ഞാനറിഞ്ഞ ഇസ്‌ലാം

പപ്പയെയും മമ്മയെയും ഞാന്‍ ഇസ് ലാം പഠിപ്പിച്ച വഴി

പെട്ടെന്ന് ഞാന്‍ സ്വപ്‌നത്തില്‍നിന്ന് ഞെട്ടിയുണര്‍ന്നു. ഏതൊരാളും ആഗ്രഹിച്ച് ആസ്വദിച്ചുകൊണ്ടിരുന്ന മായികകാഴ്ചയില്‍നിന്ന്   യാഥാര്‍ഥ്യത്തിലേക്ക് ഉണരുമ്പോള്‍ ഉണ്ടാകുന്ന നിരാശ എന്നെയും പിടികൂടി. സ്വപ്‌നത്തില്‍, ഞാന്‍ മക്കയിലെ ഹറമിലായിരുന്നു. പതിവിലും തേജസ്സാര്‍ന്നതായിരുന്നു അന്നത്തെ പകല്‍. വെളിച്ചം ജനലിലൂടെ  കാര്‍പെറ്റുകളെ അലങ്കരിച്ചു. കഅ്ബ എനിക്ക് കാണാനാകുന്നുണ്ട്. ത്വവാഫ് ചെയ്തുകൊണ്ട് മുന്നോട്ടുനീങ്ങുന്ന വിശ്വാസികളുടെ അധരങ്ങള്‍ നദിയിലെ ഓളങ്ങളെപ്പോലെ തോന്നിച്ചു. എങ്ങും സ്തുതിഗീതങ്ങളുടെ മര്‍മരഭേരിമാത്രം. എന്നിട്ടും അന്തരീക്ഷത്തില്‍ ശാന്തത തളംകെട്ടിനിന്നു.

അങ്ങനെയിരിക്കെ പെട്ടെന്ന് അതിനെയെല്ലാം ഭജ്ഞിച്ചുകൊണ്ട് ഇഖാമത്തിന്റെ ശബ്ദമുയര്‍ന്നു. എല്ലാവരും നമസ്‌കാരത്തിനായി അണിനിരന്നു. എന്നോടൊപ്പം മറ്റൊരാള്‍ കൂടിയുണ്ടായിരുന്നു. എന്റെ പാര്‍ശ്വത്തില്‍ വന്നുചേര്‍ന്ന ആ സ്ത്രീയുടെ ഇളംചുമല്‍ എന്നെ തൊട്ടുനിന്നു. അതെന്റെ മമ്മിയായിരുന്നു. അതെ, അവര്‍ മക്കയില്‍ എന്നോടൊപ്പം പ്രാര്‍ഥിക്കാന്‍ വന്നുചേര്‍ന്നുനില്ക്കുന്നു.

ഞാനിതെഴുതുമ്പോള്‍ വികാരത്താല്‍ എന്റെ കണ്ണുകള്‍ നിറഞ്ഞുതുളുമ്പുകയാണ്. ഭയവും പ്രതീക്ഷയും ഒരേസമയം എന്നില്‍ നിറയുന്നു. എന്നാല്‍ ചുറ്റുമുള്ള കാഴ്ചകളെ മറക്കുംവിധം കണ്ണുനിറയിക്കുന്ന പ്രസ്തുത വികാരത്തെ നിര്‍വചിക്കാനെനിക്കായില്ല.

എന്റെ പരിചയത്തിലുള്ള ഒരു യുവതിയെ എനിക്കറിയാം. അവരുടെ ഭര്‍ത്താവ് ഈയിടെ ഇസ്‌ലാംസ്വീകരിച്ചു. അവസാനം ആകെയുള്ള ഏകസഹോദരനും ഇസ്‌ലാമിലേക്ക് കടന്നുവരാന്‍ തയ്യാറായി. അവന്റെ അമ്മയും അതിനോടുയോജിച്ചു. അങ്ങനെ ഏതാനുംവര്‍ഷം മുമ്പ് പെരുന്നാള്‍ നമസ്‌കാരത്തിനുശേഷം അവര്‍ ശഹാദത്ത് കലിമചൊല്ലി. അന്നത്തെ ആ സുദിനത്തിന്റെ സായന്തനത്തില്‍ അവരുടെ പിതാവും ഇസ്‌ലാമിലേക്ക് കടന്നുവന്നു. മുമ്പ് യഹൂദവിശ്വാസികളായിരുന്ന അവര്‍ ഇന്ന് ഇസ്‌ലാമിന് സമ്പൂര്‍ണമായി കീഴൊതുങ്ങിയിരിക്കുന്നു. ആ കുടുംബത്തെക്കുറിച്ചാലോചിക്കുമ്പോള്‍  എനിക്ക് വളരെ സന്തോഷമുണ്ട്.  അതേസമയം എന്റെ കുടുംബത്തെക്കുറിച്ചാലോചിക്കുമ്പോള്‍ മനസ്സ് സങ്കടത്താല്‍ ഇരുളും. അതോടൊപ്പം  കുടുംബത്തെക്കുറിച്ച പ്രത്യാശ അല്ലാഹുവിനോടുള്ള പ്രാര്‍ഥനയെ വര്‍ധിപ്പിക്കുകയുംചെയ്യും.

എന്റെ കുടുംബം ഇസ്‌ലാമിലേക്ക് കടന്നുവന്നെങ്കിലെന്ന്, എന്റെ സ്വപ്‌നം സഫലമായെങ്കിലെന്ന്  പപ്പയും മമ്മിയും എന്നോടൊപ്പം ചേര്‍ന്നിരുന്നെങ്കിലെന്ന് എപ്പോഴും ഞാന്‍ ആഗ്രഹിച്ചു. അതിനായി പ്രതീക്ഷവെച്ചുപുലര്‍ത്തി. ഇവ്വിധമുള്ള എന്റെ ആ ആഗ്രഹത്തിനുകാരണമെന്തെന്ന് അവര്‍ മനസ്സിലാക്കാന്‍ ശ്രമിച്ചിരുന്നുവെങ്കില്‍! അവരെക്കുറിച്ച പ്രത്യാശയുടെ കാര്യം ഞാന്‍ പറഞ്ഞാല്‍ അതത്ര ആകര്‍ഷകമായി അവര്‍ക്കു തോന്നിക്കൊള്ളണമെന്നില്ല. അത് അവര്‍ തന്നെ കണ്ടെത്തുന്നതാണ് നല്ലത്.

കുടുംബത്തിന്റെ പാരമ്പര്യവിശ്വാസത്തില്‍നിന്ന് മാറി ഇസ്‌ലാം സ്വീകരിക്കുന്ന ഏതൊരുവ്യക്തിയും അഭിമുഖീകരിക്കുന്ന ഭിന്നദ്വന്ദ്വങ്ങളുടെ സാഹചര്യമാണിത്. നമ്മുടെ മുന്‍ഗാമികള്‍ക്കും അത്തരം അവസ്ഥകള്‍ ഉണ്ടായിരുന്നു. അബൂഹുറൈറ(റ)ന്റെ ചരിത്രം സ്വഹീഹ് മുസ്‌ലിമില്‍ ഉദ്ധരിക്കുന്നുണ്ട്:

‘ബഹുദൈവവിശ്വാസിനിയായ എന്റെ മാതാവിനെ ഞാന്‍ ഇസ്‌ലാമിന്റെ സന്ദേശത്തിലേക്ക് ക്ഷണിക്കാറുണ്ടായിരുന്നു. ഒരിക്കല്‍, അത്തരത്തില്‍ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ശ്രമിക്കവേ എനിക്കിഷ്ടപ്പെടാത്തരീതിയില്‍ അവര്‍ നബിതിരുമേനിയെ വിമര്‍ശിച്ച് സംസാരിച്ചു. കരഞ്ഞുകൊണ്ട് ഞാന്‍ അപ്പോള്‍തന്നെ പ്രവാചകസന്നിധിയിലേക്ക്  കടന്നുചെന്നു. എന്നിട്ട് പറഞ്ഞു: ‘എന്റെ മാതാവിനെ സത്യസന്ദേശത്തിലേക്ക ്ക്ഷണിക്കുമ്പോഴൊക്കെ അവരത് നിരസിക്കാറുണ്ട്. ഇന്ന് ഞാന്‍ പതിവുപോലെ അതിലേക്ക ക്ഷണിച്ചു. എന്നാല്‍ താങ്കളെക്കുറിച്ച് അപ്രിയമായ ചിലത്  അവര്‍ പറഞ്ഞു. അവര്‍ക്ക് സന്‍മാര്‍ഗമരുളാന്‍ താങ്കള്‍ അല്ലാഹുവോട് പ്രാര്‍ഥിക്കണം.’ അതുകേട്ടപ്പോള്‍ പ്രവാചകന്‍ (സ) ഇപ്രകാരം പ്രാര്‍ഥിച്ചു: ‘സര്‍വശക്തനായ അല്ലാഹുവേ, അബൂഹുറൈറയുടെ മാതാവിന് നീ വഴികാട്ടേണമേ!’ മാതാവിനുവേണ്ടിയുള്ള നബിതിരുമേനിയുടെ പ്രാര്‍ഥനയില്‍ സന്തുഷ്ടനായി പ്രതീക്ഷയോടെ ഞാന്‍ വീട്ടിലേക്ക് തിരിച്ചു.  അവിടെയെത്തിയപ്പോള്‍ വീടിന്റെ വാതില്‍ പാതിയടച്ചിരിക്കുന്നു. എന്റെ കാലടിശബ്ദം കേട്ട മാതാവ് പറഞ്ഞു: ‘അവിടെ നില്‍ക്കൂ, അബൂഹുറൈറാ..’ അതോടൊപ്പം വെള്ളം വീഴുന്ന ശബ്ദവുംകേട്ടു. അബൂഹുറൈറ തുടര്‍ന്ന് പറയുന്നു: ‘എന്റെ മാതാവ് കുളിച്ച് വൃത്തിയായി. വസ്ത്രങ്ങള്‍ ധരിച്ച് വാതില്‍ തുറന്നു. ‘അല്ലാഹുവല്ലാതെ മറ്റൊരാരാധ്യനുമില്ലെന്നും മുഹമ്മദ് അവന്റെ അന്ത്യദൂതനാണെന്നും ഞാനിതാ സാക്ഷ്യം വഹിക്കുന്നു’. സന്തോഷത്താല്‍ കണ്ണീര്‍തൂകി ഞാന്‍ തിരികെ  പ്രവാചകന്റെ അടുത്തെത്തി.എന്നിട്ട് പ്രവാചകനോട് പറഞ്ഞു:’ഞാന്‍ ശുഭവാര്‍ത്തയുമായാണ് വന്നത്. താങ്കളുടെ പ്രാര്‍ഥനയ്ക്ക് അല്ലാഹു പ്രത്യുത്തരം ചെയ്തിരിക്കുന്നു. അബൂഹുറൈറയുടെ മാതാവ് നേര്‍വഴിയിലായിരിക്കുന്നു.’ ‘

മേല്‍ഹദീസിന്റെ വിവരണത്തില്‍ അബൂഹുറൈറ തന്റെ മാതാവിനെ ഇസ്‌ലാമിലേക്ക് ക്ഷണിക്കാന്‍ അശ്രാന്തപരിശ്രമം നടത്തിയതായി നാം കാണുന്നു. അവരോടുള്ള സ്‌നേഹത്താലായിരുന്നു അത്.  താനേറെ ഇഷ്ടപ്പെടുന്ന മാതാവ് തന്റെ പ്രിയങ്കരനായ പ്രവാചകനെ താഴ്ത്തിസംസാരിച്ചപ്പോള്‍ അദ്ദേഹം വികാരാധീനനായി. തന്റെ മാതാവിനെക്കുറിച്ച പ്രതീക്ഷകളസ്തമിക്കുന്നുവോയെന്ന് ഭയന്നു.

ഒരുവേള മാതാവ് തന്റെ ജീവിതത്തില്‍ ഇസ്‌ലാമിനുനേരെ മുഖംതിരിച്ചുനിന്നുകളഞ്ഞേക്കുമോയെന്ന ആശങ്ക അദ്ദേഹത്തെ പിടികൂടിയിരുന്നിരിക്കാം. അതിനാലാണ് കരഞ്ഞുകൊണ്ട് തന്റെ പ്രവാചകന്റെ അടുക്കല്‍ അദ്ദേഹം തിടുക്കപ്പെട്ടെത്തിയത്. രണ്ടുതവണയും അദ്ദേഹം തിരുമേനിയുടെ അടുക്കല്‍ വന്നപ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു. ആദ്യതവണ സങ്കടത്താലായിരുന്നുവെങ്കില്‍ രണ്ടാമത്തേത് സന്തോഷത്താലായിരുന്നു.

മാതാപിതാക്കളെക്കുറിച്ച ഇത്തരം വികാരങ്ങള്‍ക്ക് കാരണമെന്താണ് ? അല്ലാഹുവല്ലാത്തവരെ ആരാധിക്കുന്നതില്‍ സന്തോഷംകണ്ടെത്തുന്ന മാതാപിതാക്കളെ ചൊല്ലി നാം വിഷമിക്കുന്നതെന്തുകൊണ്ട് ? അവരെ അവരുടെ പാട്ടിന് വിടാന്‍ മനസ്സനുവദിക്കാത്തതിന്റെ കാരണമെന്ത് ?

അവര്‍ ഇസ്‌ലാം സ്വീകരിച്ചില്ലെന്നത് നമ്മുടെ പരലോകപ്രതിഫലത്തെ നഷ്ടപ്പെടുത്തുകയില്ല. ആകാശഭൂമികളുടെ നാഥന്‍ അതിന്റെ പേരില്‍ നമ്മെ ആക്ഷേപിക്കുകയില്ല. നാം ചെയ്യുന്നതിനെക്കുറിച്ചുമാത്രമേ നാം ഉത്തരം ബോധിപ്പിക്കേണ്ടതുള്ളൂ. പക്ഷേ, ഈ യാഥാര്‍ത്ഥ്യം   അധികമാതാപിതാക്കള്‍ക്കും അറിയില്ല. മക്കള്‍ സ്വാര്‍ഥതകൊണ്ടല്ല അങ്ങനെ മാതാപിതാക്കളെപ്പറ്റി ആഗ്രഹിക്കുന്നതെന്ന് അവര്‍ മനസ്സിലാക്കുന്നില്ല. അതേസമയം നിസ്വാര്‍ഥവും കരുണാര്‍ദ്രവുമായ ഒരു  വികാരം അവരോടുള്ളതുകൊണ്ടാണ് അത്തരത്തില്‍ നാം സഹാനുഭൂതിയോടെ സമീപിക്കുന്നത്. നമ്മെ അവര്‍ വളര്‍ത്തിവലുതാക്കിയതും ശിക്ഷണംനല്‍കിയതും എങ്ങനെയെന്നത് നാം സാരമാക്കാറില്ല. ദത്തെടുക്കപ്പെട്ട കുട്ടികളും തങ്ങളുടെ യഥാര്‍ഥമാതാപിതാക്കളാരെന്നറിയാന്‍ ആകാംക്ഷ വെച്ചുപുലര്‍ത്തും. തങ്ങളെ ഉപേക്ഷിച്ചവരെ ഇനിയൊരിക്കലും കാണേണ്ട എന്ന വാശി ഉണ്ടായാല്‍ പോലും  ഉള്ളിന്റെയുള്ളില്‍ കാണാനായി കൊതിക്കും.

കൊറിയന്‍വംശജയായ എന്റെ കൂട്ടുകാരി തന്റെ യഥാര്‍ഥമാതാപിതാക്കളെ തേടി യുഎസില്‍നിന്ന് ജന്‍മനാട്ടിലേക്ക് എന്നും യാത്രപോകാറുണ്ട്.  മാതാപിതാക്കളെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയാണ് എപ്പോഴുമവള്‍ക്ക്. അവരെ കണ്ടെത്തി തന്നെ ഉപേക്ഷിച്ചതിന്റെ കാരണംതിരക്കണം. അത്രമാത്രമായിരുന്നു അവളുടെ ഉദ്ദേശ്യം. ഇന്നും അവളുടെ ലക്ഷ്യം സഫലമായിട്ടില്ല. മാതാപിതാക്കളെ കണ്ടെത്താനുള്ള അഭ്യര്‍ഥനയെ വീഡിയോയിലൂടെ ചിത്രീകരിച്ച് ലക്ഷ്യം നേടാനുള്ള ശ്രമത്തിലാണ് അവളിപ്പോള്‍.

തങ്ങളുടെ മാതാപിതാക്കള്‍ സ്രഷ്ടാവിന്റെ സംപ്രീതിക്ക് അര്‍ഹരായിരിക്കണമെന്ന ആഗ്രഹമാണ് മക്കള്‍ക്കുള്ളത്. അവര്‍ തിളങ്ങുന്ന മുഖത്തോടെ പരലോകത്ത് വിജയംകണ്ടെത്തണമെന്നും. അത്തരം അദമ്യമായ ആഗ്രഹവുമായി നടന്ന ഇബ്‌റാഹീം നബിയുടെ ചരിത്രം ഖുര്‍ആന്‍ വരച്ചുകാട്ടുന്നുണ്ട്. തന്റെ പിതാവിന്റെ വഴികേടിനെ തികഞ്ഞ ഗുണകാംക്ഷയോടെ തിരുത്താനും സത്യത്തിലേക്ക ്‌വഴിനടത്താനും അദ്ദേഹം കഠിനമായി പരിശ്രമിക്കുന്നു. അല്ലാഹുവിനോട്  അക്കാര്യമുണര്‍ത്തിച്ച് പ്രാര്‍ഥിക്കുന്നു. നൂഹ് നബി തന്റെ മകനിലും, ലൂത്വ് നബി തന്റെ പത്‌നിയിലും അവരെല്ലാവരുംതന്നെ നിഷേധത്തില്‍ ഉറച്ചുനിന്നിട്ടുപോലും പ്രതീക്ഷയര്‍പ്പിക്കുന്നതുകാണാം.

നാമെത്രതന്നെ പരിശ്രമിച്ചാലും  നമ്മുടെ കുടുംബാംഗങ്ങള്‍ ഇസ് ലാംസ്വീകരിക്കാന്‍ വിമുഖതകാട്ടിയേക്കാം. എന്നിരുന്നാലും പ്രതീക്ഷനഷ്ടപ്പെടാതെ, അവര്‍ക്ക് സന്‍മാര്‍ഗം ലഭിക്കാന്‍ അല്ലാഹുവിനോട് നിരന്തരം പ്രാര്‍ഥിക്കാനാകും. ഒരുവേള നിരാശനായ അബൂഹുറൈറ പ്രാര്‍ഥനയെ അഭയംപ്രാപിച്ചത് നാം കാണുന്നു. അതോടെ മനംമാറ്റവുമുണ്ടായി. ആയുസ്സിന്റെ അന്ത്യവേളയില്‍ ഇസ്‌ലാമിനെ തിരിച്ചറിയുന്നവരുണ്ട്. അതിനാല്‍ പ്രതീക്ഷകള്‍ മാറ്റിവെക്കേണ്ട. അതിനാല്‍ അവരോട് ഏറ്റവും മാന്യമായും സ്‌നേഹത്തിലും പെരുമാറുക. അതാണല്ലോ ഖുര്‍ആന്‍ നമ്മോട് കല്‍പിച്ചിട്ടുള്ളത്

‘മാതാപിതാക്കളുടെ കാര്യത്തില്‍ മനുഷ്യനെ നാമുപദേശിച്ചിരിക്കുന്നു. അവന്റെ മാതാവ് മേല്‍ക്കുമേല്‍ ക്ഷീണം സഹിച്ചാണ് അവനെ ഗര്‍ഭം ചുമന്നത്. അവന്റെ മുലകുടി നിറുത്തലോ രണ്ട് കൊല്ലംകൊണ്ടുമാണ്. അതിനാല്‍ നീയെന്നോടു നന്ദി കാണിക്കുക. നിന്റെ മാതാപിതാക്കളോടും. എന്റെ അടുത്തേക്കാണ് നിന്റെ തിരിച്ചുവരവ്. നിനക്കൊരറിവുമില്ലാത്ത വല്ലതിനെയും എന്റെ പങ്കാളിയാക്കാന്‍ അവരിരുവരും നിന്നെ നിര്‍ബന്ധിക്കുകയാണെങ്കില്‍ അക്കാര്യത്തില്‍ അവരെ നീ അനുസരിക്കരുത്. എന്നാലും ഇഹലോകത്ത് അവരോടു നല്ല നിലയില്‍ സഹവസിക്കുക. ‘(ലുഖ്മാന്‍ 14,15)

Topics