മനുഷ്യസമൂഹത്തില്‍ കടന്നുവന്ന പ്രവാചകര്‍ എപ്പോഴെങ്കിലും ഭീതിയിലും പരാജയഭയത്തിലും കഴിച്ചുകൂട്ടിയിട്ടുണ്ടോ ? തന്റെ ജനതയെ ഫറോവയുടെ പീഡനത്തില്‍ നിന്ന് രക്ഷപ്പെടുത്തി മുന്നോട്ടുനീങ്ങിയ മൂസാ (അ) ചെങ്കടലിന്റെ മുന്നിലെത്തിയപ്പോള്‍ രക്ഷാമാര്‍ഗം കാണാതെ ഭയപ്പെട്ടുവോ ? ആളിക്കത്തുന്ന അഗ്നികുണ്ഠത്തിലേക്ക് വലിച്ചെറിയപ്പെട്ട വേളയില്‍ ഇബ്‌റാഹീം (അ) ചകിതനായോ ? മരുഭൂമിയില്‍ കപ്പല്‍ നിര്‍മ്മിക്കുന്ന തന്നെപ്പറ്റി ജനതയെന്തുകരുതുമെന്ന ആശങ്ക നൂഹ്(അ)നെ പിടികൂടിയിരുന്നുവോ ? തന്റെ സന്ദേശം വളരെക്കുറച്ച് ആളുകള്‍ മാത്രമേ സ്വീകരിക്കുന്നുള്ളൂ എന്നതുകണ്ട് ഈസാനബി നിരാശനായോ?
തന്നെ ഒരിക്കലും ഒരുപുരുഷന്‍ സ്പര്‍ശിച്ചിട്ടില്ലെന്നിരിക്കെ ഗര്‍ഭിണിയായ അദ്ദേഹത്തിന്റെ മാതാവ് മറിയമിന്റെ മനോഗതമെന്തായിരുന്നു? തന്റെ നാട്ടുകാരില്‍നിന്നും ബന്ധുജനങ്ങളില്‍നിന്നും ശാരീരികവും മാനസികവുമായ നിരന്തരപീഡനങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കെ അന്ത്യപ്രവാചകനായ മുഹമ്മദ് നബി(സ)ക്കുണ്ടായിരുന്ന മനോവികാരങ്ങളെന്തായിരുന്നു?ഒടുവില്‍ നാട്ടില്‍നിന്നും അനുയായികളോടൊപ്പം അന്യനാട്ടില്‍ കാലുറപ്പിക്കുമ്പോള്‍ അദ്ദേഹത്തിന്റെ പ്രതീക്ഷകളെന്തായിരുന്നു ?
മനുഷ്യനെന്ന നിലക്ക് പ്രതികൂലഘട്ടങ്ങളില്‍ പലപ്പോഴും ഭയവും നിരാശയും കലര്‍ന്ന മാനസികനിലയെ അഭിമുഖീകരിക്കേണ്ടിവന്നേക്കാം. അത്തരം ഘട്ടത്തില്‍ പ്രവാചകന്‍മാര്‍ സംഭീതരായോ ഇല്ലയോ എന്നത് എനിക്കറിയില്ല. പക്ഷേ, ഒന്നുണ്ട് ,അവരുടെ ഈമാന്‍ ഭയത്തിനേക്കാള്‍ എത്രയോ ഉന്നതവിതാനത്തിലായിരുന്നു എന്നതാണത്.
അല്ലാഹുവിലുള്ള അചഞ്ചലമായ വിശ്വാസവും തവക്കുലും എല്ലാ പ്രതിബന്ധങ്ങളെയും മറികടക്കാനുള്ള ശക്തമായ ആദര്‍ശമാണെന്ന് അവര്‍ മനസ്സിലാക്കിയിരുന്നു. അതുകൊണ്ടുതന്നെ വിശ്വാസദാര്‍ഢ്യത്താല്‍ ഭയത്തെ അവര്‍ കീഴടക്കി. തങ്ങളുടെ നേര്‍ക്ക് ഉയര്‍ന്നുവന്ന വെല്ലുവിളികളെ അനായാസം അവര്‍ മറികടന്ന് ലക്ഷ്യസാക്ഷാത്കാരം നേടി.
എന്നിട്ടും മഹിതമായ ലക്ഷ്യം വെച്ചുപുലര്‍ത്താനോ അതിനെ സാക്ഷാത്കരിക്കാനോ ഇന്നത്തെ മുസ്‌ലിംസമൂഹത്തിന് പ്രവാചകന്‍മാരെ മാതൃകയാക്കാന്‍ കഴിയാത്തതെന്തുകൊണ്ട് എന്ന ചോദ്യമുണ്ട്. കഴിവുണ്ടായിട്ടും നമ്മിലെത്രപേരാണ് ഭയത്തിന്റെ വാല്‍മീകത്തില്‍ അഭയംപ്രാപിച്ച് മഹിതലക്ഷ്യങ്ങളില്‍നിന്ന് ഒളിച്ചോടുന്നത്? അതിനാല്‍ തന്നെ ഭയമെന്ന ദുര്‍ബലശത്രുവിനെ മാനസികമായും ആത്മീയമായും വൈകാരികമായും പരാജയപ്പെടുത്തേണ്ടതുണ്ട്.
ഭയം നമ്മെ എല്ലാത്തരത്തിലും പിന്നോട്ടടിപ്പിക്കുന്നു. അത് വ്യക്തിയുടെ പ്രവര്‍ത്തനക്ഷമതയെ തളര്‍ത്തുന്നു. എന്നും ഏകതാനാവസ്ഥയെമാത്രം അത് പ്രോത്സാഹിപ്പിക്കുന്നു. ജീവിതത്തിന്റെ ഉത്തമവും ഉയര്‍ന്നതുമായ സാമൂഹിക-ബുദ്ധിനിലവാരത്തെ തേടുന്നതില്‍നിന്ന് അത് തടയുന്നു.
ഭയമെന്ന വികാരം പലപ്പോഴും സാങ്കല്‍പികമാണ്. അതായത്, അത് പലപ്പോഴും ആത്മനിഷ്ഠവും വാസ്തവലോകത്ത് നിലവിലില്ലാത്തതുമായിരിക്കും. മിക്കപ്പോഴും അത് എന്തിനെപ്പറ്റിയാണോ ആശങ്കിച്ചിരുന്നത് അത് നമുക്ക് യാതൊരു ദ്രോഹവും ഉണ്ടാക്കിയിട്ടില്ലെന്നത് ബോധ്യമാവും.
നമ്മുടെ ശക്തിയെയും പരിശ്രമത്തെയും തടഞ്ഞുനിര്‍ത്താന്‍ ഇബ്‌ലീസ് ഉപയോഗിക്കുന്ന ആയുധമാണ് ഭയം. തന്റെ സ്വാധീനവലയത്തില്‍ മനുഷ്യരെ തളച്ചുനിര്‍ത്താന്‍ അവനതുപയോഗിക്കുന്നു. അതുകൊണ്ടാണ് ഇന്ദ്രിയ-ഇന്ദ്രിയാതീതവസ്തുക്കളെ മനുഷ്യന്‍ അകാരണമായി ഭയപ്പെടുന്നത്. എന്നാല്‍ ഒരാള്‍ അല്ലാഹുവിനെ മാത്രം ഭയപ്പെടുന്നതോടെ എല്ലാ ഭയത്തില്‍നിന്ന് വിമുക്തനാകുന്നു.
ജീവിതവിജയം കണ്ടെത്താന്‍കഴിയുന്നവര്‍ക്ക് ഭയത്തെ അതിജീവിക്കാന്‍ കഴിയുന്നു. ഞാന്‍ നേരത്തേ സൂചിപ്പിച്ച പ്രവാചകന്‍മാര്‍ തന്നെ അതിനേറ്റവും വലിയ ഉദാഹരണം. ഞാന്‍ ഇടപഴകിയിട്ടുള്ള, ഉന്നതങ്ങളില്‍ വിരാജിക്കുന്ന വ്യക്തിത്വങ്ങള്‍ അവരുടെ തീരുമാനങ്ങളില്‍ ഭയത്തിന് യാതൊരിടവും നല്‍കിയിട്ടില്ല.
ഏകദൈവവിശ്വാസവും സത്കര്‍മങ്ങളും ആചരിക്കുന്ന വ്യക്തികളെ സംബന്ധിച്ചിടത്തോളം അവരുടെ ഹൃദയങ്ങളില്‍നിന്ന് അല്ലാഹു ഭയം നീക്കംചെയ്യുന്നു. അല്ലാഹുവിന്റെ വചനങ്ങള്‍ സത്യമെന്ന് നാം അറിയുകയും അതില്‍ വിശ്വസിക്കുകയുംചെയ്യുമ്പോള്‍ നമ്മുടെ ഹൃദയത്തില്‍നിന്ന് അവന്‍ ഭയത്തെ നീക്കംചെയ്തതായി അനുഭവവേദ്യമാകുന്നു. ഖുര്‍ആനില്‍ ‘ഖൗഫ്’ എന്ന വാക്ക് ഏതാണ്ട് 26 തവണയാണ് ഉപയോഗിച്ചിട്ടുള്ളത്. വിശ്വാസികള്‍ക്ക് നിര്‍ഭയത്വം സമ്മാനിക്കുമെന്ന് പറഞ്ഞിരിക്കുന്നത് 20 ഇടങ്ങളിലാണ്. ‘സത്യവിശ്വാസികളോ യഹൂദരോ സാബികളോ ക്രിസ്ത്യാനികളോ ആരാവട്ടെ; അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ ഒന്നും പേടിക്കേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടിവരികയുമില്ല'(അല്‍മാഇദ 69).
പലപ്പോഴും ഭയം ആളുകളെ നല്ലത്പ്രവര്‍ത്തിക്കുന്നതില്‍നിന്നും അകറ്റിനിര്‍ത്തുന്നു. മൂസാനബിയുടെ കാലത്തെ ജനതയുടെ സംഭവം അതിന് ഉദാഹരണമായി അല്ലാഹു നിരത്തുന്നത് കാണുക:’മൂസായില്‍ അദ്ദേഹത്തിന്റെ ജനതയിലെ ഏതാനും ചെറുപ്പക്കാരല്ലാതെ ആരും വിശ്വസിച്ചില്ല. ഫറവോനും അവരുടെ പ്രമാണിമാരും തങ്ങളെ പീഡിപ്പിച്ചേക്കുമോയെന്ന പേടിയിലായിരുന്നു അവര്‍'(യൂനുസ്-83). യുവാക്കളായ ആളുകള്‍ക്ക് ഭയം ലവലേശമുണ്ടാകില്ലെന്ന പരാമര്‍ശം ഇവിടെ അനാവൃതമാകുന്നു.
Add Comment