കുടുംബം-ലേഖനങ്ങള്‍

മക്കളുടെ മനസ്സ് തകര്‍ക്കുന്ന പത്ത് വാചകങ്ങള്‍

പല രക്ഷിതാക്കളും തികച്ചും അലംബാവത്തോടെ, സൂക്ഷമതയില്ലാതെയാണ് വാക്കുകള്‍ പ്രയോഗിക്കുന്നത്. ചിട്ടയായ സംസ്‌കരണ മാര്‍ഗങ്ങളെ തകിടം മറിക്കുന്നതാണ് അവയില്‍ ചിലത്. മക്കളെ നാം അഭിമുഖീകരിക്കുന്നതും അവര്‍ക്ക് പ്രോത്സാഹനം നല്‍കുന്നതും അഭിനന്ദിക്കുന്നതും ശകാരിക്കുന്നതും നമ്മുടെ വാക്കുകള്‍കൊണ്ടാണ്. അതിനാല്‍ മക്കളുടെ സംസ്‌കരണവഴിയില്‍ അവയ്ക്ക് മുഖ്യപ്രാധാന്യമുണ്ട്. പറഞ്ഞോ പ്രവര്‍ത്തിച്ചോ ആണല്ലോ നാം അവര്‍ക്ക് സംസ്‌കരണവഴികള്‍ പറഞ്ഞുകൊടുക്കുക. ഒന്ന് വാചികമായ സംവാദമാണെങ്കില്‍ മറ്റേത് വാചികമല്ലാത്തതാണെന്ന് മാത്രം. രണ്ടായാലും സംസാരസമീപനമാണ് തര്‍ബിയത്തില്‍ പ്രധാനമെന്ന് ചുരുക്കം.

രക്ഷിതാക്കളില്‍ നിന്നും മറ്റുള്ളവരില്‍ നിന്നും കേട്ടും പഠിച്ചതുമായ മോശം പ്രയോഗങ്ങള്‍ മക്കളെ വഴിതെറ്റിച്ചതിന്റെ ഒരുകൂട്ടം അനുഭവങ്ങള്‍ എനിക്കറിയാം. വീട്ടിലെ മോശം വര്‍ത്തമാന പ്രയോഗങ്ങള്‍ കാരണം വീടുവിട്ടിറങ്ങിയ യുവാവിനെ അവന്റെ പിതാവിന്റെ സാന്നിധ്യത്തില്‍ കൗണ്‍സലിങ് നടത്തിയപ്പോള്‍ പറഞ്ഞത് മുഴുവന്‍  ഇത്തരം പ്രയോഗങ്ങളെക്കുറിച്ചായിരുന്നു. മക്കളുടെ മനസ്സിനെ തകിടം മറിക്കുന്നതും തെറ്റായ മാര്‍ഗത്തിലേക്കെത്തിക്കുന്നതുമായ നാവിന്റെ ചില രോഗങ്ങളെയാണ് പത്ത് വാചകങ്ങളിലായി ഇവിടെ കുറിക്കുന്നത്.

1. കുഞ്ഞുങ്ങളെ മൃഗങ്ങളുടെ പേര് ചേര്‍ത്ത് എടാ പോത്തേ, പട്ടി, ജന്തു എന്നൊക്കെ വിളിക്കല്‍. അവര്‍ ജനിച്ച ദിവസത്തെ ചൊല്ലി ശപിക്കലും ഇവ്വിധത്തിലുള്ള രോഗമാണ്.

2. മക്കളുടെ കുറവുകളോട് നെഗറ്റീവ് സമീപനം പുലര്‍ത്തി എടാ കള്ളാ, വ്യത്തികെട്ടവനേ, തടിയാ, പൊട്ടക്കണ്ണാ എന്നൊക്കെ വിളിച്ച് ആക്ഷേപിക്കുക. ഇവ്വിധത്തിലുള്ള ചെറിയ പരാമര്‍ശം പോലും അവരുടെ മനസ്സിനെ കരിച്ചുകളയും.

3. താരതമ്യം നടത്തലാണ് മക്കളുടെ വ്യക്തിത്വത്തെ നശിപ്പിക്കുന്ന മറ്റൊരു രോഗം. എല്ലാ കുട്ടികളും വ്യതിരിക്തമായ ശേഷികളും കഴിവുകളും ഉള്ളവരാണ്. എന്നാല്‍, ഇക്കാര്യത്തില്‍ മറ്റുള്ളവരോട് താരതമ്യം നടത്തി ഇകഴ്ത്തി സംസാരിക്കുന്നത് അവരില്‍ അപകര്‍ഷതാബോധമുണ്ടാക്കും, ആത്മവിശ്വാസം ഇല്ലാതാക്കും. താനുമായി താരതമ്യം ചെയ്യുന്ന ആളോട് കുട്ടികള്‍ക്ക് വെറുപ്പുമുണ്ടാക്കും.

4. സോപാധിക സ്‌നേഹം: ചിലര്‍ കുട്ടികളോട് പറയും: നീയങ്ങനെ ചെയ്തില്ലേ, അതുകൊണ്ട് എനിക്ക് നിന്നെ ഇഷ്ടമല്ല; ഇന്നത് കഴിച്ചാല്‍ മോനെ എനിക്കിഷ്ടമാണ്; പരീക്ഷയില്‍ ജയിച്ചാല്‍…. എന്നിങ്ങനെയുള്ള സമീപനങ്ങള്‍ കുട്ടികളില്‍ അകല്‍ച സൃഷ്ടിക്കും. വലുതാകുംതോറും കുടുംബത്തില്‍ നിന്ന് അകന്നുമാറുന്ന അവസ്ഥയാവും. വല്യുപ്പമാരുടെ വല്യുമ്മമാരുടെയും സ്‌നേഹം ഇങ്ങനെ ഉപാധിരഹിതമായതിനാലാണ് കുട്ടികള്‍ അവരോട് നല്ല പ്രിയം കാണിക്കുന്നത്. 

5. തെറ്റായ വിവരങ്ങള്‍ നല്‍കല്‍: ആണ്‍കുട്ടികള്‍ കരയില്ലെടാ, മിണ്ടല്ലെടാ നീയെന്നും കൊച്ചായിപ്പോവും, ഇവനെന്നെ ഭ്രാന്ത് പിടിപ്പിക്കുന്നല്ലോ, എനിക്ക് വയ്യ ഇതിനെക്കൊണ്ട്, അല്ലാഹു നിന്നെ ശിക്ഷിക്കും നരകത്തിലിടും എന്നൊക്കെയുള്ള പ്രയോഗങ്ങള്‍

6. നിനക്ക് ഇത് മനസ്സിലാവില്ലെടാ, മിണ്ടാതിരിക്കെടാ ശൈതാനേ, നിന്നെക്കൊണ്ട് ഒരുപയോഗവും ഇല്ലല്ലോ എന്നൊക്കെ ഒരാളെക്കുറച്ച് അടച്ച് പറയുന്നതും ഒഴിവാക്കേണ്ടത് തന്നെ

7. ശകാരത്തിലെ തെറ്റായ രീതികള്‍: നിന്റെ തലതല്ലിപ്പൊളിക്കും ഞാന്‍, അറുക്കും ഞാന്‍ നിന്നെ എന്നിങ്ങനെയുള്ള പ്രയോഗങ്ങള്‍.

8. എല്ലാത്തിനും ‘നോ’ പറയുന്ന പ്രവണത: കുട്ടികള്‍ ചോദിക്കുന്ന എന്തിനോടും കാരണം വ്യക്തമാക്കാതെ  ‘ഇല്ല’ എന്ന മറുപടി ആവര്‍ത്തിക്കുന്ന രക്ഷിതാക്കള്‍ സൂക്ഷമത പുലര്‍ത്തേണ്ടത് അനിവാര്യമാണ്. 

9. മക്കള്‍ക്കെതിരെ പ്രാര്‍ഥിക്കുക: നിന്നോട് അല്ലാഹു ചോദിക്കും, നശിച്ചവനേ, നീ നശിച്ചുപ്പോട്ടെ എന്നൊക്കെയുള്ള പ്രയോഗങ്ങള്‍

10. മക്കളുടെ രഹസ്യങ്ങള്‍ പരസ്യപ്പെടുത്തി അവരെ മോശക്കാരാക്കുന്ന പ്രവണത. 

ഇവയാണ് രക്ഷിതാക്കളും മറ്റുള്ളവരും ഒഴിവാക്കേണ്ട തെറ്റായ ചില സംസാര സമീപന രീതികള്‍. കൗമാരത്തിലെത്തുന്ന ഒരു കുട്ടി ചുറ്റുപാടിലെ സാഹചര്യങ്ങളില്‍ നിന്ന് ഏകദേശം 16000 മോശം പദപ്രയോഗങ്ങള്‍ പഠിക്കുന്നുവെന്ന ഒരു പഠനം ഈയിടെ വായിച്ചതോര്‍ക്കുന്നു. എന്നാല്‍ മുകളില്‍ സൂചിപ്പിച്ച നാവിന്റെ രോഗങ്ങളില്‍ ഒന്നുമാത്രമാണ് അവിടെ പരാമര്‍ശിക്കപ്പെട്ടിട്ടുള്ളത്. അപ്പോള്‍ നിങ്ങളൊന്ന് ആലോചിച്ചുനോക്കൂ, എട്ടുവയസ്സാവുമ്പോഴേക്കും ഒരു കുട്ടിയുടെ ഹൃദയനിഘണ്ടുവില്‍ അയ്യാരത്തിലധികം നശീകരണ പ്രയോഗങ്ങള്‍ വന്നുചേരുന്നുവെന്ന് ചുരുക്കം. ഈ പ്രയോഗങ്ങളുടെ സ്വാധീനം അവന്റെ ജീവിതത്തെയും മാനസിക പ്രകിയകളെയും തച്ചുടക്കുമെന്ന് തീര്‍ച്ച.

മഹാനായ മുഹമ്മദ് നബി(സ) ഇക്കാര്യങ്ങളെല്ലാം വളരെ ചുരുങ്ങിയ വാക്കുകളില്‍ വിശദീകരിച്ചു. അദ്ദേഹം പറഞ്ഞു: വിശ്വാസി ഒരിക്കലും കുത്തുവാക്ക് പറയുന്നവനല്ല, ശപിക്കുന്നവനോ അശ്ലീലം പ്രചരിക്കുന്നവനോ ചീത്ത പറയുന്നവനോ അല്ല. അഥവാ ഈ ചതുര്‍തിന്‍മകളില്‍ നിന്ന് അകന്ന് നില്‍ക്കുക. കുട്ടികളോട് ഇടപഴകുമ്പോള്‍ അവയെ സ്‌നേഹം, പ്രോത്സാഹനം, അഭിനന്ദനം, ആദരിക്കല്‍ എന്നിങ്ങനെ ചതുര്‍നന്മകളാക്കി പരിവര്‍ത്തിപ്പിക്കുക.

സമ്മാനം നല്‍കുന്നതിനേക്കാള്‍ മഹത്തരമാണ് നല്ല വര്‍ത്തമാനമെന്ന് നാം തിരച്ചറിയുക. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ‘ദ്രോഹം പിന്തുടരുന്ന ദാനത്തെക്കാള്‍ ഉത്തമം നല്ലവാക്കു പറയലും മാപ്പേകലുമാകുന്നു’ (അല്‍ബഖഖറ : 263). ഭക്ഷണം, കളിപ്പാട്ടം, വിദ്യാഭ്യാസം എന്നിങ്ങനെ ആവശ്യമുള്ളതെല്ലാം കുട്ടികള്‍ നല്‍കി അവരെ സന്തോഷിപ്പിച്ചിട്ട് അവരോട് നല്ലശീലത്തില്‍ വര്‍ത്തിക്കാതെ നശിപ്പിക്കുകയാണെങ്കില്‍ പിന്നെ നല്‍കുന്നതിലെന്തര്‍ഥമാണുള്ളത് ! നല്ലതും സത്യസന്തതയുമുള്ള വാക്ക് മനുഷ്യമസ്തിഷ്‌കത്തെ വരെ സ്വാധീനിക്കുമെന്ന് ആധുനിക ശാസത്രജ്ഞര്‍ കണ്ടെത്തിയിരിക്കെ ഖുര്‍ആനികമായ ഈ സദ്ശീലം പാലിക്കാതിരിക്കുന്നത് തികച്ചും അക്ഷന്തവ്യമാണ്. 

Topics