സത്യപ്രബോധനം അവസാനിപ്പിക്കണമെന്ന വ്യവസ്ഥയില്‍ ഖുറൈശിപ്രമാണിമാര്‍ പ്രവാചകതിരുമേനിക്ക് മുമ്പില്‍ സമ്പത്തും പദവിയും അധികാരവും വാഗ്ദാനംചെയ്തു. സത്യസരണിയില്‍നിന്ന് അകറ്റിനിര്‍ത്താനും അത് സ്വീകരിക്കുന്നതില്‍നിന്ന് പിന്തിരിപ്പിക്കാനുമായി നേതാക്കന്‍മാരും പ്രമാണിമാരും സാധാരണക്കാരെ ഇപ്രകാരം മുമ്പും പ്രലോഭിപ്പിച്ചിട്ടുണ്ട്. ജനങ്ങള്‍ക്കിടയില്‍ പ്രചാരത്തിലുള്ള വിശ്വാസത്തെയും ആചാരസമ്പ്രദായങ്ങളെയും പൂര്‍വപിതാക്കളില്‍നിന്ന് അനന്തരമെടുത്ത കീഴ്‌വഴക്കങ്ങളെയുമൊക്കെ സംരക്ഷിക്കാനും പ്രതിരോധിക്കാനുമെന്ന മട്ടില്‍ സത്യപ്രബോധകര്‍ക്കും സത്യസന്ദേശത്തിനുമെതിരെ അപവാദങ്ങളും തെറ്റുധാരണകളും പടച്ചുവിടുന്ന നിക്ഷിപ്തതാല്‍പര്യക്കാരും സമ്പന്നന്‍മാരും വേറൊരു വശത്ത് നിലയുറപ്പിച്ചിട്ടുണ്ടാകും. ഇത്തരം രീതികളെ പരാമര്‍ശിച്ചുകൊണ്ടാണ് അല്ലാഹു ഇങ്ങനെ പറഞ്ഞത്:
‘ഫിര്‍ഔന്‍ പറഞ്ഞു: എന്നെ പാട്ടിന് വിടുക. മൂസായെ ഞാന്‍ വകവരുത്തട്ടെ. അവന്‍ അവന്റെ നാഥനെ സഹായത്തിന് വിളിക്കട്ടെ. നിങ്ങളുടെ ‘മതം’ അവന്‍ മാറ്റിമറിക്കുമെന്നും നാട്ടില്‍ അവന്‍ കുഴപ്പം ഇളക്കിവിടുമെന്നും ഞാന്‍ ഭയപ്പെടുന്നു'(അല്‍മുഅ്മിന്‍ 26)
ഇതൊക്കെത്തന്നെയാണ് നബിതിരുമേനിയെക്കുറിച്ച് ഖുറൈശിപ്രമാണിമാരും പറഞ്ഞുകൊണ്ടിരുന്നത് ദൈവങ്ങളെ അവമതിക്കാനും വിശ്വാസാചാരങ്ങളെ ദുഷിപ്പിക്കാനും മുഹമ്മദ് ശ്രമിക്കുന്നു എന്നവര്‍ പ്രചരിപ്പിച്ചു. പണവും പ്രതാപവും അവകാശപ്പെടാവുന്ന തങ്ങള്‍ക്കല്ലേ പ്രവാചകത്വം കിട്ടേണ്ടിയിരുന്നത്, അല്ലാതെ,അതൊന്നുമില്ലാത്ത മുഹമ്മദിനാണോ എന്ന ചോദ്യവും അവരുന്നയിച്ചു. മുമ്പ് ഇതേ വാദം ഫിര്‍ഔന്‍ മൂസാപ്രവാചകന്നെതിരെയും ഉന്നയിച്ചിരുന്നു.
‘തന്റെ നാട്ടുകാരെ വിളിച്ച് ഫിര്‍ഔന്‍ പറഞ്ഞു: നാട്ടുകാരേ, ഈജിപ്തിന്റെ അധികാരം എന്റെ കൈകളിലല്ലേ, ഇവിടുത്തെ പുഴകള്‍ എന്റെ കാലിന്നടിയിലൂടെയല്ലേ ഒഴുകുന്നത്. നിങ്ങളെന്താ ഇതൊന്നും കാണാത്തത്. വ്യക്തമായി സംസാരിക്കാന്‍ പോലും കഴിയാത്തവനും നിന്ദ്യനുമായ ഇവനാണോ അതല്ല ഞാനാണോ ഉത്തമന്‍?'(അസ്സുഖ്‌റുഫ് 51,52).
സ്വതവേ ദുര്‍ബലവും വ്യാജവുമാണ് ഇത്തരം അപവാദങ്ങളും ഊഹാപോഹങ്ങളുമെങ്കിലും ഇവ പൊതുജനങ്ങളെ ശക്തമായി സ്വാധീനിക്കുമെന്ന് നാം മനസ്സിലാക്കുന്നു. വാചാലവും വഞ്ചനാത്മകവുമായ ശൈലിയും ഐഹികജീവിതത്തിന്റെ പൊലിമയാര്‍ന്ന സുഖവിഭവങ്ങളും ഏതൊരു സാധാരണക്കാരനെയും പെട്ടെന്ന് വശീകരിച്ചുകളയും. മര്‍ദ്ദനത്തിന്റെയും ഭീഷണിയുടെയും ശൈലി പിന്നാലെയുണ്ടെങ്കില്‍ പറയുകയുംവേണ്ട. ദൃഢവും ഗഹനവുമായ ജ്ഞാനമുള്ളവര്‍ക്ക് മാത്രമേ ഇത്തരം പ്രതിസന്ധിയില്‍നിന്ന് രക്ഷപ്പെടാനാവൂ. അല്ലാഹു അവന്‍ ഇഷ്ടപ്പെടുന്നവര്‍ക്കും ഇഷ്ടപ്പെടാത്തവര്‍ക്കും സമ്പത്ത് നല്‍കാറുണ്ട്. സമ്പത്തും സ്ഥാനമാനങ്ങളും ആരുടെയും അപ്രമാദിത്വത്തെയോ സത്യസന്ധതയെയോ അടയാളപ്പെടുത്തുന്ന ഘടകങ്ങളേ അല്ല. സാധാരണക്കാരെ പ്രലോഭിപ്പിച്ച് സ്വാധീനിക്കാനും പിഴപ്പിക്കാനും പ്രമാണിമാര്‍ക്കും നേതാക്കന്‍മാര്‍ക്കും സാധിച്ചെന്ന് വരും. എന്നും എവിടെയും സാധാരണക്കാരായിരുന്നു മറ്റുള്ളവരെക്കാള്‍ സത്യപ്രബോധനത്തെ എതിരേറ്റിരുന്നത്. ദൈവദൂതന്‍മാരുടെ പിന്നാലെ വന്നത് എക്കാലത്തും സാധാരണക്കാരായിരുന്നു എന്ന യാഥാര്‍ഥ്യത്തിന് നേര്‍ക്ക് ഓരോ സത്യപ്രബോധകനും സദാ കണ്ണുംതുറക്കേണ്ടതുണ്ട്. ഭിന്നതരക്കാരായ പ്രബോധിതര്‍ക്കിടയില്‍ സത്യസന്ദേശം എങ്ങനെയാണ് പ്രചരിപ്പിക്കുക എന്ന അടിസ്ഥാനപാഠം പ്രബോധകന്‍ പഠിക്കേണ്ടത് ഇവരില്‍നിന്നാണ്.
വിവ: ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത്
മൂലഗ്രന്ഥം: മിന്‍ഹാജുദുആത്ത്