സാമൂഹികവും ധൈഷണികവുമായ തല്‍സ്ഥിതി, സാംസ്‌കാരികവും വൈജ്ഞാനികവുമായ നിലവാരം, അധികാരം, കുലമഹിമ, സമ്പത്ത് തുടങ്ങി സാമൂഹികഘടകങ്ങളെ അടിസ്ഥാനപ്പെടുത്തി പ്രബോധിതരെ നമുക്ക് നാലു ഗണത്തില്‍ പെടുത്താം.
- ജനങ്ങള്‍ക്കിടയില്‍ നേതൃസ്ഥാനം കയ്യാളുന്നവര്‍. ഏത് കാലത്തും ഏത് സ്ഥലത്തും ദൈവദൂതന്‍മാരുടെ സത്യപ്രബോധനദൗത്യത്തെ ചെറുത്തുനിന്നത് ഇക്കൂട്ടരാണ്. പ്രമാണിമാരെന്നോ പ്രഭൃതികളെന്നോ ആശയം വരാവുന്ന ‘അല്‍മലഅ്’ എന്ന പ്രയോഗമാണ് വിശുദ്ധഖുര്‍ആന്‍ ഇവരെ സംബന്ധിച്ച് നടത്തിയത്. ജനങ്ങളുടെ നായകത്വം ഇവരുടെ കൈകളിലായിരുന്നു എന്നതായിരുന്നു കാരണം. അഹന്തയും നേതൃമോഹവും ഭൗതികപ്രമത്തതയും പാരത്രികവിസ്മൃതിയും ഇത്തരക്കാരുടെ മുഖമുദ്രയാണ.് പാരമ്പര്യമായി വന്നുകിട്ടിയ സ്ഥാനമാനങ്ങളും പ്രൗഢിയുമെല്ലാം നഷ്ടപ്പെട്ടുപോകുമോ എന്ന ഭയമാണ് സത്യപ്രബോധനം അംഗീകരിക്കുന്നതില്‍ നിന്ന് ഇവരെ തടഞ്ഞുനിര്‍ത്തിയത്.
ഇത്തരക്കാരോട് ദൈവദൂതന്‍മാര്‍ എന്ത് സമീപനവും നിലപാടുമാണോ സ്വീകരിച്ചിരുന്നത് അതുതന്നെയാണ് പ്രബോധകന്‍മാര്‍ക്ക് എക്കാലത്തേക്കുമുള്ള മാതൃക.വിശുദ്ധ ഖുര്‍ആനിലും പ്രവാചകചരിതത്തിലും ദൈവദൂതന്‍മാരുമായി ബന്ധപ്പെട്ടുവന്ന ആഖ്യാനങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊള്ളുകയും വേണം. തല്‍സംബന്ധമായി വന്ന ചില ഖുര്‍ആനികസൂക്തങ്ങള്‍ നമുക്ക് പരിചയപ്പെടാം.
‘ നൂഹിനെ അവന്റെ നാട്ടുകാരുടെയടുത്തേക്ക് നാം അയച്ചു. അവന്‍ പറഞ്ഞു: നാട്ടുകാരേ, അല്ലാഹുവിനെ നിങ്ങള്‍ ആരാധിക്കുക. നിങ്ങള്‍ക്ക് അവനല്ലാതെ മറ്റൊരു ദൈവമില്ല. ഒരു മഹാദിവസത്തിന്റെ ശിക്ഷ നിങ്ങള്‍ക്ക് ഞാന്‍ തീര്‍ച്ചയായും ഭയപ്പെടുന്നു. അവന്റെ നാട്ടുകാരിലെ പ്രമാണിമാര്‍ പറഞ്ഞു: നീ വ്യക്തമായ വഴികേടിലായിപ്പോയല്ലോ'(അല്‍അഅ്‌റാഫ് 59,60).
ആദ് സമൂഹത്തിലേക്ക് നിയുക്തനായ ഹൂദ് പ്രവാചകനോട് അവര്‍ പ്രതികരിച്ചതെങ്ങനെയെന്ന് ഖുര്‍ആന്‍ പറയുന്നു: ‘ ഹൂദിന്റെ നാട്ടുകാരിലെ നിഷേധികളായ പ്രമാണിമാര്‍ പറഞ്ഞു: നിനക്ക് ഭോഷത്വം ബാധിച്ചിരിക്കുന്നു. നീയൊരു വ്യാജനാണെന്ന് ഞങ്ങള്‍ കരുതുന്നു'(അഅ്‌റാഫ് 66)
മൂസാ (അ) ഫിര്‍ഔന്റെയടുത്ത് പ്രബോധന ദൗത്യവുമായി ചെന്ന സന്ദര്‍ഭത്തെ ഖുര്‍ആന്‍ അവതരിപ്പിക്കുന്നു: ‘മൂസായെയും സഹോദരന്‍ ഹാറൂനെയും ദൃഷ്ടാന്തങ്ങളും വ്യക്തമായ പ്രമാണങ്ങളുമായി നാം ഫിര്‍ഔന്റെയും അവന്റെ പ്രമാണിമാരുടെയും അടുത്തേക്കയച്ചു. അപ്പോള്‍ അവര്‍ അഹന്ത കാണിച്ചു. അതിരുവിട്ടുപോയ ജനതയായിരുന്നു അവര്‍. ഫിര്‍ഔന്‍ പറഞ്ഞു: ഞങ്ങളെപ്പോലെയുള്ള രണ്ട് ആളുകളില്‍ ഞങ്ങള്‍ വിശ്വസിക്കുകയോ? രണ്ടുപേരുടെയും നാട്ടുകാരാകട്ടെ നമുക്ക് വിധേയരായിരിക്കുന്നു. അങ്ങനെയവര്‍ മൂസായെയും ഹാറൂനെയും തള്ളിപ്പറയുകയും ഒടുവില്‍ നശിച്ചുപോവുകയും ചെയ്തു ‘(അല്‍മുഅ്മിനൂന്‍ 46-48).
ഗതകാല നിഷേധി സമൂഹം അവരുടെ ദൈവദൂതന്‍മാരോട് പറഞ്ഞതുതന്നെയാണ് ഖുറൈശീപ്രമാണിമാര്‍ അല്ലാഹുവിന്റെ പ്രവാചകനോടും പറഞ്ഞത്. മുഹമ്മദീയ പ്രവാചകത്വം അംഗീകരിക്കാന്‍ കൂട്ടാക്കാതെ അഹന്ത കാണിച്ച അവരെക്കുറിച്ച് അല്ലാഹു പറയുന്നു: ‘ആ നിഷേധികള്‍ പറഞ്ഞു: ‘ രണ്ടുനഗരങ്ങളിലെ ഏതെങ്കിലും മഹാനായൊരു വ്യക്തിക്ക് എന്തുകൊണ്ടാണ് ഈ ഖുര്‍ആന്‍ അവതരിക്കാതിരുന്നത്. നിന്റെ നാഥന്റെ കാരുണ്യത്തെ ഇവരാണോ പങ്കുവെക്കുന്നത്?ഐഹികജീവിതത്തില്‍ ഇവരുടെ ഉപജീവനം വീതിച്ചുകൊടുത്തത് നാമാണ്'(അസ്സുഖ്‌റുഫ് 31,32).
ഖുര്‍ആന്‍ മുഹമ്മദ് നബിക്ക് ഇറങ്ങിയതിലാണ് അവരുടെ പരിഭവം. സ്വയം അഹങ്കരിച്ച് തിരുമേനിയെ അവര്‍ കൊച്ചാക്കുകയായിരുന്നു. മക്കയിലെയോ ത്വാഇഫിലെയോ ഏതെങ്കിലുമൊരു പ്രമാണിക്ക് വേദഗ്രന്ഥം അവതരിക്കാതിരുന്നതാണ് അവരുടെ പ്രശ്‌നം. അത്തരം കാര്യങ്ങള്‍ തീരൂമാനിക്കുന്നതിനുള്ള അധികാരം അല്ലാഹുവിന്റെ കൈകളിലാണ് എന്ന ചുട്ടമറുപടിയും ഖുര്‍ആന്‍ അവര്‍ക്ക് കൊടുത്തു. പ്രവാചകത്വം ആര്‍ക്ക് കൊടുക്കണം, ആര്‍ക്കാണ് അതിനര്‍ഹതയുള്ളത്, ദൈവികവെളിപാട് എവിടെ എപ്പോള്‍ ഇറക്കണം എന്നിത്യാദി കാര്യങ്ങള്‍ അല്ലാഹുവിന് കൃത്യമായി അറിയാം.
ആദ്യമാദ്യം ദൈവദൂതനില്‍ വിശ്വസിച്ചവരുടെ കൂട്ടത്തില്‍ അതീവദുര്‍ബലരായ ആളുകളുണ്ടായിരുന്നു. യാസിറിന്റെ പുത്രന്‍ അമ്മാര്‍, ഏതോപ്യക്കാരനായ ബിലാല്‍, റോമക്കാരനായ സുഹൈബ് തുടങ്ങിയവര്‍. അഹന്ത നടിച്ചും നിസ്സാരവത്കരിച്ചും ഖുറൈശിപ്രമാണിമാര്‍ ഒരു നാള്‍ പ്രവാചകതിരുമേനിയോട് പറഞ്ഞു: ‘ഈ അലവലാതികളോടൊപ്പം വരുന്നത് ഞങ്ങള്‍ക്കൊട്ടും തൃപ്തിയല്ല. ഞങ്ങള്‍ നിന്റെ സദസ്സിലേക്ക് കടന്നുവരണമെന്നുണ്ടെങ്കില്‍ ഇവറ്റകളെ പിടിച്ച് പുറത്താക്കണം. നിന്റെ വര്‍ത്തമാനം കേട്ടശേഷം ഞങ്ങള്‍ പിരിഞ്ഞുപോന്നുകഴിഞ്ഞാല്‍ വേണമെന്നുണ്ടെങ്കില്‍ നിനക്കവരെ കയറ്റിയിരുത്താം.’
ഈ ഘട്ടത്തിലാണ് തിരുമേനിക്ക് വെളിപാടിറങ്ങിയത്.
‘പ്രഭാതത്തിലും പ്രദോഷത്തിലും തങ്ങളുടെ നാഥന്റെ പ്രീതി കാംക്ഷിച്ചുകൊണ്ട് അവനോട് പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്ന വിശ്വാസികളോടൊപ്പം ക്ഷമയോടെ നീ ഉറച്ചുനില്‍ക്കുക. അവരില്‍നിന്ന് നീ ഒരിക്കലും നിന്റെ കണ്ണെടുക്കരുത് ‘(അല്‍കഹ്ഫ് 28).
മറ്റൊരിടത്ത് അല്ലാഹു പറയുന്നു: ‘നമ്മെ ഓര്‍ക്കുന്നതില്‍നിന്നും ഹൃദയം വിസ്മൃതമാവുകയും തന്നിഷ്ടത്തിന്റെ പിന്നാലെ പോവുകയും സ്വയം അതിരുവിടുകയും ചെയ്തവനെ നീ അനുസരിച്ചുപോകരുത്’ (അല്‍കഹ്ഫ് 28). ഇതൊന്നും പ്രവാചകന്‍മാരുടെ ചരിത്രത്തില്‍ പുതിയ സംഭവമല്ല. നൂഹ് നബിയോടും അദ്ദേഹത്തിന്റെ നാട്ടിലെ പ്രമാണിമാര്‍ പറഞ്ഞത് നോക്കുക:
‘നീ ഞങ്ങളെപ്പോലുള്ള ഒരു മനുഷ്യന്‍! നിന്റെ പിന്നാലെയുള്ളവരോ ഞങ്ങളുടെ നാട്ടിലെ വെളിവും വകതിരിവുമില്ലാത്ത കുറെ അലവലാതികള്‍. ഞങ്ങളെക്കാള്‍ നിങ്ങള്‍ക്കെന്തെങ്കിലും മഹത്വമുള്ളതായി ഞങ്ങള്‍ കാണുന്നുമില്ല. നിങ്ങള്‍ വ്യാജന്‍മാരാണ്'(ഹൂദ് 27). അവിവേകവും ധാര്‍ഷ്ട്യവും കാരണം സത്യത്തോട് പുറംതിരിഞ്ഞുനില്‍ക്കുന്നവരാണ് യഥാര്‍ഥത്തില്‍ അലവലാതികള്‍ എന്ന കാര്യം അവരെല്ലാം അറിയാതെ പോയി. നാട്ടിലെ പ്രമാണിമാരായിരുന്നു അവര്‍ എന്നത് മറ്റൊരു കാര്യം. മഹത്ത്വവും ശ്രേഷ്ഠതയും സത്യം പിന്തുടരുന്നതിലും സമൂഹത്തെ സേവിക്കുന്നതിലുമാണല്ലോ.
ഏത് കാലത്തും ഏതുനാട്ടിലും ഇത്യാദി സമൂഹം ഉണ്ടായിരിക്കും. സത്യപ്രബോധനസരണിയിലും സത്യപ്രബോധകരുടെ മുന്നിലും ഇവര്‍ വഴിമുടക്കികളായി രംഗപ്രവേശം ചെയ്യും. ഒന്നുകില്‍ അഹന്തകൊണ്ട്, അതല്ലെങ്കില്‍ നേതൃമോഹംകൊണ്ട് .അതുമല്ലെങ്കില്‍ ഇസ്‌ലാമികപ്രബോധനം വിജയിച്ചാല്‍ തങ്ങളുടെ അധികാരവും സ്ഥാനമാനങ്ങളും പ്രൗഢിയും നഷ്ടപ്പെട്ടുപോയേക്കുമോ എന്ന ഭയംകൊണ്ട്. സത്യപ്രബോധനത്തിന് പ്രതിബന്ധം സൃഷ്ടിക്കുന്ന വേറൊരു കൂട്ടരുണ്ട്. അജ്ഞതയും ഭോഷത്വവുമാണ് അവരെ നയിക്കുന്നത് . പിതാക്കളെയും പ്രപിതാക്കളെയും അന്ധമായി അനുകരിക്കുന്ന അവര്‍ക്കും തങ്ങളകപ്പെട്ടുകഴിഞ്ഞ മാര്‍ഗഭ്രംശത്തില്‍നിന്ന് രക്ഷപ്പെടാനോ വിമുക്തരാകാനോ കഴിയുന്നില്ല. അനന്തമായ പ്രതീക്ഷകളും ബുദ്ധിമാന്ദ്യവും മനോവിഭ്രാന്തിയുമൊക്കെയാണ് അതിന്റെയെല്ലാം കാരണം.
വിവ: ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത്
മൂലഗ്രന്ഥം: മിന്‍ഹാജുദുആത്ത്
Add Comment