‘നിന്റെ രാജ്യം വരേണമേ, നിന്റെ ഇഷ്ടം സ്വര്‍ഗത്തിലെപോലെ ഭൂമിയിലും ആക്കേണമേ'(ബൈബിള്‍ പുതിയനിയമം, മത്തായി 6:10) എന്ന യേശുക്രിസ്തു പഠിപ്പിച്ച പ്രാര്‍ഥനയുടെ ഉത്തരമെന്നോണം മുഹമ്മദ് നബിയുടെ രാഷ്ട്രം പതിമൂന്നുവര്‍ഷത്തെ പ്രബോധനപരിശ്രമങ്ങള്‍ക്കൊടുവില്‍ മദീനയില്‍ യാഥാര്‍ഥ്യമായി. മദീനയില്‍ തുടക്കമിട്ട പ്രസ്തുത ദൈവരാജ്യത്തിന്റെ പ്രത്യേകതകള്‍ ഇവയായിരുന്നു:
- ‘സ്രഷ്ടാവിനെതിരില്‍ സൃഷ്ടികള്‍ക്ക് അനുസരണമില്ല’ എന്ന ഇസ്‌ലാമിന്റെ അടിസ്ഥാനതത്ത്വപ്രകാരം അവിടുത്തെ എല്ലാം ദൈവാനുസരണത്തിന് വിധേയമായി. എല്ലാ പൈശാചികതകളും അവസാനിച്ചുതുടങ്ങി.
- ഏക ദൈവത്തിന്റെ സൃഷ്ടികള്‍ എന്ന നിലക്ക് കറുത്ത ബിലാലും വെളുത്ത അബൂബക്‌റും തുല്യരായി. നമ്മുടെ നാട്ടില്‍ പട്ടിക്കും പൂച്ചക്കും സ്വതന്ത്രമായി നടക്കാവുന്ന വഴിയിലൂടെ ഒരു കറുത്തവന് വഴിനടക്കാന്‍ അനുവാദമില്ലാത്ത കാലത്താണ് കറുത്ത ബിലാലിനെ കഅ്ബാലയത്തിന്റെ മുകളില്‍ കയറ്റി പ്രവാചകന്‍ ബാങ്കുവിളിപ്പിച്ചത്.
- ഒരു മുസ്‌ലിം നടത്തിയ മോഷണക്കുറ്റം ഒരു ജൂതന്റെ പേരില്‍ ആരോപിക്കാന്‍ ചില മുസ്‌ലിംകള്‍വരെ ശ്രമം നടത്തിയപ്പോള്‍ വിശുദ്ധഖുര്‍ആനിലെ നാലാം അധ്യായം 105 മുതല്‍ 113 വരെയുള്ള സൂക്തങ്ങള്‍ ജൂതന് പിന്തുണയുമായി അവതരിപ്പിക്കപ്പെട്ടതോടെ മത-സാമുദായിക പക്ഷപാതിത്വത്തിന്റെ എല്ലാ പഴുതുകളും അടച്ചു.
- തിന്മകളുടെ മാതാവായ മദ്യം നിഷിദ്ധമായതോടെ ചരിത്ര കാലഘട്ടത്തിലെ ആദ്യത്തെ മദ്യ നിരോധിത രാജ്യമായി.
5.സമ്പന്നനുമാത്രം ലഭിക്കുന്ന പലിശ നിഷിദ്ധമാവുകയും ദരിദ്രനുമാത്രം ലഭിക്കുന്ന സകാത്ത് നിര്‍ബന്ധമാവുകയും ചെയ്തതോടെ ദാരിദ്ര്യനിര്‍മാര്‍ജനം പ്രയോഗത്തില്‍ വന്നു. - വ്യഭിചാരത്തെ നിഷിദ്ധമായി പ്രഖ്യാപിച്ച് വിവാഹത്തെ എളുപ്പമാക്കിയതോടെ ലൈംഗിക അരാജകത്വം അവസാനിക്കുകയും ‘ലൈംഗികദാരിദ്ര്യ’ത്തിന് പരിഹാരമുണ്ടാവുകയും ചെയ്തു.
- വിവാഹം സാധുവാകാന്‍ പുരുഷന്‍ സ്ത്രീക്ക് മഹ്‌റ് (വിവാഹമൂല്യം) നല്‍കണമെന്ന് നിബന്ധനവന്നതോടെ സ്ത്രീയില്‍നിന്ന് പുരുഷന്‍ കാശുവാങ്ങി കല്യാണം കഴിക്കുന്നതിന്റെ സാധ്യത എന്നെന്നേക്കുമായി ഇല്ലാതായി.
- പെണ്‍കുട്ടികള്‍ ജനിക്കുന്നത് ശാപമാണെന്ന ധാരണയെ തിരുത്തി പെണ്‍സന്താനങ്ങള്‍ സൗഭാഗ്യമാണെന്ന് തിരിച്ചറിവുണ്ടാക്കിയത് ശിശുഹത്യക്ക് പരിഹാരമായി.
- ‘അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക്’, അല്ലെങ്കില്‍ ‘അരങ്ങില്‍നിന്ന് അടുക്കളയിലേക്ക്’ എന്ന ആത്യന്തികനിലപാടില്‍നിന്ന് സ്ത്രീജനത്തെ രക്ഷിച്ചെടുത്ത് അടുക്കളയിലും അരങ്ങിലും തങ്ങളുടെ ധര്‍മനിര്‍വഹണത്തിന് പ്രാപ്തിയുള്ളവരാക്കി.
- ആടിനെ പിടിക്കുന്ന ചെന്നായയെ അല്ലാതെ മറ്റൊരാളെയും ഭയപ്പെടാതെ, ഒരു പെണ്ണിന് രാജ്യത്തിന്റെ ഒരറ്റത്തുനിന്ന് മറ്റേയറ്റം വരെ സ്വതന്ത്രമായി യാത്ര ചെയ്യാന്‍ കഴിയുമാറ് ആഭ്യന്തരരംഗം സുരക്ഷിതമായി.
ചുരുക്കത്തില്‍ മര്‍ദ്ദിത ന്യൂനപക്ഷങ്ങളെന്നോ ഭരണകൂട ഭീകരതയെന്നോ വിശേഷിപ്പിക്കപ്പെടുന്ന അസ്വാരസ്യങ്ങളേതുമില്ലാത്ത, പ്രകൃതിയും മാനവരും സന്തുലിതമായി കഴിഞ്ഞുപോന്ന ഒരു രാഷ്ട്രമായിരുന്നു അത്.
ജി.കെ എടത്തനാട്ടുകര
Add Comment