ഹാറൂന്‍ അല്‍ റഷീദ് മരണപ്പെട്ടപ്പോള്‍ മൂത്തമകന്‍ അമീന്‍ ഖലീഫയായി. ഹാറൂന്‍ തന്റെ സാമ്രാജ്യത്തെ രണ്ടു ഭാഗങ്ങളാക്കി വിഭജിച്ച് ഇറാഖ് മുതല്‍ ആഫ്രിക്ക വരെയുള്ള ഭാഗം അമീന്റെയും പേര്‍ഷ്യന്‍ പ്രദേശങ്ങളും സിന്ധും സമീപപ്രദേശങ്ങളും ഉള്‍പ്പെടുന്ന പൗരസ്ത്യ ഭാഗത്തിന്റെ ചുമതല സഹോദരന്‍ മഅ്മൂനിന്റെയും കീഴിലാക്കിയിരുന്നു. അമീന്‍ ബാഗ്ദാദ് കേന്ദമാക്കി ഭരണം നടത്തി. മര്‍വ് ആയിരുന്നു മഅ്മൂന്റെ ആസ്ഥാനം.
സുഖലോലുപനും ആഡംബരപ്രിയനുമായിരുന്നു അമീന്‍. ഇദ്ദേഹം ഭരണകാര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധ പതിപ്പിച്ചിരുന്നില്ല. പ്രധാനമന്ത്രയായ ഫദ്ല്‍ ഇബ്‌നു റബീഅ് ആണ് യഥാര്‍ഥത്തില്‍ ഭരണകാര്യങ്ങള്‍ നടത്തിയിരുന്നത്.
ഭരണനിപുണനായ മഅ്മൂന്‍, പൗരസ്ത്യഭാഗത്ത് വളരെ വേഗം ജനപ്രീതി നേടി. ഇത് അമീനിനെ അസ്വസ്ഥനാക്കി. അവര്‍ തമ്മില്‍ അഭിപ്രായവ്യത്യാസത്തിന് ഇത് കാരണമായി. തുടര്‍ന്ന് അമീന്‍ മഅ്മൂനിനെ അധികാരസ്ഥാനത്തുനിന്ന് ഒഴിവാക്കി. അതിനുശേഷം കരീടാവകാശിയായി തന്റെ മകന്‍ മൂസയെ നിശ്ചയിച്ചു. മഅ്മൂന്‍ ഖലീഫയുടെ ഉത്തരവ് കൂട്ടാക്കാതെ സൈന്യവുമായി പുറപ്പെട്ടു. അമീനിന്റെ സേനയുമായി ഏറ്റുമുട്ടി. അമീനിന്റെ സൈന്യം പരാജയപ്പെടുകയും അമീന്‍ വധിക്കപ്പെടുകയും ചെയ്തു. ഹിജ്‌റ 194 മുതല്‍ 198 വരെയായിരുന്നു അമീനിന്റെ ഭരണകാലം. അമീനിന്റെ വധത്തെത്തുടര്‍ന്ന് മഅ്മൂന്‍ ഖലീഫയായി അധികാരമേറ്റു.
ഖലീഫയായി സ്ഥാനമേറ്റ മഅ്മൂന്‍ ശീആ വിഭാഗത്തെ അനുനയ മാര്‍ഗത്തിലൂടെ പാട്ടിലാക്കി. ഇതുമൂലം അദ്ദേഹം ഒരു ശീഈ പക്ഷപാതിയായി ചിത്രീകരിക്കപ്പെടുകയും ബാഗ്ദാദില്‍ അബ്ബാസീ രാജകുമാരന്‍മാരുടെ നേതൃത്വത്തില്‍ കലാപം തുടങ്ങുകയും ചെയ്തു. മഅ്മൂന്‍ തന്റെ ആസ്ഥാനം മര്‍വില്‍നിന്ന് ബഗ്ദാദിലേക്കു മാറ്റുകയും കലാപത്തെ തന്ത്രപരമായി അവസാനിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് 14 വര്‍ഷക്കാലം ഏറെക്കുറെ ശാന്തിയും സമാധാനവും രാജ്യത്ത് നിലനിര്‍ത്തി സദ്ഭരണം കാഴ്ചവെക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.
രാജ്യനിവാസികളോട് നീതിപൂര്‍വം പെരുമാറിയ മഅ്മൂന്‍ ഉദ്യോഗങ്ങളില്‍ എല്ലാ വിഭാഗം ആളുകള്‍ക്കും പ്രാതിനിധ്യം നല്‍കിയിരുന്നു. ദര്‍ബാറില്‍ അദ്ദേഹത്തിന് ഒരു ഉപദേശക സമിതി ഉണ്ടായിരുന്നു. ഇതില്‍ എല്ലാ വിഭാഗം ജനങ്ങളുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്തിയിരുന്നു. ഭരണകാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ പതിപ്പിച്ചിരുന്നു. ജനങ്ങളുടെ വിഷമങ്ങളും ആവലാതികളും ശാന്തമായി കേള്‍ക്കുകയും പരിഹാരം കാണുകയും ചെയ്തിരുന്നു. ഇതിനായി എല്ലാ ഞായറാഴ്ചകളിലും രാവിലെ മുതല്‍ ഉച്ചവരെ സമയം മാറ്റി വെച്ചിരുന്നു. അദ്ദേഹത്തിന്റെ ഉയര്‍ന്ന നീതിബോധം പ്രശംസനീയമായിരുന്നു.
ഒരിക്കല്‍ ഒരാള്‍ മഅ്മൂനിനെതിരെ കോടതിയില്‍ ഒരു കേസ് കൊടുത്തു. മഅ്മൂനിന് കോടതിമുമ്പാകെ ഹാജരാകേണ്ടിവന്നു. ഭൃത്യന്‍മാര്‍ കോടതിയില്‍ അദ്ദേഹത്തിനുവേണ്ടി പരവതാനി വിരിക്കുവാനൊരുങ്ങി. ന്യായാധിപന്‍ അതു തടഞ്ഞു. അദ്ദേഹം പറഞ്ഞു: ”കോടതിയില്‍ വാദിയും പ്രതിയും തുല്യരാണ്. ആരോടും വിവേചനം കാണിച്ചുകൂടാ.” ജഡ്ജിയുടെ ഈ പ്രഖ്യാപനം ഖലീഫയില്‍ അദ്ദേഹത്തോടുള്ള മതിപ്പ് വര്‍ദ്ധിപ്പിച്ചു. ഖലീഫ ജഡ്ജിക്കു ശമ്പളം വര്‍ദ്ധിപ്പിച്ചുകൊടുക്കുകയും അദ്ദേഹത്തെ പ്രശംസിക്കുകയും ചെയ്തു.
പ്രജകളോട് അദ്ദേഹം യാതൊരുവിധ വിവേചനവും കാണിച്ചിരുന്നില്ല. ലാളിത്യവും എളിമയും അദ്ദേഹത്തിന്റെ പ്രത്യേകതകളായിരുന്നു.
ഒരു ജനതയുടെ സര്‍വതോന്‍മുഖമായ പുരോഗതിയുടെ അടിസ്ഥാനഘടകം വിദ്യാഭ്യാസമാണെന്ന് മഅ്മൂന്‍ മനസ്സിലാക്കിയിരുന്നു. വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം സ്ഥിരമായ സംവിധാനമുണ്ടാക്കി. ആവശ്യമുള്ള സ്ഥലങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങി. ഇവയുടെ സുഗമമായ നടത്തിപ്പിന് വരുമാനമുള്ള നിലങ്ങള്‍ പതിച്ചുകൊടുത്തിരുന്നു. ഉന്നത വിദ്യാഭ്യാസപ്രോത്സാഹനത്തിന് പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് വൈജ്ഞാനിക ഗ്രന്ഥങ്ങള്‍ ശേഖരിച്ച് അവ അറബിഭാഷയിലേക്ക് തര്‍ജ്ജുമ ചെയ്തു. ഇവ പഠിക്കുവാന്‍ സൗകര്യങ്ങളുണ്ടാക്കി. വിവര്‍ത്തനഗ്രന്ഥത്തിന്റെ തൂക്കത്തിനു സ്വര്‍ണവും വെള്ളിയും വിവര്‍ത്തകര്‍ക്കു കൂലി നല്‍കിയിരുന്നതായി പറയപ്പെടുന്നു. മഅ്മൂന്‍ പണ്ഡിതനായിരുന്നു. ഖുര്‍ആന്‍ അദ്ദേഹത്തിനു മനഃപാഠമായിരുന്നു. കലാ?????വൈജ്ഞാനിക രംഗങ്ങളിലും ഗണിത-ഗോള ശാസ്ത്രങ്ങളിലും അദ്ദേഹം അതീവ തല്‍പരനായിരുന്നു. ഗോളശാസ്ത്രത്തെപ്പറ്റി പഠിക്കുവാന്‍ പ്രത്യേകം വിദ്യാലയം സ്ഥാപിച്ചിരുന്നു. 20 വര്‍ഷത്തെ ഭരണത്തിനു ശേഷം നാല്‍പത്തി എട്ടാമത്തെ വയസ്സില്‍ മഅ്മൂന്‍ അന്തരിച്ചു.
മഅ്മൂന്‍ (ഹി. 198 – 218, ക്രി. 813- 833)

Add Comment