ഒരു വിഭാഗം ജനതയെ ആട്ടിപ്പായിക്കുകയും നിരപരാധികളെ കൊന്നൊടുക്കുകയും ചെയ്യുന്ന ഭീകരതയെ അവസാനിപ്പിക്കുന്നതിന് തുര്‍ക്കി നടത്തുന്ന ശ്രമങ്ങള്‍ക്ക് യൂറോപ് നന്ദിപറയേണ്ടതുണ്ടെന്ന് ഉര്‍ദുഗാന്റെ വക്താവ് ഇബ്‌റാഹിം കാലിന്‍. തുര്‍ക്കി അതിര്‍ത്തിയിലുള്ള സിറിയന്‍ പ്രദേശത്തുനിന്ന് കുര്‍ദ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ കൊടിക്കീഴില്‍ അണിനിരന്നിട്ടുള്ള വൈപിജി-പികെകെ വിഘടനവാദികളെ തുരത്തുന്നതിനുള്ള ‘ഓപറേഷന്‍ പീസ് സ്പ്രിങ്’ സൈനികനടപടികളെക്കുറിച്ച് സംസാരിക്കവേയാണ് പ്രസിഡന്റിന്റെ വക്താവ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.
‘വൈപിജി-പികെകെ ഭീകരരെ അതിര്‍ത്തിയില്‍നിന്ന് തുരത്താനുള്ള തുര്‍ക്കിസൈന്യത്തിന്റെ ശ്രമങ്ങള്‍ക്ക് യൂറോപ് നന്ദി പ്രകാശിപ്പിക്കേണ്ടതായിരുന്നു. കാരണം അവരുടെ നേരെയുള്ള ഭീഷണികളെ ഇല്ലാതാക്കാന്‍ ജീവത്യാഗം ചെയ്യുന്നത് തുര്‍ക്കി സൈനികരാണ്. ഈ സൈനികനടപടി കൈക്കൊണ്ടില്ലെങ്കില്‍ സിറിയന്‍ അഭയാര്‍ഥികള്‍ യൂറോപിലേക്ക് പ്രവഹിച്ചേനെ. ഇപ്പോള്‍ 5 ദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിലൂടെ സിവിലിയന്‍ മേഖലയില്‍നിന്ന് ഭീകരവാദികള്‍ പിന്‍വാങ്ങുകയാണെങ്കില്‍ തുര്‍ക്കി സൈനികനടപടി അവസാനിപ്പിക്കുക തന്നെചെയ്യും. സൈന്യത്തിന്റെ ലക്ഷ്യം അധിനിവേശമല്ല, മറിച്ച് അഭയാര്‍ഥികള്‍ക്ക് ജന്‍മനാട്ടില്‍ ജീവിക്കാനാകുംവിധം സുരക്ഷാമേഖലയൊരുക്കി സിറിയയുടെ ദേശീയ അഖണ്ഠത ഉറപ്പുവരുത്തുകയാണ് ‘ ഇബ്‌റാഹിം വിശദമാക്കി.
അമേരിക്കയും യൂറോപ്യന്‍യൂണിയനും ഭീകരലിസ്റ്റില്‍പെടുത്തിയ പികെകെ യെ കഴിഞ്ഞ 30 വര്‍ഷമായി അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ് തുര്‍ക്കി. ഇതിനകം സ്ത്രീകളും കുട്ടികളുമടക്കം നാല്‍പതിനായിരം പേരെ പികെകെ ഭീകരാക്രമണങ്ങളിലൂടെ കൊലപ്പെടുത്തിയിട്ടുണ്ട്.
Add Comment