India

ഭൂമി ‘തട്ടിയെടുക്കല്‍’ നിയമം: കോണ്‍വാലിസിന്റെ തന്ത്രങ്ങളുമായി ഭരണകൂടം

ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് പാര്‍ലമെന്റിന് അകത്തുംപുറത്തും നടക്കുന്ന വാദകോലാഹലങ്ങളാല്‍ ശബ്ദമുഖരിതമാണ് ഇന്ന് ഇന്ത്യ. കേന്ദ്രഗവണ്‍മെന്റിന്റെ മറവില്‍ കോര്‍പറേറ്റുകള്‍ കൃഷി ഭൂമി തട്ടിയെടുക്കുന്നതിനെതിരെ ആയിരക്കണക്കിന് കര്‍ഷകര്‍ ദല്‍ഹിയില്‍ പ്രകടനംനടത്തിയിരുന്നു. കള്ളന്‍മാരും കൊള്ളക്കാരും പണ്ടൊക്കെ ബലംപ്രയോഗിച്ച് സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടുപോകാറുണ്ടായിരുന്ന കഥയാണ് ഇത്തരുണത്തില്‍ ഓര്‍മ വരുന്നത്. അതേയുക്തി തന്നെയാണ്  വികസനത്തിനായി ഭൂമിയെന്ന ആവശ്യമുന്നയിക്കുന്ന ഗവണ്‍മെന്റ് നീക്കത്തിനുപിന്നിലുമുള്ളത്. വെറുതെ കിടക്കുന്ന(ലാഭം കുറഞ്ഞ) ഭൂമി കൂടുതല്‍ ലാഭം തരുന്ന വ്യവസായങ്ങള്‍ക്ക് ഉപയോഗിക്കാമെന്നാണ് ഉന്നയിക്കുന്ന ന്യായം.

നിഗൂഢവും തന്ത്രപരവുമായ കൊളോണിയല്‍ വാദങ്ങളാണ് ബിജെപി ഗവണ്‍മെന്റ് ഉയര്‍ത്തിവിടുന്നത്. നേരത്തേ കോണ്‍ഗ്രസും സിപിഎമ്മും ഇതേവാദം ഉന്നയിച്ചിരുന്നു. സ്റ്റേറ്റ് ആണ് എല്ലാറ്റിന്റെയും ഉടമസ്ഥനും പ്രകൃതിവിഭവങ്ങളുടെ കൈകാര്യകര്‍ത്താവും എന്ന വാദമാണ് ഒന്നാമത്തേത്. ഇത് കോണ്‍വാലിസ് പ്രഭുവിന്റെ മസ്തിഷ്‌കത്തില്‍  ഉദയംകൊണ്ടതാണ്. ഇതിന്റെ ചുവടുപിടിച്ചാണ് 1793 ലെ സെറ്റില്‍മെന്റ് ആക്റ്റിന് രൂപം കൊടുത്തത്. അങ്ങനെ ഇന്ത്യന്‍ചരിത്രത്തില്‍ ആദ്യമായി  ഭൂരഹിതരും തൊഴില്‍രഹിതരും ഉണ്ടായി. 1894 ലെ ലാന്റ് അക്വിസിഷന്‍ ആക്ട് ഇത്തരം ഭൂമിതട്ടിയെടുക്കലിന്റെ തുടര്‍ച്ചയെന്നോണം വന്നതാണ്. അതിനുമുമ്പ് ആയിരക്കണക്കായ വര്‍ഷങ്ങള്‍ നമുക്കിടയില്‍ ഭൂരഹിതരോ തൊഴില്‍ രഹിതരോ ഉണ്ടായിരുന്നില്ല. കേള്‍ക്കുമ്പോള്‍ മിഥ്യയെന്നുതോന്നാം. പക്ഷേ കെട്ടുകഥയ്ക്കപ്പുറം യാഥാര്‍ഥ്യമായിരുന്ന ഈ വസ്തുത അംഗീകരിച്ചുതരാന്‍ ഇന്നത്തെ ഭരണപുംഗവന്‍മാര്‍ തയ്യാറല്ല.

1793 ലെ കൊളോണിയല്‍ നിയമത്തിനുമുമ്പ് കരയും, കാടും, പുഴയും അതതുസ്ഥലങ്ങളിലെ ജനങ്ങളുടെ പൊതുസ്വത്തായിരുന്നു. ഇന്ന് ബിജെപി ചെയ്യുംപോലെ അതെല്ലാം കയ്യേറി ജനങ്ങളെ വഴിയാധാരമാക്കുന്ന രാജാവോ, രാജ്ഞിയോ, ഭരണകൂടമോ അന്ന് ഉണ്ടായിരുന്നില്ല. 

അമേരിക്കന്‍ മണ്ണില്‍ ചെയ്തതുപോലെ ഇന്ത്യന്‍ ചരിത്രത്തില്‍ ബ്രിട്ടീഷുകാരാണ്  ഭൂമിതട്ടിയെടുക്കല്‍ പദ്ധതികളുമായി രംഗപ്രവേശംചെയ്തത്. അമേരിക്കയിലെ വിപ്ലവകാരികളോട് ഏറ്റുമുട്ടി പരാജയപ്പെട്ട അന്നത്തെ ബ്രിട്ടീഷ് ഗവര്‍ണറായിരുന്ന കോണ്‍വാലിസ് പിന്നീട് ഇന്ത്യയിലും ഭൂമിതട്ടിയെടുക്കാനുള്ള നിഗൂഢലക്ഷ്യവുമായി  അയക്കപ്പെടുകയായിരുന്നുവെന്നത് തികച്ചും യാദൃശ്ചികമല്ല.

സ്വാതന്ത്ര്യത്തിനുശേഷവും ഇന്ത്യന്‍ഭരണാധികാരികള്‍ ദശലക്ഷങ്ങളെ വഴിയാധാരമാക്കുന്ന ഭൂമിതട്ടിയെടുക്കല്‍ നയവുമായി ഇന്നും നിര്‍ബാധംവിഹരിക്കുന്നു. ഒരു കണക്കനുസരിച്ച്, 60-65 ദശലക്ഷത്തോളം ആളുകള്‍ തങ്ങളുടെ ഭൂമി നഷ്ടപ്പെട്ട് അര്‍ഹമായ യാതൊരുവിധപുനരധിവാസവുമില്ലാതെ നരകയാതന അനുഭവിക്കുന്നു.

മതത്തിന്റെയും പാരമ്പര്യത്തിന്റെയും പേരുപറഞ്ഞ് ഇന്ത്യന്‍സംസ്‌കാരത്തിന്റെ തലതൊട്ടപ്പന്‍മാരെന്ന് ഭാവിക്കുന്ന ബിജെപി അടിസ്ഥാനതത്ത്വങ്ങള്‍ സ്വീകരിച്ചിരിക്കുന്നത് ബ്രിട്ടീഷ് കൊളോണിയലിസ്റ്റുകളില്‍നിന്നാണ്. ഇന്ത്യന്‍ പാരമ്പര്യത്തിന്റെ പെരുമ്പറ അവര്‍ സദാ മുഴക്കുന്നത് തങ്ങളുടെ കാപട്യത്തെ മൂടിവെക്കാന്‍ മാത്രമാണ്. നേരത്തെ,കോണ്‍ഗ്രസും സോഷ്യലിസത്തിന്റെ പെരുമ്പറകൊട്ടി തങ്ങളുടെ കാപട്യത്തെ മൂടിവെക്കാന്‍ ശ്രമിച്ചിരുന്നു. ഇന്ത്യന്‍ പാരമ്പര്യത്തില്‍ ഊറ്റംകൊള്ളുന്നുവെന്നും അത് മുറുകെപിടിക്കുന്നുവെന്നും വാദിക്കുന്നവര്‍ കൊളോണിയലിസത്തിനുമുമ്പുണ്ടായിരുന്ന, പ്രകൃതിവിഭവങ്ങളിലുള്ള തുല്യാവകാശനയത്തെ എന്തുകൊണ്ട് സ്വീകരിക്കുന്നില്ല. തങ്ങളുടെ മുമ്പ് കൊളോണിയല്‍ ശക്തികള്‍ ലക്ഷ്യംവെച്ചതുപോലെ സ്വത്തുക്കള്‍ കവര്‍ന്ന് സുഖിക്കുകമാത്രമാണ് ഭരണപക്ഷവും ഉദ്ദേശിക്കുന്നത്. അതിനാല്‍ കോണ്‍ഗ്രസിനെപ്പോലെ ഒന്ന് പറയുകയും അതിനുവിരുദ്ധമായി ചെയ്യുകയുമാണ് ബിജെപിയും ചെയ്യുന്നത്. പ്രകൃതിവിഭവങ്ങളുടെപേരില്‍ ജനതയുടെ അവകാശത്തെ കവര്‍ന്നെടുത്ത പാരമ്പര്യം ഇന്ത്യന്‍പാരമ്പര്യത്തിലില്ല.  ഇപ്പോള്‍ ബിജെപിയെന്ന ന്യൂനപക്ഷം കവര്‍ച്ചക്കാരുടെ റോള്‍ അഭിനയിക്കുകയാണ്.

ഭൂമിതട്ടിയെടുക്കല്‍ ആഗോളമൂലധനശക്തികളുടെ ആവശ്യമാണ്. 1995 ലെ വേള്‍ഡ് ബാങ്ക് റിപോര്‍ട്ടനുസരിച്ച് 400 ദശലക്ഷം ഇന്ത്യന്‍ ഗ്രാമീണര്‍  പട്ടണങ്ങളിലേക്ക് താമസംമാറ്റിയേ മതിയാകൂ. ഇന്ത്യന്‍ഭരണകൂടവും  ആഗോളമൂലധനശക്തികളുടെ താല്‍പര്യത്തിനൊത്ത് മുട്ടുവളക്കുകയാണ്.  85 ശതമാനം ഇന്ത്യക്കാരും പട്ടണങ്ങളിലേക്ക് കൂടുമാറണമെന്ന് 21 -ാം നൂറ്റാണ്ടിന്റെ പകുതിയില്‍ ചിദംബരവും ആവശ്യപ്പെട്ടിരുന്നു. സ്മാര്‍ട്ട് സിറ്റി , വ്യവസായഇടനാഴി,ബുള്ളറ്റ് ട്രെയിന്‍ എന്നിവയുടെ പേരില്‍ മോദിസര്‍ക്കാരും ഇപ്പോഴതേ ആവശ്യം ഉന്നയിക്കുന്നു.

കൃഷിക്കാരും സ്ത്രീകളും ആദിവാസികളും ഇവ്വിധമുള്ള ഭൂമിതട്ടിയെടുക്കലിനെതിരെ ശക്തമായ പ്രതിരോധം ഉയര്‍ത്തിക്കൊണ്ടുവരികയാണ്. ഈ കടന്നുകയറ്റത്തിനെതിരെ ഐക്യനിര കെട്ടിപ്പടുക്കാനുള്ള നീക്കത്തിലാണ് അവര്‍. അവരെ സംബന്ധിച്ചിടത്തോളം ജീവന്‍മരണപോരാട്ടമാണത്. തോല്‍ക്കാന്‍ കഴിയാത്ത യുദ്ധമാണത്.

ബിജെപി ഈ ബില്‍ നടപ്പാക്കണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍  തങ്ങളുടെ എല്ലാ എംപിമാരുടെയും എംഎല്‍എമാരുടെയും ഭൂമികള്‍  അക്വയര്‍ ചെയ്യട്ടെ എന്നാണ് സരസനായ സുഹൃത്ത് എന്നോടുപറഞ്ഞത്. തുടര്‍ന്ന്  ബില്ലിനെ അനുകൂലിക്കുന്ന കോണ്‍ഗ്രസുകാരുടെയും ഭൂമി ഏറ്റെടുക്കട്ടെ. അതാകുമ്പോള്‍ പാവപ്പെട്ടവന്റെയും ആദിവാസിയുടെയും ഭൂമിയേക്കാള്‍ കൂടുതലുണ്ടാകുമല്ലോ എന്നാണ് സുഹൃത്തിന്റെ ന്യായം.

Topics