India വാര്‍ത്തകള്‍

മുസഫര്‍ നഗര്‍ കലാപം: ഇരകള്‍ക്ക് നീതി അകലെ

മുസഫ്ഫര്‍ നഗര്‍ (യു.പി.) : ഒരുകാലത്ത് ജാട്ട് -മുസ്‌ലിംഐക്യത്തിന്റെ വിജയഗാഥ രചിച്ചിരുന്ന മുസഫ്ഫര്‍ നഗര്‍ ഇന്ന് രാജ്യത്ത് അപമാനമുദ്ര പേറി നിലകൊള്ളുന്നു. 2013 സെപ്റ്റംബര്‍ 7-ലെ മഹാപഞ്ചായത്തിനു ശേഷം പൊട്ടിപ്പുറപ്പെട്ട കലാപം സര്‍ക്കാര്‍ കണക്കുകള്‍പ്രകാരം 65 പേരുടെ ജീവഹാനിക്കും, ആയിരങ്ങളുടെ കുഴിയൊഴിപ്പിക്കലിനും കാരണമായി. ഒട്ടേറെ സ്ത്രീകള്‍ പീഡനത്തിനിരയായി.

കലാപത്തില്‍ മക്കള്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്കെതിരെ പോലീസ് കുറ്റപത്രം തയ്യാറാക്കുകയും ഏകപക്ഷീയമായി ജാമ്യം പോലും നല്‍കാതെ അവരെ ജയിലിലടക്കുകയുമാണുണ്ടായതെന്ന് 66 കാരനായ സലീമും എഴുപതിലെത്തിയ സഹോദരന്‍ നസീമും പറയുന്നു. ഗ്രാമത്തിലെ ഗൗരവും സചിനും കൊല്ലപ്പെട്ടതില്‍ ഇവരുടെ നാലുമക്കളെ ശിക്ഷിച്ചത് അന്യായമാണെന്നാണ് ഇവരുടെ പക്ഷം.സലീമിന്റെ മകന്‍ ഷാനവാസിനെ ജീവപര്യന്തം തടവിനാണ് ശിക്ഷിച്ചിരിക്കുന്നത്. കലാപം കുത്തിപ്പൊക്കുകയും കൊള്ളയും തീവെപ്പും നടത്തുകയും ചെയ്ത യഥാര്‍ഥ പ്രതികള്‍ പുറത്തുവിഹരിക്കുകയുമാണെന്ന് മുസ്‌ലിംകള്‍ പറയുന്നു. പ്രതികള്‍ക്കെതിരെ നടപടിയുണ്ടാകും എന്ന വാഗ്ദാനം നല്‍കി അധികാരത്തിലേറിയവര്‍ പ്രദേശത്തേക്ക് തിരിഞ്ഞുപോലും നോക്കുന്നില്ലെന്നാണ് അവരുടെ പരാതി.

Topics