ഇസ്ലാമിക ശരീഅത്ത് അതിന്റെ പ്രായോഗികതയിലും ലാളിത്യത്തിലും ഏറെ സവിശേഷത പുലര്‍ത്തുന്ന ഒന്നാണ്. ഭൌതികവും ആധ്യാത്മികവുമായ മേഖലകളില്‍ മനുഷ്യനന്മയും പുരോഗതിയും ഉറപ്പുവരുത്തി ഇഹ-പരലോകങ്ങള്‍ ധന്യമാക്കുക എന്നതാണ് ഇസ്ലാമിക ശരീഅത്തിന്റെ ലക്ഷ്യം. സ്ഥലകാലാതീതമായി മുഴുമാനവിക പ്രശ്നങ്ങളിലും ശരീഅത്ത് പൊതുവെ ബാധകമാണ്. ഏതു സാഹചര്യത്തില്‍ താമസിക്കുന്ന മുസ്ലിമും തന്റെ കഴിവിനും സാഹചര്യത്തിനും അനുസരിച്ചും ആവശ്യങ്ങളും അനിവാര്യതകളും പരിഗണിച്ചും ശരീഅത്തിനനുരോധനായി ജിവിക്കാന്‍ ബാധ്യസ്ഥനാണ്. അതേസമയം ശരീഅത്ത് ഓരോരുത്തരുടെയും വ്യതിരിക്തങ്ങളായ സാഹചര്യങ്ങളെ പരിഗണിക്കുന്നു. അതിനാല്‍ വ്യത്യസ്ത പരിതസ്ഥിതികളിലുള്ളവര്‍ കഴിയുംപ്രകാരം ശരീഅത്ത് നിയമങ്ങള്‍ മുറുകെപ്പിടിക്കണം. ഇസ്ലാമിക ശരീഅത്തിന്റെ മൌലിക തത്വങ്ങളുടെയും തെളിവുകളുടെയും വിധികളുടെയും പിന്‍ബലത്തോടെ മാത്രമേ സാഹചര്യങ്ങള്‍ക്കനുസൃതമായ ഇളവുകള്‍ കണ്ടെത്താന്‍ പാടുള്ളൂ. ഇത്തരം ഒരു സാഹചര്യത്തിലാണ് ന്യൂനപക്ഷകര്‍മശാസ്ത്ര(ഫിഖ്ഹുല്‍ അഖല്ലിയ്യത്ത്) ത്തിന്റെ പ്രസക്തി ഉയര്‍ന്നുവരുന്നത്.
മുസ്ലിം ന്യൂനപക്ഷ കര്‍മശാസ്ത്രം ആധുനിക പണ്ഡിതന്മാര്‍ക്കിടയില്‍ ചര്‍ച്ചചെയ്യപ്പെടുന്ന സംജ്ഞയായി മാറിയിരിക്കുന്നു. കര്‍മശാസ്ത്ര (ഫിഖ്ഹ്)ത്തിന്റെ പാരമ്പര്യ വീക്ഷണങ്ങളില്‍ നിന്നും മുക്തമായി പ്രമാണങ്ങളുടെ അടിത്തറകളില്‍ നിന്നുകൊണ്ട് തന്നെയുള്ള സ്വതന്ത്രമായ ഒരു വീക്ഷണം രൂപപ്പെടുത്തിയെടുക്കാനുള്ള പരിശ്രമമാണ് ഈ ചര്‍ച്ചയിലൂടെ പണ്ഡിതന്‍മാര്‍ നടത്തുന്നത്. പഴയ കര്‍മശാസ്ത്രനിയമങ്ങളും ഗ്രന്ഥങ്ങളും ക്രോഡീകരിക്കപ്പെട്ടിരുന്ന സാഹചര്യമോ അവസ്ഥാവിശേഷമോ അല്ല നിലവിലെ മുസ്ലിം സമൂഹത്തിന്റേത്. ഇവയുടെ ക്രോഡീകരണം നടക്കുന്നത് ഒരു ഇസ്ലാമിക രാഷ്ട്രത്തിന്റെ ചട്ടക്കൂട്ടില്‍ നിന്നുകൊണ്ടാണ്. എന്നാല്‍ ഭൂരിഭാഗം മുസ്ലിം സമൂഹവും ഇത്തരം സാഹചര്യങ്ങളില്‍ നിന്നും മുക്തമായി ഒരു ന്യൂനപക്ഷമായി കഴിയുന്ന അവസ്ഥയാണ് നിലവിലുള്ളത്. അതിനാല്‍ ഇത്തരം വിഷയത്തെക്കുറിച്ചുള്ള ചര്‍ച്ച കാലോചിതവും അനിവാര്യവുമാണ്.
Add Comment