1) ഇസ്‌ലാമിന്റെ നൈരന്തര്യത്തിന്റെയും കാലാതിവര്‍തിത്വത്തിന്റെയും പ്രധാനമായ അടിസ്ഥാനമാണ് ഇജ്തിഹാദ്. ആധുനിക ഇജ്തിഹാദില്ലാതെ ഫിഖ്ഹിന് നിലനില്‍പ്പില്ല. യോഗ്യരായ ആധുനിക മുജ്തഹിദുകള്‍ പുറപ്പെടുവിക്കുന്ന ഗവേഷണങ്ങളിലൂടെ മാത്രമേ ന്യൂനപക്ഷ കര്‍മശാസ്ത്രം സാക്ഷാത്കൃതമാവുകയുള്ളൂ. ഗവേഷണ മനനപ്രവര്‍ത്തനങ്ങളുടെ വാതിലുകള്‍ കൊട്ടിയടച്ച് പാരമ്പര്യ ഫിഖ്ഹീ വീക്ഷണങ്ങളില്‍ കുരുങ്ങിക്കിടക്കുകയാണെങ്കില്‍ ഫിഖ്ഹ് വഴി ഒരു പ്രശ്‌നവും പരിഹൃതമാവുകയില്ല.
2) നിയമിര്‍മാണത്തിന്റെ അടിസ്ഥാനങ്ങള്‍ പരിഗണിക്കപ്പെടുക. ഖുര്‍ആന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ കര്‍മശാസ്ത്ര പണ്ഡിതന്‍മാര്‍ ആവിഷ്‌കരിച്ച ഫിഖ്ഹീ തത്വങ്ങളില്‍ ഊന്നി നിന്നു കൊണ്ടായിരിക്കണം ന്യൂനപക്ഷ കര്‍മശാസ്ത്രത്തെ കൈകാര്യം ചെയ്യേണ്ടത്. അവയില്‍ പ്രധാനപ്പെട്ട ചിലത് ചുവടെ:
എ) ഉദ്ദേശ്യങ്ങള്‍ക്കനുസരിച്ചാണ് കാര്യങ്ങള്‍ പരിഗണിക്കപ്പെടേണ്ടത്.
ബി) എന്തൊന്നില്ലാതെ ഒരു നിര്‍ബന്ധകാര്യം പൂര്‍ത്തിയാവില്ലയോ, ആ കാര്യവും നിര്‍ബന്ധമാണ്.
സി) സ്വയം പീഡനമോ പരപീഡനമോ പാടില്ല.
ഡി) ഉപദ്രവം തടയലിനാണ് ഉപകാരം സിദ്ധിക്കുന്നതിനേക്കാള്‍ മുന്‍ഗണന നല്‍കേണ്ടത്.
ഇ) എല്ലാ വസ്തുക്കളും അനുവദനീയമാണെന്നതാണ് പൊതുനിയമം.
എഫ്) നിഷിദ്ധത്തിന്‍മേല്‍ സ്ഥാപിക്കപ്പെടുന്നത് നിഷിദ്ധമായിരിക്കും.
ജി) പൊതു ഉപദ്രവം തടയുന്നതിനായി പ്രത്യേക ഉപദ്രവം സഹിക്കണം.
എച്ച്) ഉറപ്പുള്ള കാര്യം സംശയം വഴി നീങ്ങുകയില്ല.
3) കാലഘട്ടത്തിന്റെ വ്യതിരിക്തതകളെയും സാഹചര്യങ്ങളെയും പരിഗണിച്ചു കൊണ്ടായിരിക്കണം കര്‍മശാസ്ത്രനിയമങ്ങള്‍ ആവിഷ്‌കരിക്കേണ്ടത്. ഒരു മുജ്തഹിദ് തീര്‍ച്ചയായും ഇതിനെക്കുറിച്ച് ബോധവാനായിരിക്കണം. ഇമാം ഇബ്‌നുല്‍ ഖയ്യിം പറയുന്നു: ‘മുഫ്തികള്‍ക്കും ന്യായാധിപന്‍മാര്‍ക്കും രണ്ടുതരം അറിവുകള്‍ ഉണ്ടായിരിക്കണം. ഒന്ന്: നിലവിലെ സാഹചര്യങ്ങളെക്കുറിച്ച് കൃത്യവും കണിശവുമായ ധാരണ. രണ്ട്: ഖുര്‍ആന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ വര്‍ത്തമാനകാലത്ത് എന്തൊക്കെയാണ് നിര്‍ബന്ധമെന്ന് മനസ്സിലാക്കുക. ഈ തരത്തില്‍ പരിശ്രമിക്കുന്നവന് ഇജ്തിഹാദിന്റെ ഒന്നോ രണ്ടോ പ്രതിഫലം ലഭിക്കാതിരിക്കുകയില്ല’ (ഇഅ്‌ലാമുല്‍ മുവഖിഈന്‍).
നിലവിലെ സാഹചര്യത്തെ അവയുടെ ആഘാത-പ്രത്യാഘാതങ്ങളോട് രചനാത്മകമായും നിഷേധാത്മകമായും അനുകൂലവും പ്രതികൂലവുമായ ഘടകങ്ങള്‍മുന്‍നിര്‍ത്തി കൂടി വിഷയാധിഷ്ഠിതവും വൈജ്ഞാനികവുമായ തലത്തില്‍ പഠിക്കുകയാണ് മുജ്തഹിദ് പ്രഥമപ്രധാനമായി ചെയ്യേണ്ടത്. ഇതു പരിഗണിക്കാതെയുള്ള നിയമാവിഷ്‌കാരം പ്രയാസമേ നല്‍കുകയുള്ളൂ
4) കര്‍മശാസ്ത്രം സാമൂഹിക കേന്ദ്രീകൃതമാവുക. ന്യൂനപക്ഷങ്ങളെ സ്വതന്ത്ര അസ്തിത്വമുള്ള സമൂഹമായി പരിഗണിച്ച്, അവരുടെ പ്രശ്‌നങ്ങളുടെയും ആവശ്യങ്ങളുടെയും പ്രാധാന്യമനുസരിച്ച് പരിഹാരം കണ്ടെത്താനായിരിക്കണം മുജ്തഹിദ് ശ്രമിക്കേണ്ടത്. സമൂഹത്തിന്റെ ഭൗതികവും ധാര്‍മികവും കാലികവുമായ ആവശ്യങ്ങളെ പരിഗണിച്ചും സമൂഹത്തിന്റെ പ്രയാസത്തിലും ഭദ്രതയിലും സാമ്പത്തിക മേഖലയിലും വൈജ്ഞാനികവും സാംസ്‌കാരികവുമായ പുരോഗതിയിലും ഈമാനിക വ്യക്തിത്വത്തിലും ആവശ്യങ്ങളും അനിവാര്യതകളും ചെലുത്തുന്ന സ്വാധീനം കൃത്യമായി നിര്‍ണയിക്കപ്പെടേണ്ടതുണ്ട്.
വ്യക്തിതാല്‍പര്യങ്ങളേക്കാള്‍ സമൂഹതാല്‍പര്യത്തിനാണ് ശരീഅത്ത് പ്രാമുഖ്യം കല്‍പിക്കുന്നത് എന്നതിന് ധാരാളം ഉദാഹരണങ്ങള്‍ കണ്ടെത്താന്‍ നമുക്ക് കഴിയും. ഉമര്‍(റ)ന്റെ ഭരണകാലത്ത് ദഹ്ഹാക്ബ്‌നു ഖലീഫയുടെ കൃഷി ഭൂമിയിലേക്ക് വെള്ളം എത്തിക്കാന്‍ മുഹമ്മദ്ബ്‌നു മസ്‌ലമയുടെ ഭൂമിയിലൂടെ തോട് കീറണം. അദ്ദേഹം അതിന് സമ്മതം നല്‍കിയില്ല. ദഹ്ഹാക്ക് ഉമറിന്റെ കോടതിയില്‍ കേസ് കൊടുത്തു. ഉമര്‍(റ) മുഹമ്മദിനോട് സംസാരിച്ചു നോക്കി. പക്ഷേ, അദ്ദേഹം വഴങ്ങിയില്ല. ഉമര്‍(റ) പറഞ്ഞു: ‘മറ്റുള്ളവര്‍ക്ക് ഉപകാരം കിട്ടുന്നത് നിങ്ങളെന്തിനാണ് തടയുന്നത്? നിങ്ങള്‍ക്കാണെങ്കില്‍ ആദ്യന്തം വെള്ളം കിട്ടുമെന്ന ഗുണവുമുണ്ട്’. പക്ഷേ, എന്തു പറഞ്ഞിട്ടും ഇബ്‌നു മസ്‌ലമ തന്റെ നിലപാടില്‍ നിന്നും ഇളകാന്‍ തയ്യാറായില്ല. അവസാനം ഉമര്‍(റ) പറഞ്ഞു: ‘അല്ലാഹുവാണ, നിന്റെ വയറിന്റെ പുറത്തു കൂടെയാണെങ്കിലും ഞാന്‍ തോട് വെട്ടുക തന്നെ ചെയ്യും’. ഇവിടെ വ്യക്തി ഉടമാവകാശം പൊതു താല്‍പര്യത്തിന് തടസ്സമായപ്പോള്‍ എടുത്തുമാറ്റുകയാണുണ്ടായത്.
ശത്രുപക്ഷത്ത് നിന്നും ആക്രമണമുണ്ടാകുമ്പോള്‍ അവരെ പ്രതിരോധിക്കാന്‍ സമൂഹമൊന്നടങ്കം യുദ്ധത്തിനിറങ്ങണമെന്ന് ശരീഅത്ത് നിര്‍ദ്ദേശിക്കുന്നു. മാതാപിതാക്കളുടെ അനുവാദമില്ലാതെ മകനും ഭരണകര്‍ത്താവിന്റെ അനുവാദമില്ലാതെ ഭരണീയനും യുദ്ധത്തിനിറങ്ങേണ്ടതാണ്. സാമൂഹ്യതാല്‍പര്യത്തിനു മുന്നില്‍ വ്യക്തിയുടെ അവകാശത്തിന് നിലനില്‍പില്ലെന്നാണ് ഇസ്‌ലാമിക നിലപാട്.
5) ലാളിത്യം സ്വീകരിക്കുക: ഇസ്‌ലാമിക ശരീഅത്തിന്റെ മുഖമുദ്രയാണ് ലാളിത്യം. മനുഷ്യരെ കുടുസ്സാക്കുക എന്നത് ശരീഅത്തിന്റെ താല്‍പര്യമല്ല. മനുഷ്യരുടെ പൊതുതാല്‍പര്യമാണ് ഇസ്‌ലാം പരിഗണിക്കുന്നത്. പല സ്ഥലങ്ങളിലും ഇളവ് നല്‍കിയശേഷം ഖുര്‍ആന്‍ ഈ സംഗതി വ്യക്തമാക്കുന്നതായി കാണാം: ‘നിങ്ങള്‍ക്കവന്‍ എളുപ്പമാണുദ്ദേശിക്കുന്നത്. പ്രയാസം ഉദ്ദേശിക്കുന്നില്ല’ (അല്‍ബഖറ:165). ‘നിങ്ങള്‍ക്ക് ലഘൂകരിച്ച് തരണമെന്നാണ് അല്ലാഹു ആഗ്രഹിക്കുന്നത്. മനുഷ്യന്‍ ദുര്‍ബലനായാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്’ (അന്നിസാഅ്:128). പ്രയാസങ്ങളോ പ്രതിസന്ധികളോ പരിഗണിക്കാതെ ഒരേനിയമങ്ങള്‍ക്കു തന്നെ വിട്ടുവീഴ്ചയില്ലാതെ ഏത് പരിതസ്ഥിതിയിലും പ്രാബല്യം നല്‍കുക ഇസ്‌ലാമിക ശരീഅത്തിന്റെ സ്വഭാവമല്ല. പ്രവാചകന്‍(സ) തന്റെ അനുയായികളോട് ആകുവോളം ലാളിത്യം സ്വീകരിക്കാനായിരുന്നു നിര്‍ദ്ദേശിച്ചിരുന്നത്. അബൂമൂസല്‍ അശ്അരി, മുആദ് എന്നിവരെ യമനിലേക്ക് നിയോഗിക്കുമ്പോള്‍ റസൂല്‍(സ) അവരോട് പറഞ്ഞത് ഇപ്രകാരമായിരുന്നു: ‘നിങ്ങള്‍ രണ്ടു പേരും എളുപ്പമാക്കുക, പ്രയാസപ്പെടുത്തരുത്. സന്തോഷം പ്രദാനം ചെയ്യുക, വെറുപ്പിക്കരുത്’. ഇമാം സുഫ്‌യാനുസൗരി പറയുന്നു: ‘വിശ്വാസയോഗ്യരായവരില്‍ നിന്നു ലഭിക്കുന്ന ഇളവുകളാണ് യഥാര്‍ത്ഥ ഫിഖ്ഹ്. തീവ്രനിലപാടെടുക്കാന്‍ ആര്‍ക്കും സാധ്യമാണ്’.
6) ഫത്‌വകളില്‍ സ്ഥലകാലോചിതമായ മാറ്റം: സാധാരണഗതിയില്‍ ഓരോ പ്രശ്‌നത്തിനും പ്രത്യേക പശ്ചാത്തലമുണ്ടാവും. സ്ഥല-കാല-വ്യക്തിബന്ധിതങ്ങളാണ് പശ്ചാത്തലം എന്നതിനാല്‍ അവയുടെ മാറ്റത്തിനനുസരിച്ച് വിധികളിലും മാറ്റം വരുന്നതാണ്. ഇത് റസൂല്‍(സ) തന്നെ അംഗീകരിച്ചിരുന്നതായി കാണാവുന്നതാണ്. ഉദാഹരണമായി: ചെറുപ്പക്കാരനായ ഒരു വ്യക്തി വന്ന് തിരുമേനിയോട് ചോദിച്ചു: ‘നോമ്പുകാരനായിരിക്കെ ഭാര്യയെ ചുംബിക്കാന്‍ അനുവാദമുണ്ടോ?’ തിരുമേനി പറഞ്ഞു: ‘ഇല്ല’. കുറച്ച് കഴിഞ്ഞപ്പോള്‍ പ്രായമായ ഒരാള്‍ കയറിവന്ന് അതേ ചോദ്യം ആവര്‍ത്തിച്ചു. തിരുമേനിയുടെ മറുപടി ആദ്യത്തേതിന്റെ നേരെ വിപരീതമായിരുന്നു. ഇതുകേട്ട് സ്വഹാബികള്‍ പരസ്പരം നോക്കി. തിരുമേനി പറഞ്ഞു: ‘നിങ്ങള്‍ പരസ്പരം നോക്കുന്നതിന്റെ അര്‍ത്ഥം എനിക്കു മനസ്സിലായിട്ടുണ്ട്. ആദ്യത്തേത് ഒരു ചെറുപ്പക്കാരനായിരുന്നു. ചുംബനം കഴിഞ്ഞാല്‍ അവന് ആത്മനിയന്ത്രണം സാധ്യമല്ല. എന്നാല്‍ പ്രായമായ ഈ വ്യക്തിക്ക് അതിന് സാധിക്കും’.
7) ക്രമാനുഗതികത്വം: ക്രമപ്രവൃദ്ധമായ പ്രക്രിയയിലൂടെ മാത്രമേ ഉന്നതിയിലെത്താന്‍ സാധിക്കൂ. ശരീഅത്തിന്റെ പ്രയോഗവല്‍ക്കരണത്തിലും ഈ ക്രമാനുഗതികത്വം അംഗീകരിക്കപ്പെടണം. ഓരോ രാജ്യത്തിന്റെയും സാഹചര്യങ്ങള്‍ക്കനുസരിച്ച് ഘട്ടം ഘട്ടമായിട്ടായിരിക്കണം ശരീഅത്തിന്റെ പ്രയോഗവല്‍ക്കരണം. ശരീഅത്ത് ആവിഷ്‌കരണത്തില്‍ ഇസ്‌ലാം ഈ തത്വം സ്വീകരിക്കുകയുണ്ടായി. ആദ്യം വിശ്വാസ കാര്യങ്ങളും മൂല്യങ്ങളുടെ അടിസ്ഥാനങ്ങളും ഉറപ്പിച്ചു. ആരാധനകളും മറ്റും നിയമമാകുന്നത് അതിന് ശേഷമാണ്. ദീനീജിവിതം നയിക്കാന്‍ പൂര്‍ണമായും സഹായകമല്ലാത്ത സാഹചര്യങ്ങളില്‍ ജീവിക്കുന്ന മുസ്‌ലിംകളുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ഈ രീതി കൈക്കൊള്ളല്‍ അനിവാര്യമാണ്. പ്രവാചകന്‍(സ)ക്കു ശേഷം സ്വഹാബിമാരും താബിഉകളും ഈ രീതി സ്വീകരിച്ചിരുന്നതായി കാണാം. ഉമര്‍ രണ്ടാമന്‍ തന്റെ ഭരണകാലത്ത് ഒരുപാട് പരിഷ്‌കരണങ്ങള്‍ നടത്തി. ഖിലാഫത്തിനെ ബനൂ ഉമയ്യില്‍ നിന്നും അദ്ദേഹം മോചിപ്പിച്ചു. എന്നാല്‍ ഇസ്‌ലാമില്‍ അതിന്റെ ശരിയായ അടിത്തറയായ ശൂറയിലേക്ക് അദ്ദേഹം തിരിച്ചുകൊണ്ടുവന്നില്ല. ചെയ്തതത്രയും യുക്തിയോടെ പടിപടിയായി സാവധാനം നിര്‍വഹിച്ചുകൊണ്ടിരുന്നു. ഇതുകണ്ട മകന്‍ അബ്ദുല്‍ മലിക് ചോദിച്ചു: ‘പിതാവേ, കാര്യങ്ങള്‍ നിര്‍വഹിക്കുന്നതില്‍ അങ്ങ് ഇത്ര പതുക്കെ പോകുന്നതെന്താണ്?’ അതിന് അദ്ദേഹത്തിന്റെ മറുപടി ഇപ്രകാരമായിരുന്നു: ‘മകനേ, ധൃതികൂട്ടേണ്ട. അല്ലാഹു രണ്ട് സൂക്തങ്ങളില്‍ മദ്യത്തെ ഇകഴ്ത്തിപ്പറഞ്ഞതിന് ശേഷം മൂന്നാമതാണ് നിഷിദ്ധമാക്കിയത്. ജനങ്ങളെ ഒറ്റയടിക്കൊന്നിച്ച് സത്യം വഹിപ്പിച്ചാല്‍ അവര്‍ ഒറ്റയടിക്കു തന്നെ അതുപേക്ഷിക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു. തുടര്‍ന്ന് നാശമായിരിക്കും ഫലം’.
8) അനിവാര്യതകള്‍ പരിഗണിക്കുക: മാനുഷികപ്രശ്‌നങ്ങള്‍ക്ക് പ്രായോഗികമായ സമീപനം സ്വീകരിക്കുമ്പോഴേ ന്യൂനപക്ഷ കര്‍മശാസ്ത്രം സാക്ഷാത്കൃതമാവുകയുള്ളൂ. ശരീഅത്തിന്റെ സവിശേഷതകളില്‍ ഏറെ മികച്ചു നില്‍ക്കുന്നതാണീ ഗുണം. സൃഷ്ടികളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടാനും അവരുടെ അവകാശങ്ങള്‍ നഷ്ടപ്പെടാതിരിക്കാനും വേണ്ടിയാണിത.് മനുഷ്യജീവിതത്തില്‍ യാദൃശ്ചികമായുണ്ടാകുന്നതുള്‍പ്പെടെയുള്ള വ്യക്തിപരമോ സാമൂഹികമോ ആയ ആവശ്യങ്ങളെ യഥാര്‍ഹം പരിഗണിക്കുന്നുവെന്നത് ശരീഅത്തിന്റെ പ്രായോഗികതക്ക് മികച്ച സാക്ഷ്യമാണ്. അടിസ്ഥാനപരമായി നിഷിദ്ധമാകുന്നത് അനിവാര്യ സന്ദര്‍ഭങ്ങളില്‍ അനുവദനീയമാക്കി നല്‍കുക എന്നത് ഇസ്‌ലാമിക ശരീഅത്തിന്റെ ഒരു വ്യതിരിക്തതയാണ്. ഈ പരിഗണനവെച്ചു കൊണ്ട് ഇസ്‌ലാമിക കര്‍മശാസ്ത്ര വിശാരദ•ാര്‍ ഒരു അടിസ്ഥാനതത്വം തന്നെ രൂപവല്‍കരിച്ചിട്ടുണ്ട്. ‘അനിവാര്യതകള്‍ നിഷിദ്ധങ്ങളെ അനുവദനീയമാക്കുന്നു’.
‘പട്ടു വസ്ത്രം നിഷിദ്ധം’ എന്ന പൊതു നിയമത്തിനപവാദമായി ത്വഗ്‌രോഗ ബാധിതരായ അബ്ദുറഹ്മാനുബ്‌നു ഔഫ്, സുബൈര്‍ ഇബ്‌നു അവ്വാം എന്നിവര്‍ക്ക് അത് ധരിക്കാനുള്ള അനുവാദം നല്‍കി.
തിന്‍മകള്‍ തടയുന്നത് കൂടുതല്‍ വലിയ തിന്‍മകളിലേക്ക് നയിക്കുമ്പോള്‍ അതിനോട് മൗനം ദീക്ഷിക്കാവുന്നതാണ്. മൂസാ(അ)യും ഹാറൂന്‍(അ)ഉം തമ്മിലുള്ള സംഭാഷണത്തില്‍ നിന്നും ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കാം. ബനൂ ഇസ്‌റാഈല്‍ സമൂഹം പശുവിനെ ആരാധിച്ചതായി കണ്ട മൂസാ(അ) ഹാറൂനോട് ചോദിച്ചു: ‘ഇവര്‍ വഴി പിഴച്ചത് കണ്ടപ്പോള്‍ നീ എന്റെ കല്‍പന പിന്‍പറ്റാതിരുന്നതെന്ത്?’ അദ്ദേഹം പറഞ്ഞു: ‘ബനൂ ഇസ്‌റാഈലിനെ നീ ഭിന്നിപ്പിച്ചു, എന്റെ വാക്ക് നീ ശ്രവിച്ചില്ല എന്ന് താങ്കള്‍ ആക്ഷേപിക്കുമെന്ന് ഞാന്‍ ഭയപ്പെട്ടു’.
9) മദ്ഹബ് പക്ഷപാതിത്തത്തില്‍ നിന്നും മുക്തമാവുക: ആധുനിക കാലഘട്ടത്തില്‍, നിര്‍ണ്ണിതമായ ഏതെങ്കിലും മദ്ഹബ് പിന്‍പറ്റാന്‍ മുജ്തഹിദുകള്‍ മുസ്‌ലിംകളെ നിര്‍ബന്ധിക്കരുത്. മദ്ഹബ് പക്ഷപാതിത്തം ന്യൂനപക്ഷകര്‍മശാസ്ത്രത്തിന് ചേര്‍ന്നതുമല്ല. പൊതുകര്‍മശാസ്ത്രം ആളുകളെ ബുദ്ധിമുട്ടിക്കാനേ ഉപകരിക്കൂ. ചില മദ്ഹബുകള്‍ ചില വിഷയങ്ങളില്‍ കടുംപിടുത്തം പിടിക്കുമ്പോള്‍ മറ്റുചിലത് ഉദാസീനത പുലര്‍ത്തുന്നതായി കാണാം. ഓരോ മദ്ഹബിനും ആ അഭിപ്രായ രൂപീകരണത്തിനുള്ള ന്യായങ്ങളും തെളിവുകളുമുണ്ടാവും. അതിനാല്‍, ഈ വീക്ഷണങ്ങളെ തുലനം ചെയ്ത് അപഗ്രഥിച്ച് വസ്തുതകള്‍ ഗ്രഹിക്കാന്‍ നമ്മെ സഹായിക്കുന്നു. വീക്ഷണങ്ങളും അഭിപ്രായങ്ങളും ശര്‍ഈ താല്‍പര്യങ്ങളെയും മനുഷ്യക്ഷേമത്തെയും ഉദ്ദേശിച്ചുള്ളതാവണം. മുജ്തഹിദ് വിവിധ കര്‍മശാസ്ത്ര സരണികളെ മുന്‍വിധിയില്ലാതെ വിലയിരുത്തണം. പ്രചാരത്തിലുള്ളതോ, സര്‍വ്വാംഗീകൃതമെന്നോണം ആചരിക്കപ്പെടുന്നതോ ആയ വീക്ഷണങ്ങളില്‍ മുജ്തഹിദ് തന്റെ ഗവേഷണ-മനന പ്രക്രിയകളെ തളച്ചിടരുത്. പ്രചാരത്തിലില്ലാത്ത മദ്ഹബുകളുടെ ന്യായങ്ങളും തെളിവുകളുമായിരിക്കും ഒരുപക്ഷേ, മറ്റുള്ളവയേക്കാള്‍ ശരിയും ഖണ്ഡിതവുമായിട്ടുള്ളത്. അതിനാല്‍ മുജ്തഹിദ് മദ്ഹബുകളോട് അന്ധമായ അനുകരണ വികാരം വെച്ചുപുലര്‍ത്താതെ ക്രിയാത്മകമായി മനുഷ്യോപകാരപ്രദമായ നിയമങ്ങള്‍ രൂപപ്പെടുത്തിയെടുക്കേണ്ടതാണ്.
Add Comment