അറബി ഭാഷക്ക് വ്യാകരണത്തിന്റെ ഭദ്രമായ ചട്ടകൂട് നല്കിയ ഖുര്‍ആന്‍ പുതിയ ഭാഷാ ബോധനത്തിനു വഴിയൊരുക്കി. ഇസ്‌ലാമിക നാഗരികത ഇതര നാഗരികതകളുടെ വൈജ്ഞാനിക ഈടുവെയ്പ്പുകളെ സ്വാംശീകരിക്കുകയും സവീകരിക്കുകയും ചെയ്ത കൂട്ടത്തില്‍ സാഹിത്യത്തിനും വലിയ മുതല്‍ക്കൂട്ടുകള്‍ ഉണ്ടാക്കി. പഹ്‌ലവി ഭാഷയിലൂടെ അറബിയിലെത്തിയ പഞ്ചതന്ത്രം കഥകള്‍ ലോകത്തിലെ 40 ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടത് അറബിയില്‍ നിന്നാണ്. അറബി കഥാ സമാഹാരമായ ആയിരത്തൊന്നു രാവുകള്‍ക്ക് അനേകം പരിഭാഷകളും അനുകരണങ്ങളുമുണ്ടായി. ഡെക്കാമറന്‍ കഥകള്‍, കാന്റര്‍ബറി കഥകള്‍ തുടങ്ങിയ ഫ്രഞ്ച്-ഇംഗ്ലീഷ് ക്ലാസിക്കുകള്‍ക്ക് പ്രചോദനം അറബിക്കഥകളാണെന്ന് നിരൂപകര്‍ വിലയിരുത്തുന്നു. ബൈബിള്‍ കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്നത് ഈ രണ്ട് അറബി കഥാസമാഹാരങ്ങളുടെ പരിഭാഷകളാണെന്ന് വില്‍ഡ്യൂറന്റ് എഴുതുന്നു. ഫ്രഞ്ച് ഓറിയന്റലിസ്റ്റ് അന്റോണി ഗലാന്‍സ് 1704-ല്‍ പാരീസില്‍ പ്രസിദ്ധീകരിച്ച ആയിരത്തൊന്നു കഥകളുടെ പരിഭാഷ യൂറോപ്പ് അത്യുത്സാഹത്തോടെയാണ് സ്വീകരിച്ചത്. സിന്ദ്ബാദിന്റെ കപ്പല്‍യാത്രയും അലാവുദ്ദീന്റെ അദ്ഭുത വിളക്കും ആലിബാബയും നാല്പത്തൊന്നു കള്ളന്‍മാരും കുട്ടികളുടെയും മുതിര്‍ന്നവരുടെയും സംസാരവിഷയമായിത്തീര്‍ന്നു.
കവിതയോടടുക്കുന്ന ഗദ്യം അറബി ഭാഷയുടെ പ്രത്യേകതയായിരുന്നു. ഖുര്‍ആനാണ് ഈ സവിശേഷതക്ക് നിമിത്തമായത്. പ്രാസബദ്ധമായ ഗദ്യശൈലി അറബി ഗദ്യത്തിന് സവിശേഷമായ ശക്തിയും സൗന്ദര്യവും നല്‍കി. ഹമദാനി(മരണം 1008)യുടെ മഖാമത് അറബി ഗദ്യത്തിലെ ഒരു ക്ലാസിക് കൃതിയാണ്. ഗദ്യ-പദ്യ പാരായണ സദസ്സുകളില്‍ മുസ്‌ലിംകളുടെ സാംസ്‌കാരിക ജീവിതത്തിന്റെ അവിഭാജ്യ ഘടകമായിരുന്നു. സാധാരണക്കാര്‍ മുതല്‍ ഖലീഫമാര്‍ വരെ ഇത്തരം സദസ്സുകളില്‍ പങ്കുകൊണ്ടു. മറ്റു നാഗരികതകളില്‍ സാഹിത്യാദി കലകള്‍ വരേണ്യരായ ഒരു ന്യൂനപക്ഷത്തിന്റെ മാത്രം വിഹാര രംഗമായിരുന്നു. എന്നാല്‍ ഇസ്‌ലാമിക നാഗരികതയില്‍ ഇവ അങ്ങേയറ്റം ജനകീയമായിരുന്നു. കവിതാ പൂരണ-അക്ഷര ശ്ലോക മത്സരങ്ങള്‍ ജനകീയ വിനോദങ്ങളായാണ് പ്രചരിച്ചത്. വൃത്തത്തിന്റെയും പ്രാസത്തിന്റെയും സങ്കീര്‍ണ മാതൃകകള്‍ പ്രയോഗിക്കുന്നതില്‍ അറബി കവികള്‍ മത്സരിച്ചു. അറബി കവിതയിലെ ഈ പ്രാസ കലഹം യൂറോപ്യന്‍ കവിതയില്‍ പ്രാസത്തിന്റെ ഉദയം കുറിച്ചതായി വില്‍ഡ്യൂറന്റ് പറയുന്നു. (അധ്യായം: 12, പേജ്: 263)
അബ്ബാസീ യുഗത്തിന്റെ ഒടുവില്‍ അബുല്‍ഫറജില്‍ ഇസ്വ്ഫഹാനി ശേഖരിച്ച അറബി കവിതകള്‍ 20 വാള്യങ്ങളുടെ ബൃഹദ് ഗ്രന്ഥ പരമ്പരയാണ്. കിതാബുല്‍ അഗാനി (പാട്ടുകളുടെ പുസ്തകം) എന്നാണ് ഈ വിശ്രുത ഗ്രന്ഥപരമ്പരയുടെ പേര്. ഈ സമാഹാരത്തിലുള്ള കവിതകളുടെയും അവയുടെ രചയിതാക്കളുടെയും എണ്ണവും ആശയ ലോകവും ആരെയും അമ്പരപ്പിക്കുന്നതാണ്. ചൈനീസ് സംസ്‌കാരത്തിന്റെ സുവര്‍ണനാളുകളില്‍ പോലും അവിടെ ഇത്രയധികം കവികളോ കവിതകളോ ഉണ്ടായിരുന്നില്ല. ഇസ്‌ലാമിക നാഗരികത കവികളോട് വളരെ യധികം ഔദാര്യം കാണിച്ചിട്ടുണ്ട്. ഖലീഫ ഹിശാമിന് ഒരു കവിത ഓര്‍മയില്‍ വരാതായപ്പോള്‍ കവി ഹമ്മാദിനെ ആളയച്ചുവരുത്തി. ഹമ്മാദ് ആ കവിത ഖലീഫയെ ഓര്‍മയില്‍ നിന്ന് ചൊല്ലിക്കേള്‍പ്പിച്ചു. 50,000 ദീനാറാണ് കവിക്ക് അപ്പോള്‍ ഖലീഫ പാരിതോഷികമായി നല്‍ല്കിയത്. 2,37,500 ഡോളറിന് തുല്യമായ തുകയാണിത്. ആധ്യാത്മികതയെക്കാള്‍ പ്രേമവും യുദ്ധവും ഹാസ്യവുമാണ് അബ്ബാസീ കവികലെ ആകര്‍ഷിച്ചിരുന്ന പ്രമേയങ്ങള്‍. അബുല്‍ അലാഇല്‍ മഅര്‍രിയാണ് ഈ പൊതു പാരമ്പര്യത്തിന്റെ ശ്രദ്ധേയമായ ഒരപവാദം. വിശ്വാസത്തിനും യുക്തിക്കുമിടയിലെ സന്ത്രാസംമഅര്‍രിയുടെ കവിതകളിലെ പ്രധാന വിഷയമാണ്. കവിതകളില്‍ മഅര്‍രി വിജയകരമായി പരീക്ഷിച്ച സങ്കേതം അതേപടി അനുകരിച്ചാണ് യൂറോപ്യന്‍ നവോത്ഥാനത്തിന്റെ കവിയായ ഡാന്റെ തന്റെ പ്രസിദ്ധമായ ഡിവൈന്‍ കോമഡി രചിച്ചത്. മഅര്‍രിയുടെ രിസാലതുല്‍ ഗുഫ്‌റാനും ഇബ്‌നുഅറബിയുടെ സ്വര്‍ഗ വര്‍ണനകളുമാണ് ഡാന്റെക്ക് പ്രചോദനമായത്.
സ്‌പെയ്‌നിലെ ക്രൈസ്തവരായ അഭ്യസ്തവിദ്യര്‍ ക്രൈസ്തവ മതസാഹിത്യത്തിലോ ബൈബിളിലോ താല്‍പര്യംകാണിക്കാതെ അറബി സാഹിത്യത്തില്‍ ആകൃഷ്ടരാവുന്നതില്‍ പുരോഹിതന്‍മാര്‍ അസ്വസ്ഥത പ്രകടിപ്പിച്ചതിന്റെ ഒട്ടേറെ ഉദാഹരണങ്ങളുണ്ട്.
അറബി ഭാഷക്കും സാഹിത്യത്തിനും ഒപ്പം റോമന്‍ ഭാഷയും സാഹിത്യവും ഇസ്‌ലാമിക നാഗരികതയില്‍ വളര്‍ന്നു വികസിക്കുകയുണ്ടായി. പരശ്ശതം ഗദ്യ-പദ്യ കൃതികള്‍ പേര്‍ഷ്യനില്‍ അക്കാലത്തു രചിക്കപ്പെട്ടു. ഇസ്‌ലാമിക നാഗരികതയുടെ സ്വാധീനം നേരിട്ടു പ്രകടമാക്കിയ മറ്റൊരു ഭാഷയാണ് തുര്‍കി.
സാഹിത്യത്തിന്റെ വളര്‍ച്ചയോടൊപ്പം പുസ്തക നിര്‍മാണ രംഗത്തും ഇസ്‌ലാമിക നാഗരികത ഇതര നാഗരികതകളെക്കാള്‍ മുന്നിട്ടു നിന്നു. പുസ്തകങ്ങളുടെ പ്രതികള്‍ കൈകൊണ്ടെഴുതി തെയ്യാറാക്കുകയാണ് ചെയ്തിരുന്നത്. ക്രി.800 ല്‍ യഹ്‌യല്‍ ബര്‍മകി ബാഗ്ദാദില്‍ ആദ്യത്തെ കടലാസ് നിര്‍മാണ മില്ല് സ്ഥാപിച്ചതിന് ശേഷം അറബ് ലോകത്ത് കടലാസ് സുലഭമായി. ക്രി.990-ല്‍ ബാഗ്ദാദിലെ ചെറിയൊരു മദ്‌റസയില്‍ തന്നെ 10,000 ഗ്രന്ഥങ്ങളുള്ള ലൈബ്രറിയുണ്ടായിരുന്നു. ഏതാണ്ട് അതെ കാലത്ത് ഈജിപ്തിലെ ഫാത്വിമീ ഖലീഫമാരുടെ കൊട്ടാരലൈബ്രറികളില്‍ ഒരുലക്ഷം ഗ്രന്ഥങ്ങളുണ്ടായിരുന്നതായി ചരിത്രകാരന്‍മാര്‍ പറയുന്നു. ക്രി.998-ല്‍ വിരചിതമായ ഇബ്‌നുന്നദീമിന്റെ അല്‍ ഫിഹ്‌രിസ്തി (ഗ്രന്ഥസൂചി.)ല്‍ ഇന്നു ലഭ്യമല്ലാത്ത അനേകം ഗ്രന്ഥങ്ങളെക്കുറിച്ച കുറിപ്പുകളുണ്ട്. കൊട്ടാരങ്ങളിലും വിദ്യാ കേന്ദ്രങ്ങളിലുമുള്ള ഗ്രന്ഥശാലകള്‍ക്ക് പുറമെ അനേകം പൊതു-സ്വകാര്യ ഗ്രന്ഥാലയങ്ങള്‍ മുസ്‌ലിം ലോകത്ത് ഉടനീളം പ്രവര്‍ത്തിച്ചിരുന്നു. വിദ്വജ്ജനങ്ങള്‍ മാത്രമല്ല സാധാരണക്കാരും ഈ ഗ്രന്ഥാലയങ്ങളെ വന്‍തോതില്‍ ഉപയോഗപ്പെടുത്തി.ഗ്രന്ഥാലയങ്ങള്‍ പൂര്‍ണാര്‍ഥത്തിലുള്ള വൈജ്ഞാനിക കേന്ദ്രങ്ങളാ(ബൈത്തത്തുല്‍ ഹിക്മ)യി വളര്‍ത്തിയെടുക്കുന്നതില്‍ പല ഭരണാധികാരികളും ശ്രദ്ധവച്ചു. ഗ്രന്ഥാലയങ്ങളുടെ നടത്തിപ്പിനായി പ്രത്യേക വഖ്ഫുകള്‍ ഉണ്ടായിരുന്നു എന്നത് ഇസ്‌ലാമിക സംസ്‌കാരം ഗ്രന്ഥങ്ങള്‍ക്ക് കല്പിച്ച പ്രാധാന്യത്തിനു തെളിവാണ്.
Add Comment