India

ബാബരിമസ്ജിദ്: ആര്‍ക്കിയോളജി റിപോര്‍ട്ട് സംശയിച്ചതില്‍ മാപ്പുചോദിച്ച് വാദിഭാഗം

ന്യൂദല്‍ഹി: ബാബരി മസ്ജിദ് ഭൂമി തര്‍ക്കത്തിലെ വാദങ്ങള്‍ സുപ്രീംകോടതിയില്‍ നടന്നുകൊണ്ടിരിക്കെ 2003 ലെ ആര്‍ക്കിയോളജിവകുപ്പിന്റെ റിപോര്‍ട്ടിന്റെ ആധികാരികതയില്‍ സംശയംപ്രകടിപ്പിച്ച മുസ്‌ലിംകക്ഷികള്‍ കോടതിയുടെ സമയം പാഴാക്കിയതില്‍ മാപ്പുചോദിച്ചു. ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗസമിതിക്കുമുമ്പാകെയായിരുന്നു സീനിയര്‍ അഭിഭാഷകനായ രാജീവ് ധവാന്‍ തന്റെ കക്ഷികള്‍ക്കുവേണ്ടി മാപ്പുചോദിച്ചത്.
കോടതിയിലെ വാദമുഖങ്ങള്‍ക്കിടെ ആര്‍ക്കിയോളജിവകുപ്പിന്റെ കേസുമായി ബന്ധപ്പെട്ട ഉത്ഖനനറിപ്പോര്‍ട്ടിലെ എല്ലാ പേജുകളിലും വകുപ്പ് തലവന്റെ ഒപ്പും സീലുമുണ്ടോ എന്ന സംശയം മുസ്‌ലിംകക്ഷികള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ കോടതി തെളിവായി സ്വീകരിച്ച റിപോര്‍ട്ടിനെ സംശയിക്കുന്നത് സ്വീകാര്യമല്ലെന്നും ഒക്ടോബര്‍ 18 നകം വിധിന്യായം പുറപ്പെടുവിക്കാനുള്ളതുകൊണ്ട് റിപോര്‍ട്ടിന്‍മേലുള്ള നിലപാട് അറിയിക്കണമെന്നും ജഡ്ജിമാര്‍ വ്യക്തമാക്കിയതിനെത്തുടര്‍ന്നാണ് ബന്ധപ്പെട്ട കക്ഷികള്‍ മാപ്പപേക്ഷയുമായി മുന്നോട്ടുവന്നത്.

Topics