മനുഷ്യാവകാശങ്ങള്‍

മനുഷ്യാവകാശം

ഏകനായ അല്ലാഹു മനുഷ്യനെ പടച്ചത് സോദ്ദേശ്യപൂര്‍വമാണെന്നും തദടിസ്ഥാനത്തില്‍ അവന്‍ ആദരണീയനാണെന്നും(ഇസ്‌റാഅ് 70) ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്. ആകാശഭൂമികളിലുള്ളത് മനുഷ്യര്‍ക്കായി വിധേയപ്പെടുത്തിയത് ആ ആദരവിന്റെ ഭാഗമാണ്. അതിനാല്‍ ദൈവദത്തമായ ആ പദവിയെ റദ്ദുചെയ്ത് മനുഷ്യരില്‍ ഒരുവിഭാഗം ജന്‍മനാല്‍ ഉത്കൃഷ്ടരും മറുവിഭാഗം അധമരും എന്ന് സങ്കല്‍പിക്കുന്നതിനെ അത് അംഗീകരിക്കുന്നില്ല. ഏതൊരു മനുഷ്യന്റെയും ജീവനും ,അഭിമാനവും,സമ്പത്തും പവിത്രമാണ്. അതിനാല്‍തന്നെ അതിനെതിരെയുള്ള അക്രമങ്ങളെ പ്രതിരോധിക്കാന്‍ അവന് അവകാശമുണ്ട്.

മാനവരാശിയുടെ മാതാപിതാക്കള്‍ ആദം-ഹവ്വ ദമ്പതികളാണ്. അതില്‍നിന്നുള്ള സന്താനപരമ്പരകള്‍ വ്യാപിച്ചുണ്ടായതാണ് ഇന്ന് വിവിധവര്‍ണങ്ങളിലും, വംശങ്ങളിലും , ഗോത്രങ്ങളിലും ,ഭാഷകളിലും , മതങ്ങളിലും ഉള്ള മനുഷ്യര്‍. ഇതിലേതെങ്കിലുമൊന്നിന് മറ്റേതിനേക്കാള്‍ മേന്മയോ ശ്രേഷ്ഠതയോ അവകാശപ്പെടാനില്ല. അതെല്ലാം പരസ്പരം പരിചയപ്പെടാനും തിരിച്ചറിയാനുമുള്ള സൂചകങ്ങള്‍ മാത്രം. ഒരു വ്യക്തി ശ്രേഷ്ഠനാകുന്നത് കര്‍മം കൊണ്ടുമാത്രമാണ്.

എന്നാല്‍ മാനവചരിത്രംപരിശോധിക്കുമ്പോള്‍ വിവിധസമൂഹങ്ങളില്‍ ജാതിയുടെയും വര്‍ണത്തിന്റെയും വംശത്തിന്റെയും പേരുപറഞ്ഞ് ഉച്ചനീചത്വങ്ങള്‍ നടമാടിയത് കാണാം. ഭൂമിയില്‍ തങ്ങളാണ് ഉത്കൃഷ്ടരെന്നും മറ്റുള്ളവര്‍ തങ്ങള്‍ക്ക് സേവനംചെയ്യാനായി സൃഷ്ടിക്കപ്പെട്ടതാണെന്നുമുള്ള അവകാശവാദത്തോടെ അവരുടെ അന്തസ്സും മൗലികാവകാശങ്ങളും ഹനിക്കുകയായിരുന്നു ചിലര്‍. സയണിസത്തിന്റെ ജൂതദേശീയഅപ്പാര്‍തീഡും പാശ്ചാത്യന്‍നാടുകളിലെ വെള്ളവംശീയതയും ഇന്ത്യയിലെ ജാതീയതയും അത്തരം വിവേചനങ്ങള്‍ക്കുദാഹരണമാണ്. എന്നാല്‍ എല്ലാതരം വിവേചനങ്ങള്‍ക്കും അറുതിവരുത്തിക്കൊണ്ട് അന്ത്യപ്രവാചകനായ മുഹമ്മദ് നബി വിടവാങ്ങല്‍ ഹജ്ജില്‍ മനുഷ്യാവകാശപ്രഖ്യാപനം നടത്തുകയുണ്ടായി. 1948 -ല്‍ മാത്രമാണ് യുഎന്നിന് മനുഷ്യാവകാശ വിളംബരം നടത്താന്‍ കഴിഞ്ഞത്. ഇന്നും ആഗോളതലത്തില്‍ മനുഷ്യാവകാശലംഘനങ്ങള്‍ തുടരുമ്പോഴും അതിനെതിരെ കാര്യമാത്രപ്രസക്തമായ യാതൊന്നും ചെയ്യാനാകാതെ രാഷ്ട്രനേതാക്കള്‍ കൈമലര്‍ത്തുകയാണ്.

സമൂഹത്തില്‍ ഏതെങ്കിലും രീതിയില്‍ ദുര്‍ബലരാക്കപ്പെട്ടവര്‍ക്ക് അര്‍ഹമായ അംഗീകാരവും പദവിയും നല്‍കിക്കൊണ്ടാണ് ഇസ്‌ലാം അവകാശസംരക്ഷണം ഉറപ്പാക്കിയിരിക്കുന്നത്. പ്രവാചകന്‍ തിരുമേനി സ്വജീവിതത്തിലൂടെ കാട്ടിത്തന്ന മാതൃക പിന്‍പറ്റുകയാണ് ലോകമനുഷ്യാവകാശം സംരക്ഷിക്കാനുള്ള ഏകപോംവഴി.

Topics