കടുത്ത ഭക്തിപുലര്‍ത്തിയിരുന്ന ക്രിസ്ത്യന്‍ കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. ജീവിതത്തിന്റെ സമസ്തമേഖലയിലും മതനിര്‍ദ്ദേശങ്ങള്‍ പിന്‍പറ്റാന്‍ ഔത്സുക്യം കാണിച്ചിരുന്ന മാതാപിതാക്കളായിരുന്നു എന്റേത്. അതിനാല്‍ ചെറുപ്പംതൊട്ടേ മതകാര്യങ്ങളില്‍ അതീവതാല്പര്യമായിരുന്നു എനിക്ക്. മതപരമായ കാരണങ്ങളാല്‍ വീട്ടില്‍ ടെലിവിഷന്‍ ഉണ്ടായിരുന്നില്ല. അക്കാരണത്താല്‍ മതസംബന്ധിയായ പുസ്തകങ്ങളുള്‍പ്പെടെ ഒട്ടേറെ പുസ്തകങ്ങള്‍ ഞാന്‍ വായിച്ചുതീര്‍ത്തു. ഇത്തരം പശ്ചാത്തലം പരിഗണിച്ചാണ് അധികാരികള്‍ ചര്‍ചില്‍ മറ്റുകുട്ടികളെ ബൈബിളും മറ്റു ഭൗതികവിഷയങ്ങളും പഠിപ്പിക്കാന്‍ എനിക്ക് അവസരം തന്നത്.
പന്ത്രണ്ടുവയസായപ്പോള്‍ എനിക്ക് ക്രൈസ്തവതയില്‍ സംശയങ്ങളുടലെടുത്തു. പതിനാലുവയസായപ്പോഴേക്കും അത് സത്യമല്ലെന്ന് ബോധ്യപ്പെട്ടു. പക്ഷേ, അതിനുപകരം വെക്കാന്‍ എന്റെ പക്കല്‍ ഒന്നുമുണ്ടായിരുന്നില്ല.
അന്നുമുതല്‍ ഒരു മതദര്‍ശനത്തില്‍ അവശ്യം വരേണ്ട ജീവിതഗന്ധിയായ മൂല്യങ്ങളെ ഉപജീവിച്ച് ഞാന്‍ ചിന്തിക്കാന്‍ തുടങ്ങി. അതോടൊപ്പം അത് മനുഷ്യന് സുപരിചിതമായിരിക്കണം. അതിന്റെ വേദഭാഷ്യം യുക്തിവിരുദ്ധമോ പരസ്പരവിരുദ്ധമോ ആകരുത്. അതിന്റെ തത്ത്വശാസ്ത്രം സാധാരണമനുഷ്യന്റെ യുക്തിചിന്തകള്‍ക്ക് അപ്രാപ്യമാകരുത് എന്നുതുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ പരിഗണിച്ചുകൊണ്ടാണ് ഞാന്‍ അന്വേഷണം തുടര്‍ന്നത്.
ചിരപുരാതനമെന്ന് അനുമാനിച്ചുകൊണ്ട് ഞാന്‍ പരിശോധിച്ച മതങ്ങളിലെല്ലാം ബഹുദൈവത്വമായിരുന്നു നടമാടിയിരുന്നത്. ഞാനുദ്ദേശിച്ച മൂല്യങ്ങളൊന്നും അത് പുലര്‍ത്തുന്നുണ്ടായിരുന്നില്ല.അപ്പോഴും ഇസ്ലാം എന്റെ ദൃഷ്ടിയില്പെട്ടതേയില്ല. കാരണം, അത് ക്രിസ്ത്യാനിറ്റിക്കുശേഷം ഉദയംകൊണ്ട പുതിയ മതമാണെന്നായിരുന്നു എന്റെ ധാരണ.
സത്യമന്വേഷിച്ചുള്ള എന്റെ ജൈത്രയാത്ര തുടര്‍ന്നു. ആത്മീയമായ ശൂന്യത നികത്താനായി തല്കാലം ബുദ്ധമതത്തില്‍ ചേക്കേറി. താല്‍ക്കാലികാശ്വാസം മാത്രമായിരുന്നു അത്.
ആഴത്തിലുള്ള പഠനവുമായി മുന്നോട്ട്
സ്റ്റുഡന്റ് എക്സ്ചേഞ്ചിന്റെ ഭാഗമായി എന്റെ ഹൈസ്കൂള്‍ പഠനം ജപ്പാനിലായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം വൈജ്ഞാനികമുതല്ക്കൂട്ടായിരുന്നു ആ കാലം. ഫെമിനിസം, കുടുംബസങ്കല്പം തുടങ്ങിയവയില്‍ കാതലായ കാഴ്ചപ്പാടുകള്‍ കിട്ടിയത് അക്കാലത്തായിരുന്നു. ജപ്പാനില്‍വെച്ചാണ് സ്ത്രീക്കും പുരുഷനും വ്യത്യസ്തദൗത്യമാണെങ്കിലും കുടുംബജീവിതത്തില്‍ തുല്യപങ്കാളിത്തം വഹിക്കാനാകുമെന്ന് തിരിച്ചറിഞ്ഞത്. കുടുംബജീവിതത്തിന്റെ കെട്ടുറപ്പുള്ള ഒട്ടേറെ മാതൃകകള്‍ ഞാനവിടെ നേരില്‍കണ്ടു. പടിഞ്ഞാറിന് അപരിചിതമായിരുന്നു അത്തരം കുടുംബവ്യവസ്ഥ. ആ ഘട്ടത്തിലും ബുദ്ധമതത്തിന്റെ മൂടുപടം എന്റെ കണ്ണുകളെ മറച്ചത് ഞാന്‍ തിരിച്ചറിഞ്ഞു. കൂടുതല്‍ സത്യസന്ധമായത് തേടി വീണ്ടും അന്വേഷണംതുടര്‍ന്നു.
അമേരിക്കയില്‍ തിരിച്ചുവന്ന നാളില്‍ ഒരു ദിവസം ഞാനോടിച്ചുവന്ന കാര്‍ ഗുരുതരമായ തകരാറില്‍പെട്ട് വഴിയിലായി. അപ്പോഴാണ് അധികം പൈസചിലവില്ലാതെ വീട്ടില്‍ വര്‍ക് ഷോപുള്ള ഒരാള്‍ കാര്‍ നന്നാക്കിത്തരുമെന്ന് ഞാനറിഞ്ഞത്. അയാളുടെ വീടിന്റെ ഒരു ഭാഗം ഗ്യാരേജ് ആയിരുന്നു. കാറിന്റെ പണിതുടങ്ങിയപ്പോള്‍തന്നെ ആ മെക്കാനികിന്റെ ഭാര്യ വീടിനകത്തേക്ക് ക്ഷണിച്ച് ഒരു കസേരയില്‍ എന്നെപ്പിടിച്ചിരുത്തി. അവരുടെ വേഷം എന്നില്‍ കൗതുകമുണര്‍ത്തി. പര്‍ദപോലുള്ള വസ്ത്രത്തോടൊപ്പം അവര്‍ തലമൂടുന്ന സ്കാര്‍ഫ് ധരിച്ചിരുന്നു. ഞാനവരോട് വിശ്വാസകാര്യങ്ങളെക്കുറിച്ച് അന്വേഷിച്ചു. എന്നിലുണ്ടായിരുന്ന സംശയങ്ങള്‍ക്കെല്ലാം അവര്‍ സൂക്ഷ്മവും സത്യസന്ധവുമായ മറുപടിനല്‍കിയത് എന്നെ അത്ഭുതപ്പെടുത്തി.
കാര്‍ മെയിന്റന്‍സ് പൂര്‍ത്തിയായപ്പോഴേക്കും മെക്കാനികിന്റെ ഭാര്യ തന്റെ വീട്ടില്‍ സ്ഥിരമായി നടക്കാറുള്ള സ്റ്റഡിക്ലാസില്‍ പങ്കെടുക്കാമെന്ന് എന്നെ അറിയിച്ചു. ഏതാണ്ട് ആറുമാസത്തോളം പ്രസ്തുതക്ലാസില് ഞാന്‍ പങ്കെടുത്തു. അവസാനം എന്റെ മനസ്സിനെ തൃപ്തിപ്പെടുത്തിയ, എന്റെ ചോദ്യങ്ങള്‍ക്കുത്തരം നല്കിയ ആ മതത്തെ സ്വീകരിക്കാന്‍ ഞാന്‍ തയ്യാറെടുത്തു.
വിജ്ഞാനസാഗരത്തിലേക്ക്
ഗുരുനാഥന്റെ സഹായമില്ലാതെ വിജ്ഞാനമാര്‍ജിക്കാനുള്ള ശ്രമം വളരെ അപകടംപിടിച്ച ഒന്നാണ്. തിരിഞ്ഞുനോക്കുമ്പോള്‍ എനിക്ക് ബോധ്യപ്പെട്ട കാര്യം ഇതായിരുന്നു: സംശയമേതുമില്ലാത്ത ബോധ്യം വിശ്വാസത്തിന്റെ ആത്മാവിനെ ബലപ്പെടുത്തും. പക്ഷേ അത് സാധ്യമാണെന്ന് എനിക്കപ്പോള്‍ തോന്നിയില്ല. എന്നെ സംബന്ധിച്ചിടത്തോളം സംശയം വേര്‍പിരിയാത്ത കൂടെപ്പിറപ്പായിരുന്നു. പരീക്ഷണത്തിലൂടെ തെളിയിക്കാവുന്ന ശാസ്ത്രലോകത്തെ ചില അനുമാനങ്ങളില്പോലും സംശയത്തിന് വകയുണ്ടായിരിക്കെ ഇസ്ലാം കല്പിക്കുന്ന അതിഭൗതികയാഥാര്ഥ്യങ്ങളിലെ വിശ്വാസത്തെപ്പറ്റി പറയേണ്ടതില്ലല്ലോ?
അങ്ങനെ ഘട്ടംഘട്ടമായി ഞാന്‍ പഠനം ആരംഭിച്ചു. പള്ളിയില്‍ അറബ് വംശജരായ സഹോദരിമാര്‍ അറബിയിലും പാക്വംശജര്‍ ഉറുദുവിലും ക്ലാസ് സംഘടിപ്പിച്ചു. ഇംഗ്ലീഷില്‍ ക്ലാസ് നടത്തുവാന്‍ ആരും മുന്‍കൈയ്യെടുത്തില്ല. അതിനാല്‍ ഞാന്‍ എന്റെതായ വഴിതേടി നടന്നു.
അല്പനാളുകള്ക്കുശേഷം കര്‍മശാസ്ത്രവും , ഖുര്ആന്പഠനവും അഖീദയും പഠിച്ചുകൊണ്ടിരിക്കുന്ന വേളയില്‍ ഇതുമൂന്നും പരസ്പരവിരുദ്ധമാകുന്ന ചിലവിഷയങ്ങള് എന്റെ മുന്നിലുദിച്ചു. എന്റെ പരിമിതവിജ്ഞാനത്തിന്റെ പ്രശ്നമായിരുന്നു അത്. പക്ഷേ അതിന് പരിഹാരം തേടി ഞാന്‍ ചെന്ന പള്ളിയിലെ ഇമാമുമാര്‍ക്ക് അതിന് കൃത്യമായ വിശദീകരണം നല്കാന് കഴിഞ്ഞില്ല. അതെന്നെ നിരാശപ്പെടുത്തി.
ഇസ്ലാം ഉപേക്ഷിക്കുന്നതിനുപകരം ഈ പ്രശ്നത്തെ മൂലകാരണം മനസ്സിലാക്കി പരിഹരിക്കാന്‍ ഞാന്‍ ദൃഢനിശ്ചയംചെയ്തു.
അങ്ങനെ ഒരു കൊല്ലംകഴിഞ്ഞു. രാവിലെ ഉറക്കമെഴുന്നേറ്റപ്പോള്‍ ശരീരമാകെ നീരുവന്ന് വീര്‍ത്ത് വേദനിക്കുകയായിരുന്നു. എന്റെ സ്മൃതിമണ്ഡലങ്ങളെ ഗുരുതരമായി ബാധിച്ച രോഗം അനുദിനം വഷളായിരിക്കൊണ്ടിരുന്നു.ഒരു മാസത്തെ പരിശോധനയ്ക്കുശേഷം ലിംഫോമ എന്ന രോഗത്തിന്റെ അവസാനദശയിലാണ് ഞാനെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.ഇനി അധികനാള്‍ ജീവിച്ചിരിക്കില്ലെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
പക്ഷേ, അധികംവൈകിയില്ല. വീണ്ടും പരിശോധനകള്‍ തുടര്‍ന്നു. ഇത്തവണ ഡോക്ടര്‍മാര്‍ അഭിപ്രായം തിരുത്തി: എനിക്ക് ശരീരാവയവങ്ങളെയെല്ലാം ബാധിക്കുന്ന സാര്‍കോയ്ഡോസിസ് എന്ന രോഗമാണെന്ന്. പക്ഷേ, അല്പനാളുകള്ക്കുള്ളില് രോഗശമനത്തിന്റെ ലക്ഷണങ്ങള്‍ പ്രകടമായി. മരണത്തിലേക്കുള്ള തയ്യാറെടുപ്പുകള്‍ നടത്തിക്കൊണ്ടിരുന്ന ഞാന്‍ ജീവിതത്തിലേക്ക് തിരിഞ്ഞുനടന്നു.
ആരോഗ്യം വീണ്ടെടുത്തപ്പോള്‍ എന്റെ പഴയ സംശയങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ പുനരാരംഭിച്ചു. അറബിഭാഷ പഠിക്കുകയാണ് ഇതിനുള്ള ഏകപരിഹാരമെന്ന് ഞാന്‍ മനസ്സിലാക്കി. അപ്പോള്‍ പിന്നെ അറബി പ്രമാണങ്ങളുടെ പരിഭാഷയെ ആശ്രയിക്കേണ്ടതില്ലല്ലോ. ഗള്‍ഫുനാടുകളില്‍ പഠനംനടത്തിയിട്ടുള്ള എന്റെ പഴയ സുഹൃത്തുക്കളോട് കൂടിയാലോചിച്ചു. അവസാനം അറബി പഠിക്കാന്‍ ഈജിപ്താണ് ഏറ്റവും നല്ല ലക്ഷ്യസ്ഥാനമെന്ന് ഉറപ്പിക്കുകയായിരുന്നു.
ഈജിപ്തില്‍ താമസമുറപ്പിച്ച അമേരിക്കക്കാരിയായ ഹീതര്‍ ഷോ ഇപ്പോള്‍ ഇസ് ലാമിക്& അറബിക് സ്റ്റഡീസില്‍ അധ്യാപികയാണ്. അറബി ഭാഷയിലും ഇസ് ലാമിക് സ്റ്റഡീസിലും അല്‍ അസ്ഹര്‍ യൂണിവേഴ്സിറ്റിയില്‍നിന്ന് ബിരുദം കരസ്ഥമാക്കിയശേഷം കോഡികോളജിയില് എം. എ. ചെയ്യുകയാണിപ്പോള്‍. ഒട്ടേറെ പുസ്തകങ്ങള്‍ അറബിയില്‍നിന്ന് ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. എല്ലാറ്റിനുമുപരി പ്രൊഫഷണല്‍ പരിഭാഷകയുമാണവര്.
Add Comment