ചരിത്രം

‘മാപ്പിള’ ശബ്ദത്തിന് പിന്നില്‍

മലബാര്‍ മുസ്‌ലിംകളെ സൂചിപ്പിക്കാന്‍ സാമാന്യമായി ഉപയോഗിക്കുന്ന പേരാണ് മാപ്പിള. ഈ പദത്തിന്റെ നിഷ്പത്തിയെക്കുറിച്ച് അഭിപ്രായഭേദങ്ങളുണ്ട്. മഹാപിള്ള എന്ന പദത്തിന്റെ രൂപഭേദമാണ് മാപ്പിള എന്നാണ് അതിലൊരു ഭാഷ്യം. പടിഞ്ഞാറന്‍ നാടുകളില്‍ നിന്ന് കേരളക്കരയില്‍ വന്ന് താമസിച്ചവരെയെല്ലാം മഹാപിള്ളമാര്‍ എന്നായിരുന്നുവത്രേ വിളിച്ചിരുന്നത്. ഈ വാദത്തെ ന്യായീകരിക്കാന്‍ ഉദ്ധരിക്കുന്നത് ജൂതരെയും ക്രിസ്ത്യാനികളെയും മുസ്‌ലിംകളെയും മാപ്പിള എന്ന് വിളിക്കുന്നു എന്നതാണ്. ജൂതമാപ്പിള, നസ്രാണി മാപ്പിള, ജോനകമാപ്പിള എന്നിങ്ങനെയാണ് മൂന്നുകൂട്ടരും അറിയപ്പെട്ടിരുന്നത്. ഇപ്പോഴും തിരുവിതാംകൂറില്‍ ക്രിസ്ത്യാനികളെ മാപ്പിള എന്ന് വിളിക്കാറുണ്ട്(മാമ്മന്‍ മാപ്പിള, കണ്ടത്തില്‍ വറുഗീസ് മാപ്പിള). എങ്കിലും സാമാന്യമായി കേരളത്തിലെ വിശേഷിച്ചും മലബാറിലെ മുസ്‌ലിംകളാണ് മാപ്പിളമാര്‍ എന്ന പദത്തിന്റെ അര്‍ഥപരിധിക്കുള്ളില്‍ വരുന്നത്. 1800-ല്‍ കേരളം സന്ദര്‍ശിച്ച ഫ്രാന്‍സിസ് ബുക്കാനന്‍ എഴുതുന്നത് കേരളത്തില്‍ ജീവിച്ചിരുന്ന മുസ്‌ലിംകള്‍ പണ്ടുമുതലേ മാപ്പിള എന്ന പേര് സ്വീകരിച്ചിരുന്നു എന്നാണ്. തങ്ങളെ മലയാളത്തില്‍ മോപ്ലൈമാര്‍ എന്നും മദിരാശിയില്‍ ലബ്ബൈമാര്‍ എന്നുമാണ് വിളിച്ചിരുന്നത് എന്ന് ഒരു മുസ്‌ലിംമതനേതാവ് തന്നോട് പറഞ്ഞതായി ബുക്കാനന്‍ രേഖപ്പെടുത്തുന്നു.
മാപ്പിള എന്ന പദത്തിന് തമിഴ് , മലയാള ഭാഷകളില്‍ ഭര്‍ത്താവ് എന്ന അര്‍ഥവുമുണ്ട്. ഭര്‍ത്താവ് ഒരു കുടുംബത്തില്‍ ബന്ധം സ്ഥാപിക്കുന്ന പുതിയ ആളാണ്. കേരളത്തിലെ ഹിന്ദുസമൂഹവുമായി ബന്ധം സ്ഥാപിച്ച പുതിയ ആളുകള്‍ മാപ്പിള എന്നറിയപ്പെട്ടു എന്ന വ്യാഖ്യാനവും അതിനാല്‍ ചിലര്‍ നല്‍കാറുണ്ട്. അറബികളടക്കമുള്ള വിദേശികള്‍ കേരളീയ കുടുംബങ്ങളില്‍ വിവാഹബന്ധം സ്ഥാപിച്ച പശ്ചാത്തലത്തില്‍ ഈ ഭാഷ്യത്തിനും പ്രസക്തി ഇല്ലാതില്ല. മൗഫ്‌ലാഹ്, മഅ്ബര്‍ എന്നീ പദങ്ങളില്‍നിന്നാണ് മാപ്ലിളയുടെ ആവിര്‍ഭാവം എന്ന് കരുതുന്നവരുമുണ്ട്.

ഒരു സമൂഹമെന്ന നിലയില്‍ മാപ്പിളമാര്‍ പ്രത്യേകമായ അസ്തിത്വം അവകാശപ്പെടുന്നവരാണ്. മാപ്പിള സമുദായത്തെക്കുറിച്ച് പഠനം നടത്തിയ പല ഗവേഷകരും പ്രധാനമായും മലബാര്‍ തീരത്ത് താമസമുറപ്പിച്ച ഈ മുസ്‌ലിംസമൂഹത്തിന് പ്രത്യേകമായ ആചാരവിശേഷങ്ങളും സാംസ്‌കാരത്തനിമയുമുള്ളതായി അവകാശപ്പെടുന്നു. കേരളത്തില്‍ വന്നെത്തിയ അറബികള്‍ നടത്തിയ സാംസ്‌കാരികമായ കൊള്ളക്കൊടുക്കകളോടൊപ്പം മലബാര്‍ തീരത്തെ സാമൂഹികബന്ധങ്ങളും മാപ്പിളമാരുടെ സ്വഭാവരൂപീകരണത്തില്‍ കാര്യമായ പങ്കുവഹിച്ചു. ദി മാപ്പിളാസ് ഓഫ് മലബാര്‍ എന്ന ഗവേഷണഗ്രന്ഥത്തിന്റെ രചയിതാവായ സ്റ്റീഫന്‍ ഫ്രെഡറിക് ഡെയിന്‍ തെക്കുക്കിഴക്കന്‍ ഏഷ്യയിലെ മുസ്‌ലിം സമൂഹവുമായി അതിശയകരമായ സമാനത പുലര്‍ത്തുന്ന സമൂഹമാണ് മലബാറിലെ മാപ്പിളമാര്‍ എന്ന് കണ്ടെത്തുന്നുണ്ട്. അറേബ്യയില്‍നിന്ന് നേരിട്ട് സ്വീകരിച്ച ഇസ്‌ലാമികസംസ്‌കൃതിയാണ് മാപ്പിളമാരുടെത്. ഇന്ത്യയിലെ ഇതരസമൂഹങ്ങളില്‍നിന്ന് വിഭിന്നമായി മാപ്പിളമാര്‍ നിത്യജീവിതത്തില്‍ മലയാളഭാഷ മാത്രം ഉപയോഗിക്കുന്നു. ഉത്തരേന്ത്യന്‍ മുസ്‌ലിംകളുടെ മാതൃഭാഷ ഉറുദുവാണ്. മാപ്പിള മുസ്‌ലിമിന് ഉറുദു കേവലം അന്യഭാഷ മാത്രമാണ്. അതേപോലെത്തന്നെ ആചാരങ്ങളിലും വേഷങ്ങളിലും ജീവിതരീതിയിലുമെല്ലാം പ്രാദേശികമായ ഹിന്ദുആചാരങ്ങളുടെ സ്വാധീനമാണ് മാപ്പിള മുസ്‌ലിംകളില്‍ കൂടുതലും കാണാനാവുക.

യൂറോപ്യന്‍ ശക്തികളുമായി നിരന്തരം ഏറ്റുമുട്ടിയ ഇന്ത്യോനേഷ്യയിലും ഫിലിപ്പീന്‍സിലെയും മുസ്‌ലിംകളോടാണ് മലബാര്‍ മാപ്പിളമാരെ തുലനപ്പെടുത്തേണ്ടതെന്ന് സ്റ്റീഫന്‍ഡെയിന്‍ വാദിക്കുന്നു. മാപ്പിളമാരുടെ സമരോത്സുകതയ്ക്ക് തുല്യമായി അദ്ദേഹം എടുത്തുകാണിക്കുന്നത് ഫിലിപ്പീന്‍സിലെ സുലു ദ്വീപ് സമൂഹങ്ങളിലും ഇന്ത്യോനേഷ്യയിലെ അത്‌ജെ(ആച്ചെ)യിലും മറ്റും സ്പാനിഷ്, പോര്‍ത്തുഗീസ് ശക്തികള്‍ക്കെതിരായി പൊരുതിയ തെക്കുകിഴക്കന്‍ ഏഷ്യയിലെ മുസ്‌ലിംകളുടെ സമരോത്സുകതയെയാണ്. ആധിപത്യത്തിന് വഴങ്ങാതിരിക്കാനുള്ള മനഃസ്ഥിതി മാപ്പിള സമൂഹത്തിന്റെ സഹജസവിശേഷതയാണ്. ജിഹാദിനെക്കുറിച്ചുള്ള ഇസ്‌ലാമികഗാനങ്ങളും യൂറോപ്യന്‍ ശക്തികള്‍ക്കെതിരായി നടത്തേണ്ടിവന്ന പ്രക്ഷോഭങ്ങളും സമരങ്ങളും മറ്റും മാപ്പിള മനസ്സിന് ചൊടിയും ചുണയും നല്‍കിയതില്‍ കാര്യമായ പങ്കുവഹിച്ചിട്ടുണ്ട്. ഈ ചൊടിയും ചുണയും പതിനെട്ടും പത്തൊമ്പതും നൂറ്റാണ്ടുകളില്‍ നടന്ന മാപ്പിള ഔട്ട്‌ബ്രേക്കുകളിലും 1921-22 കാലത്ത് നടന്ന മലബാര്‍ സമരത്തിലും ഏറെ പ്രകടമായി. മലബാര്‍ സമരത്തെ മാപ്പിള ലഹളയെന്നാണ് അധികാരികള്‍ വിളിച്ചത്. പ്രക്ഷോഭകാരികളായ മാപ്പിളമാരെ അറേബ്യയിലേക്കും ആസ്‌ത്രേലിയയിലേക്കും ബ്രിട്ടീഷധികൃതര്‍ നാടുകടത്തിയിരുന്നു. അന്തമാന്‍ സ്‌കീം മാപ്പിളമാരെ അന്തമാന്‍ ദ്വീപ് സമൂഹത്തിലേക്ക് നാടുകടത്തി. അവിടെ സ്ഥിരതാമസമാക്കാനുള്ള ബ്രിട്ടീഷുകാരുടെ പദ്ധതിയായിരുന്നു അതിനുപിന്നില്‍. ഇപ്പോഴും അന്തമാനില്‍ മാപ്പിള പാര്‍പ്പുകേന്ദ്രങ്ങളുണ്ട്. ഏറനാട് , വള്ളുവനാട്, തുടങ്ങിയ പ്രദേശങ്ങളിലെ സ്ഥലനാമങ്ങളിലാണ് ഈ കേന്ദ്രങ്ങള്‍ അറിയപ്പെടുന്നത്. മാപ്പിളനാട് എന്ന പേര് ആദ്യമായി ഉപയോഗിച്ചത് സ്വാതന്ത്ര്യസമര സേനാനിയായ മുഹമ്മദ് അബ്ദുറഹ്മാനാണത്രേ.

മലബാര്‍ പ്രദേശത്തെ മുസ്‌ലിംകള്‍ മുഴുവനും മാപ്പിളമാരായി കരുതപ്പെടുന്നുവെങ്കിലും ഏറനാട്, വള്ളുവനാട് പ്രദേശത്തെ മുസ്‌ലിംകളാണ് മാപ്പിള സംസ്‌കാരത്തനിമയുടെ പ്രതീകങ്ങള്‍. മാപ്പിളപ്പാട്ടും മാപ്പിളഫലിതവും വളര്‍ന്നുവികസിച്ചതും കൂടുതലും ഈ മണ്ണില്‍ത്തന്നെ. മാപ്പിളയുടെ രാഷ്ട്രീയ ശക്തിയായ മുസ്‌ലിംലീഗിന് കേരളത്തില്‍ കൂടുതല്‍ സ്വാധീനമുള്ളതും ഈ പ്രദേശങ്ങളിലാണ്. സാമാന്യമായി പറഞ്ഞാല്‍ സ്വന്തം സാംസ്‌കാരിക സവിശേഷതകളില്‍ അതിയായ അഭിമാനം പുലര്‍ത്തുന്ന സമുദായമാണ് മാപ്പിളമാര്‍. അറബിമലയാളമായിരുന്നു അടുത്തകാലംവരെയും അവര്‍ തങ്ങളുടെ സാംസ്‌കാരിക വ്യവഹാരങ്ങള്‍ക്കുവേണ്ടി ഉപയോഗിച്ചിരുന്ന ഭാഷാ ലിപി. മാപ്പിളമാരില്‍ ചെറിയൊരു വിഭാഗത്തിന് മാത്രമാണ് നായന്‍മാരുടെ വംശപരമ്പര അവകാശപ്പെടാവുന്നത്. ഭൂരിപക്ഷംപേരും താണ ജാതിക്കാരില്‍നിന്ന് മനഃപരിവര്‍ത്തനം ചെയ്തുവന്നവരാണ്.

Topics