മോസ്‌കോ: രാജ്യത്തെ സ്ത്രീജനസംഖ്യാപെരുപ്പം മൂലം ഉണ്ടാകുന്ന സാമൂഹികപ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടെന്ന് മോസ്‌കോയിലെ മുഫ്തിയായ ഇല്‍ദാര്‍ അല്‍യത്തുദ്ദീനോവ്. ‘സ്ത്രീകളുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തണമെങ്കില്‍ ബഹുഭാര്യാത്വത്തിന് സര്‍ക്കാര്‍ അനുവാദം നല്‍കിയേ മതിയാകൂ. വ്യഭിചാരം നിയന്ത്രിക്കാനും അതുവഴി കഴിയും. നിലവില്‍ വിവാഹമോചിതരോ വിധവകളോ ആകുന്ന സ്ത്രീകള്‍ കടുത്ത ഒറ്റപ്പെടലും മാനസികപിരിമുറുക്കവും അനുഭവിക്കുന്നത് നമുക്ക് അവഗണിക്കാനാവില്ല’ ഇല്‍ദാര്‍ വ്യക്തമാക്കി.
എന്നാല്‍ പ്രസ്തുത വാദത്തെ എതിര്‍ത്ത് പ്രസിഡന്റിന്റെ മനുഷ്യാവകാശകൗണ്‍സില്‍ സെക്രട്ടറി ഐറിന കിര്‍കോവ് രംഗത്തുവന്നു. അത്തരത്തില്‍ ബഹുഭാര്യാത്വത്തെ നിയമവിധേയമാക്കുന്നത് കുഴപ്പങ്ങളുടെ തുടക്കമായിരിക്കുമെന്നും ,അത് സ്ത്രീകളുടെ അവകാശങ്ങളെ ചവിട്ടിമെതിക്കുമെന്നും അവര്‍ പ്രസ്താവിച്ചു.
രാജ്യത്തെ 68.1 ദശലക്ഷംവരുന്ന പുരുഷജനസംഖ്യയെ മറികടന്ന് സ്ത്രീജനസംഖ്യ 78.8 ദശലക്ഷം എത്തിയെന്ന 2018-ലെ സ്ഥിതിവിവരക്കണക്കുകള്‍ പുറത്തുവന്നതിനെത്തുടര്‍ന്നാണ് സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ ബഹുഭാര്യാത്വത്തിന് നിയമസാധുത നല്‍കണമെന്ന് മുഫ്തി ഇല്‍ദാര്‍ ആവശ്യപ്പെട്ടത്. നിലവില്‍ റഷ്യയില്‍ ബഹുഭാര്യാത്വം നിയമവിരുദ്ധമാണ്. എന്നല്ല, ഒന്നിലേറെ ജീവിതപങ്കാളികളെ പുരുഷന്‍മാര്‍ സ്വീകരിക്കുന്നത് അഭിശപ്തമായ കാര്യമായാണ് ജനങ്ങള്‍ കാണുന്നത്. അതേസമയം രാജ്യത്തെ മുസ്‌ലിംഭൂരിപക്ഷപ്രദേശമായ വടക്കന്‍ കാക്കസസിലെ താത്താര്‍സ്താന്‍, ദൈഗിസ്താന്‍, ചെച്‌നിയഎന്നിവിടങ്ങളില്‍ ഇത് സര്‍വസാധാരണമായ കാര്യമാണ്.
Add Comment