Global

ഹാന്‍ഡ്‌കെക്ക് സാഹിത്യ നൊബേല്‍:പ്രതിഷേധവുമായി ലോകം

അങ്കാറ: ബോസ്‌നിയന്‍ മുസ്‌ലിംകൂട്ടക്കൊലയെ നിഷേധിക്കുകയും അതിന്റെ ആസൂത്രകനെ പിന്തുണക്കുകയും ചെയ്ത ആസ്ത്രിയന്‍ എഴുത്തുകാരനായ പീറ്റര്‍ ഹാന്‍ഡ്‌കെക്ക് സാഹിത്യനോബല്‍ സമ്മാനം കൊടുക്കുന്നതിനെതിരെ കടുത്ത പ്രതിഷേധം. സ്റ്റാലിന്റെ ഭരണത്തില്‍ ജോര്‍ജിയയില്‍നിന്ന് 92000 തുര്‍ക്ക് വംശജര്‍ ആട്ടിയോടിക്കപ്പെട്ടതിന്റെ അനുസ്മരണ പരിപാടിയില്‍ സംബന്ധിക്കവേ തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍ മുസ്‌ലിംവിരുദ്ധതയ്ക്കും കൂട്ടനരഹത്യയ്ക്കുമുള്ള പിന്തുണയാണ് ഇത്തവണത്തെ നൊബേല്‍ സമ്മാനമെന്ന് വിമര്‍ശനമുന്നയിച്ചു.

‘പതിനായിരക്കണക്കായ മുസ്‌ലിംകളെ കൊന്നുതള്ളിയ വ്യക്തിക്ക് വേണ്ടി വാദിക്കുകയും വംശഹത്യ നടന്നില്ലെന്ന് നിഷേധിക്കുകയും ചെയ്യുന്ന ആളെ ആദരിക്കുന്നത് തീര്‍ത്തും ലജ്ജാകരവും നിന്ദാര്‍ഹവുമായ നടപടിയാണ്. കൂട്ടക്കൊല നടത്തിയ വ്യക്തിയെ ജയിലില്‍ പോയി പിന്തുണ അറിയിച്ചത് ഹാന്‍ഡ്‌കെയുടെ നീചമനസ്സിനെ വെളിപ്പെടുത്തുന്നു’ അദ്ദേഹം വ്യക്തമാക്കി.

‘തുര്‍ക്കിക്ക് ജനാധിപത്യത്തെക്കും നിയമവാഴ്ചയെക്കുറിച്ചും ക്ലാസെടുത്തുകൊണ്ടിരിക്കുന്നവരാണ് പതിനായിരങ്ങളെ കൊന്നുതള്ളുന്ന ഭീകരര്‍ക്കും ഏകാധിപതികള്‍ക്കും ചുവപ്പുപരവതാനി വിരിക്കുന്നത് ‘ ഉര്‍ദുഗാന്‍ ആഞ്ഞടിച്ചു.
അതേസമയം അവാര്‍ഡ് നിര്‍ണയക്കമ്മിറ്റിയുടെ തെരഞ്ഞെടുപ്പില്‍ പ്രതിഷേധിച്ച് സ്വീഡീഷ് പത്രപ്രവര്‍ത്തകയായ ക്രിസ്റ്റിന ഡോക്ടയര്‍ തനിക്ക് കിട്ടിയ നൊബേല്‍ സമ്മാനം തിരികെകൊടുക്കുകയാണെന്ന് അറിയിച്ചു. ഇന്നലെ സ്റ്റോക്‌ഹോമില്‍ നടന്ന പ്രതിഷേധപ്രകടനത്തിലാണ് അവര്‍ ഇക്കാര്യം പ്രഖ്യാപിച്ചത്.
‘സ്വീഡീഷ് അക്കാദമിയെ ഓര്‍ത്ത് ഞാന്‍ അഭിമാനം കൊണ്ടിരുന്നു. ഇപ്പോള്‍ എന്റെ ശിരസ്സ് ലജ്ജയാലും കുറ്റബോധത്താലും കുനിഞ്ഞുപോകുന്നു.’ 27 വര്‍ഷംമുമ്പ് നടന്ന ബോസ്‌നിയന്‍ കൂട്ടക്കൊലയ്ക്ക് സാക്ഷ്യംവഹിച്ച ക്രിസ്റ്റിന വ്യക്തമാക്കി.

സെബ്രനീസ കൂട്ടക്കൊല നടത്തിയതിന് അവാര്‍ഡ് കൊടുക്കുകയാണ് സ്വീഡീഷ് നൊബേല്‍ സമ്മാനകമ്മിറ്റി ചെയ്തതെന്ന് ബോസ്‌നിയന്‍ ക്രോട്ട് പ്രസിഡന്റ് സല്‍ജികോ കുംസിക് വിമര്‍ശിച്ചു. മുസ്‌ലിംവിരുദ്ധതയ്ക്കും വിദ്വേഷത്തിനും പ്രോത്സാഹനമേകിയത് മാനവരാശിയോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

Topics