ചരിത്രം

മിഹ്ജ : കറുത്തവരിലെ മുത്ത് (പ്രവാചക സവിധത്തിലെ കറുത്തവംശജര്‍ – 4)

നബിയുടെ പ്രശസ്തരായ അനുയായികളുടെ കൂട്ടത്തില്‍ അറിയപ്പെട്ട സ്വഹാബിയാണ് മിഹ്ജ ബിന്‍ സ്വാലിഹ് (റ). മക്കയിലെ ആദ്യാനുയായികളിലൊരാളായ അദ്ദേഹം മദീനയിലേക്കുള്ള ഹിജ്‌റസംഘത്തിലും ഉള്‍പെട്ടിരുന്നു. ചരിത്രപണ്ഡിതനായ ഇബ്‌നു സഅ്ദിന്റെ വീക്ഷണത്തില്‍ മിഹ്ജയുടെ പൂര്‍വികര്‍ യമന്‍കാരാണ്. അടിമയായി ഹിജാസില്‍നിന്ന് കൊണ്ടുവരപ്പെട്ട അദ്ദേഹം ഇസ്‌ലാം സ്വീകരിച്ചതിനെത്തുടര്‍ന്ന് കഠിനമായ പീഡനങ്ങള്‍ക്കിരയാവുകയുണ്ടായി. ഉമര്‍(റ)ആണ് അദ്ദേഹത്തെ അടിമത്തത്തില്‍നിന്ന് മോചിപ്പിച്ചത്.

മുമ്പ് അടിമകളായിരുന്നവരും, വിമോചിപ്പിക്കപ്പെട്ടവരും ദരിദ്രരുമെല്ലാം ഉള്‍ക്കൊള്ളുന്ന സംഘത്തോടൊപ്പം നബിതിരുമേനി (സ) സൗഹൃദം പങ്കുവെക്കുന്നതും അവരുമൊത്ത് സമയം ചെലവഴിക്കുന്നതും ഖുറൈശി പ്രമാണിമാര്‍ക്ക് രസിച്ചില്ല. അതിനാല്‍ അവര്‍ നബിയെ പരിഹസിക്കുക പതിവായിരുന്നു. എന്നാല്‍ നിഷേധികളുടെ പരിഹാസങ്ങളെ മുഖവിലക്കെടുത്ത് അവരില്‍നിന്ന് അകന്നുമാറാനോ അവരെ അവഗണിക്കാനോ മുതിരരുത് എന്ന് താക്കീതുമായാണ് ‘തങ്ങളുടെ നാഥന്റെ പ്രീതി പ്രതീക്ഷിച്ച് രാവിലെയും വൈകുന്നേരവും അവനോട് പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നവരെ നീ ആട്ടിയകറ്റരുത്’എന്ന അല്‍അന്‍ആം അധ്യായത്തിലെ 52-ാം സൂക്തം അവതരിക്കുന്നത്. ആ പാര്‍ശ്വവത്കൃതരുടെ ഗണത്തില്‍ ബിലാല്‍, സുഹൈബ്, ഖബ്ബാബ്, അമ്മാര്‍, മിഹ്ജ, സല്‍മാന്‍, ആമിറുബ്‌നു ഖുഹൈറഃ, സാലിം തുടങ്ങിയവരുണ്ടായിരുന്നു എന്നാണ് അബ്ദുല്ലാഹിബ്‌നു അബ്ബാസ് (റ) രേഖപ്പെടുത്തുന്നത് (സാദുല്‍ മആസിര്‍ ഫീ ഇല്‍മിത്തഫ്‌സീര്‍-ഇബ്‌നുല്‍ ജൗസി).

മദീനയില്‍ എത്തിയ ശേഷം ബദ്ര്‍ യുദ്ധത്തില്‍ മരണപ്പെട്ട ആദ്യസ്വഹാബി മിഹ്ജയാണെന്ന് പണ്ഡിതനായ ത്വബ്‌രി അഭിപ്രായപ്പെടുന്നു.
ഇമാം അല്‍ ഹാകിം തന്റെ മുസ്തദ്‌റക് അലസ്സ്വഹീഹൈനിലും ഇമാം സ്വുയൂതി തന്റെ ജാമിഉസ്സ്വഗീറിലും ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ വന്നിട്ടുള്ളതിപ്രകാരമാണ്: ‘കറുത്ത വംശജരില്‍ ഉത്തമര്‍ ഇവരാണ്: ബിലാല്‍, ലുഖ്മാന്‍(ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ടത്), മിഹ്ജ ‘

Topics