ലൂയിസിയാനയിലെ ബേറ്റണ്‍ റൂഷില്‍ താമസിക്കുകയായിരുന്നു ഞാന്‍. അന്ന് 21 വയസ് പ്രായം. ഫ്രഞ്ചുസംസാരിക്കുന്ന ആഫ്രിക്കന്‍ കുടിയേറ്റവംശജരുടെ പിന്‍ഗാമിയെന്ന നിലയില്‍ ക്രിയോള്‍കത്തോലിക്കാവിശ്വാസിയായിരുന്നു ഞാന്‍. പിന്നീട് സന്ദേഹവാദിയായി മാറി. മുസ്‌ലിമായി ജീവിക്കുക അക്കാലത്ത് ഏറെ ദുഷ്‌കരമായിരുന്നു. പക്ഷേ, വ്യത്യസ്തമതങ്ങളെക്കുറിച്ച് നാലുവര്‍ഷക്കാലത്തെ പഠനത്തിനും മനനത്തിനും ചോദ്യംചെയ്യലിനും ശേഷം ഞാന്‍ ആ ദര്‍ശനത്തിന്റെ ആഴങ്ങളിലേക്ക് പിന്നീട് ഊളിയിട്ടിറങ്ങി.
എന്റെ ഇസ്‌ലാമിലേക്കുള്ള യാത്രതുടങ്ങുന്നത് പതിനഞ്ചാമത്തെ വയസ്സിലാണ്. കുര്‍ബാനയിലും സണ്‍ഡെ ക്ലാസുകളിലും പങ്കെടുക്കുമ്പോള്‍ െ്രെകസ്തവവിശ്വാസത്തിലെ പല സംഗതികളെക്കുറിച്ചും ചോദിക്കുമായിരുന്നു. അതിന് അച്ചന്റെയും ഗുരുവര്യന്‍മാരുടെയും മറുപടിയിതായിരുന്നു:’അത്തരം വലിയ കാര്യങ്ങള്‍മനസ്സിലാക്കാനുള്ള പക്വത നീ ആര്‍ജിച്ചിട്ടില്ല’. പക്ഷേ അതെന്നെ സംതൃപ്തയാക്കിയില്ല. അതിനാല്‍ ഏത് ചോരത്തിരപ്പുള്ള അമേരിക്കക്കാരനുംചെയ്യുന്നതേ ഞാനും ചെയ്തുള്ളൂ. അതിനെ എതിര്‍ക്കുക. വര്‍ഷങ്ങളോളം മതത്തെയും മനുഷ്യനെയും പ്രപഞ്ചത്തെയും ചോദ്യംചെയ്തുകൊണ്ടിരുന്നു.
സത്യമെന്ന് ചൊല്ലിപ്പഠിപ്പിക്കപ്പെട്ടിരുന്ന എല്ലാറ്റിനെയും വാഗ്വാദത്തിലേര്‍പ്പെട്ടും ചരിത്രംപരിശോധിച്ചും നിശിതമായി വിമര്‍ശിച്ചും ചോദ്യംചെയ്തുകൊണ്ടിരിക്കെ അപരിചിതമായ ഒരു കാര്യം എന്റെ ദൃഷ്ടിയില്‍ പെട്ടു. ഇസ്‌ലാമായിരുന്നു അത്. അത് വെറുമൊരു സംസ്‌കാരമോ കള്‍ട്ടോ, പ്രാദേശികമതമോ ആയി എനിക്ക് തോന്നിയില്ല.
അതിനെക്കുറിച്ച് പഠിക്കുംതോറും ആ മാര്‍ഗനിര്‍ദേശങ്ങള്‍ എന്നെ ആശ്ചര്യപ്പെടുത്തി. മോസസിനെയും ജീസസിനെയും എന്നുതുടങ്ങി പൂര്‍വപ്രവാചകരെ ആദരിക്കുകയും അവരുടെ അധ്യാപനങ്ങളെ അംഗീകരിക്കുകയുംചെയ്യുന്നുവെന്നത് എന്നെ സംതൃപ്തയാക്കി. കൂടുതല്‍ പഠിക്കാനും വൈജ്ഞാനികമികവ് പുലര്‍ത്താനും ഇസ്‌ലാം ആഹ്വാനംചെയ്തത് എന്നില്‍ അതിനോടുള്ള മതിപ്പ് വര്‍ധിപ്പിച്ചു. മുഹമ്മദ്‌നബി(സ)യുടെ വചനങ്ങള്‍ എന്നെ പ്രചോദിപ്പിച്ചു:’ആണാകട്ടെ,പെണ്ണാകട്ടെ വിശ്വാസിയായ ഏതൊരുവന്റെയും നിര്‍ബന്ധബാധ്യതയാണ് വിജ്ഞാനമാര്‍ജിക്കല്‍.’
മുസ്‌ലിംതത്ത്വചിന്തകരായ പണ്ഡിതരുടെ ശാസ്ത്രീയവിജ്ഞാനവും യുക്തിജ്ഞതയും എന്നെ പിടിച്ചിരുത്തി. ആള്‍ജിബ്ര കണ്ടുപിടിച്ച അല്‍ഖവാരിസ്മിയും ലിയാനാര്‍ഡോ ഡാവിഞ്ചിക്ക് മുമ്പ് വ്യോമസഞ്ചാരത്തിനുള്ള വിദ്യയ്ക്ക് രൂപംനല്‍കിയ ഇബ്‌നു ഫിര്‍നാസും ശസ്ത്രക്രിയയുടെ ഉപജ്ഞാതാവായി അറിയപ്പെട്ട അബുല്‍ ഖാസിം അല്‍ സഹ്‌റാവിയും ഉള്‍പ്പെട്ട ഒരു നീണ്ടനിരതന്നെയുണ്ട് ഇസ്‌ലാമിന്. ഇതാ ഇവിടെ ഒരു മതം എന്റെ ബുദ്ധിയും ചിന്തയും ഉപയോഗപ്പെടുത്തി ചുറ്റുമുള്ള ലോകത്തെ ചോദ്യംചെയ്ത് ഉത്തരംകണ്ടെത്താന്‍ ആവശ്യപ്പെടുന്നു.
2001 ലായിരുന്നു അത്. ഇസ്‌ലാംസ്വീകരിക്കേണ്ടെന്ന് ഞാന്‍ വിചാരിച്ചു. ആളുകള്‍ എന്തുകരുതുമെന്നതായിരുന്നു എന്റെ ഭയം. പക്ഷേ ഞാന്‍ കടുത്ത വിഷാദത്തിലായി. സെപ്റ്റംബര്‍ 11 ലെ സംഭവങ്ങളും വിമാനംതട്ടിക്കൊണ്ടുപോയതും എന്നെ ഭയപ്പെടുത്തി. അത്ഭുതകരമെന്നുപറയട്ടെ, ഒട്ടുംവൈകാതെ മുസ്‌ലിംകളെ പ്രതിരോധിക്കാനാണ് ഞാന്‍ അധികസമയവും ചെലവഴിച്ചത്. ചിലയാളുകളുടെ ചെയ്തിക്ക് 1.6 ബില്യണ്‍വരുന്ന സമുദായത്തെ കുറ്റപ്പെടുത്താനുള്ള ആളുകളുടെ ശ്രമത്തെ ഞാന്‍ ചെറുക്കാന്‍ ശ്രമിച്ചു.
പലരും എന്നെക്കുറിച്ച് പലതുംപറഞ്ഞു. ആ അഭിപ്രായങ്ങളുടെ തടവറയില്‍കിടക്കാന്‍ ഞാന്‍ കൂട്ടാക്കിയില്ല. ഇസ്‌ലാമിനെ പ്രതിരോധിച്ചുകൊണ്ട് ഞാന്‍ ഭയത്തില്‍നിന്ന് മുക്തിനേടി. എന്റെ സഹോദരീസഹോദരന്‍മാരോടൊപ്പംചേരാന്‍ തീരുമാനിച്ചു.
എന്റെ വീട്ടുകാര്‍ക്ക് ഒന്നുംമനസ്സിലായില്ല. പക്ഷേ എന്റെ തീരുമാനത്തില്‍ അവര്‍ അമ്പരന്നുനിന്നില്ല. കാരണം, ഞാന്‍ മതങ്ങളെക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് അവര്‍ക്ക് അറിയാമായിരുന്നു. യഥാര്‍ഥത്തില്‍ എല്ലാവര്‍ക്കും എന്റെ സുരക്ഷയെച്ചൊല്ലിയായിരുന്നു വേവലാതി. അതേസമയം എന്റെ അഭ്യുദയകാംക്ഷികളും സുഹൃത്തുക്കളും സ്‌നേഹത്തോടെ പെരുമാറി. എന്നല്ല, ഇസ്‌ലാമിനെക്കുറിച്ച് മനസ്സിലാക്കാന്‍ അവരെന്റെ സഹായംതേടുകയായിരുന്നു.
ഇസ്‌ലാമിനെക്കുറിച്ച് പഠിച്ചപ്പോഴേക്കും എന്റെ എല്ലാ തെറ്റുധാരണകളും നീങ്ങിയെന്ന് മനസ്സിലാക്കരുത്. കിഴക്കുള്ള ആണുങ്ങള്‍ തങ്ങളുടെ പെണ്ണുങ്ങളെ സ്വകാര്യസ്വത്തെന്നോണം കണ്ട് അവരെ മൂടിപ്പുതപ്പിച്ച് കൊണ്ടുനടക്കുകയാണെന്ന പ്രചാരണംകേട്ടാണ് ഞാന്‍ വളര്‍ന്നത്. ഒരിക്കല്‍ ഞാന്‍ ഒരു മുസ്‌ലിംസ്ത്രീയോട് ചോദിച്ചു:’നിങ്ങളെന്തിനാണ് ഈ സ്‌കാര്‍ഫ് ധരിച്ചിരിക്കുന്നത്?’ അവരുടെ മറുപടി തികച്ചും ശാന്തമായിരുന്നു. ‘ദൈവത്തെ പ്രീതിപ്പെടുത്താന്‍. മാന്യയായ വനിതയാണെന്നും ആദരിക്കപ്പെടേണ്ടവളാണെന്നും അക്രമിക്കപ്പെടേണ്ടവളല്ലെന്നും അന്യരെ ഓര്‍മപ്പെടുത്താന്‍. അതിലൂടെ എനിക്ക് പുരുഷന്‍മാരുടെ തുറിച്ചുനോട്ടത്തില്‍നിന്ന് രക്ഷപ്പെടാം’. ഒരു സ്ത്രീയുടെ ശരീരം ഉപഭോഗവസ്തുവല്ലെന്ന് അവര്‍ വ്യക്തമാക്കിത്തരികയായിരുന്നു അതിലൂടെ. പക്ഷേ, അപ്പോഴും ഞാന്‍ സംതൃപ്തയായില്ല. ‘എന്നാലും നിങ്ങളുടെ മതത്തില്‍ സ്ത്രീകള്‍ രണ്ടാംകിടയല്ലേ?’. അതുകൊണ്ടൊന്നും അവര്‍ പ്രകോപിതയായില്ല. അവര്‍ എനിക്കെല്ലാം വിശദീകരിച്ചുതന്നു. തങ്ങളുടെ സ്ത്രീകളെ വെറുമൊരു കൈമാറ്റവസ്തുവെന്നോണം പാശ്ചാത്യര്‍ ധരിച്ചുവശായിരുന്ന കാലത്ത് ദൈവത്തിന്റെ കണ്ണില്‍ ആണുംപെണ്ണും തുല്യരാണെന്ന് ഇസ്‌ലാം പഠിപ്പിച്ചു. വിവാഹത്തിന് സ്ത്രീയുടെ അനുവാദം വേണമെന്ന് ഇസ്‌ലാംനിഷ്‌കര്‍ഷിച്ചു. അനന്തരസ്വത്തിന് അവകാശിയാണെന്ന് വ്യക്തമാക്കി. ഭരണത്തില്‍ പങ്കാളിയാകാനും ബിസിനസ് നടത്താനും സ്വത്ത് സമ്പാദിക്കാനും അവകാശമുണ്ടെന്ന് ബോധ്യപ്പെടുത്തി. പടിഞ്ഞാറ് സ്ത്രീക്ക് സ്വാതന്ത്ര്യമുണ്ടെന്ന് തിരിച്ചറിയുന്നതിന്റെ 1250 വര്‍ഷങ്ങള്‍ക്കുമുമ്പ് ഇസ്‌ലാം അവളുടെ അവകാശങ്ങളെ എണ്ണിപ്പറഞ്ഞിരുന്നു. ആശ്ചര്യകരമെന്ന് പറയട്ടെ, എന്റെ ഫെമിനിസ്റ്റ് മനസ്സിനെ സംതൃപ്തിപ്പെടുത്തിയ മതമായിരുന്നു ഇസ്‌ലാം.
വിവാഹജീവിതം
എന്റേത് അറേഞ്ച്ഡ് മാര്യേജ് ആയിരുന്നുവെന്നറിഞ്ഞാല്‍ ഒരുപക്ഷേ നിങ്ങള്‍ ഞെട്ടിയേക്കും. എന്നാല്‍ എന്റെ അപ്പന്‍ കെട്ടിയേല്‍പിച്ച വിവാഹമൊന്നുമായിരുന്നില്ല അത്. ഞാന്‍ ഇസ്‌ലാംസ്വീകരിച്ചആ നാളുകള്‍ അത്ര ശോഭനമൊന്നുമായിരുന്നില്ല. എല്ലാവരില്‍നിന്നും ഒറ്റപ്പെട്ട്, എല്ലാവരാലും അവഗണിക്കപ്പെട്ട് അപരിചിതയെപ്പോലെ കഴിയുകയായിരുന്നു. എന്റെതായ ഒരു കുടുംബം ഉണ്ടാകണമെന്ന ചിന്ത എന്നില്‍ ശക്തിയാര്‍ജ്ജിച്ചു. മനഃപരിവര്‍ത്തനത്തിനുമുമ്പും സീരിയസായ ഒരു ബന്ധത്തിന് ഞാന്‍ ആഗ്രഹിച്ചെങ്കിലും യോജിച്ച പങ്കാളിയെ കിട്ടിയില്ല. മുസ്‌ലിമായ സ്ഥിതിക്ക് സ്‌നേഹത്തിനും പങ്കുവെപ്പിനും യോജിച്ചമാര്‍ഗം ഉണ്ടെന്ന് ഞാന് മനസ്സിലാക്കി. അതിനാല്‍ അറേഞ്ച്ഡ് മാര്യേജിന് ഞാന്‍ തീരുമാനമെടുത്തു. അന്വേഷണവും കൂടിക്കാഴ്ചകളും നടന്നു. ജീവിതപങ്കാളിയോടും അവരുടെ കൂട്ടുകാരോടും കുടുംബക്കാരോടും കാര്യങ്ങള്‍ വിശദമായി ചോദിച്ചറിഞ്ഞു.
അങ്ങനെയിരുന്നപ്പോള്‍ എനിക്കുതോന്നി എന്നെപ്പോലെ പരിവര്‍ത്തിതമുസ്‌ലിമിനെ വിവാഹംകഴിക്കുന്നതായിരിക്കും നല്ലതെന്ന്. എന്റെ ഇപ്പോഴത്തെ ജീവിതപങ്കാളിയെകണ്ടെത്താന്‍ സഹായിച്ചതിന് ഞാന്‍ കൂട്ടുകാരോടും കുടുംബക്കാരോടും നന്ദിയുള്ളവളാണ്. പന്ത്രണ്ടുകൊല്ലത്തിനുശേഷവും ഞങ്ങള്‍ സന്തോഷത്തോടെ ജീവിക്കുന്നു. എല്ലാ മുസ്‌ലിംകളും ഈ രീതിയില്‍ തങ്ങളുടെ പങ്കാളിയെകണ്ടെത്തുന്നുവെന്ന് ഞാന്‍ കരുതുന്നില്ല. എന്നാല്‍ എനിക്കായി ഇത്തരം മാര്‍ഗംതുറന്നുവെച്ചതിന് ഇസ്‌ലാമിനോട് കടപ്പെട്ടിരിക്കുന്നു.
സെപ്റ്റംബര്‍ 11 നുശേഷം
എനിക്കൊരിക്കലും മുസ്‌ലിമായതിന്റെ പേരില്‍ അമേരിക്കന്‍ പൗരത്വമോ ഐഡന്റിറ്റിയോ ഉപേക്ഷിക്കേണ്ടിവന്നിട്ടില്ല. എന്നല്ല, പലപ്പോഴും വളരെ ആദരവോടെ സ്വീകരിക്കപ്പെടുകയാണുണ്ടായത്. എങ്കിലും ദുരനുഭവങ്ങളില്ലാതെയില്ല. എനിക്കുനേരെ കാര്‍ക്കിച്ചുതുപ്പുകയും ചീമുട്ടയെറിയുകയും കാറിലിരുന്ന് ശപിക്കുകയും ചെയ്തവരുണ്ട്. ഞാന്‍ സ്ഥിരം സന്ദര്‍ശിച്ചുകൊണ്ടിരുന്ന ജോര്‍ജിയയിലെ സാവന്നാ മസ്ജിദിനുനേരെ വെടിയുതിര്‍ത്ത് തീവെച്ച സംഭവം എന്നെ ഭീതിപ്പെടുത്തി.2012 ആഗസ്റ്റ് മാസം ഞാന്‍ ന്യൂ ഓര്‍ലീന്‍സിലേക്ക് തിരിച്ചുപോയി. അവിടെ എല്ലാറ്റിനും സ്വാതന്ത്ര്യമുണ്ടായിരുന്നു. അവിടെ എനിക്ക് സുരക്ഷിതത്വം അനുഭവപ്പെട്ടു. ഇപ്പോള്‍ ‘ഐസിസി’നെക്കുറിച്ച വാര്‍ത്തകള്‍ പുറത്തുവരുന്നതിനനുസരിച്ച് മറ്റുനഗരങ്ങളിലുണ്ടായ അതേ പരീക്ഷണങ്ങള്‍ എനിക്ക് നേരിടേണ്ടിവരുന്നുണ്ട്. മുമ്പുണ്ടായിരുന്നതിനെക്കാള്‍ അരക്ഷിതബോധം കൂടുതലാണിപ്പോള്‍. ഇസ്‌ലാമിനെ രാഷ്ട്രീയനേട്ടങ്ങള്‍ക്കും മറ്റുമായി ദുരുപയോഗംചെയ്യുകയും വളച്ചൊടിക്കുകയുംചെയ്യുന്ന മുസ്‌ലിംകളെയോര്‍ത്ത് പലപ്പോഴും ദേഷ്യംതോന്നുന്നുണ്ട്.
ദശലക്ഷക്കണക്കായ രാജ്യനിവാസികള്‍ എന്നെ പ്രസ്തുതമതത്തിന്റെ പ്രതിനിധിയായിക്കണ്ട് വച്ചുപുലര്‍ത്തുന്ന വെറുപ്പിന്റെ ആഘാതം കടുത്തതാണ്. പലപ്പോഴും സഹനത്തിന്റെ നെല്ലിപ്പടികള്‍ കാണാന്‍ എന്നെ അശക്തയാക്കുന്നു അത്. എന്നെ വെറുക്കുന്നവര്‍ക്ക ്അറിയില്ലല്ലോ എന്റെ വിശ്വാസമെന്താണെന്ന്. ഇസ്‌ലാമിലേക്കുള്ള എന്റെ യാത്രയില്‍ പലതും എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞു. മുസ്‌ലിംകള്‍ വണ്ണത്തിലും ആകൃതിയിലും മനോഭാവത്തിലും വംശത്തിലും സംസ്‌കാരത്തിലും ദേശീയതയിലും വളരെ വൈവിധ്യം പുലര്‍ത്തുന്നുവെന്നത് അക്കൂട്ടത്തില്‍ വളരെ പ്രധാനപ്പെട്ടതിതാണ്. വിയോജിക്കാന്‍ അവകാശം നല്‍കുന്ന ഇസ്‌ലാം മറ്റുള്ളവരെ അനാദരിക്കുന്നതും ഇകഴ്ത്തുന്നതും വിലക്കുന്നു. കാരണം അത് സമാധാനം ആഗ്രഹിക്കുന്നു.എല്ലാറ്റിനുമുപരി, എന്റെ അമേരിക്കന്‍ സഹോദരങ്ങള്‍ തങ്ങളുടെ ഇസ്‌ലാമിനെക്കുറിച്ച ഭയവും വെറുപ്പും അധികംതാമസിയാതെ കൈവെടിഞ്ഞ് സത്യം തിരിച്ചറിയുമെന്ന് എനിക്ക് ബോധ്യമുണ്ട്.
Add Comment