തിക്കുന്നുണ്ട്. മനശ്ശാസ്ത്ര വിഷയങ്ങളിലും മറ്റും ഹ്രസ്വ-ദീര്‍ഘകാല കോഴ്‌സുകള്‍ സംഘടിപ്പിക്കുന്നുണ്ട്.  

യാഥാസ്ഥിതിക ചുറ്റുപാടില്‍ നിന്നുകൊണ്ടുതന്നെ പുരോഗമന ആശയങ്ങളോട് സംവദിക്കാനും വനിതാ ശാക്തീകരണരംഗത്തു തങ്ങളുടേതായ കൈയൊപ്പു ചാര്‍ത്താനുമുള്ള ശ്രമത്തിലാണ് മര്‍കസ് ഇഹ്‌റാം. സ്ത്രീകളെ പൊതുരംഗത്തു കൊണ്ടുവരാന്‍ താല്‍പ്പര്യപ്പെടാത്ത ഒരു ആശയപരിസരത്തു നിന്നുകൊണ്ടുള്ള  തീര്‍ത്തും വ്യത്യസ്തമായ ചുവടുവയ്പ് അഭിനന്ദനാര്‍ഹം തന്നെ. സമൂഹത്തിലെ എല്ലാ മേഖലകളിലും സാന്നിധ്യം ഉറപ്പിച്ചുവരുന്ന സ്ത്രീകളോട് മുഖംതിരിച്ചുനില്‍ക്കുകയായിരുന്നു ദീര്‍ഘകാലം മുസ്‌ലിം സമൂഹത്തിലെ വലിയൊരു വിഭാഗം. അവിടെനിന്നുള്ള മാറ്റങ്ങള്‍ ഏറെ ആശ്വാസകരമാണ്. നവോത്ഥാനപ്രസ്ഥാനങ്ങളുടെ പങ്കു വകവച്ചുകൊടുക്കുമ്പോള്‍ തന്നെ മുസ്‌ലിം സ്ത്രീകള്‍ക്കിടയിലെ മുന്നേറ്റശ്രമങ്ങളെയും പൊതുസമൂഹത്തിന്റെ വിലയിരുത്തലുകളെയും വിമര്‍ശനങ്ങളെയും അതിനു പിന്നിലെ ശക്തിയായി കാണേണ്ടിയിരിക്കുന്നു. 

കാംപസിനു പുറത്തും പഠനേതര മേഖലകളിലും മുസ്‌ലിം വിദ്യാര്‍ഥിനികള്‍ പ്രവേശിച്ചുകൊണ്ടിരിക്കുന്നുണ്ട്. കഴിഞ്ഞ ഡിസംബറില്‍ കോഴിക്കോട് ജെ.ഡി.ടി. കാംപസില്‍ നടന്ന കേരള ഹിസ്റ്ററി കോണ്‍ഫറന്‍സില്‍ എഴുന്നൂറോളം സ്ഥിരം പ്രതിനിധികളില്‍ 20 ശതമാനത്തിലേറെ മുസ്‌ലിം സ്ത്രീകളായിരുന്നുവെന്നു സംഘാടകര്‍ പറയുന്നു. അതില്‍ പങ്കെടുത്ത മിക്ക പെണ്‍കുട്ടികളും വനിതാ ശാക്തീകരണത്തെയും പൊതുമണ്ഡലത്തിലെ മുസ്‌ലിം സ്ത്രീകളുടെ മുന്നേറ്റങ്ങളെയും കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ പങ്കുവയ്ക്കുകയുണ്ടായി. 

കോണ്‍ഫറന്‍സില്‍ പെണ്‍കുട്ടികള്‍ക്കു മാത്രമായി ഒരു സെഷന്‍ ഉണ്ടായിരുന്നു. ചര്‍ച്ചകളിലും സംവാദങ്ങളിലും സജീവമായ സ്ത്രീപങ്കാളിത്തമുണ്ടായി. അവിടെ അവതരിപ്പിക്കപ്പെട്ട പ്രബന്ധങ്ങളുടെ നിലവാരം വച്ചുനോക്കുമ്പോള്‍ പ്രതീക്ഷയ്ക്കു വകനല്‍കുന്ന വലിയൊരു സോഴ്‌സ് മലബാറിലെ മുസ്‌ലിം പെണ്‍കുട്ടികളിലുണ്ടെന്നു വ്യക്തമാവുന്നുവെന്ന് സംഘാടകര്‍ വിലയിരുത്തുന്നു. 

കഴിഞ്ഞ വര്‍ഷം മുംബൈ ഐ.ഐ.ടിയില്‍ നിന്നു മലബാറിലേക്കു വന്ന ഇന്റര്‍വ്യൂ കാര്‍ഡുകളില്‍ 11ല്‍ 10ഉം മലപ്പുറം ജില്ലയിലെ മുസ്‌ലിം പെണ്‍കുട്ടികള്‍ക്കായിരുന്നു. വിദ്യാഭ്യാസരംഗത്തേക്കുള്ള അവരുടെ മുന്നേറ്റത്തെയാണ് ഇതിലൂടെ നമുക്കു കാണാന്‍ കഴിയുന്നത്. കേരളത്തിനു പുറത്തു ഹൈദരാബാദ് സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റി, ഇഫ്‌ലു, ഡല്‍ഹി യൂനിവേഴ്‌സിറ്റി, ഹംദര്‍ദ്, അലിഗഡ് തുടങ്ങി ഇന്ത്യയിലെ ബുദ്ധിജീവി കാംപസ് എന്നറിയപ്പെടുന്ന ജെ.എന്‍.യുവില്‍ പോലും റിസര്‍ച്ച് സ്‌കോളര്‍മാരായും പോസ്റ്റ് ഗ്രാജ്വേഷനു പഠിക്കുന്നവരായും നിരവധി തട്ടമിട്ട പെണ്‍കുട്ടികളെ കാണാന്‍ കഴിയും. 

സ്ത്രീമുന്നേറ്റത്തിനു വമ്പിച്ച തടസ്സങ്ങള്‍ സൃഷ്ടിച്ച സമൂഹത്തോടും മതത്തെ തെറ്റായി വ്യാഖ്യാനിച്ച പൗരോഹിത്യത്തോടു കലഹിച്ചുകൊണ്ടായിരുന്നു ഇവര്‍ തങ്ങളുടെ സാന്നിധ്യം രേഖപ്പെടുത്തിയത്. പുരോഹിതന്മാരില്‍ ഒരു വിഭാഗം വനിതകളുടെ പൊതുഇടപെടലുകളെ തടയുകയോ അനാവശ്യമെന്നു വിലയിരുത്തുകയോ ചെയ്തപ്പോള്‍ അവരുടെ വിദ്യാഭ്യാസ പുരോഗതിക്കും സാമൂഹിക മുന്നേറ്റത്തിനും പ്രചോദനം നല്‍കിയതും മുസ്‌ലിം പണ്ഡിതന്‍മാര്‍ തന്നെയായിരുന്നുവെന്നതും മറക്കാന്‍ പാടില്ലാത്തതാണ്. 

കലാലയങ്ങളിലും പുറത്തും മുസ്‌ലിം വിദ്യാര്‍ഥിനികളില്‍ മുഖ്യപങ്ക് ഇസ്‌ലാമിന്റെ വാഹകരായി അറിയപ്പെടാന്‍ ആഗ്രഹിക്കുന്നവരാണ്. ആശയസംഘട്ടനങ്ങളുടെയും സംവാദങ്ങളുടെയും വേദിയാണ് കലാലയങ്ങള്‍. ഇസ്‌ലാമിനെ പ്രതിനിധീകരിക്കുന്നതിലോ പറയുന്നതിലോ യാതൊരു അപകര്‍ഷതയ്ക്കും അടിമപ്പെടാത്തവര്‍ അവരില്‍ ധാരാളം. തലസ്ഥാനനഗരിയായ ഡല്‍ഹിയില്‍ നടക്കുന്ന പൊതുപരിപാടികളിലും സമരങ്ങളിലുമൊക്കെ മലബാറില്‍ നിന്നുള്ള മുസ്‌ലിം പെണ്‍കുട്ടികളുടെ സാന്നിധ്യം ഒരു പുതുമയല്ലാതായിരിക്കുന്നു. പലപ്പോഴും സാമൂഹിക പ്രതിബദ്ധതയില്‍ ആണ്‍കുട്ടികളേക്കാള്‍ പെണ്‍കുട്ടികളാണ് മുന്നില്‍. 

മുസ്‌ലിം വിദ്യാര്‍ഥിനികളുടെ സജീവമായ ഇടപെടലുകള്‍ കാരണമാവാം ഇന്ത്യന്‍ എക്‌സ്പ്രസ്സില്‍ വന്ന ഒരു സ്‌റ്റോറിയുടെ തലക്കെട്ടുതന്നെ ‘ഡല്‍ഹി ബികംസ് എ മലപ്പുറം’ എന്നായിരുന്നു. ഇന്ന് ഇസ്‌ലാമിക ഐഡന്റിറ്റിയില്‍ അഭിമാനിക്കുകയും മുസ്‌ലിം സ്വത്വം പ്രകാശിപ്പിക്കുകയും ചെയ്യുന്ന മുസ്‌ലിം വിദ്യാര്‍ഥിനികളെയാണ് കാംപസുകളില്‍ കാണാന്‍ കഴിയുന്നത്. ഈ മാറ്റമുണ്ടായിട്ട് ഒരു പതിറ്റാണ്ട് പിന്നിട്ടുവെന്നാണ് നിരീക്ഷകര്‍ പറയുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പേ കാംപസുകളില്‍ മുസ്‌ലിം പെണ്‍കുട്ടികളുണ്ടായിരുന്നുവെങ്കിലും ഗുജറാത്ത് കലാപാനന്തരമാണ് മുസ്‌ലിം വ്യക്തിത്വം പ്രകടിപ്പിക്കാന്‍ ധൈര്യം കാണിച്ചുതുടങ്ങിയതെന്നാണ് നിരീക്ഷകര്‍ പറയുന്നത്. വ്യത്യസ്ത സംസ്‌കാരങ്ങളോടും ആശയങ്ങളോടും സംവദിക്കുന്നതോടൊപ്പം സ്വന്തം വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കാന്‍ കഴിയുന്നവരും അക്കാദമിക തലങ്ങളില്‍ നല്ല നിലവാരം പുലര്‍ത്തുന്നവരും സമുദായത്തിന് ഒരു മുതല്‍ക്കൂട്ടാണ്. 

ബറോഡയിലെയും ചെന്നൈയിലെയും ഐ.ഐ.ടി. കാംപസുകള്‍, മുംബൈയിലെ ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് എന്നിവ മലബാര്‍ മേഖലയില്‍ നിന്നുള്ള മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് അപരിചിതമല്ലാതായിരിക്കുന്നു. പഠിതാക്കള്‍ അധികവും മാനവിക വിഷയങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സിവില്‍ സര്‍വീസ്, സയന്‍സ് പഠനം എന്നിവയ്‌ക്കൊന്നും അവര്‍ മുന്‍ഗണന നല്‍കുന്നില്ല. വിവാഹം വരെ പഠനമെന്ന വീക്ഷണത്തില്‍ നിന്ന് എത്രത്തോളം മറികടക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നു പരിശോധിക്കേണ്ടതുതന്നെ. 

വിദ്യാഭ്യാസ മേഖലകളിലെ ഈ മുന്നേറ്റത്തെ മാറ്റിനിര്‍ത്തിയാല്‍ നിലവിലുള്ള മുസ്‌ലിം സ്ത്രീ സംഘടനകള്‍ക്കും കൂട്ടായ്മകള്‍ക്കും എത്രത്തോളം സാമൂഹിക മേഖലകളില്‍ പ്രാതിനിധ്യം ഉറപ്പുവരുത്താന്‍ സാധിക്കുന്നു എന്നതൊരു പ്രസക്തമായ ചോദ്യമാണ്. പൊതുമണ്ഡലത്തിലെ ലിബറല്‍-സെക്കുലര്‍ ആശയങ്ങളെ സംതൃപ്തിപ്പെടുത്താന്‍ വേണ്ടിയുള്ള ഒന്നായി പലപ്പോഴും അവരുടെ അജണ്ട മാറുന്നതും നാം കാണാതെപോവരുത്. ധാര്‍മികമൂല്യങ്ങളെ വലിച്ചെറിഞ്ഞ സ്ത്രീവാദികളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന മാധ്യമങ്ങള്‍ മുസ്‌ലിം വനിതാ ശാക്തീകരണ ശ്രമങ്ങളെ മറച്ചുവയ്ക്കുന്നതായാണ് അനുഭവം. 

അള്‍ട്രാസെക്കുലറിസ്റ്റുകളുടെ കളിക്കളമായിരുന്ന മാധ്യമരംഗത്തു ധീരമായി മുസ്‌ലിം യുവതികള്‍ ഇടപെടുന്നുണ്ട്. മുമ്പ് തട്ടമിട്ട പെണ്‍കുട്ടികള്‍ക്കു പ്രവേശനം നിഷേധിക്കപ്പെട്ട ‘സെക്കുലര്‍ സ്‌പേസ്’ ആയിരുന്നു മാധ്യമരംഗം. ഇന്നും ഈ ലിബറല്‍ സെക്കുലര്‍ സ്‌പേസിനെ ആഘോഷിക്കുന്നവരുണ്ട്. പക്ഷേ, ഇപ്പോള്‍ ഒരു പരിധിവരെ മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് അവരുടെ കഴിവ് കാഴ്ചവയ്ക്കാന്‍ സാധിക്കുന്നു. കലാസാംസ്‌കാരിക പരിപാടികളില്‍ പങ്കെടുക്കാനും മുസ്‌ലിം പെണ്‍കുട്ടികള്‍ താല്‍പ്പര്യം പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നു.  ഐ.എഫ്.എഫ്.കെ., വിബ്‌ജ്യോര്‍ പോലുള്ള ജനകീയ ഫെസ്റ്റിവലുകളിലുള്ള പ്രതിനിധാനവും സ്ത്രീയുണര്‍വിനു തെളിവു നല്‍കുന്നുണ്ട്. 

മുസ്‌ലിം വിദ്യാര്‍ഥിനികളുടെ ഈ ഉയര്‍ച്ചയെയും മുന്നേറ്റത്തെയും മുസ്‌ലിം സംഘടനകള്‍ എങ്ങനെ കാണുന്നുവെന്നതു വളരെ പ്രധാനപ്പെട്ടതാണ്. വിദ്യാഭ്യാസരംഗത്തും തൊഴില്‍രംഗത്തും കുടുംബരംഗത്തും ഒരുപോലെ സാമര്‍ഥ്യം തെളിയിക്കാന്‍ സാധിച്ചുവെങ്കിലും സമൂഹത്തില്‍ ഇന്നും റിസര്‍വേഷന്‍ നല്‍കി ആദരിക്കപ്പെടുകയാണ്. അതുകൊണ്ടുതന്നെയാണ് പള്ളിമഹല്ലുകളില്‍ ഇനിയും സ്ത്രീപ്രതിനിധാനം ഉണ്ടാവാത്തത്. സാമൂഹിക പുനര്‍നിര്‍മാണത്തിനു മഹത്തായ സംഭാവനകള്‍ നല്‍കാന്‍ സാധ്യതയുള്ള ഈ വിഭാഗത്തോട് പുറംതിരിഞ്ഞുനില്‍ക്കുന്നവര്‍ക്കു കാലം മാപ്പുനല്‍കില്ല. 

കടപ്പാട് : thejasnews.com

Topics