സ്ത്രീജാലകം

പെണ്‍മക്കളില്‍ ഇസ് ലാമിക സംസ്‌കാരം വളര്‍ത്താന്‍ രക്ഷിതാക്കള്‍ക്ക് പത്ത് നിര്‍ദേശങ്ങള്‍

ഈയിടെ ഞാന്‍ സ്ത്രീകള്‍ മാത്രമുള്ള ഒരു സദസ്സില്‍ ചെന്നിരിക്കാനിടയായി. അവിടെ വന്ന സ്ത്രീകളിലധികവും ഏതെങ്കിലും അപരിചിത ആണുങ്ങള്‍ വന്നാല്‍ മാത്രം തലമറക്കുന്നവരായിരുന്നു.

ഞാനന്നേവരെ കണ്ടിട്ടില്ലാത്ത മധ്യവയസ്സ് പിന്നിട്ട ഒരുകൂട്ടം സ്ത്രീകളുടെ അടുക്കല്‍ എനിക്കിരിപ്പിടംകിട്ടി. അവരാരും അന്യോന്യം ഒന്നും സംസാരിക്കാന്‍ താല്‍പര്യം കാട്ടിയിരുന്നില്ല. പെട്ടെന്ന് അവരിലൊരാള്‍ എന്റെ 12 കാരിയായ മകളുടെ നേര്‍ക്ക് ചൂണ്ടി അവള്‍ എല്ലായ്‌പോഴും ഹിജാബ് ധരിക്കാറുണ്ടോ എന്ന് ചോദിച്ചു.

‘അതെ, അവള്‍ പുറത്തുപോകുമ്പോഴൊക്കെ. വീട്ടിനകത്ത് അണിയാറില്ല.’ ചോദ്യത്തിനുമുമ്പില്‍ ആദ്യമൊന്നുപകച്ചെങ്കിലും ഞാന്‍ മറുപടി നല്‍കി.

‘ഇവിടെ മാത്രമല്ലല്ലോ അല്ലേ?. സ്‌കൂളിലും ഷോപിങ് മാളിലും പോകുമ്പോള്‍ അണിയാറുണ്ടോ?’അവര്‍.

‘ഉണ്ട്…’ഞാന്‍

‘അവളെങ്ങനെ അത് ശീലമാക്കി. നിങ്ങളെന്താണ് അതിനായി ചെയ്തത്?’ആ മധ്യവയസ്‌ക ചോദിച്ചു. ‘എത്രപരിശ്രമിച്ചിട്ടും ഞങ്ങളുടെ പെണ്‍മക്കളോ പേരക്കിടാങ്ങളോ ഹിജാബ് ധരിക്കാന്‍ തയ്യാറാകുന്നില്ല’

അപ്പോഴത്തെ അവരുടെ ചിന്താഗതിയെന്തെന്ന് എനിക്ക് തിട്ടമില്ല. എന്നാലും അവര്‍ ചിന്തിച്ചിരിക്കുക ‘തങ്ങള്‍ പാരമ്പര്യമുസ്‌ലിംകുടുംബത്തില്‍  പിറന്നവരായിട്ടും മക്കള്‍ മഫ്ത ധരിക്കാന്‍ മടിക്കുന്നു;ഇവിടെ ഈ നവമുസ് ലിംഅമേരിക്കന്‍പെണ്ണും അതിന്റെ കുഞ്ഞുമകളും മഫ്ത ധരിക്കുന്നു എന്തൊരു വിരോധാഭാസം! ‘ എന്നായിരിക്കണം.

‘പക്ഷേ, അത് എന്റെ വൈഭവമൊന്നുമല്ല’ ഞാന്‍ തുടര്‍ന്നു:’അല്‍ഹംദുലില്ലാഹ് , അവള്‍ പത്തുവയസ്സുകഴിഞ്ഞപ്പോള്‍ ശരീരം മറക്കുംവിധം വസ്ത്രം ധരിക്കാന്‍ തുടങ്ങി. അത് വലിയ പ്രയാസമുള്ള സംഗതിയൊന്നുമല്ലായിരുന്നു. ഞങ്ങള്‍ ഇങ്ങനെയൊക്കെചെയ്യുന്നത് അല്ലാഹുവിന്റെ കാരുണ്യാതിരേകത്താലാണ്.’

ആ മഹതി എന്റെ നേര്‍ക്ക് അതിയായ താല്‍പര്യത്തോടെ നോക്കി. ഇനി ഞാന്‍ മകളെ സമ്മാനം വാഗ്ദാനംചെയ്‌തോ ശിക്ഷ കാട്ടി ഭീഷണിപ്പെടുത്തിയോ  അതു ധരിക്കാന്‍ പ്രേരിപ്പിച്ചിട്ടുകണ്ടാകുമെന്ന് അവര്‍ കരുതുന്നുണ്ടാകണം.

‘ഞാനെന്നും അല്ലാഹുവിനോട് എന്റെയും മക്കളുടെയും സന്‍മാര്‍ഗത്തിനായി പ്രാര്‍ഥിക്കാറുണ്ട്. അതാണല്ലോ ഏറ്റവും എളുപ്പവും ഉത്തമവും. നമ്മുടെ ഇബാദത്തുകളെചൊല്ലി വലിയ ആത്മസംതൃപ്തിയടയുന്നത് ശരിയല്ലല്ലോ.’ഞാന്‍ പറഞ്ഞുനിര്‍ത്തി. 

അതായിരുന്നു അവരുമായി നടന്ന അവസാനസംഭാഷണം.  എന്നാല്‍ അന്നുതൊട്ട് ഞാന്‍ പ്രസ്തുതവിഷയത്തെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കാന്‍ തുടങ്ങിയിരുന്നു. എന്റെ മകള്‍ മഫ്തയും പര്‍ദയും ധരിക്കുന്നത് അല്ലാഹുവിന്റെ കാരുണ്യമാണെന്നതുശരിതന്നെ. എങ്കില്‍ പോലും മാതാപിതാക്കള്‍ എന്ന നിലയില്‍ പെണ്‍മക്കളെ ശരീരം മാന്യമായി മറക്കണമെന്ന് നിഷ്‌കര്‍ഷിക്കുന്നതിലും ബോധവത്കരിക്കുന്നതിലും  ശ്രദ്ധിക്കേണ്ട ചുമതലയില്ലേ. അത്തരത്തില്‍ പെണ്‍മക്കള്‍ക്ക് ശരിയായ മാര്‍ഗദര്‍ശനവും പിന്തുണയും നല്‍കാന്‍ സഹായിക്കുന്ന ചില കുറിപ്പുകളാണ് ഇവിടെ ചേര്‍ക്കുന്നത്.

1. പ്രാര്‍ഥിക്കുക: സാധ്യമാകുന്നിടത്തോളം നമ്മുടെയും നമ്മുടെ മക്കളുടെയും സന്‍മാര്‍ഗദര്‍ശനത്തിനായി അല്ലാഹുവിനോട് പ്രാര്‍ഥിച്ചുകൊണ്ടേയിരിക്കുക. സന്താനങ്ങള്‍ക്കുവേണ്ടിയുള്ള രക്ഷിതാക്കളുടെ പ്രാര്‍ഥന ഉത്തരംചെയ്യപ്പെടാതെ മടക്കുകയില്ലയെന്ന് അല്ലാഹു വ്യക്തമാക്കിയിരിക്കുന്നു.

2. ശരീരം മുഴുവന്‍ മറയുന്നവിധം വസ്ത്രം ധരിക്കേണ്ടതിന്റെ ആവശ്യകതയെയും പ്രാധാന്യത്തെയും കുറിച്ച് സന്താനങ്ങളോട് അവരുടെ ചെറുപ്പംതൊട്ടേ സംസാരിക്കുക. മാന്യമായ വസ്ത്രധാരണവും പെരുമാറ്റവും അല്ലാഹുവിനുവേണ്ടിയാണെന്നും , അവനെ സ്‌നേഹിക്കുകയും  അനുസരിക്കുകയുംചെയ്യുന്നതിലൂടെ  അളവറ്റ പ്രതിഫലംലഭിക്കുമെന്നും അവരോട് പറയുക.

3. ആണുങ്ങളുടെ വികാരമിളക്കാതിരിക്കാന്‍ എന്നൊക്കെ പറഞ്ഞ് ഹിജാബിനെ  ലളിതവത്കരിക്കാതിരിക്കുക. ചില രക്ഷിതാക്കള്‍ പെണ്‍മക്കളോട് മഫ്തയും പര്‍ദയും ധരിക്കാന്‍ നിര്‍ബന്ധിക്കുന്നത് ‘ആളുകള്‍ പ്രലോഭിതരാകാതിരിക്കാന്‍ നീ നിന്റെ സൗന്ദര്യത്തെ മൂടിവെക്കുക’ എന്ന് പറഞ്ഞാണ്. ഇസ്‌ലാമില്‍ ആണുങ്ങളും പെണ്ണുങ്ങളും ഒരേപോലെ അച്ചടക്കം പാലിക്കണമെന്നാണ് നിയമമെന്നിരിക്കെ ഇത്തരം പ്രസ്താവനകളുടെ ആവശ്യമില്ല.

പുരുഷന്‍മാര്‍ മാന്യമായി വസ്ത്രം ധരിക്കുകയും തങ്ങളുടെ നോട്ടം താഴ്ത്തുകയുംവേണം. സ്ത്രീകള്‍ അതേപോലെ അടക്കവും ഒതുക്കവും സ്വീകരിക്കുന്നതോടൊപ്പം അവളുടെ ശരീരവും മുടിയും മറക്കേണ്ടതുണ്ട്.  അവര്‍ ഇതെല്ലാം ചെയ്യുന്നത് അല്ലാഹുവിന് അനുസരണമെന്ന നിലക്കും അവന്റെ പ്രീതി ഉദ്ദേശിച്ചുമാണ്. ഈ രീതിയില്‍ സക്രിയ ചിന്താഗതി ഉണ്ടാക്കിയെടുത്താല്‍ അവള്‍ തന്റെ ഇബാദത്തില്‍ അതീവ താല്‍പര്യമുള്ളവളായിത്തീരും. അവളെ നിര്‍ബന്ധിക്കുകയോ, ഭീഷണിപ്പെടുത്തുകയോ, ഭയപ്പെടുത്തുകയോ ചെയ്യേണ്ടിവരില്ല. ശരീരം മറക്കുകയെന്നത് താനും റബ്ബും തമ്മിലുള്ള ഇടപാടെന്ന നിലയില്‍ ഗൗരവത്തോടെ അവള്‍ കാണും. അത് പരലോകത്ത് അവള്‍ക്ക് മുതല്‍ക്കൂട്ടായിത്തീരും.

4. ഇനി നാം അവളുടെ മാതാവോ, അമ്മായിയോ, വെല്ല്യുമ്മയോ  ആണെങ്കില്‍ അഭിമാനത്തോടും വിവേകത്തോടും ശുഭാപ്തിവിശ്വാസത്തോടും മഫ്ത അണിയുക. എപ്പോഴും മുസ്‌ലിംപെണ്‍കുട്ടികളുടെ പുതിയതലമുറ ശരീരം മറയ്ക്കാനും അല്ലാഹുവിന്റെ പ്രീതിനേടാനുമുള്ള ഔത്സുക്യത്തെ നമ്മില്‍ നിന്ന് കണ്ടുപഠിക്കട്ടെ. എല്ലാംമറയുംവിധം വസ്ത്രം ധരിച്ച് ആകര്‍ഷണത്വവും അച്ചടക്കവും ഉറപ്പുവരുത്താം. പെണ്‍മക്കളെ മഫ്തയും പര്‍ദയും അണിയിക്കുമ്പോള്‍ ചിലരില്‍ നിന്ന് ‘വളരെ പ്രായക്കൂടുതല്‍ തോന്നുന്നു’, ‘ഇത് നിനക്ക് ചേരില്ലട്ടോ’ എന്നുതുടങ്ങി നെഗറ്റീവ് അഭിപ്രായങ്ങളും കേട്ടെന്നുവരും . അതെക്കുറിച്ച ധാരണ അവര്‍ക്ക് കൊടുക്കണം.

ഗുണാത്മകമായ വശം പെണ്‍മക്കള്‍ക്ക് ചൂണ്ടിക്കാട്ടിക്കൊടുക്കുക. മക്കളുടെ തൊലിയുടെയും കൃഷ്ണമണിയുടെയും കളറുകള്‍ക്ക് പൊരുത്തപ്പെടുംവിധം മാന്യമായ വസ്ത്രധാരണം നിര്‍ദ്ദേശിക്കുക. അതവര്‍ക്ക് ഊര്‍ജവും സന്തോഷവും സുഖവും നല്‍കട്ടെ.ഹിജാബിനോടുള്ള  നിങ്ങളുടെ സ്‌നേഹബന്ധം പ്രകടമാകട്ടെ.

5. മഫ്തയും പര്‍ദപോലുള്ള വസ്ത്രങ്ങളും ശീലമാക്കിയവരുമായി ആകട്ടെ മക്കളുടെ കൂട്ടുകെട്ട്. തങ്ങളുടെ കൂട്ടുകാര്‍ അണിഞ്ഞിരിക്കുന്ന വസ്ത്രങ്ങളും അവരുടെ പെരുമാറ്റരീതികളും മക്കളെ വളരെ ആഴത്തില്‍ സ്വാധീനിക്കും. നല്ല മാതൃകകള്‍ സമ്മാനിക്കുന്നവരാണ് ആ കൂട്ടുകാര്‍ എന്നത് നിങ്ങള്‍ രക്ഷിതാക്കളാണ് ഉറപ്പുവരുത്തേണ്ടത്. അക്കാര്യത്തില്‍ ചില പരിശ്രമങ്ങള്‍ നടത്തേണ്ടതായി വരും.

ഇപ്പോഴത്തെ അവസ്ഥയില്‍ മകള്‍ക്ക് മഫ്തയും ശരീരഭാഗങ്ങള്‍ മറയുന്ന വസ്ത്രങ്ങളും ധരിക്കുന്ന കൂട്ടുകാര്‍ ഉണ്ടായില്ലെന്നുവരാം. അതിനാല്‍ അവരെ മുസ്‌ലിംപെണ്‍കുട്ടികളുടെ സംഘങ്ങളും സംഘടനകളുമായും പരിചയപ്പെടുത്താം. അല്ലെങ്കില്‍ പള്ളികള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വനിതാസംഘങ്ങളുമായി ബന്ധപ്പെടുത്താം.  അല്ലെങ്കില്‍ കുടുംബബന്ധുക്കളില്‍ മഫ്തയും അത്തരംവേഷങ്ങളും മുറുകെപ്പിടിക്കുന്നവരുണ്ടാകുമല്ലോ അവരുമായി ഊഷ്മളബന്ധം സ്ഥാപിക്കാന്‍ ശ്രമിക്കണം. അത്തരം ബന്ധങ്ങള്‍ മകളുടെ സ്വഭാവത്തിലും വീക്ഷണത്തിലും ഒട്ടേറെ മാറ്റങ്ങള്‍ കൊണ്ടുവരും.

ഇനി അത്തരം കൂട്ടുകാരുണ്ടായിരിക്കെ താമസസ്ഥലം മാറി പുതിയ ഒരു നഗരത്തിലോ ഗ്രാമത്തിലോ എത്തിയെന്നിരിക്കട്ടെ. അവിടെ മേല്‍പറഞ്ഞ വേഷവിധാനംസ്വീകരിച്ച കൂട്ടുകാരികളെ കണ്ടെത്താന്‍ സമയമെടുക്കും. അതിനാല്‍  ഇടക്ക് മുമ്പ് താമസിച്ചിരുന്ന നാട്ടില്‍ പ്രയാസപ്പെട്ടാണെങ്കിലും പോകുകയും മകളുടെ കൂട്ടുകാരുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കിക്കൊടുക്കുക.

കുട്ടികളുടെ രക്ഷിതാവെന്ന നിലക്ക് അവര്‍ക്ക് കൂട്ടുകാരുമായി തമാശപങ്കിടാനും രസംകണ്ടെത്താനും അവസരമൊരുക്കുക. അതല്ലാത്ത പക്ഷം ഇസ്‌ലാം മുറുകെപ്പിടിച്ച് ജീവിക്കുന്നത് അവര്‍ക്ക് വിരസതയും വെറുപ്പുമാണ് സമ്മാനിക്കുക. അതേസമയം ഇസ്‌ലാമനുസരിച്ച് ജീവിക്കാനും അതുപോലെതന്നെ രസംകണ്ടെത്താനും അവസരമുണ്ടാകുന്നത് ഇസ്‌ലാമില്‍ അവരെ ഉറപ്പിച്ചുനിര്‍ത്തും.

വഴിവിട്ടുപോയേക്കാവുന്ന എല്ലാ കലാസ്വാദനങ്ങളെയും  രസംകൊല്ലികളെയും രക്ഷിതാക്കള്‍ മനസ്സുവെച്ചാല്‍ പൂര്‍ണമായും ഹലാലാക്കാന്‍ കഴിയും. അതിനായി അല്‍പം പരിശ്രമവും സമയവും ആവശ്യമാണെന്ന് മാത്രം.

6. നിങ്ങളുടെ ആണ്‍മക്കളെക്കുറിച്ച് ഉയര്‍ന്ന പ്രതീക്ഷകള്‍ വെച്ചുപുലര്‍ത്തുക. എല്ലാവരും പ്രത്യേകിച്ച് സന്താനങ്ങള്‍ ഇരട്ടത്താപ്പ് വെറുക്കുന്നു. അതായത്, മകളെ ഇസ്‌ലാമികമായി വസ്ത്രംധരിക്കാനും അടക്കവും ഒതുക്കവും ശീലിക്കാനും നല്ല സ്വഭാവങ്ങള്‍ മുറുകെപ്പിടിക്കാനും നാം നിഷ്‌കര്‍ഷിക്കുമ്പോള്‍ത്തന്നെ മകനോടും അത്തരത്തില്‍ നിര്‍ബന്ധബുദ്ധി പുലര്‍ത്തണം.  എന്നാല്‍ നമ്മുടെ സമൂഹത്തില്‍ ആണ്‍മക്കള്‍ ചീത്തക്കൂട്ടുകെട്ടില്‍  പെട്ടാല്‍ അതൊക്കെ പ്രായത്തിന്റെതാണ് പിന്നെ എല്ലാം ശരിയായിക്കോളും എന്ന  നിലപാടാണ് പല രക്ഷിതാക്കള്‍ക്കുമുള്ളത്.

ആണ്‍മക്കളെ അച്ചടക്കവും ഒതുക്കവും ഉള്ളവരാക്കി വളര്‍ത്താന്‍ നാം പ്രത്യേകം ശ്രദ്ധിക്കുക. വഴികളിലും പൊതുസ്ഥലങ്ങളിലും ആയിരിക്കെ നോട്ടം നിയന്ത്രിക്കാന്‍ അവരെ ഉപദേശിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുക. സ്ത്രീകളെ ആദരിക്കാന്‍ അവരെ പഠിപ്പിക്കുക. നിക്കറും മറ്റുമിട്ട് പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെടരുതെന്ന് അവരോട് കല്‍പിക്കുക. പെണ്‍മക്കളോട് സദാചാരം നിഷ്‌കര്‍ഷിക്കുന്നതുപോലെ അവരോടും നിഷ്‌കര്‍ഷ പുലര്‍ത്തുക. അല്ലാഹുവിന്റെ ചോദ്യങ്ങള്‍ക്ക് ആണുങ്ങളും ഉത്തരം നല്‍കേണ്ടവരാണെന്ന കാര്യം ഓര്‍മപ്പെടുത്തുക.

7. പെണ്‍കുട്ടികളെ ചെറുപ്രായത്തിലേ വിജ്ഞാന-കര്‍മമേഖലയില്‍ പരിശീലിപ്പിക്കുക. സ്ത്രീയെന്ന നിലയില്‍ മഹത്വവും ആദരവും അവളില്‍ നിക്ഷേപിക്കുക. അങ്ങനെയായാല്‍ നാളെ അവള്‍ ലോകത്തിനുമുന്നില്‍ ലജ്ജാവിഹീനയായി പെരുമാറുകയില്ല. അവള്‍ക്ക് മാതൃകാവനിതയുടെ ആദ്യപാഠങ്ങള്‍ പഠിപ്പിച്ചുകൊടുക്കുക. അവളുടെ സ്വപ്‌നങ്ങള്‍ക്ക് ദിശാബോധംനല്‍കുകയും അവയ്ക്ക് ചിറകുവിരിച്ചുകൊടുക്കുകയുംചെയ്യുക. നിങ്ങളുടെ സമയവും ശ്രദ്ധയും അവള്‍ക്ക് നല്‍കുക. അവളെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയുംചെയ്യുക.കുഴക്കുന്ന പ്രശ്‌നങ്ങള്‍ അവളുടെ മുമ്പില്‍ വെക്കുക. ആ പ്രശ്‌നങ്ങളെ പരിഹരിക്കാന്‍ പഠിപ്പിക്കുക. അവളില്‍ ആത്മവിശ്വാസം നട്ടുവളര്‍ത്തുക.

8. അവളെ കേള്‍ക്കുക. അവള്‍ക്ക് ശരീരംമറയുന്ന വസ്ത്രങ്ങള്‍ സ്വീകരിക്കുന്നതില്‍ പരാതികളോ വിമ്മിഷ്ടമോ ഉണ്ടെങ്കില്‍ അവരില്‍ നിങ്ങളുടെ ഏകപക്ഷീയമായ അഭിപ്രായം അടിച്ചേല്‍പിക്കുന്നതിന് പകരം  അവളുടെ ആശങ്കകളും അജ്ഞതകളും ദൂരീകരിച്ചുകൊടുക്കുക.

ക്ലാസിലെ സഹപാഠികള്‍ തന്നെക്കുറിച്ച് പലതുംപറയുമെന്നാണ് അവളുടെ ആശങ്കയെങ്കില്‍  അതിന് ‘അതൊന്നും നീ കാര്യമാക്കേണ്ട , എനിക്കുറപ്പുണ്ട് നീ ആ വേഷത്തില്‍ നന്നായിരിക്കും’ എന്ന പഴഞ്ചന്‍ മറുപടിയല്ല കൊടുക്കേണ്ടത്.  പകരം മകളുമായി പ്രശ്‌നങ്ങളെ തുറന്നുചര്‍ച്ചചെയ്യുക. മറ്റുള്ളവരുടെ പരിഹാസത്തെ നേരിടാനുള്ള മാര്‍ഗങ്ങള്‍ അഭ്യസിപ്പിക്കുക. 

9. കുട്ടികള്‍ക്ക് മാതൃകയാകുംവിധം വസ്ത്രധാരണം സ്വീകരിക്കുക. കാരണം കുട്ടികള്‍ക്ക് ആദ്യത്തെ മാതൃക സദാ അവളോടൊപ്പമുള്ള മാതാവോ, രക്ഷിതാവോ ആണ്. അതിനാല്‍ ഇസ്‌ലാം നിഷ്‌കര്‍ഷിക്കുംവിധമാണ് വസ്ത്രധാരണമെന്ന് ഉറപ്പുവരുത്തുക. അങ്ങനെയല്ലെന്നുവന്നാല്‍ പെണ്‍മക്കളില്‍നിന്ന് അവരുടെ വസ്ത്രധാരണത്തെപ്പറ്റി കൂടുതല്‍ നല്ലത് പ്രതീക്ഷിക്കാനാകില്ലല്ലോ. നിങ്ങള്‍ കുട്ടിയുടെ പിതാവാണെങ്കില്‍ ഇസ്‌ലാംകല്‍പിച്ച നിര്‍ബന്ധബാധ്യതകള്‍(ആരാധനാ-കുടുംബകാര്യങ്ങള്‍) പൂര്‍ത്തീകരിക്കുക. കുട്ടികള്‍  വളരെപ്പെട്ടെന്ന് നമ്മുടെ കാപട്യം കണ്ടെത്തുമെന്നത് മറക്കരുത്.

10. അവളുടെ മഫ്തയും പര്‍ദയും മാത്രമാണ് നിങ്ങളുടെ പരിഗണനാവിഷയം എന്ന് മകള്‍ക്ക് തോന്നാന്‍ ഒരിക്കലും അവസരംകൊടുക്കരുത്. കാരണം , അങ്ങനെവന്നാല്‍ അവള്‍ നിങ്ങള്‍ക്കുവേണ്ടി മാത്രം തലയും ശരീരവും മറച്ചുനടന്നെന്നുവരാം. നിങ്ങള്‍ക്ക് മകളോട് അഗാധവാത്സല്യവും സ്‌നേഹവും പ്രകടിപ്പിക്കാന്‍ കഴിഞ്ഞാല്‍ ഇസ്‌ലാമിന്റെ കല്‍പനകളെ മാതാപിതാക്കളോടുള്ള വികാരവുമായി കൂട്ടിക്കുഴക്കാന്‍ അവള്‍ ശ്രമിക്കുകയില്ല.

ശരിയാണ്, മാതാപിതാക്കള്‍ പറയുന്നത് അനുസരിക്കേണ്ട ബാധ്യത കുട്ടികള്‍ക്കുണ്ട്.  എന്നിരുന്നാലും  നമ്മുടെ മകള്‍ വളര്‍ന്ന് വലുതാകേണ്ടതുണ്ട്. അങ്ങനെ അവള്‍ സ്വതന്ത്രജീവിതം നയിക്കേണ്ടതുണ്ട്.  ആ ഘട്ടത്തില്‍ മാതാപിതാക്കള്‍ തന്നെ നിരീക്ഷിക്കുന്നുണ്ടെന്ന ചിന്തയല്ല, മറിച്ച് അല്ലാഹു തന്നെ നോക്കിക്കൊണ്ടിരിക്കുന്നുവെന്ന ചിന്തയായിരിക്കണം അവളെ അടക്കവും ഒതുക്കവുമുള്ള വിശ്വാസിനിയാക്കാന്‍ പ്രേരകമാകേണ്ടത്.

Topics